പണ്ടോറ എന്ന സാങ്കല്പിക ഗ്രഹം. നീലയും മരതകപ്പച്ചയും കണ്ണിൽ നിറയുന്ന മനോഹരമായ കാഴ്ചകൾ. പണ്ടോറയെന്ന ലോകവും അവിടുത്തെ മനുഷ്യരും അവരുടെ പ്രണയവും എല്ലാം അവതാർ എന്ന സിനിമയിലൂടെ ജെയിംസ് കാമറൂൺ നമ്മുടെ ഹൃദയത്തിലേക്ക് ചേർത്തുവച്ചിട്ട് വർഷങ്ങളേറെയായി. ആ സിനിമയുടെ ദൃശ്യഭംഗിക്ക് പിന്നിൽ ഒരു ഇന്ത്യൻ വനിതയുടെ സംഭാവനയുണ്ട്. Weta FX-ലെ വിഷ്വൽ ഇഫക്ട്‌സ് സൂപ്പർവൈസറായ പവനി റാവു ബോദപതിയുടെ. ഇപ്പോൾ ഏറ്റവും പുതിയതായി ഇറങ്ങിയ 'അവതാർ- ഫയർ ആൻഡ് ആഷ്' എന്ന സിനിമയിലും പവനിയുടെ കയ്യൊപ്പുണ്ട്. ഒരു ദശകത്തിലേറെയായി, ജെയിംസ് കാമറൂണിന്റെ ഏറ്റവും വലിയ സ്വപ്ന പദ്ധതിയുടെ ഭാഗമാണ് അവർ.
മുത്തശ്ശിയുടെ സ്വപ്‌നം
ഡൽഹിയിൽ ജനിച്ചുവളർന്ന പവനിയുടെ വരയ്ക്കാനും ക്രാഫ്റ്റുകൾ ചെയ്യാനുമുള്ള കഴിവുകളെ വളർത്തിയത് ചിത്രകാരിയായ മുത്തശ്ശിയാണ്. “എന്റെ മുത്തശ്ശി കമ്പിളി നൂൽ കൊണ്ട് പാവകൾ ഉണ്ടാക്കാറുണ്ടായിരുന്നു. കുട്ടിക്കാലത്ത് അവയെ കണ്ടപ്പോൾ എനിക്കും ആർട്ടിനോടും ക്രാഫ്റ്റിനോടും ഇഷ്ടം തോന്നിത്തുടങ്ങി. പിന്നീട് വിഷ്വൽ ഇഫക്ട്‌സിനോടായി താല്പര്യം. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റൽ കോഴ്‌സുകൾ പൂർത്തിയാക്കിയെങ്കിലും, അവതാർ സിനിമയിൽ പ്രവർത്തിച്ചപ്പോഴാണ് അവയെക്കുറിച്ച് പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞത്,” പവനി പറയുന്നു.
സ്‌കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചറിൽ നിന്ന് പവനി ബി.ആർക്ക് ബിരുദം നേടി, പിന്നീട് സാൻ ഫ്രാൻസിസ്‌കോയിലെ അക്കാദമി ഓഫ് ആർട്ട് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ആനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്‌സിൽ എം.എഫ്.എ കരസ്ഥമാക്കി. ശേഷം സിനിമാ ലോകത്തേക്ക് തിരിഞ്ഞു. ദി ക്രോണിക്കിൾസ് ഓഫ് നർണിയ: ദി ലയൺ, ദി വിച്ച് ആൻഡ് ദി വാർഡ്രോബ് എന്നീ സിനിമകളിലെ ലൈറ്റിംഗ് ടെക്‌നിക്കൽ ഡയറക്ടറായാണ് ആദ്യ ജോലി. ഹോബിറ്റ് ട്രൈലോഗി, മെയ്‌സ് റണ്ണർ എന്നിങ്ങനെ കുറച്ചേറെ സിനിമകളുടെ ഭാഗമായി. പിന്നീട് പവനി 2009-ൽ ലൈറ്റിംഗ് ടെക്‌നിക്കൽ ഡയറക്ടറായി അവതാർ പ്രോജക്റ്റിൽ ചേർന്നു. ഇപ്പോൾ ന്യൂസിലൻഡിലെ വെറ്റാ എഫ്എക്‌സിന്റെ പ്രധാന ടീം ലീഡുകളിൽ ഒരാളാണ് പവനി.
അവതാർ
പണ്ടോറയുടെ ഏറ്റവും വലിയ ആരാധികയെന്നാണ് താനെന്നാണ് പവനിയുടെ തുറന്നു പറച്ചിൽ ആദ്യത്തെ അവതാർ സിനിമ കണ്ട് ആരാധന തലക്കു പിടിച്ച സമയത്താണ് രണ്ടാമത്തെ സിനിമയായ ‘ദ- അവതാർ- വേ ഓഫ് വാട്ടറിലേക്ക്’ പവനിക്ക് വിളിവരുന്നത്.
“ദ വേ ഓഫ് വാട്ടറിൽ’ മാത്രം ഏകദേശം 3,000 വിഷ്വൽ ഇഫക്ട്‌സ് ഷോട്ടുകൾ ഉണ്ടായിരുന്നുവെന്ന് പവനി ഒരഭിമുഖത്തിൽ പറയുന്നു. അതിൽ ഭൂരിഭാഗവും വെള്ളത്തിനടിയിലായിരുന്നു. അഞ്ച് വർഷത്തിലധികമെടുത്തു വെള്ളത്തിലെ ആ ഇഫക്ടുകൾ പൂർത്തിയാക്കാൻ. 2,200 ഷോട്ടുകൾ വെള്ളത്തിൽ മാത്രമായിരുന്നു. 1700 പേർ ഇതിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഫിലിം പ്രോഡക്ഷൻ ക്രൂവായിരുന്നു അത്. 20 ഓളം രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ അതിലുണ്ടായിരുന്നുവെന്നും പവനി.” നിങ്ങൾ ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ ലോകത്തിലുള്ള എല്ലാ ഭാഷകളും അവിടെ കേൾക്കാം. ശരിക്കും ഒരു വിമാനത്താവളത്തിൽ ഇരിക്കുന്നതുപോലെ തോന്നിയിരുന്നുവെന്നും പവനി പറയുന്നു.
"ഓരോ തിരമാലയും, ആളുകൾ വെള്ളത്തിനടിയിൽ ശ്വാസമെടുക്കുന്നതും, ഒഴുകി നടക്കുന്ന തുണിയും എല്ലാം യാഥാർഥത്തിലുള്ള പോലെ തോന്നണം. കാരണം വെള്ളം തെറ്റായി കാണിച്ചാൽ പ്രേക്ഷകർക്ക് അത് പെട്ടെന്ന് മനസ്സിലാകും. ഇതിനായി ഒരുപാട് പഠിക്കേണ്ടി വന്നു. ശരിക്കും വെള്ളത്തിനടിയിൽ എങ്ങനെയാണെന്ന് വെള്ളത്തിലിറങ്ങി തന്നെ പഠിക്കേണ്ടി വന്നു. ഇതിനായി പ്ലാനറ്റ് എർത്ത് (Planet Earth) എന്ന ഡോക്യുമെന്ററി മണിക്കൂറുകളോളം കണ്ടു സിനിമയിലെ ബയോല്യൂമിനിസത്തിന്റെ (bioluminescence) സീനുകൾ പകർത്താൻ ആറ് മാസമെടുത്തു.’’ പവനി പറയുന്നു.
ഞങ്ങളുടെ ടീമിന് ജെയിംസ് കാമറൂൺ നൽകിയ പിന്തുണയും പ്രോത്സാഹനവും വളരെ വലുതാണെന്നും പവനി. 'അഭിനന്ദിക്കാനൊന്നും അദ്ദേഹത്തിന് യാതൊരു മടിയുമില്ല. ഓരോ ഷോട്ടും തീരുമ്പോൾ 'Bingo, Bongo' 'You nailed it!' എന്നൊക്കെയുള്ള നല്ലവാക്കുകൾ അവാർഡ് പോലെ അദ്ദേഹത്തിൽ നിന്ന് കിട്ടും.'
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Avatar VFX supervisor Pavani Rao Boddapati
Published: 25 Dec 2025, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented