കോപം കൊണ്ട് വിറയ്ക്കുന്ന രാവണന്റെ ഭീകരരൂപം. പത്തുതലകളിലും കണ്ണിൽ അഗ്‌നിജ്വലിക്കുന്ന ഭാവം... സിനിമ കാണുന്നതുപോലെ ഓരോ താളുകളിലായി കഥ വിടരുകയാണ്. മറ്റൊന്നിൽ മണ്ണിൽപൂണ്ട രഥചക്രം ഉയർത്തുന്ന കർണന്റെ ചിത്രം. വൈദേശിക സൈന്യത്തിനു നേരെ വാളുയർത്തി നില്ക്കുന്ന കരുത്തനായൊരുവൻ അടുത്ത താളിൽ. ബാലമാസികകളിലെ ചെറിയ കള്ളികളിൽ കഥകളുടെ വലിയ ലോകം ഒളിപ്പിച്ചുവെച്ച വരകൾ. ആ ചിത്രകഥകൾ കുട്ടികളുടെ ലോകത്തെ ഭാവനാസമ്പന്നമാക്കിയിരുന്ന കാലം. അമർ ചിത്രകഥകളും കോമിക്കുകളും ബാലമാസികകളും സമ്മാനിച്ച ആ അദ്ഭുതലോകം ഇന്നും മലയാളിക്ക് ഗൃഹാതുരമായ ഓർമ്മകളിലൊന്നാണ്.
വാൽ നീട്ടുന്ന കപീഷെന്ന കുരങ്ങനും, ഒറ്റ വിളിയിൽ ഓടിയെത്തുന്ന മായാവിയും, വികൃതിക്കുടുക്കകളായ രാമുവും ശ്യാമുവും മാന്ത്രികവടി ചുഴറ്റുന്ന മാജിക് മാലുവും കാലങ്ങൾ കടന്നിട്ടും മലയാള ബാല്യത്തിന് പ്രിയപ്പെട്ടവരാണ്. ആ വരകളുടെ സ്രഷ്ടാവിനെ തേടിയാണ് ഇരിങ്ങാലക്കുടയിലെ 'സോന'യെന്ന വീട്ടിലെത്തുന്നത്. ആർട്ടിസ്റ്റ് എം. മോഹൻദാസിന്റെ അരികിൽ. തുളസിയും, ചെമ്പകവും നന്ത്യാർവട്ടവും പൂത്തുലഞ്ഞ മുറ്റത്തിനരികെയിരുന്ന് നിറഞ്ഞ ചിരിയോടെ കുട്ടികളുടെ പ്രിയപ്പെട്ട ആ ചിത്രകാരൻ അൻപതാണ്ടായി നീളുന്ന വരയുടെ കഥ പറഞ്ഞു തുടങ്ങി.
വരയുടെ വഴി
''ചെറുപ്പം തൊട്ടേ വരയോട് താല്പര്യമുണ്ടായിരുന്നു. ഇന്നത്തെപ്പോലെയല്ല. എന്തെങ്കിലും സീനറിയോ ദൈവങ്ങളുടെ ചിത്രങ്ങളോ ആളുകളുടെ പോട്രേറ്റുകളോ ഒക്കെയാണ് പണ്ടൊക്കെ വരയ്ക്കുക. സ്‌കൂളിലെ ഹെഡ്മാഷിന് പുലിപ്പുറത്തു വരുന്ന അയ്യപ്പസ്വാമിയുടെ ചിത്രം വരച്ചു നല്കിയതാണ് ആദ്യത്തെ വരയോർമ്മ. അതായിരുന്നു വരയിൽ എനിക്ക് ഭാവിയുണ്ടെന്ന് തോന്നിപ്പിച്ച ആദ്യ സംഭവം.
അന്ന് വര ഹോബി മാത്രമായിരുന്നു. കാർട്ടൂൺ വരയ്ക്കുക എന്നൊന്നും മനസ്സിലില്ല. എസ്.എസ്.എൽ.സിക്ക് ശേഷം തൃശ്ശൂർ സ്‌കൂൾ ഓഫ് ആർട്സിൽ ചിത്രരചന പഠിക്കാൻ പോയി. നന്നായി വരയ്ക്കും എന്നതുകൊണ്ട് അച്ഛനും അമ്മയുമൊക്കെ വലിയ സപ്പോർട്ടായിരുന്നു. അമ്മ അധ്യാപികയായിരുന്നു. അച്ഛൻ വില്ലേജ് ഓഫീസറും. വരകൊണ്ട് ജീവിക്കാൻ പറ്റുമോ എന്ന സംശയം അവർക്കും ഉണ്ടായിരുന്നു. അതുകൊണ്ട് വരയ്ക്കൊപ്പം ടൈപ്പ് റൈറ്റിങ് ഷോർട്ട് ഹാൻഡും പഠിച്ചു. ചിത്രരചന കോഴ്സ് പാസായി, എങ്കിലും ഉന്നത പഠനത്തിനുള്ള വഴികളൊന്നും നോക്കിയില്ല. പകരം ജോലി തേടി മുംബൈയ്ക്ക് പോയി.''
സ്വപ്നം മദ്രാസ്, എത്തിയത് മുംബൈയിൽ
''മുംബൈയിൽ ചെറിയച്ഛനും കുടുംബക്കാരുമൊക്കെയുണ്ട്. അവർക്കൊപ്പമായിരുന്നു താമസം. പക്ഷേ, ജോലി വേണം. ശരിക്കും ഉദ്ദേശം മദ്രാസിലേക്ക് പോകാനായിരുന്നു. സിനിമയായിരുന്നു ലക്ഷ്യം. അന്നത്തെ ഹീറോസിനെയൊക്കെ വരയ്ക്കുന്ന ശീലമുണ്ടായിരുന്നു. സിനിമാമേഖലയിൽ എന്ത് ജോലി കിട്ടുമെന്നൊന്നും ആലോചിച്ചില്ല. പോസ്റ്റർ ഡിസൈനിങ്ങും സ്റ്റോറി ബോർഡ് തയ്യാറാക്കലും ഒക്കെ പറ്റുമായിരുന്നിരിക്കും. പക്ഷേ, ആ പ്ലാൻ നടന്നില്ല. അന്നെനിക്ക് 19 വയസ്സാണ്. മുംബൈയിൽ കുറേക്കാലം തൊഴിലൊന്നുമില്ലാതെ ജീവിച്ചു. അക്കാലത്ത് എളുപ്പത്തിൽ കിട്ടുന്ന ജോലി ടൈപ്പിസ്റ്റിന്റേതാണ്. കുറച്ച് ഇന്റർവ്യൂവിനൊക്കെ പോയെങ്കിലും ജോലിയൊന്നും ശരിയായില്ല.
കുറേ പരസ്യ കമ്പനികളിലും ജോലി തേടി പോയിരുന്നു. അവരെല്ലാം പറഞ്ഞത് നിങ്ങൾ വരയ്ക്കുന്നത് പരസ്യത്തിന് പറ്റിയ ചിത്രങ്ങളല്ലല്ലോ എന്നാണ്. അതോടെ ആ പ്രതീക്ഷയും ഇല്ലാതായി. അന്ന് മുംബൈയിൽ കോമിക്ക് ലോകം അനന്ത പൈയുടെ കൈയിലാണ്. രംഗ് രേഖയെന്നായിരുന്നു അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ പേര്. പ്രസിദ്ധമായ ഇതിഹാസങ്ങളുടെയെല്ലാം അമർ ചിത്രകഥകളും കുട്ടികളുടെ കോമിക്കുകളും അദ്ദേഹത്തിന്റെ സ്ഥാപനമാണ് ചെയ്തിരുന്നത്. എന്റെ ഒരു ബന്ധുവിന് അവിടുത്തെ സീനിയർ ആർട്ടിസ്റ്റ് രാം വെയ്ക്കറിനെ പരിചയമുണ്ടായിരുന്നു. അവിടെ സ്‌ക്രിപ്റ്റ് പകർത്തിയെഴുതാൻ ഒരാളെ ആവശ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ പോയി നോക്കാമെന്നായി. ഞാനൊരിക്കലും പ്രതീക്ഷിക്കാതിരുന്ന ഒന്നായിരുന്നു ആ ലോകം.'' അത് മോഹൻദാസിനെ സംബന്ധിച്ച് ഒരു തുടക്കമായിരുന്നു.
പകർത്തിയെഴുത്തിന്റെ കാലം
''അനന്ത പൈയുടെ സ്വന്തം സ്ഥാപനമാണ് രംഗ് രേഖ. അതിനൊപ്പം അമർ ചിത്രകഥയുടെ എഡിറ്ററുമാണ് അദ്ദേഹം. ഇന്ദ്രജാല കോമിക്സ് തുടങ്ങിയതൊക്കെ അദ്ദേഹമാണ്. ഫാന്റം, മാൻഡ്രേക്ക് ഒക്കെ ആയിരുന്നു അതിൽ. ആ സമയത്ത് അദ്ദേഹത്തിന് ഇന്ത്യൻ കോമിക്സ് ആരംഭിക്കണമെന്ന ആഗ്രഹം തോന്നി. അങ്ങനെ രംഗ് രേഖ തുടങ്ങി. അവിടേക്കാണ് ജോലി തേടിയുള്ള എന്റെ വരവ്. ഇന്നത്തെപ്പോലെ കമ്പ്യൂട്ടറിലുള്ള സ്‌ക്രിപ്റ്റ് റൈറ്റിങ്ങും കളറിങ്ങുമൊന്നുമല്ല. അവർ വരച്ചു കഴിഞ്ഞാൽ നല്ല കയ്യക്ഷരത്തിൽ കഥ എഴുതിക്കൊടുക്കലായിരുന്നു എന്റെ ആദ്യ ജോലി. എനിക്ക് എഴുതാൻ വലിയ താല്പര്യമില്ല. വരയാണ് ഇഷ്ടം. എഴുത്തൊരു ബോറിങ് പരിപാടിയായിരുന്നു. എങ്കിലും വരയ്ക്കുന്നതൊക്കെ കാണാം. എപ്പോഴെങ്കിലും ഒരവസരം കിട്ടും എന്നും മനസ്സിലുണ്ടായിരുന്നു.
രാം വെയ്ക്കർ എനിക്ക് ഗുരുനാഥനെപ്പോലെയായിരുന്നു. അദ്ദേഹത്തിന്റെ വരകൾ ഞാനങ്ങനെ നോക്കിയിരിക്കും. കോമിക്ക് വരയ്ക്കാനുള്ള പ്രചോദനം കിട്ടിയത് അദ്ദേഹത്തിൽ നിന്നാണ്.
'എന്ത് രസമാ കാണാൻ, എനിക്ക് കിട്ടിയാൽ ഞാൻ വരയ്ക്കുമായിരുന്നു' എന്നൊക്കെ മനസ്സിൽ വിചാരിക്കും. ഒരു ദിവസം ഞാൻ പുള്ളിയോട് പറഞ്ഞു, എനിക്ക് എഴുത്ത് വലിയ താല്പര്യമില്ല, വരയ്ക്കാൻ എന്തെങ്കിലും കിട്ടിയാൽ കൊള്ളാം എന്ന്. പൈ അങ്കിൾ വരുമ്പോൾ പറയാമെന്നായി അദ്ദേഹം. വരച്ചു പഠിക്കൂ എന്നായിരുന്നു അനന്ത പൈയിൽ നിന്ന് കിട്ടിയ ഉപദേശം. അതോടെ കിട്ടുന്ന സമയത്തൊക്കെ ഞാൻ കോമിക്കുകൾ വരച്ചു നോക്കാൻ തുടങ്ങി. അന്നൊന്നും സാലറിയല്ല, സ്റ്റൈപൻഡാണ് കിട്ടുക.'' ഒഴിവു നേരത്തെ വരയും മുഴുവൻ സമയ പകർത്തിയെഴുത്തുമായി നാളുകൾ മുന്നോട്ടുനീങ്ങി.
കോമിക്കുകളും അമർചിത്രകഥയും
''ഒരു ദിവസം അനന്ത പൈ എനിക്കൊരു വർക്ക് തന്നു. 'രാമുവും ശ്യാമുവും' എന്ന കുട്ടികളുടെ കോമിക്സ് വരയ്ക്കണം. വരച്ചുപഠിക്കാൻ കുറച്ച് നിർദേശങ്ങളൊക്കെ തന്നു. പിന്നെയാണ് ശരിക്കുള്ള സ്‌ക്രിപ്റ്റ് തരുന്നത്. അത് വരച്ചപ്പോൾ അനന്ത പൈക്ക് ഇഷ്ടമായി. ആ കോമിക് പിന്നീട് കുറേക്കാലം മലയാളത്തിൽ മാതൃഭൂമി വാരാന്തപ്പതിപ്പിൽ വന്നിരുന്നു.
ഇതിനിടക്ക് അമർചിത്രകഥയിൽ വരയ്ക്കാനും അനന്ത പൈ അവസരം തന്നു. സ്വാമി അയ്യപ്പനായിരുന്നു അതിന്റെ തീം. അമർ ചിത്രകഥയിൽ അന്ന് ഏറെയും പുരാണ കഥകളാണ്. ഇപ്പോഴും ആ ബുക്ക് വിപണിയിലുണ്ട്. സ്വാമി അയ്യപ്പൻ വിപണി പിടിച്ചതോടെ പിന്നെയും കുറയേറെ ചിത്രകഥകൾ വരച്ചു. തച്ചോളി ഒതേനൻ, കായംകുളം കൊച്ചുണ്ണി, വേലുത്തമ്പി ദളവ, മാർത്താണ്ഡവർമ്മ... അങ്ങനെ. മലയാളം ടൈറ്റിലുകൾ വന്നാൽ അതെല്ലാം അനന്ത പൈ എനിക്ക് വരയ്ക്കാൻ തരുമായിരുന്നു.''

കപീഷ് വരുന്നു
കപീഷ് എന്ന കഥാപാത്രം പിറന്നിട്ട് 30 വർഷമായി. ആ കഥയിലേക്ക് അദ്ദേഹം കടന്നു. ''ശമ്പളാടിസ്ഥാനത്തിൽ വരച്ചു തുടങ്ങിയ ആദ്യ വർക്കായിരുന്നു അത്. രംഗ് രേഖയ്ക്ക് വേണ്ടിത്തന്നെ. സ്‌ക്രിപ്റ്റ് അനന്ത പൈ. വാല് നീട്ടുന്ന കുരങ്ങൻ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. മോട്ടുമുയലും പിന്റുമാനും ബന്ദില എന്ന ആനയും പഞ്ചയെന്ന പരുന്തും അവർക്കുവേണ്ടി വലവിരിക്കുന്ന പീലുക്കടുവയും സിംഗാൾ എന്ന കുറുക്കനും വേട്ടക്കാരൻ ദൊപ്പയ്യയും... അങ്ങനെ കുറെയേറെ കഥാപാത്രങ്ങൾ അതിലുണ്ട്. ഉത്തരേന്ത്യയിൽ ആയിരുന്നു ആദ്യം കഥ ഏറെ പ്രചാരത്തിലായത്.
കുട്ടികളുടെ ഇടയിൽ ഹീറോയായ ആദ്യ ഇന്ത്യൻ കോമിക് ക്യാരക്ടറെന്നായിരുന്നു കപീഷിന്റെ പെരുമ. ശങ്കർ എഡിറ്ററായിരുന്ന ചിൽഡ്രൻസ് വേൾഡിലായിരുന്നു കപീഷ് ആദ്യം വന്നത്. പിന്നെ ഡെക്കാൻ ഹെറാൾഡിൽ. അതിൽ രണ്ടിലും ഇംഗ്ലീഷ് കോമിക്കായിരുന്നു. ഒന്ന് രണ്ട് കന്നഡ പത്രങ്ങളിലും വന്നു. പിന്നെയും ഒരുപാട് കാലം കഴിഞ്ഞാണ് മലയാളത്തിലേക്കുള്ള വരവ്. 1978-ലാണ് പൂമ്പാറ്റയിൽ ആദ്യമായി കപീഷ് വരുന്നത്.''
തിരിച്ച് കേരളത്തിലേക്ക്
80-കളിൽ മലയാളത്തിലിറങ്ങിയ ഒട്ടുമിക്ക അമർ ചിത്രകഥകളിലും മോഹൻദാസിന്റെ കയ്യൊപ്പ് പതിഞ്ഞു. '12 വർഷം അനന്ത പൈയ്ക്കൊപ്പം പ്രവർത്തിച്ചു. കസ്തൂരി ചിത്രകഥയുടെ എഡിറ്റർ കൃഷ്ണ സ്വാമി റെഡ്യാർ മുംബൈയിൽ വന്നപ്പോൾ ആർട്ട് എഡിറ്ററുടെ ഒഴിവിലേക്ക് ഒരു അവസരമുണ്ട്, വരുന്നോ എന്ന് ചോദിച്ചു. കേരളശബ്ദം ഗ്രൂപ്പിന്റെയാണ് കസ്തൂരി ചിത്രകഥ. നല്ല അവസരമാണല്ലോ എന്ന് തോന്നി, അങ്ങനെ കൊല്ലത്ത് താമസമാക്കി. കസ്തൂരിയിൽ വരച്ചതെല്ലാം പുരാണ കഥകളാണ്. ആ സമയത്തുതന്നെ പൂമ്പാറ്റ അമർ ചിത്രകഥയിലും വരയ്ക്കാൻ തുടങ്ങി. കൊല്ലത്ത് രണ്ട് വർഷമേ നിന്നിട്ടുള്ളു. ഇക്കാലത്ത് എസ്.ടി. റെഡ്യാർ ആൻഡ് സൺസിന്റെ കുറയേറെ കോമിക്കുകൾ വരച്ചു. എസ്.ടി.ആർ. ചിത്രകഥകളും അന്നേറെ പ്രചാരം നേടിയിരുന്നു. അന്ന് മലയാളത്തിലിറങ്ങിയ ഒട്ടുമിക്ക അമർ ചിത്രകഥകളിലും വരയ്ക്കാൻ കഴിഞ്ഞു. ഫ്രീലാൻസായാണ് വരച്ചിരുന്നത്.
മലയാളത്തിൽ സീരിയലൈസ് ചെയ്ത കോമിക്കുകൾ കുറവായിരുന്നു. 1985 ഒക്കെ ആയപ്പോഴേക്കും കപീഷിന്റെ വര നിർത്തി. കാരണം അനന്ത പൈ രംഗ് രേഖ ഉപേക്ഷിച്ചിരുന്നു. അവരുടെ കഥാപാത്രങ്ങളെല്ലാം കളർ ചിപ്‌സ് എന്നൊരു കമ്പനിക്ക് കൈമാറി. അനന്ത പൈയും ഭാര്യയും മരിച്ചതോടെ അവയ്‌ക്കൊന്നും ഉടമസ്ഥരില്ലാതായി. എല്ലാം കളർ ചിപ്സിന്റെ ഉടമസ്ഥതയിലായി. ഈ സമയത്താണ് മായാവി വരയ്ക്കാൻ തുടങ്ങിയത്. മായാവിയെയും അതിലെ മറ്റ് കഥാപാത്രങ്ങളെയും കുട്ടികൾ വേഗം ഏറ്റെടുത്തു.''

പ്രിയപ്പെട്ട മാജിക് മാലു
''മാതൃഭൂമിയുടെ ബാലമാസിക ബാലഭൂമി തുടങ്ങിയപ്പോൾ അതിൽ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രം വേണമെന്ന ചർച്ച വന്നു. കുട്ടികളുടെ മനസ്സിൽ പതിയുന്ന എന്നാൽ മന്ത്രവും മാജിക്കുമൊക്കെയുള്ള ഒന്ന്. വേണു വാര്യത്ത് സ്‌ക്രിപ്റ്റ് എഴുതി, ഞാൻ വരച്ചു... അങ്ങനെയാണ് മാജിക് മാലു പിറക്കുന്നത്. മാജിക് മാലു വിചാരിച്ച പോലെതന്നെ കുട്ടികൾക്ക് പ്രിയപ്പെട്ടതായി.
കപീഷിനെ തിരിച്ചുകൊണ്ടുവരണമെന്ന് എനിക്ക് വലിയ ആഗ്രഹമായിരുന്നു. കളർ ചിപ്സിനാണ് അതിന്റെ കോപ്പിറൈറ്റ്. അവർ കപീഷ് ആനിമേഷൻ ആക്കാനൊക്കെ ശ്രമിച്ചിരുന്നു. അടുത്തിടെ ബാലഭൂമി അതിന്റെ മലയാളം കോപ്പിറൈറ്റ് വാങ്ങി വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിച്ചു. കപീഷിന്റെ പഴയ വായനക്കാരൊക്കെ ഇന്ന് മുതിർന്നവരായി.''
കുട്ടികളാണ് പ്രചോദനം
വരച്ച കഥാപാത്രങ്ങളിലൂടെ കുഞ്ഞുങ്ങളുടെ മനസ് കീഴടക്കിയ അനുഭവവും മോഹൻദാസ് പങ്കുവച്ചു. ''ഒരു ട്രെയിൻ യാത്രയ്ക്കിടെ കുട്ടികൾ മായാവി വായിക്കുന്നതു കണ്ടു. അവരോട് ഇതൊക്കെ വരയ്ക്കുന്നത് ആരാണന്ന് അറിയുമോ എന്ന് ചോദിച്ചു. അവർ തുടക്കപേജ് നോക്കിയിട്ട് ഒരു മോഹൻദാസ് ആണെന്ന് പറഞ്ഞു. ആ മോഹൻദാസിനെ കാണണോ എന്ന് ഞാനും. വേണമെന്നായി അവർ. അത് ഞാനാണെന്ന് പറഞ്ഞപ്പോൾ കുട്ടികൾക്ക് വലിയ അദ്ഭുതം.
കാർട്ടൂൺ വർക്ക്ഷോപ്പുകളിൽ കുട്ടികൾക്ക് ക്ലാസ്സെടുക്കാൻ പോകുമ്പോൾ അദ്ഭുതം തോന്നും, ബാലമാസികകളിലെ കഥാപാത്രങ്ങളെല്ലാം അവർക്ക് കാണാപ്പാഠമാണ്. തലമുടി വരയ്ക്കുമ്പോഴേ അത് ഏത് കഥാപാത്രമാണെന്ന് അവർ വിളിച്ചു പറയും. പരിപാടി കഴിഞ്ഞാൽ കുട്ടികൾ അവർക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങളെ കൈയിലും ഉടുപ്പിലും വരച്ചു തരുമോ എന്ന് ചോദിച്ചെത്തും. അവരുടെ ഇടയിലുള്ള ആ സ്വീകാര്യതയും അംഗീകാരവുമാണ് ഏറ്റവും വലിയ സന്തോഷം. ഡിജിറ്റൽ ലോകത്താണ് കുട്ടികളെങ്കിലും ബാലമാസികകളിലെ കഥാപാത്രങ്ങളോട് അവർക്കിന്നും താല്പര്യമുണ്ട്. ഡിജിറ്റൽ വായനകൾ അവർക്കുണ്ട്. ഇപ്പോഴും അമർചിത്ര കഥകൾ വാങ്ങി വായിക്കുന്നവരുമുണ്ട്.''
പുതിയ വരകൾ
''ടൂട്ടൂ എന്ന ഈജിപ്ഷ്യൻ ഭൂതമാണ് പുതിയ കഥാപാത്രം. മൂന്നുനാല് മാസമായി അത് വരയ്ക്കുന്നു. കുട്ടികൾക്കുള്ള ഒരു ഇംഗ്ലീഷ് മാഗസിനിലാണ് ടൂട്ടു പ്രസിദ്ധീകരിക്കുന്നത്. ഇപ്പോൾ ഒരു സുഹൃത്തിന്റെ പബ്ലിക്കേഷനു വേണ്ടി ശിവപുരാണം വരയ്ക്കുന്നുണ്ട്. വാമന അവതാരം അമർചിത്രകഥ വരയ്ക്കാൻ ഓഫർ വന്നെങ്കിലും സമയപരിമിതിമൂലം അത് ഉപേക്ഷിക്കേണ്ടി വന്നു.''
കുടുംബം
കുടുംബത്തിൽ വേറെ ആർക്കും വരയോട് മമതയില്ലെന്ന് അദ്ദേഹം. ''ഭാര്യ സുശീല വീട്ടമ്മയാണ്. മകൾ സോന, ഇരിങ്ങാലക്കുട സെയ്ന്റ്. ജോസഫ് കോളേജിൽ അധ്യാപിക. മകൻ സുനിൽ ദുബായിൽ ഒരു സ്ഥാപനത്തിൽ സീനിയർ അക്കൗണ്ടന്റാണ്. മകളുടെ മകൾക്ക് വരയിൽ ചെറിയ താല്പര്യമുണ്ട്.''
വെല്ലുവിളികൾ
എഐക്കാലത്ത് കൈകൊണ്ടുള്ള വരയുടെ പ്രാധാന്യം ഇല്ലാതാവുമെന്ന് തോന്നിത്തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം. ''പല കഥാപാത്രങ്ങളും ഡിജിറ്റലാവുന്നു. വര എളുപ്പത്തിലാവുന്നുണ്ട്. എനിക്ക് പരമ്പരാഗതമായ വരയുടെ രീതിയെ അറിയൂ.
വരയ്ക്കുമ്പോൾ വെല്ലുവിളി കഥാപാത്ര സൃഷ്ടിയാണ്. കുട്ടികളുടെ കോമിക്സ് വരയ്ക്കാൻ അധികം സമയം വേണ്ട. എന്നാൽ പുരാണ ചിത്രകഥകൾ വരയ്ക്കാൻ ധാരാളം സമയം വേണം. ഒരുപാട് കഥാപാത്രങ്ങൾ ഉണ്ടാവുമല്ലോ. ഓരോ കഥാപാത്രങ്ങളും വ്യത്യസ്തമായിരിക്കണം. അതുപോലെ മുഖഭാവങ്ങൾ, മാനറിസങ്ങൾ, ആക്ഷൻസ്... എല്ലാം വരയിൽ സാഹചര്യമനുസരിച്ച് വരണം. വില്ലനെ കണ്ടാൽ വില്ലനായും നായകനെ കണ്ടാൽ നായകനായും തോന്നണം. ഏറ്റവും കൂടുതൽ വെള്ളം കുടിച്ചത് മഹാഭാരതം വരയ്ക്കുമ്പോഴാണ്. കഥാപാത്രങ്ങൾ അത്രയുമുണ്ടല്ലോ. ഓരോ ആളുകൾക്കും ഓരോ ശരീരഭാഷയും നല്കണം. നല്ല ബുദ്ധിമുട്ടുപിടിച്ച പണിയായിരുന്നു അത്.''
പുതുതലമുറയിലെ കുട്ടികൾക്ക് എല്ലാവർക്കും വരയ്ക്കാൻ ഇഷ്ടമാണ്. എന്നാൽ വര പഠിക്കാൻ ആർക്കും താല്പര്യമില്ലെന്ന് മോഹൻദാസ് പറയുന്നു. ' ഞങ്ങളൊക്കെ വര പഠിച്ചത് മോഡൽ ഡ്രോയിങ്ങ് ചെയ്താണ്. അങ്ങനെ പഠിച്ചാലാണ് അടിത്തറയുണ്ടാവുക.''
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Evolution of Malayalam comic art and childhood nostalgia. The journey of artist M. Mohandas from Iringalakuda to Mumbai.
Published: 19 Jun 2026, 03:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented