ഫെയർ ആന്റ് ലവ്‌ലി പരസ്യത്തിലൂടെ ആളുകളുടെ മനസ്സിലിടം പിടിച്ച താരമാണ് നീഷ സിങ്. ബുനിയാദ്, എ മൗത്ത്ഫുൾ ഓഫ് സ്‌കൈ തുടങ്ങിയ പരമ്പരകളിലും പിന്നീടവർ അഭിനയിച്ചു. അതിനുശേഷം വളരെ കുറച്ച് ബോളിവുഡ് സിനിമകളിലും മുഖംകാണിച്ചു.

To advertise here,

സിനിമാമേഖലയിൽ വലിയ നേട്ടമുണ്ടാക്കണമെന്നായിരുന്നു നീഷയുടെ സ്വപ്നം. എങ്കിലും അതിലേക്ക് എങ്ങനെ എത്തണമെന്ന് അറിയില്ലായിരുന്നു. കോളേജ് കാന്റീനിൽ നിർമ്മിച്ച ഒരു വീഡിയോയിൽ അഭിനയിച്ചപ്പോഴാണ് അവൾക്ക് മോഡലിങ്ങിലേക്ക് അവസരം ലഭിച്ചത്. ഫെയർ ആന്റ് ലവ്ലിയുടെ ലോഞ്ചിങ് ക്യാമ്പയിൻ ആയിരുന്നുവത്.

പിന്നീട് ബാസാർ, അങ്കുഷ് എന്നീ സിനിമകളിലും. അങ്കുഷിൽ ഒപ്പമുണ്ടായിരുന്നത് നാനാ പടേക്കറായിരുന്നു. നീഷയെ കണ്ട് അദ്ദേഹം ആദ്യം അമ്പരന്നു. ''അദ്ദേഹത്തിന് എന്നെ കണ്ടപ്പോൾ തന്നെ വെറുപ്പ് തോന്നി'', നീഷ ഓർക്കുന്നു. 'നിനക്ക് ഭ്രാന്താണോ? ഈ പെൺകുട്ടിയെ എങ്ങനെ അഭിനയിപ്പിക്കുമെന്നാണ് നീ കരുതുന്നത്?' എന്നെ കണ്ടപ്പോൾ അദ്ദേഹം മറാത്തിയിൽ സംവിധായകൻ ചന്ദ്രയോട് ചോദിച്ചു. എന്നാൽ ഷൂട്ടിങ് തുടങ്ങി മൂന്നാം ദിവസമായപ്പോഴേക്കും, നീഷയുടെ ഷോട്ടുകൾ കണ്ട ശേഷം, അവരുടെ തലയിൽ തട്ടി നാനാ പടേക്കർ പറഞ്ഞു, 'നീ ഇനിയും മുന്നോട്ടുപോകും'.

സിനിമകളിലൂടെയും സീരിയലിലൂടെയും പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയായി നീഷ. എന്നാൽ, കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾ തന്നെയാണ് അവർ സിനിമയോട് വിടപറയുന്നത്. വളരെ പെട്ടെന്ന് സിംഗപ്പൂരിലേക്ക് പോവുകയും ചെയ്തു. രണ്ട് സീരിയലുകളിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു നീഷയുടെ വിടവാങ്ങൽ. ''അതിൽ ഒന്നിൽ എന്റെ കഥാപാത്രത്തെ കൊല്ലുകയും മറ്റൊന്നിൽ അപ്രത്യക്ഷമാക്കുകയും ചെയ്തു'', നീഷ ഓർക്കുന്നു. നിലവിൽ യോഗാധ്യാപികയും എഴുത്തുകാരിയുമാണവർ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi