ലോകം കാണണമെന്ന ഒറ്റ സ്വപ്‌നത്തിനു പിന്നാലെ ചുവടുപിടിച്ചാണ് ആലപ്പുഴക്കാരി മിത്രാസതീഷ് യാത്രകള്‍ തുടങ്ങിയത്. ഇതിനോടകം എഴ് വന്‍കരകള്‍ കണ്ടുകഴിഞ്ഞു. തന്റെ യാത്രാപുസ്തകത്തില്‍ എഴുതിച്ചേര്‍ത്തത് 50 രാജ്യങ്ങളുടെ പേരുകളാണ്. യാത്രാനുഭവങ്ങള്‍ മിത്ര ഫേസ്ബുക്കില്‍ പങ്കുവയ്ക്കാറുണ്ട്. ഹൗ ഓള്‍ഡ് ആര്‍ യു, ഒരു ദേശി ഡ്രൈവ്, ഇന്ത്യന്‍ സഞ്ചാരം, വി ഫോര്‍ വിയറ്റ്‌നാം... എന്നീ പുസ്തകങ്ങളും എഴുതി. 2019-ല്‍ ഒരു സോളോ ഭൂട്ടാന്‍ യാത്രയിലൂടെയായിരുന്നു തുടക്കം. ആറുവര്‍ഷംകൊണ്ട് യൂറോപ്പും ആഫ്രിക്കന്‍ വന്‍കരയും അന്റാര്‍ട്ടിക്കയും ഏഷ്യന്‍ രാജ്യങ്ങളുമെല്ലാം കണ്ടു. തൃപ്പൂണിത്തുറ ആയുര്‍വേദകോളേജിലെ അധ്യാപികയായ മിത്ര ജോലിയില്‍നിന്ന് നീണ്ട അവധിയെടുത്താണ് തന്റെ സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ സഞ്ചരിക്കുന്നത്. ഏതൊരു വീട്ടമ്മയെയുംപോലെ ജോലി, കുടുംബം ഇതൊക്കയായിരുന്നു മിത്രയുടെയും ജീവിതത്തിന്റെ ചേരുവകള്‍.
''എനിക്കുമുണ്ട് യാത്രപുറപ്പെടാതിരിക്കാന്‍ ചില കാരണങ്ങള്‍. എന്റെ പത്തൊന്‍പതുകാരിയായ മകള്‍ നന്ദന പരസഹായമില്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോവാന്‍ കഴിയാത്തവളാണ്. ഒരമ്മയെന്ന നിലയില്‍ അവളുടെ സംരക്ഷണം എന്റെ കടമയാണ്. പക്ഷേ, അവളാണെന്റെ ശക്തി. അവളുടെ മുഖത്ത് വിരിയുന്ന ചിരിയാണ് മുന്നോട്ടുജീവിക്കാന്‍ എനിക്ക് ഉത്സാഹം നല്‍കുന്നതും. അവളുടെ കണ്ണുകള്‍ എന്നോട് പറയുന്നുണ്ട് -എനിക്ക് കാണാന്‍ കഴിയാതെപോവുന്ന ലോകങ്ങള്‍ അമ്മ കാണണം.
ഓരോ യാത്രകളും ഓരോ രീതിയിലാണ് എന്നെ നവീകരിക്കുന്നത്. എത്യോപ്യ, മംഗോളിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വളരെ വ്യത്യസ്തമായ സംസ്‌കാരമാണ്. അത്തരം രാജ്യങ്ങളില്‍ മൂന്നും നാലും ആഴ്ചകള്‍ താമസിച്ചിട്ടുണ്ട്. എന്നാല്‍, മറ്റു ചില രാജ്യങ്ങളില്‍ രണ്ടുമൂന്ന് ദിവസമൊക്കെയേ താമസിച്ചിട്ടുള്ളൂ. ഫിലിപ്പീന്‍സില്‍ തിമിംഗില സ്രാവുകള്‍ക്കൊപ്പം നീന്താന്‍ പോയതും റുവാന്‍ഡയില്‍ വംശഹത്യ നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതും ലാവോസിലെ ഭിക്ഷയാചിക്കുന്ന സന്ന്യാസിമാരെ തേടിപ്പോയതും ബൊളീവിയയിലെ മലമുകളിലെ ഉപ്പുപാടങ്ങള്‍ കണ്ടതും മിയാമിയില്‍ ക്യൂബന്‍ അഭയാര്‍ഥികളുടെ ജീവിതം മനസ്സിലാക്കിയതുമെല്ലാം കൗതുകത്തിന്റെ പുറത്താണ്. ഓരോ രാജ്യം സന്ദര്‍ശിക്കുമ്പോഴും അവിടത്തെ ചരിത്രം, സംസ്‌കാരം, ഭക്ഷണം എന്നിവ മനസ്സിലാക്കാന്‍ ശ്രമിക്കാറുണ്ട്.
യാത്രാവേളകളില്‍ എതെങ്കിലും ഘട്ടത്തില്‍ ഒറ്റപ്പെട്ട് നില്‍ക്കുമ്പോള്‍ സഹായവുമായി എവിടെ നിന്നെങ്കിലും ആരെങ്കിലും കടന്നുവരാറുണ്ട്. ഇത്തരം അനുഭവങ്ങള്‍ യാത്രകളില്‍ ആവര്‍ത്തിക്കുമ്പോള്‍ മനസ്സിലാവുന്നു ഞാനെത്ര അനുഗ്രഹിക്കപ്പെട്ടവളാണ്. അങ്ങനെ അപരിചിതരായ ആരെങ്കിലുമൊക്കെ സഹായിക്കാന്‍ ഉണ്ടാവുമെന്ന ഉറപ്പാണ് ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള ധൈര്യം. കരുത്തുറ്റ എത്രയോ സ്ത്രീ ജീവിതങ്ങളെ യാത്രകളില്‍ കണ്ടു. വിയറ്റ്നാമിലെ ഗ്രാമീണമേഖലയിലെ സ്ത്രീകളുടെ ഉള്‍ക്കരുത്തും നിശ്ചയദാര്‍ഢ്യവും അമ്പരപ്പിക്കുന്നതാണ്.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വെള്ളത്തിന് ക്ഷാമമാണ്. യാത്രയുടെ ആദ്യ ദിവസങ്ങളില്‍ കുളിക്കാതെ പിടിച്ചുനിന്നു. പിന്നെ നാലാംദിവസം ആയപ്പോഴേക്കും എങ്ങനെയെങ്കിലും കുറച്ച് വെള്ളം കിട്ടിയാല്‍ മതിയെന്നായി. തലമുടിയൊക്കെ തവിട്ടുനിറമായി. വീടുകളില്‍ വെള്ളമൊന്നുമില്ല. ഓപ്പണ്‍ എയര്‍ കുളിയെ ഉള്ളൂ. ഒടുവില്‍ ഷവര്‍ ഹൗസ് എന്ന് വിളിക്കുന്നയിടത്ത് കാശ് കൊടുത്ത് ഐസ് വെള്ളത്തില്‍ കുളിച്ചു. എത്യോപ്യന്‍ സന്ദര്‍ശനവേളയില്‍ ആഫ്രിക്കന്‍ വന്‍കരയിലെ ഏറ്റവും താഴ്ന്ന സ്ഥലം കാണാന്‍ പോയത്, പണ്ടെന്നോ പൊട്ടിയ അഗ്‌നിപര്‍വതത്തിന്റെ ലാവ ഉറഞ്ഞുകൂടിയ പാറകള്‍ക്കിടയില്‍ പായ വിരിച്ച് കിടന്നത്. അങ്ങനെ അസാധാരണവും അമ്പരിപ്പിക്കുന്നതുമായ അനുഭവങ്ങളാണ് ഓരോ യാത്രയും ബാക്കിവയ്ക്കുന്നത്.
വിസാ പ്രശ്‌നങ്ങളും താമസത്തിനുള്ള ബുദ്ധിമുട്ടുകളും വിമാനത്തിന്റെ സമയമാറ്റങ്ങളും ഒക്കെ പലപ്പോഴും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയതൊഴിച്ചാല്‍ ഒരു യാത്രയും ഇതുവരെയും മനസ്സ് മടുപ്പിച്ചിട്ടില്ല. ഏത് യാത്രയിലും പരമാവധി ലോക്കല്‍ യാത്രാസംവിധാനങ്ങളാണ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. സഞ്ചാരികള്‍ക്കായി നഗരം ഒരുക്കിവയ്ക്കുന്ന പരിഷ്‌കാരത്തിന്റെ സൗകര്യങ്ങളെക്കാള്‍ ജീവിതം മനസ്സിലാക്കാന്‍ ഇത്തരം വഴികളാണ് സഹായിക്കുന്നത്.''
യാത്ര പോകാന്‍ പണം വേണ്ടേ !
''പൊതുവേ എല്ലാവരും ചോദിക്കാറു് യാത്രയ്ക്ക് സ്‌പോണ്‍സര്‍ഷിപ്പ് കിട്ടാറുണ്ടോ എന്ന്. ഞാന്‍ തന്നെയാണ് എന്റെ സ്വപ്‌നയാത്രകളുടെ സ്‌പോണ്‍സര്‍. കഴിഞ്ഞ പതിനേഴുകൊല്ലം ജോലിചെയ്ത് മിച്ചംപിടിച്ച കാശാണ് യാത്രകള്‍ക്ക് ഉപയോഗിക്കുന്നത്. സ്വന്തം പേരില്‍ സ്ഥലമോ വീടോ വേണമെന്ന് ഇതുവരെ തോന്നിയിട്ടില്ല. ആഭരണങ്ങളോടോ, ആഡംബരങ്ങളോടോ താത്പര്യമില്ല. യാത്രകളും അതില്‍നിന്ന് കിട്ടുന്ന അനുഭവങ്ങളുമാണ് എന്റെ മുതല്‍ക്കൂട്ട്.
യാത്രചെയ്യാന്‍ ഒരുപാട് കാശ് വേണമെന്നുള്ളത് ഒരു മിഥ്യാധാരണയാണ്. എന്റെ കാഴ്ചപ്പാടില്‍ യാത്ര ചെയ്യാന്‍ മനസ്സാണ് വേണ്ടത്. കാശ് എന്നത് പിന്നാലെവരുന്ന ആവശ്യം മാത്രമാണ്. മനസ്സുകൊണ്ട് യാത്രയ്ക്ക് തയ്യാറാവുക എന്നതാണ് പ്രധാനം. പിന്നെ വഴികള്‍ എല്ലാം താനേ തെളിഞ്ഞുവരും. ചായ വിറ്റും പച്ചക്കറി വിറ്റും മിച്ചംപിടിച്ച കാശുകൊണ്ട് ഒരുപാട് രാജ്യങ്ങള്‍ സന്ദര്‍ശിച്ച പലരുടെയും ഉദാഹരണം മുന്നിലുണ്ട്.''
'യുജിസി ശമ്പളം കളഞ്ഞ് ആരെങ്കിലും ഇങ്ങനെ നാട് കാണാനിറങ്ങുമോ?' ഇക്കാലത്തിനിടെ മിത്ര എത്രയോതവണ കേട്ട ചോദ്യമാണിത്. അതേപ്പറ്റി അവര്‍ പറഞ്ഞുതുടങ്ങി. ''ജോലിയില്‍നിന്ന് അവധി എടുത്തതിന് ധാരാളം പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ, വിമര്‍ശനങ്ങള്‍ മനസ്സിലേക്ക് എടുക്കാതിരിക്കാന്‍ ശ്രമിക്കാറുണ്ട്. ഓരോ മനുഷ്യര്‍ക്കും ഓരോ സ്വപ്‌നങ്ങളാണ്. ആ സ്വപ്‌നം മറ്റൊരു വ്യക്തിക്ക് പറഞ്ഞാല്‍ മനസ്സിലാക്കണമെന്നില്ല. സന്തോഷത്തിനും സമാധാനത്തിനും ആണ് ഞാന്‍ മുന്‍തൂക്കം നല്‍കുന്നത്. ജീവിക്കാന്‍ തീര്‍ച്ചയായും പണം വേണം. എന്നാല്‍ പണമുണ്ടാക്കാന്‍ വേണ്ടി ശാരീരികവും മാനസികവുമായ ആരോഗ്യം ബലികഴിക്കേണ്ട കാര്യമില്ല എന്നാണ് ഉറച്ചുവിശ്വസിക്കുന്നത്. സാമ്പത്തികമായി അല്പം ശ്വാസം വിടാമെന്ന ഘട്ടം വന്നപ്പോഴാണ് അവധിയെടുത്ത് യാത്ര ചെയ്താലോ എന്ന ചിന്തയിലേക്ക് എത്തിയത്.

പഠനം തിരുവനന്തപുരത്തായിരുന്നു. 2012-ലാണ് സര്‍ക്കാര്‍ സര്‍വീസില്‍ കയറുന്നത്. അതിനുമുന്‍പ് അഞ്ചുകൊല്ലം തിരുവനന്തപുരത്ത് പങ്കജ കസ്തൂരി ആയുര്‍വേദ കോളേജില്‍ ജോലി ചെയ്തു. സര്‍ക്കാര്‍ സര്‍വീസില്‍ ആദ്യ നിയമനം കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജില്‍. അവിടെ മൂന്നുവര്‍ഷം ജോലി ചെയ്തു. തുടര്‍ന്ന് ഒന്‍പതുവര്‍ഷം തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജില്‍. ഇതിനിടയില്‍, 2024 മാര്‍ച്ചിലാണ് 17 വര്‍ഷ സര്‍വീസിനിടെ ആദ്യത്തെ ശൂന്യവേതന അവധിയെടുക്കുന്നത്.''
അബോർഷനാണ് നല്ലതെന്ന് അന്ന് ഡോക്ടർ പറഞ്ഞു
കാക്കനാട് ഇടച്ചിറയിലാണ് മിത്ര താമസിക്കുന്നത്. ഭര്‍ത്താവ് സതീഷ് സച്ചിത് ബിസിനസ്സില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. മകന്‍ നാരായണനും മകള്‍ നന്ദനയും അടങ്ങുന്നതാണ് കുടുംബം. പത്തൊന്‍പതുകാരിയായ നന്ദന ഭിന്നശേഷിക്കാരിയാണ്.
''2006-ലാണ് നന്ദന ജനിക്കുന്നത്. ഗര്‍ഭകാലം നാലാംമാസത്തിലെത്തിയപ്പോള്‍ ഡോക്ടര്‍ പറഞ്ഞു കുഞ്ഞിന് ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്, അബോര്‍ഷന്‍ ചെയ്യുന്നതാണ് നല്ലത് എന്ന്. മറ്റുള്ളവരെ സഹായിക്കാനാണ് ഞാന്‍ മെഡിക്കല്‍ ഫീല്‍ഡ് തിരഞ്ഞെടുത്തത്. ആ എനിക്ക് സ്വാര്‍ഥതാത്പര്യങ്ങള്‍ക്കുവേണ്ടി ഭ്രൂണാവസ്ഥയിലുള്ള ജീവന്‍ നശിപ്പിക്കാന്‍ സാധിക്കില്ലായിരുന്നു. എന്ത് വൈകല്യമുണ്ടെങ്കിലും പറ്റാവുന്ന രീതിയില്‍ മികച്ച ജീവിതം കുഞ്ഞിന് കൊടുക്കും എന്ന് ഉറപ്പിച്ചു. ഭര്‍ത്താവും കുടുംബവും തീരുമാനത്തിന് പിന്തുണയേകി.
അന്ന് ഭര്‍ത്താവ് സതീഷ് സ്വന്തമായി കരിയര്‍ ആരംഭിച്ചിട്ടേയുള്ളൂ. ലീവെടുക്കാന്‍ ബുദ്ധിമുട്ട്. ഞാന്‍ പിജി കഴിഞ്ഞതേയുള്ളൂ. ജോലി കിട്ടിയാലും ദൂരസ്ഥലങ്ങളില്‍ പോയിനില്‍ക്കാനുള്ള ബുദ്ധിമുട്ടുകളുമുണ്ട്. അച്ഛന്‍ ബാങ്കിലെ ജോലിയില്‍നിന്ന് നേരത്തേ വിരമിക്കല്‍ എടുത്ത് ഞങ്ങള്‍ക്കൊപ്പം വന്നുനിന്നു. അമ്മയ്ക്ക് അക്കാലത്ത് ബാങ്കില്‍ ജോലിയുണ്ടായിരുന്നു. ആറ് വയസ്സായപ്പോഴാണ് മകളുടെ തെറാപ്പിയെല്ലാം കഴിഞ്ഞത്. അതിനുശേഷമാണ് സര്‍ക്കാര്‍ കോളേജില്‍ അധ്യാപികയായത്.''
റിട്ടയേഡ് ബാങ്കുദ്യോഗസ്ഥരായ ആലപ്പുഴ അമ്പാടിയില്‍ പരേതനായ മോഹന്‍ദാസും രാധാമണിയുമാണ് മിത്രയുടെ മാതാപിതാക്കള്‍. ''മോള്‍ക്ക് ആറ് വയസ്സുള്ളപ്പോള്‍ എന്റെ അച്ഛന്‍ അര്‍ബുദത്തിന് കീഴടങ്ങി. അതിനുശേഷം മോളുടെ വഴിതെളിച്ചത് എന്റെ അമ്മയായിരുന്നു. നന്ദന സ്‌പെഷ്യല്‍ സ്‌കൂള്‍ സംവിധാനത്തില്‍ പ്ലസ് ടുവരെ പഠിച്ചത് അമ്മയുടെ നിശ്ചയദാര്‍ഢ്യംകൊണ്ടാണ്. മകള്‍ മിടുക്കിയായി വളരാനുള്ള കാരണം അമ്മതന്നെയാണ്. ഇങ്ങനെയൊരു അമ്മയുടെ മകളായി ജനിച്ചതാണ് എന്റെ ജീവിതത്തിലെ ഏറ്റവുംവലിയ സൗഭാഗ്യം. യാത്രചെയ്യാനുള്ള കരുത്ത് അമ്മയാണ്. എനിക്ക് ആരോഗ്യമുള്ള കാലത്തോളം മകളെ ഞാന്‍ നോക്കും. അതുവരെ നീ പരമാവധി യാത്രചെയ്യൂ, നിന്റെ സ്വപ്‌നങ്ങള്‍ക്ക് പിന്നാലെപോകൂ എന്നാണ് അമ്മ പറയുന്നത്. അമ്മ ആരോഗ്യത്തോടെ ഇരിക്കുന്ന കാലംവരെയേ എനിക്ക് യാത്രപോകാന്‍ കഴിയൂ. കുട്ടികള്‍ മുതിര്‍ന്നാല്‍ സാധാരണ അമ്മമാര്‍ക്കുണ്ടാവുന്ന ആശ്വാസം എനിക്കില്ല.''
യാത്രാപങ്കാളിയായ മകന്‍
''മോളുമായി യാത്രചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, മോള്‍ പെട്ടെന്ന് ക്ഷീണിക്കും. നടക്കാന്‍ ബുദ്ധിമുട്ടാണ്, ഭക്ഷണം പ്രശ്‌നമാണ്. അവള്‍ യാത്രകള്‍ ആസ്വദിക്കുന്നില്ല എന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ദീര്‍ഘയാത്രകളില്‍ ഒപ്പം കൂട്ടാത്തത്. മകള്‍ മുതിരുംവരെ യാത്രയൊന്നും മനസ്സില്‍ ഇല്ലായിരുന്നു. പതിമ്മൂന്ന് വയസ്സായപ്പോഴേക്കും സിനിമ, പാട്ട് തുടങ്ങിയ ഇഷ്ടങ്ങള്‍ മകള്‍ ആസ്വദിക്കാന്‍ തുടങ്ങിയിരുന്നു. മോള്‍ സ്വന്തമായി അത്യാവശ്യം കാര്യങ്ങള്‍ ചെയ്തുതുടങ്ങിയതിനുശേഷം അമ്മയെ ഏല്പിച്ച് ഞാന്‍ യാത്രകളിലേക്ക് നീങ്ങി.

മകന്റെ പത്താംവയസ്സിലാണ് കാറില്‍ ഒരു ഓള്‍ ഇന്ത്യ ടൂര്‍ നടത്തുന്നത്. രണ്ടുമാസം എടുത്ത് എല്ലാ സംസ്ഥാനങ്ങളും കണ്ടു. ആ യാത്രയ്ക്കുശേഷം മകനില്‍ അതുവരെ കാണാത്ത പക്വതയും അലിവും കാരുണ്യവുമൊക്ക വന്നു. അടുത്തകൊല്ലം മറ്റൊരു റൂട്ടില്‍ അടുത്ത ഓള്‍ ഇന്ത്യ ടൂര്‍ പോയി. 2023-ലാണ് മകനുമൊത്ത് വിദേശത്ത് പോകുന്നത്. മകന് മുന്‍പില്‍ ആകെവെച്ച നിബന്ധന സ്വന്തം കാര്യങ്ങള്‍ തനിയേനോക്കണം എന്നതായിരുന്നു. സ്വന്തം ഡ്രസ് അലക്കണം, ബാഗ് തൂക്കണം, കുറെ ദൂരം നടക്കണം. എല്ലാത്തിനും അവന്‍ തയ്യാറായി. തികച്ചും ഒരു ബാക്ക്പാക്കിങ് യാത്രയായിരുന്നു. ഹോസ്റ്റലുകളിലും ചെറിയ ഹോട്ടലുകളിലുമായിരുന്നു താമസം. യാത്രച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ചില ദിവസങ്ങളില്‍ പത്തുകിലോമീറ്റര്‍വരെയൊക്കെ നടന്നിട്ടുണ്ട്. എന്നെപ്പോലെ യാത്രകള്‍ അവനൊരുപാട് ആസ്വദിക്കുന്നു എന്ന് മനസ്സിലാക്കിയപ്പോള്‍ ഒരുമിച്ച് യാത്രപോകുന്നത് സ്ഥിരമായി.
ഇപ്പോള്‍ മകനുമൊത്ത് 30 രാജ്യങ്ങളായി. അവന്‍ ഒരു കൂട്ടുകാരനെപ്പോലെ ഒപ്പമുണ്ടാകും. ഓള്‍ ഇന്ത്യ ഡ്രൈവ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് മകന്റെ താത്പര്യംകൊണ്ട് മാത്രമായിരുന്നു. കോവിഡ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍കാരണം ആ യാത്ര പകുതിക്കുവെച്ച് മടങ്ങിയാലോ എന്ന് പലവട്ടം ചിന്തിച്ചു. പക്ഷേ, കശ്മീരിലെ മഞ്ഞുകാണാന്‍ ഇറങ്ങിയ നാരായണനുണ്ടോ വിടുന്നു. മഞ്ഞ് കണ്ടേമടങ്ങൂ എന്ന് വാശി. അങ്ങനെ 17,000 കിലോമീറ്റര്‍ സഞ്ചരിച്ച് യാത്ര പൂര്‍ത്തിയാക്കി. യാത്രകളില്‍ തുല്യപങ്കാളിയായിട്ടുതന്നെയാണ് മകനെ കാണുന്നത്. എന്തെങ്കിലും പ്രശ്‌നം വന്നാല്‍ ഞങ്ങളൊരുമിച്ചാണ് അത് പരിഹിക്കാന്‍ നോക്കുന്നതും.'' ഭവന്‍സ് വരുണ വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് നാരായണന്‍.
Content Highlights: travel writer mithra satheesh who has covered 50 countries and all continents shares her experiences
Published: 25 May 2025, 12:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented