
കോഴിക്കോട് ജില്ലയിലെ കൊച്ചുഗ്രാമമായ അവിടനല്ലൂരില്‍ നിന്ന് അമേരിക്കയിലെ ഐഡഹോ നാഷണല്‍ ലബോട്ടറിയിലേക്ക് എത്രദൂരമുണ്ടെന്ന് ചോദിച്ചാല്‍ ആരും പെട്ടെന്ന് ഒന്ന് കുഴങ്ങും, കിലോ മീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്ന് മോഹന്‍ലാല്‍ കഥാപാത്രത്തെ പോലെ ചിലര്‍ തമാശയ്ക്ക് തട്ടിവിടും, എന്നാല്‍ ചോദ്യം അവിടനല്ലൂരുകാരന്‍ അര്‍ജുനിനോട് ആണെങ്കില്‍ ഒരുസ്വപ്‌നദൂരത്തിന്റെ കഥ പറഞ്ഞുതരും, അവിടനല്ലൂരിന്റെ നാട്ടിടവഴികളില്‍ പത്രവിതരണം നടത്തിയിരുന്ന പയ്യന്‍ അമേരിക്കയിലെ ഐഡഹോ നാഷണല്‍ ലബോട്ടറിയിലെ റിസര്‍ച്ച് സ്‌കോളറായതിന്റെ കഥ. ലോറി ഡ്രൈവറായ പിതാവിനും വീട്ടമ്മയായ മാതാവിനെയും ബുദ്ധിമുട്ടിക്കാതെ തന്റെ പഠനത്തിനാവശ്യമായ കാശ് പത്രവിതരണത്തിലൂടെ കണ്ടെത്തിയ മിടുക്കന്റെ കഥയാണത്. സാമ്പത്തിക ഞെരുക്കങ്ങളുള്ള ചുറ്റുപാടില്‍ വളര്‍ന്ന് വലിയ സ്വപ്‌നങ്ങള്‍ കണ്ട ഒരുവിദ്യാര്‍ഥിയുടെ യാത്രയാണത്. പത്രവിതരണം, സെയില്‍സ് മാന്‍, ട്യൂട്ടോറി അധ്യാപകന്‍ അങ്ങനെ പഠിച്ച് മുന്നേറാന്‍ കാശിനായി ജീവിതത്തില്‍ പലജോലികള്‍ ചെയ്തിട്ടുണ്ട് അര്‍ജുന്‍ എന്ന മിടുക്കന്‍. മെച്ചപ്പെട്ട ഭാവിജീവിതം എന്നതിനപ്പുറം അമേരിക്കയില്‍ തുടര്‍പഠനം എന്നതൊന്നും അര്‍ജുന്റെ ബാല്യകാല സ്വപ്‌നങ്ങളില്‍ പോലുമുണ്ടായിരുന്നില്ല. കാരണം അത്തരമൊരു സ്വപ്‌നം കാണാന്‍ പറ്റുന്ന സാമ്പത്തിക ചുറ്റുപാട് ആയിരുന്നില്ല. കഠിനാധ്വാനം കൊണ്ട് മാത്രം താന്‍ തുഴഞ്ഞെത്തിയ ദൂരത്തെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ കഴിഞ്ഞ ദിവസം കുറിപ്പിടുന്നത് വരെ അടുത്ത സുഹൃത്തുക്കള്‍ക്കല്ലാതെ അര്‍ജുന്‍ ജീവിച്ച ജീവിതത്തെ പറ്റി കൂടുതല്‍ അറിവുണ്ടായിരുന്നില്ല. അമേരിക്കയിലെ യൂട്ടാ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റില്‍ ഗവേഷണ പഠനം നടത്തുന്ന അര്‍ജുന്‍ ആ യാത്രയുടെ കഥ പറയുന്നു.
അവിടനല്ലൂരിലെ ന്യൂസ് പേപ്പര്‍ ബോയ്
Also Read
കോഴിക്കോട് ജില്ലയിലെ അവിടനല്ലൂരിലെ ഒരുസാധാരണ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. അച്ഛന്‍ സത്യന്‍ ലോറി ഡ്രൈവറാണ്. അമ്മയുടെ പേര് സുമിത്ര. അച്ഛന്‍ നാലാം ക്ലാസ് വരെയും അമ്മ പത്താം ക്ലാസ് വരെയും മാത്രം പഠിച്ചവരാണ്. രണ്ടുപേരുടെയും വീട്ടിലെ അന്നത്തെ സാഹചര്യങ്ങള്‍ അത്രമാത്രം പഠിക്കാനേ അനുവദിച്ചുള്ളൂ. വീട്ടില്‍ സാമ്പത്തിക സാഹചര്യം അത്ര മികച്ചതല്ലാത്തതിനാല്‍ ചെറുപ്പം മുതല്‍ അമിതമായി പണം ചെലവാക്കാതെ ഞാന്‍ ശ്രദ്ധിച്ചിരുന്നു. എന്റെയും സഹോദരിയുടെ പഠനം വീട്ടുചെലവ് തുടങ്ങി എല്ലാകാര്യങ്ങളും ലോറി ഡ്രൈവറായ അച്ഛന് കിട്ടുന്ന വരുമാനത്തില്‍ നിന്നായിരുന്നു. എന്റെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം അവിടനല്ലൂര്‍ ഗവണ്‍മെന്റ് എച്ച്.എസ്.എസിലും ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസം എച്ച്.എസ്.എസ്. കൊക്കല്ലൂരിലായിരുന്നു. ഹൈസ്‌കൂള്‍ കാലം തൊട്ട് തന്നെ പഠനവിഷയങ്ങളില്‍ ഫിസിക്‌സിനോട് താത്പര്യം കൂടുതലായിരുന്നു. അതുകൊണ്ട് തന്നെ പ്ലസ് ടു വിന് ശേഷം ഫിസിക്‌സില്‍ ബിരുദപഠനം നടത്തണമെന്ന് ഞാന്‍ പത്താം ക്ലാസില്‍ വെച്ച് തന്നെ മനസ്സിലുറപ്പിച്ചിരുന്നു. ഹയര്‍സെക്കണ്ടറി പഠനകാലത്ത് രണ്ട് വര്‍ഷം തുടര്‍ച്ചയായ സംസ്ഥാന ശാസ്ത്രമേളയില്‍ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കാന്‍ സാധിച്ചു. കൊക്കല്ലൂര്‍ സ്‌കൂളില്‍ അന്ന് ഫിസിക്‌സ് അധ്യാപികയായിരുന്ന ഇന്ദു ടീച്ചറായിരുന്നു ഞങ്ങളുടെ വഴികാട്ടി. എന്റെ ഓരോ സംശയത്തെയും നല്ല രീതിയില്‍ ഉത്തരം പറഞ്ഞ് തന്ന് മുന്നോട്ട് പോകാനും ഫിസിക്‌സില്‍ കൂടുതല്‍ താത്പര്യം ജനിപ്പിക്കാനും ഇന്ദു ടീച്ചറുടെ ഇടപെടലിന് സാധിച്ചു. ആ കാലത്ത് സ്‌കൂളില്‍ പഠിപ്പിച്ച പല പരീക്ഷണങ്ങളും വീട്ടില്‍ ചെന്ന് വീണ്ടും ചെയ്തുനോക്കുമായിരുന്നു.
കൈപിടിച്ച സുധ ടീച്ചര്‍
പ്ലസ്ടു വിന് ശേഷം പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയുടെ അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് ഫിസിക്‌സ് പ്രോഗ്രാമില്‍ എന്‍ട്രന്‍സ് വഴി അഡ്മിഷന്‍ നേടി. ആ അഞ്ച് വര്‍ഷമാണ് എന്റെ ജീവിതത്തിന്റെ മുന്നോട്ട് യാത്രയ്ക്ക് കൃത്യമായ ദിശാബോധം നല്‍കിയത്. പഠനത്തിന്റെ ഭാഗമായുള്ള ഇന്റേഷല്‍ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി എനിക്ക് തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഐഐഎസ്ടി) യില്‍ കുറച്ച് കാലം പ്രവര്‍ത്തിക്കാനായി. ഗവേഷണത്തില്‍ കൂടുതല്‍ താത്പര്യം എന്നിലുണ്ടായത് ആ ഇന്റേന്‍ഷിപ്പ് കാലത്താണ്. അതുപോലെ പോണ്ടിച്ചേരിയില്‍ പഠനകാലത്ത് പരിചയപ്പെട്ട ഗവേഷകയും അധ്യാപികയും മറൈന്‍ ബയോളജിസ്റ്റുമായ പ്രൊഫ.സുധയും നല്ല രീതിയില്‍ എന്നെ സ്വാധീനിച്ചു. എന്റെ മുന്നോട്ടുള്ള യാത്രയില്‍ അവര്‍ ഒരുപാട് സഹായിച്ചു. എന്റെ അമേരിക്കയിലേക്കുള്ള യാത്രയ്ക്കായി വിമാനടിക്കറ്റ് എടുക്കേണ്ട സാഹചര്യം വന്നപ്പോള്‍ അത്രയും തുക പെട്ടെന്ന് സമാഹരിക്കാന്‍ എനിക്കോ കുടുംബത്തിനോ സാധിച്ചില്ല. സംഭവം അറിഞ്ഞപ്പോള്‍ വിമാന ടിക്കറ്റ് എടുത്ത് തന്നത് സുധ ടീച്ചറാണ്. അവരിപ്പോള്‍ കേന്ദ്ര സര്‍വകലാശാല കേരളയുടെ സുവോളജി വിഭാഗം മേധാവിയാണ്.
പഠിക്കാനായിരുന്നു എല്ലാം
വീട്ടിലെ സാമ്പത്തിക സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ സ്‌കൂള്‍ കാലത്ത് തന്നെ സ്വയം സമ്പാദിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. പത്താം ക്ലാസ് വരെ പത്രവിതരണമായിരുന്നു ചെയ്തത്. എന്റെ പഠനത്തിനാവശ്യമായ ചെലവ് കണ്ടെത്താനും മാതാപിതാക്കള്‍ക്ക് ചെറിയതോതിലെങ്കിലും സാമ്പത്തിക പിന്തുണ നല്‍കാനും എനിക്ക് അതിലൂടെ സാധിച്ചു. പിന്നീട് അവധിക്കാലത്ത് നാട്ടിലെ ഹാര്‍ഡ് വെയര്‍, പബ്ലിങ് സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ സെയില്‍സ്മാനായി ജോലി ചെയ്തു. എന്റെ ബിരുദപഠനകാലത്തെ ഫീസും മറ്റ് ചെലവുകള്‍ക്കും ആവശ്യമായ പണം ഈ ജോലിയിലൂടെ കണ്ടെത്താന്‍ സാധിച്ചു. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെ പഠനത്തിന് ശേഷം ജോലികളൊന്നും ലഭിക്കാതെ വന്നതോടെ വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണു. ആ കാലത്ത് ചെന്നൈയില്‍ കണക്ക്, ഫിസിക്‌സ് ട്യൂട്ടറായി കുറച്ച് കാലം ജോലി ചെയ്തു. അതിലൂടെ കിട്ടിയ കാശ് കൊണ്ട് സഹോദരിയുടെ വിദ്യാഭ്യാസത്തിന് പിന്തുണനല്‍കാന്‍ കഴിഞ്ഞു. കൊവിഡ് ലോക്ക്ഡൗണ്‍ വരുന്നത് വരെ അധ്യാപന ജോലി തുടര്‍ന്നു. എല്ലാവരെയും പോലെ എന്നെയും കോവിഡ് പ്രതിസന്ധി ഭീകരമായി ബാധിച്ചു. ഓണ്‍ലൈനില്‍ അഡ്വാന്‍സ്ഡ് ഫിസിക്‌സ് പ്രോബ്ലം സോള്‍വര്‍ ജോലി ചെയ്താണ് കോവിഡ് സാമ്പത്തിക പ്രതിസന്ധി ഞാന്‍ മറികടന്നത്. അപ്പോഴേക്കും പി.എച്ച്.ഡി പഠനത്തിനുള്ള അഡ്മിഷന്‍ എന്നെ തേടിയെത്തി.

സ്വപ്‌നം യാഥാര്‍ഥ്യമാകുന്നു
സുഹൃത്തുക്കള്‍ നല്‍കിയ പ്രോത്സാഹനം തന്നെയാണ് അതിന് കാരണം. പോണ്ടിച്ചേരി പഠനക്കാലത്ത് തന്നെ പല സഹപാഠികളും പി.എച്ച്.ഡി പഠനത്തിനായി വിദേശ സര്‍വകലാശാലകളിലേക്കാണ് പോകുന്നതെന്ന് പറഞ്ഞു. ഫിസിക്‌സിനോടും കണക്കിനോടുമുള്ള പാഷന്‍ കാരണം പി.എച്ച്.ഡി ചെയ്യണമെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. പക്ഷേ നല്ല സര്‍വകലാശാല, ഗൈഡ് എന്നിവയൊക്കെ എന്റെ മുന്നില്‍ വെല്ലുവിളിയായി നിന്നു. ഒരുപാട് അന്വേഷണങ്ങള്‍ക്കും പഠനത്തിനും ഒടുവിലാണ് ഞാന്‍ എന്റെ ആഗ്രഹവുമായി സാമ്യമുള്ള ഇടം കണ്ടെത്തിയത്.
യു.എസ്.എയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എനര്‍ജിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐഡഹോ നാഷണല്‍ ലബോട്ടറിയില്‍ റിസര്‍ച്ച് ചെയ്യുകയാണ് ഞാനിപ്പോള്‍. ഡോ. ചെങ് സണാണ് റിസര്‍ച്ച് ഗൈഡ്. ലോകത്തെ തന്നെ ഏറ്റവും മികച്ച ന്യൂക്ലിയാര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഒന്നാണ് ഐഡഹോ നാഷണല്‍ ലബോട്ടറി. യൂട്ടാ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ മൂന്നാം വര്‍ഷ പി.എച്ച്.ഡി വിദ്യാര്‍ഥിയാണ് ഞാന്‍. അഞ്ച് വര്‍ഷത്തെ പി.എച്ച്.ഡി പഠനത്തിനായി 2.22 ലക്ഷം യു എസ് ഡോളറാണ് (ഏകദേശം ഒരുകോടി 83 ലക്ഷം രൂപ) സ്‌കോളര്‍ഷിപ്പായി എനിക്ക് ലഭിച്ചിരിക്കുന്നത്. തിയററ്റിക്കല്‍ ആന്‍ഡ് കമ്പ്യൂട്ടേഷണല്‍ ഫിസിക്‌സാണ് എന്റെ ഗവേഷണ വിഷയം. പ്രധാനമായും മെറ്റീരിയല്‍ സയന്‍സിലെ ന്യൂക്ലീയാര്‍ മെറ്റീയല്‍സും മെഷീന്‍ ലേണിങ്ങിനെയും ആസ്പദമാക്കിയാണ് പഠനം നടത്തുന്നത്. തിയററ്റിക്കല്‍ ആന്‍ഡ് കമ്പ്യൂട്ടേഷണല്‍ ഫിസിക്‌സിലുള്ള താത്പര്യം കൊണ്ട് തന്നെയാണ് ഗവേഷണപഠനത്തിനായി അമേരിക്കയിലേക്ക് തന്നെ എത്തിയത്. കാരണം ഈ വിഷയുമായി ബന്ധപ്പെട്ട ഏറ്റവും മികച്ച റിസര്‍ച്ച് ലബോട്ടറികള്‍ ഇന്ന് അമേരിക്കയിലാണ് ഉള്ളത്. ഫിസിക്‌സില്‍ പി.ജി. പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഞാന്‍ യൂട്ടാ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ പി.എച്ച്.ഡിയ്ക്കായി അപേക്ഷിച്ചത്. ഐഡഹോ നാഷണല്‍ ലബോട്ടറിയുടെ തൊട്ടടുത്താണ് യൂട്ടാ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി സ്ഥിതി ചെയ്യുന്നത്. എന്റെ കരിയറിന് ഏറ്റവും മികച്ച ഇടം ഏതാണെന്ന് തിരിച്ചറിവില്‍ തന്നെയാണ് ഗവേഷണത്തിനായി തെരഞ്ഞെടുത്തത്.
അടുത്തിടെ ടെസ്‌ലയില്‍ നിന്നൊരു ജോലി വാഗ്ദാനം ലഭിച്ചിരുന്നു. ടെസ്‌ലയുടെ ബാറ്ററി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഡിവിഷനില്‍ സീനിയര്‍ എഞ്ചിനീയറായിരുന്നു ഓഫര്‍. എന്നാല്‍ പി.എച്ച്.ഡി പഠനത്തിന്റെ തിരക്കുകളായതിനാല്‍ ആ ഓഫര്‍ ഞാന്‍ സ്വീകരിച്ചില്ല.
വിജയപാതയില്‍ സഹോദരിയും
സഹോദരി ഐശ്വര്യ മൈക്രോ ബയോളജിയില്‍ പി.ജി.യ്ക്ക് പഠിക്കുകയാണ്,യു.കെയില്‍ . കുസാറ്റില്‍ നിന്ന് എന്‍വയോണ്‍മെന്റല്‍ ബയോടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദ പഠനത്തില്‍ രണ്ടാം റാങ്ക് ലഭിച്ചിട്ടുണ്ട്. അതിന് ശേഷമാണ് മൈക്രോ ബയോളജിയില്‍ മാസ്‌റ്റേഴ്‌സ് ചെയ്യാന്‍ പോയത്.
പഠനക്കാലത്തെ രാഷ്ട്രീയം
ഞാന്‍ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗമായിരുന്നു. 2018ലും 2019ലും ക്യാമ്പസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. പോണ്ടിച്ചേരിയില്‍ പഠനത്തിനൊപ്പം തന്നെ അഞ്ച് വര്‍ഷം സജീവമായി പുരോഗമന വിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചു.
സാധ്യതകള്‍ നിരവധി...
വിദേശ പഠനത്തിന് നമ്മുടെ നാട്ടില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ഥികള്‍ പോകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. മികച്ച യൂണിവേഴ്‌സിറ്റികളും ജീവിത സാഹചര്യങ്ങളും തന്നെയാണ് എല്ലാവരെയും ആകര്‍ഷിക്കുന്ന പ്രധാന ഘടകം. എന്നാല്‍ ചിലര്‍ അശ്രദ്ധമൂലം ചതിക്കുഴികളില്‍ പെടുന്നുമുണ്ട്. എല്ലാവരോടും പറയാനുള്ളത് നിങ്ങളുടെ പാഷന്‍ ഏത് വിഷയത്തോട് ആണോ അത് മാത്രം പഠിക്കാനായി തെരഞ്ഞെടുക്കുക എന്നതാണ്. മറ്റുള്ളവര്‍ പറയുന്നത് കേട്ട് ഒരിക്കിലും കോഴ്‌സ് തെരഞ്ഞെടുക്കരുത്. വിദേശത്ത് പോകുമ്പോള്‍ സ്‌കോളര്‍ഷിപ്പോട് കൂടി പഠനം പൂര്‍ത്തിയാക്കാന്‍ പറ്റുന്ന ഒരുപാട് യൂണിവേഴ്‌സിറ്റികളുണ്ട്. ആ സ്‌കോളര്‍ഷിപ്പുകള്‍ കരസ്ഥമാക്കാന്‍ ശ്രമിക്കുക. എങ്കില്‍ വലിയ സാമ്പത്തികഭാരമില്ലാതെ വിദേശപഠനം മുന്നോട്ട് പോകാനാകും. ഇന്റര്‍നെറ്റ് തന്നെയാണ് ഈ കാര്യങ്ങളായി നിങ്ങള്‍ക്ക് പ്രഥമ സഹായി. യൂണിവേഴ്‌സിറ്റികളെയും സ്‌കോളര്‍ഷിപ്പുകളെയും കുറിച്ച് ഇന്റര്‍നെറ്റില്‍ നന്നായി തിരഞ്ഞ് വിവരങ്ങള്‍ കണ്ടെത്താം. അതിനായി കുറച്ചധികം ഹോംവര്‍ക്ക് നടത്തുക തന്നെ വേണം. ഒരിടത്ത് മാത്രം അപേക്ഷ നല്‍കി റിസല്‍ട്ടിനായി കാത്തിരിക്കരുത്. മികച്ച ഒരുപാട് ഇടങ്ങളില്‍ അപേക്ഷിക്കുക, അപ്പോള്‍ കിട്ടാനുള്ള സാധ്യതയും കൂടും. വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളുടെ സഹായം ഇതിനായി തേടാവുന്നതാണ്.
Content Highlights: Life story Of Arjun who Worked As a Newspaper Boy in the past and Now doing Ph.D. in America
Published: 30 May 2023, 11:01 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented