മരിച്ചുപോയവരുടെ ചാരങ്ങള്‍ മനോഹരങ്ങളായ പെയിന്റിങ്ങുകളാക്കുന്ന ചിത്രകാരി. ചാരമായിപ്പോയ പ്രിയപ്പെട്ടവരുടെ ഓര്‍മകളെ കാന്‍വാസിലേക്ക് പകര്‍ത്തുകയാണ് ash2art എന്ന തന്റെ വെബ്‌സൈറ്റിലൂടെ എലെയ്ന്‍ മുറെ. ഫോറന്‍സിക് സയന്‍സിന്റെ സഹായത്തോടെ മൃതദേഹങ്ങളുടെ ചാരങ്ങള്‍ മനോഹരങ്ങളായ പെയിന്റുകളാക്കി ആവശ്യക്കാരിലേക്ക് എത്തിക്കുകയാണിവള്‍.

ചായക്കൂട്ടിലേക്ക്
ഒരു കലാകാരിയാകുക എന്ന ഇഷ്ടത്തിനു പിന്നാലെ സഞ്ചരിച്ച് എലെയ്ന്‍ എത്തിച്ചേര്‍ന്നത് ചായക്കൂട്ടുകളുടെ ലോകത്താണ്. 19-ാം വയസ്സില്‍ സ്‌റ്റോക്ക് ബ്രോക്കറായി ജോലി. മണ്‍പാത്ര നിര്‍മാണം, ആഭരണ നിര്‍മാണം, പെയിന്റിങ്ങ് തുടങ്ങി നിരവധി മേഖലകളിൽ എലെയ്ന്‍ കഴിവുതെളിയിച്ചു. മാതാപിതാക്കളുടെ മരണം എലെയ്നെ തളര്‍ത്തി. അതില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ എലെയ്ന്‍ പെയിന്റിങ്ങിനെ ആശ്രയിച്ചു.

2023-ല്‍ ഇന്‍സ്റ്റാഗ്രാം വഴി എലെയ്ന്‍ തന്റെ ആദ്യ പെയിന്റിങ് പുറത്തുവിട്ടു. ചിത്രം കണ്ട ആരാധികയുടെ വിചിത്രമായ ചോദ്യമാണ് എലെയ്ന്റെ കരിയറിലെ വഴിത്തിരിവായത്. അമ്മയുടെ ചിതാഭസ്മം ഉപയോഗിച്ച് ഒരു കടൽത്തീരം പെയിന്റിങ് ചെയ്തുകൊടുക്കാമോ എന്ന ആരാധികയുടെ ചോദ്യം എലെയ്നെ വല്ലാതെ ആശയക്കുഴപ്പത്തിലാക്കി.

ചിതാഭസ്മവും സ്റ്റെബിലൈസിംഗ് ഏജന്റും
ദഹിപ്പിച്ച മൃതദേഹങ്ങള്‍ക്ക് ബ്ലീച്ചിന് സമാനമായ ഉയര്‍ന്ന പി. എച്ച് കാണപ്പെടുന്നു. അത് പെയിന്റിങ്ങില്‍ ഉള്‍പ്പെടുത്തുമ്പോള്‍ പെയിന്റിങ്ങ് മായാനോ മങ്ങിപ്പോകാനോ സാധ്യതയുണ്ട്. പെയിന്റില്‍ സുരക്ഷിതമായി ചാരം ചേര്‍ക്കാന്‍ കഴിയുന്ന ഒരു സ്റ്റെബിലൈസിംഗ് ഏജന്റ് വികസിപ്പിക്കാന്‍ എലെയ്ൻ തീരുമാനിച്ചു. അതിനായി ഒരു ഫോറന്‍സിക് ലബോറട്ടറിയില്‍ ജോലി ചെയ്തു. ഗവേഷണങ്ങള്‍ക്കൊടുവില്‍ അവള്‍ മികച്ച ഒരു സ്റ്റെബിലൈസിങ് ഏജന്റ് കണ്ടെത്തി.

ഹൃദയമാക്കിയ  അമ്മയുടെ ചിതാഭസ്മം

 മറ്റൊരാളുടെ അമ്മയുടെ ചിതാഭസ്മം പരീക്ഷിക്കുന്നതിന് മുമ്പ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട തന്റെ അമ്മയുടെ ചാരം പെയിന്റാക്കാന്‍ എലെയ്നൻ തീരുമാനിച്ചു. കലാകാരിയായ തന്റെ അമ്മ കരോളിന് അത് ഒരുപാട് ഇഷ്ടപ്പെടുമെന്ന് അവള്‍ പ്രതീക്ഷിച്ചു. അമ്മയുടെ ചിതാഭസ്മവും സ്റ്റെബിലൈസിങ് ഏജന്റും ചേര്‍ത്ത് പച്ച  നിറത്തിലുള്ള അക്രിലിക് പെയിന്റും ഉപയോഗിച്ച് എലെയ്ൻ തന്റെ കാന്‍വാസില്‍ ഒരു ഹൃദയത്തിന്‍റെ ചിത്രം വരച്ചു. എപ്പോഴും കാണുന്നതിനായി ആ ചിത്രം അവര്‍ തന്റെ അടുക്കളയില്‍ സൂക്ഷിച്ചു. ഇതിലൂടെ ചിതാഭസ്മങ്ങള്‍ ഉപയോഗിച്ച് ചിത്രം വരയ്ക്കാനുള്ള എലെയ്‌ന്റെ ആത്മവിശ്വാസം വര്‍ധിച്ചു.

ആഷ് ടു ആര്‍ട്ട്
ഇതിനോടകം തന്നെ ചാരം കൊണ്ട് നിരവധി പെയിന്റിങ്ങുകളാണ് എലെയ്ന്‍ വരച്ചത്. ചിതാഭസ്മം അയയ്ക്കാനായി ഒരു പ്ലാസ്റ്റിക് വാലറ്റും പൗച്ചും എലെയ്ന്‍ ആളുകള്‍ക്ക് അയച്ചുകൊടുക്കാറുണ്ട്.

മനുഷ്യരെ കൂടാതെ നായ, പൂച്ച തുടങ്ങിയ വളര്‍ത്തുമൃഗങ്ങളും എലെയ്‌ന്റെ കാന്‍വാസില്‍ പതിയുന്നുണ്ട്.
 

''ചാരം ഉപയോഗിച്ച് ചിത്രങ്ങള്‍ വരയ്ക്കുന്നതിനെക്കുറിച്ച് ഒരിക്കല്‍ പോലും ഞാന്‍ ചിന്തിച്ചിട്ടേയില്ല. തോട്ടക്കാരിയായ അമ്മയെ ഓര്‍മിക്കാന്‍ അവരുടെ ചാരം കൊണ്ട് പുല്‍മേടുകള്‍ വരച്ചുനല്‍കണമെന്ന ആവശ്യവുമായി വന്ന മക്കളുണ്ട്. വളര്‍ത്തുമൃഗത്തിന്റെ ചാരം കൊണ്ടുള്ള പെയിന്റിങിനായി ഒരാള്‍ എന്നെ സമീപിച്ചു.എന്റെ കലാസൃഷ്ടി ആളുകള്‍ക്ക് ആശ്വാസകരമാണ്. അവരുടെ പ്രിയപ്പെട്ടവരുടെയോ വളര്‍ത്തുമൃഗങ്ങളുടെയോ ചിതാഭസ്മം ഒരു യഥാര്‍ഥ പെയിന്റിങ്ങിലൂടെ എന്നെന്നും ഓര്‍മിപ്പിക്കപ്പെടുന്നത് ഒരു ആശ്വാസമായി ആളുകള്‍ പറയുന്നു.'' എലെയ്ന്‍ കുറിച്ചു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi