ഇന്‍സ്റ്റാഗ്രാമില്‍ 2 ലക്ഷത്തിനടുത്ത് ഫോളോവേഴ്സുള്ള, ബെല്‍ജിയന്‍ ഡോക്യുമെന്ററി ഫിലിം നിര്‍മ്മാതാവായ അലക്‌സിയ ക്രാഫ്റ്റ് ഡി ലാ സോള്‍ക്‌സിന്റെ ജീവിതശൈലി ഇന്റര്‍നെറ്റില്‍ വൈറലാവുകയാണ്. ക്വാഡ്രോബിക്‌സ് ആണ് ഇവര്‍ പരിശീലിക്കുന്നത്. ക്വാഡ്രോബിക്‌സ് എന്നത് ഒരു ഫിറ്റ്നസ് ട്രെന്‍ഡാണ്. എന്നാല്‍ അലക്‌സിയ ഇത് നിത്യജീവിതത്തിന്റെ ഒരു ഭാഗമാക്കി മാറ്റി.

To advertise here,

ക്വാഡ്രോബിക്‌സില്‍ ആളുകള്‍ മൃഗങ്ങളെ അനുകരിച്ച് നാലുകാലില്‍ നടക്കുകയും ഓടുകയും ചാടുകയും ചെയ്യുന്നു. അലക്‌സിയയുടെ ഇന്‍സ്റ്റാഗ്രാമില്‍ ഒന്ന് കണ്ണോടിച്ചാല്‍, പുല്‍മേടുകളിലൂടെ നാലുകാലില്‍ ഓടുന്നതും, നഗ്‌നപാദയായി മരത്തില്‍ കയറുന്നതുമായ റീലുകള്‍ കാണാം.

'ഞാനൊരു കൊച്ചുകുട്ടിയായിരുന്നപ്പോള്‍ പ്രകൃതിയുമായി ബന്ധപ്പെടാന്‍ ആഗ്രഹിച്ചിരുന്നു. വളര്‍ന്നപ്പോള്‍ ഞാന്‍ നഗരത്തിലേക്ക് മാറി. പക്ഷേ പിന്നീട് പ്രകൃതിയുമായുള്ള ബന്ധം എനിക്ക് നഷ്ടപ്പെട്ടു തുടങ്ങി. സാഹസികയാത്രകള്‍ക്ക് പോകുമ്പോള്‍, പുറംലോകം ഞാന്‍ നാലുകാലില്‍ നടന്ന് ആസ്വദിക്കും. ചിലപ്പോള്‍ സുഹൃത്തുക്കളോടൊപ്പം നഗരത്തിലായിരിക്കുമ്പോള്‍, ഞങ്ങളങ്ങനെ നഗരവും ചുറ്റിക്കാണാറുണ്ട്' അവര്‍ പറയുന്നു.

നാലുകാലില്‍ നടക്കുക മാത്രമല്ല, മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നയാളാണ് അലക്‌സിയ. അവരുടെ ഇന്‍സ്റ്റാഗ്രാം ബയോ ഇങ്ങനെയാണ്: 'നമ്മുടെ വേരുകളുടെ ഓര്‍മ്മപ്പെടുത്തല്‍.'

2025 അവസാനത്തോടെ വരാനിരിക്കുന്ന ക്വാഡ്രോബിക്‌സ് ഓണ്‍ലൈന്‍ കോഴ്സില്‍ 'നിങ്ങളുടെ ആദിമ സ്വത്വവുമായി വീണ്ടും ബന്ധപ്പെടാനും പ്രകൃതിയെ അറിയാനും' ഫോളോവേഴ്സിനെ സഹായിക്കുമെന്ന് അവര്‍ വാഗ്ദാനം ചെയ്യുന്നു. തന്റെ കാമുകനോടൊപ്പം ഇപ്പോള്‍ ഒരു വാനിലാണ് അലക്‌സിയ താമസിക്കുന്നത്.

സമീപ വര്‍ഷങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ക്വാഡ്രോബിക്‌സിന് വലിയ പ്രചാരം ലഭിച്ചിട്ടുണ്ട്. ഒരു ചെറിയ വിഭാഗത്തിന്റെ ഫിറ്റ്‌നസ് പരീക്ഷണമായി തുടങ്ങിയ ഇത്, ഇന്ന് വെല്‍നസ് റൗണ്ടപ്പുകളിലും ടിക് ടോക്, ഇന്‍സ്റ്റാഗ്രാം, ഫിറ്റ്‌നസ് ചലഞ്ചുകളിലും ഇടംപിടിക്കുന്നു.

അലക്‌സിയയുടെ യൂട്യൂബ് ചാനല്‍ കാണിച്ചുതരുന്നത് കൂടുതല്‍ ആളുകള്‍ ഇത് പരിശീലിക്കുന്നുണ്ടെന്നാണ്. 'ദി ഫ്രഞ്ച് ടാര്‍സന്‍' എന്നറിയപ്പെടുന്ന ലിയോ, 'ടാര്‍സന്‍ മൂവ്‌മെന്റിന്റെ' സ്ഥാപകനായ വിക്ടര്‍ മാനുവല്‍ എന്നിവര്‍ അതില്‍ ശ്രദ്ധേയരായ ചിലരാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi