ഇന്ത്യൻ സിനിമാചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട പേരാണ് നടി നസീം ബാനുവിന്റേത്. സിനിമയിലെ സ്ത്രീകളെ സമൂഹം കുറ്റപ്പെടുത്തലുകളോടെയും കുത്തുവാക്കുകളോടെയും വരവേറ്റിരുന്ന കാലഘട്ടത്തിൽ എല്ലാവരാലും അംഗീകരിക്കപ്പെട്ട കലാകാരി. ഇന്ത്യയിലെ ആദ്യ സൂപ്പര്‍സ്റ്റാര്‍ നടി എന്നൊരു ബഹുമതി കൂടി അവർക്കുണ്ട്. സൈറ ബാനുവിന്റെ അമ്മ, ദിലീപ് കുമാറിന്റെ അമ്മായിയമ്മ എന്നീ നിലയിലും അവർ സിനിമാചരിത്രത്തിൽ ഇടം നേടുന്നു.  

To advertise here,

രാജകുടുംബവുമായി ബന്ധമുള്ള സമ്പന്നകുടുംബത്തിലാണ് നസീമിന്റെ ജനനം. റോഷനാര എന്നായിരുന്നു നസീമിന്റെ യഥാർഥ പേര്. അച്ഛന്‍ നവാബ് അബ്ദുല്‍ വഹീദ് ഖാന്‍. അമ്മ ഷംഷാദ് ബീഗം. ചാമിയാന്‍ ബായി എന്നറിയപ്പെട്ടിരുന്ന ഷംഷാദ് പേരെടുത്ത ഗായികയായിരുന്നു. വേദികള്‍ തോറും തിരക്കിട്ടതായിരുന്നു അവരുടെ കരിയര്‍. പില്‍ക്കാലത്ത് നസീം ഹിറ്റ് നായികയായപ്പോള്‍ പോലും അമ്മയുടെ അത്ര വരുമാനമുണ്ടായിരുന്നില്ല എന്നാണ് പറയപ്പെടുന്നത്.   

വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം കല്പിച്ചിരുന്നു കുടുംബം. മകള്‍ പഠിച്ച് ഡോക്ടറാകണം എന്നാണ് താത്പര്യപ്പെട്ടത്. ഡല്‍ഹിയിലെ ക്വീന്‍ മേരിസ് ഹൈ സ്‌കൂളിലായിരുന്നു റോഷനാര പഠിച്ചത്. ആകസ്മികമായാണ് സിനിമയുടെ മായാലോകം അവളുടെ കണ്ണില്‍ പെട്ടത്. ഒരു ബോംബെ യാത്രക്കിടയില്‍ ഷൂട്ടിങ് കണ്ടതാണ് തുടക്കം. അതോടെ അവള്‍ക്ക് സിനിമയിലെത്തണമെന്നായി മോഹം.

സെറ്റില്‍ കണ്ട സുന്ദരി പെണ്‍കുട്ടിയെ തന്റെ ചിത്രത്തിലേക്ക് സംവിധായകന്‍ സൊഹ്റാബ് മോഡി നായികയായി ക്ഷണിച്ചു. റോഷനാരയ്ക്ക് ആവേശമായി. പക്ഷേ വീട്ടുകാര്‍ കടുത്ത എതിര്‍പ്പറിയിച്ചു. സിനിമയെ തരംതാണ തൊഴിലായി കാണുന്ന കാലമാണ്. വലിയ ആഭിജാത്യമുള്ള കുടുംബങ്ങള്‍ പെണ്‍കുട്ടികളെ സിനിമ ചതിയുടെ ലോകമെന്ന് പഠിപ്പിക്കുന്ന കാലം. പക്ഷേ അഭിനയിക്കാന്‍ വിടുന്നതുവരെ റോഷനാര പട്ടിണി കിടന്നു പ്രതിഷേധിച്ചു. രക്ഷിതാക്കള്‍ക്ക് സമ്മതം കൊടുക്കുകയല്ലാതെ വേറെ വഴിയില്ലാതായി. 

അരങ്ങേറ്റത്തോടെ തന്നെ അവര്‍ ശ്രദ്ധേയയായി. അവരുടെ പേര് നസീം എന്നാക്കുന്നത് സിനിമാലോകമാണ്. ആദ്യ ചിത്രമായ ഖൂന്‍ കാ ഖൂന്‍, ഖാന്‍ ബഹാദൂര്‍, മീഠാ സെഹര്‍, തലാഖ്, വാസന്തി... എല്ലാം സ്വീകരിക്കപ്പെട്ടു. നസീമിന്റെ സൗന്ദര്യം ഏറെ വാഴ്ത്തപ്പെട്ടു. മാലാഖയെന്നും സന്ദര്യറാണിയെന്നും അവര്‍ പ്രകീര്‍ത്തിക്കപ്പെട്ടു. ‘പുകാര്‍’ എന്ന ചിത്രത്തില്‍ നൂര്‍ജഹനായുള്ള നസീമിന്റെ പ്രകടനം ആരാധകരെ അതിശയിപ്പിച്ചു. അഴകിന്റെ പര്യായമായി അവര്‍ മാറുന്നതും ഈ ചിത്രത്തോടെയാണ്.

ബാല്യകാല സുഹൃത്ത് മിയാന്‍ ഉല്‍ ഹഖിനെയാണ് നസീം വിവാഹം കഴിച്ചത്. സന്തോഷപൂര്‍ണമായ ദാമ്പത്യമായിരുന്നു അവരുടേത്. താജ്മഹല്‍ പിക്‌ചേഴ്‌സ് എന്ന പ്രൊഡക്ഷന്‍ ഹൗസ് രണ്ടുപേരും ചേര്‍ന്നാരംഭിച്ചു. ബീഗം, ഉജാല, ചാന്ദ്നി രാത് തുടങ്ങി നിരവധി ചിത്രങ്ങള്‍ പുറത്തിറക്കി. 1930-കളില്‍ തുടങ്ങിയ നസീമിന്റെ കരിയര്‍ ഇരുപത് വര്‍ഷക്കാലത്തോളം മുന്നോട്ടുപോയി.

1947-ലെ ഇന്തോ-പാക് വിഭജനം നസീമിന്റെ കുടുംബത്തെയും വിഭജിച്ചു. ഭര്‍ത്താവ് എഹ്‌സാന്‍ പാകിസ്താനിലേക്ക് പോയി. മക്കളോടൊപ്പം നസീം ഇന്ത്യയില്‍ തന്നെ തുടര്‍ന്നു. പക്ഷേ അതവരുടെ ബന്ധത്തെ ബാധിച്ചില്ല. പാകിസ്ഥാനില്‍ നസീം ആരാധകരെ നേടുന്നതിന് പിന്നില്‍ എഹ്സാന്റെ പ്രമോഷനാണ്.

നസീം സിനിമയില്‍ നിന്ന് മാറിയത് ഏറ്റവും ഗുണം ചെയ്തത് മകള്‍ക്കാണ്. പില്‍ക്കാലത്ത് സുപ്രസിദ്ധ നടിയായി മാറിയ സൈറ ബാനുവാണ് നസീമിന്റെ മകള്‍. സൈറ ബാനു പിന്നീട് ദിലീപ്കുമാറിന്റെ ജീവിത സഖിയായി. മകള്‍ വെള്ളിത്തിരയില്‍ പ്രശസ്തയായതോടെ നസീം മകളുടെ ഡിസൈനറായി മാറി.

പില്‍ക്കാലത്ത് സിനിമയില്‍ നിന്നകന്നും അവര്‍ ഡിസൈനിങ് തുടര്‍ന്നുപോയി. എണ്‍പത്തിയഞ്ചാം വയസ്സില്‍ മരിക്കുംവരെ അവര്‍ വസ്ത്രങ്ങളുടെ വര്‍ണലോകത്തായിരുന്നു. നസീമിന്റെ മകന്‍ സുല്‍ത്താന്‍ അഹമ്മദിന്റെ മകള്‍ സയ്യേഷ ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയാണ്. മലയാളിയായ നടന്‍ ആര്യയെയാണ് സയ്യേഷ വിവാഹം കഴിച്ചിരിക്കുന്നത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi