ഒരു ജപ്പാനീസ് ചിത്രത്തിന് കേരളത്തിലെ കൊച്ചിയിലെ തിയേറ്ററുകളില്‍ പുലര്‍ച്ചെ നാലിന് ആദ്യ ഷോയോ, കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുമെങ്കിലും അക്ഷരാര്‍ഥത്തില്‍ ഇന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ജാപ്പനീസ് ചിത്രം 'ഡെമണ്‍ സ്ലെയര്‍'. കൊച്ചിയിലും മുംബൈയിലും അടക്കം ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം റിലീസ് ദിനം പുലര്‍ച്ചെ നാലുമണിമുതലാണ് സിനിമയുടെ പ്രദര്‍ശനം ആരംഭിക്കുന്നത്. സെപ്റ്റംബര്‍ 12 ന് ഇന്ത്യയില്‍ റിലീസിനെത്തുന്ന ചിത്രത്തിന്റെ ടിക്കറ്റുകളെല്ലാം ചൂടപ്പം പോലെയാണ് ബുക്ക് മൈ ഷോ അടക്കമുള്ള ടിക്കറ്റ് ബുക്കിങ് ആപ്പുകളില്‍ വിറ്റുപോകുന്നത്. മുംബൈയിലും കൊച്ചിയിലുമടക്കം അതിരാവിലെ ഷോകള്‍ സംഘടിപ്പിക്കുന്ന ആദ്യ ജാപ്പനീസ് ചിത്രമെന്ന റെക്കോര്‍ഡ് ഡെമണ്‍ സ്ലെയര്‍ സ്വന്തമാക്കി കഴിഞ്ഞു. ജപ്പാനീസ് ഭാഷയിലും കൂടാതെ മൊഴിമാറ്റി ഇംഗ്ലീഷിലും പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ ജപ്പാനീസ് വേര്‍ഷനാണ് ബുക്കിങ് ആപ്പുകളില്‍ തരംഗമാകുന്നത്. കൊച്ചിയിലെ പിവിആര്‍, സിനിപോളിസ് അടക്കമുള്ള പ്രധാന മള്‍ട്ടിപ്ലക്‌സുകളിലെല്ലാം പുലര്‍ച്ചെ നാലുമണിക്ക് തന്നെ ആദ്യ ദിനം ഷോകള്‍ ആരംഭിക്കുന്നുണ്ട്. ഇന്ത്യയിലെ ആനിമേഷന്‍ ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന സിനിമയാണ് ഡെമണ്‍ സ്ലെയര്‍: ഇന്‍ഫിനിറ്റി കാസില്‍.

ജാപ്പനീസ് (ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളോടെ), ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

കൊയോഹാരു ഗൊട്ടോഗെയുടെ 2016-20 കാലഘട്ടത്തിലെ 'ഡെമണ്‍ സ്ലെയര്‍: കിമെത്സു നോ യയ്ബ' എന്ന മാങ്ക പരമ്പരയിലെ ഇന്‍ഫിനിറ്റി കാസില്‍ ആര്‍ക്കിനെ അടിസ്ഥാനമാക്കിയുള്ള ഒരു ജാപ്പനീസ് ഡാര്‍ക്ക് ഫാന്റസി ആനിമേഷന്‍ ചിത്രമാണിത്. മുഗന്‍ ട്രെയിന്‍ (2020), ടു ദി സ്വാര്‍ഡ്‌സ്മിത്ത് വില്ലേജ് (2023), ടു ദി ഹാഷിറ ട്രെയിനിംഗ് (2024) എന്നിവയ്ക്ക് ശേഷം വരുന്ന ഈ ചിത്രം, ആനിമേഷന്‍ ടെലിവിഷന്‍ പരമ്പരയുടെ നാലാം സീസണിന്റെ തുടര്‍ച്ചയാണ്.

ഹരുവോ സോട്ടോസാക്കി സംവിധാനം ചെയ്ത ഈ ചിത്രം യൂഫോടെബിള്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. സ്റ്റുഡിയോയിലെ അംഗങ്ങള്‍ തന്നെയാണ് ഇതിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഡെമണ്‍ സ്ലെയര്‍ കോര്‍പ്‌സ്, ഭീതിപ്പെടുത്തുന്ന ഇന്‍ഫിനിറ്റി കാസിലിലേക്ക് വലിച്ചഴയ്ക്കപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന നാടകീയ സംഭവങ്ങളാണ് ഡെമണ്‍ സ്ലെയര്‍: ഇന്‍ഫിനിറ്റി കാസില്‍ ആര്‍ക്കില്‍ ചിത്രീകരിക്കുന്നത്. തന്‍ജിറോയും മുസാനും തമ്മിലുള്ള ഏറ്റവും തീവ്രമായ പോരാട്ടം വെള്ളിത്തിരയില്‍ പ്രേക്ഷകര്‍ക്ക് കാണാനാകും. ഡെമണ്‍ സ്ലെയര്‍: കിമെത്സു നോ യയ്ബ ദി മൂവി: ഇന്‍ഫിനിറ്റി കാസില്‍ പാര്‍ട്ട് 1: അക്കാസ റിട്ടേണ്‍സ്, 2025 ജൂലൈ 18-ന് ജപ്പാനില്‍ ആനിപ്ലെക്‌സും ടോഹോയും ചേര്‍ന്ന് റിലീസ് ചെയ്തത്.