
ഒരു കാരണവുമില്ലാതെ വെറുക്കുന്ന, വെറുക്കപ്പെടുന്ന ചിലരുണ്ട് പലരുടേയും ജീവിതത്തില്‍. എന്തിനെന്ന് ആലോചിക്കാന്‍ ഒരു സെക്കന്റിന്റെ ആനുകൂല്യം കൂടി കിട്ടാത്തവര്‍ അല്ല, നല്‍കാത്തവര്‍. കുന്നിന്‍ മുകളിലെ ആ കോളജില്‍ എന്നെ കാത്തും അങ്ങനൊരാളുണ്ടായിരുന്നു. റെക്കോര്‍ഡ് ബുക്ക് മാറ്റി മാറ്റി വരപ്പിച്ച് ഒരൊപ്പിനായി പരീക്ഷയുടെ തലേന്ന് വരെ നടത്തിപ്പിച്ച ഒരു ടീച്ചര്‍. ആ ടീച്ചറോടുള്ള ഈര്‍ഷ്യയാലാണ് ആ വിഷയമേ ഇനി പഠിക്കില്ല എന്ന തീരുമാനമെടുത്തത്. എത്ര ഭംഗിയായി കാര്യങ്ങള്‍ പറഞ്ഞാലും സെമിനാറില്‍ അതൊന്നും മാര്‍ക്കായി വീണില്ല. അല്പം കൂടി നന്നാക്കൂ എന്ന അടിക്കുറിപ്പോടു കൂടി പലതും മാറ്റി വെയ്ക്കപ്പെട്ടു. എല്ലാം കണ്ട് സഹികെട്ട് മറ്റൊരു ടീച്ചര്‍ രഹസ്യമായി തന്നെ പറഞ്ഞു. 'ഇയാളെത്ര നന്നായി ചെയ്താലും ആ ടീച്ചറില്‍ നിന്ന് അത്ര പ്രതീക്ഷിച്ചാല്‍ മതി. ടീച്ചര്‍ക്ക് ഇയാളെ ഒട്ടും പിടിക്കുന്നില്ല.' ആ ടീച്ചറിലുള്ള പ്രതീക്ഷ അതോടെ വിട്ടു, ഒപ്പം ആ വിഷയവും.
ഇത്തരം അനുഭവങ്ങള്‍ പുതുമയല്ലാത്തതുകൊണ്ട് വിത്തും വേരും ചികഞ്ഞില്ല. കുട്ടിക്കാലം തൊട്ട് ഒരു കാരണവുമില്ലാതെ വിരോധം കാണിച്ച ചിലരുണ്ട്. കുത്തുവാക്കുകള്‍ കൊണ്ട് കുത്തിനോവിക്കാന്‍ ശ്രമിച്ച ബന്ധുക്കളുണ്ട്. അവരുടെ ശ്രമവും ഊര്‍ജനഷ്ടവും കണ്ട് ചിരിപൊട്ടും. ഇവരെന്താ ഇങ്ങനെ ... എന്ന് ഇടയ്‌ക്കൊക്കെ ഓര്‍ത്തു. അവരെ അവരുടെ പാട്ടിനുവിട്ട് ഞാന്‍ എന്റെ പാടു നോക്കി പോയി. 'അന്റെ ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടി ഓര്‍ക്കിഷ്ടപ്പെടുന്നുണ്ടാവില്ല. ഒന്നും മിണ്ടാതെ നിന്നാല്‍ അനക്ക് മാര്‍ക്ക് വീണേനെ.' കുന്നിറങ്ങുമ്പോള്‍ കൂട്ടുകാരി ആശ്വസിപ്പിച്ചു. 'എനിക്കിത്ര മാര്‍ക്കൊക്കെ മതിയെടോ, ഞാനവരോട് എന്തു ചെയ്തിട്ടാ..? ക്‌ളാസ് തുടങ്ങിയ കാലം മുതല്‍ ആ മിസ്സ് എന്നോടങ്ങനെയാണ്.' ഞാന്‍ നിരാശ മറിച്ചു വെച്ചില്ല. അങ്ങനെ പ്രാക്ടിക്കല്‍ പരീക്ഷയുടെ തലേന്ന് മാത്രം ഒപ്പു മുഴുവനായി കിട്ടിയ റെക്കോര്‍ഡ് ബുക്കും കൊണ്ട് ഞാനും അവളും തിരിച്ചു പോയി.
റെക്കോര്‍ഡ് ബുക്കിലെ ഷീറ്റ് മറിച്ചതിനെക്കാളും വേഗത്തില്‍ വര്‍ഷങ്ങള്‍ പാഞ്ഞങ്ങു പോയി. ഒരു മീറ്റിങ്ങും കഴിഞ്ഞ് തലസ്ഥാന നഗരത്തിലേയ്ക്ക് മടങ്ങാന്‍ കിട്ടിയത് രാത്രിബസ്സാണ്. രാത്രി ബസ്‌യാത്ര ഇഷ്ടമേയല്ല. പക്ഷെ അടുത്ത ദിവസം രാവിലെ തന്നെ വീട്ടിലെത്തിയേ മതിയാകൂ. പാട്ടും കേട്ട് നേരം വെളുപ്പിക്കാം. ദീര്‍ഘദൂര ബസിന്റെ സൈഡ് സീറ്റില്‍ കയറിയിരുന്നു യാത്ര തുടങ്ങി. ശാന്തമായ രാത്രി. കോട്ടക്കലില്‍ നിന്ന് കയറിയ രണ്ടു പേരില്‍ ഒരാള്‍ അവരായിരുന്നു. പഴയ ടീച്ചര്‍. ഒപ്പം ഭര്‍ത്താവും. എനിക്കൊന്നും തോന്നിയില്ല.
പ്രതീക്ഷിച്ചതിലും നേരത്തെ ബസ് തിരുവനന്തപുരത്തെത്തി. ഇറങ്ങുമ്പോഴാണ് അവര്‍ എന്നെ കണ്ടത്. പഴയ ദേഷ്യവും കൃത്രിമ ഗൗരവവും ഒന്നും മുഖത്തില്ല. അവര്‍ തന്നെ സംസാരിച്ചു തുടങ്ങി. തലസ്ഥാനത്തെ വിദഗ്ദ ചികിത്സാ ആശുപത്രിയില്‍ ആറുമാസമായി ചികിത്സയിലാണ്. ഇപ്പോള്‍ റിവ്യു ചെക്കപ്പിന് വന്നതാണ്. എന്റെ ഫോണ്‍ നമ്പര്‍ ചോദിച്ചു വാങ്ങി, അവരുടെ നമ്പറും വാങ്ങി അവര്‍ യാത്ര പറഞ്ഞു. എന്തു പറയണം എന്നറിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍. നിസംഗതയുടെ പാരമ്യം. അങ്ങനെയൊക്കെ വേണമെങ്കില്‍ പറയാം.
വര്‍ഷങ്ങളായി അവരെ പറ്റി ഓര്‍ത്തതേയില്ല. അതാണ് വാസ്തവം. അതിനുമാത്രം അടുപ്പം ഞാനും അവരും തമ്മിലില്ല. ഒരു കാര്യവുമില്ലാതെ കിട്ടിയ കയ്പ് തന്നെ ധാരാളം. അടുത്ത കൂട്ടുകാരി വരെ അവരുടെ ഇഷ്ടക്കാരുടെ ലിസ്റ്റിലായിരുന്നു. അതൊക്കെ സന്തോഷത്തോടെ തന്നെ കണ്ടു നിന്നു. പക്ഷെ കാരണമില്ലാതെ അവരെന്നെ അകറ്റിയപ്പോള്‍, വൈരാഗ്യം കാണിച്ചപ്പോള്‍ എന്തിനാണിങ്ങനെ എന്ന് ചോദിച്ചത് സുഹൃത്തുക്കള്‍ തന്നെയായിരുന്നു. ടീച്ചര്‍ അതിനാര്‍ക്കും മറുപടി കൊടുത്തില്ല.
ആ മൂന്നുവര്‍ഷവും അവരത് തന്നെ തുടര്‍ന്നു. ഞാനത് ശരിക്കും അനുഭവിച്ചു. ആ കോളജ് വിട്ടപ്പോള്‍ മനസ്സില്‍ നിന്ന് അവരെ പാടേ മയച്ചു കളഞ്ഞിരുന്നു. അല്ലെങ്കിലും വേണ്ടാത്തതൊന്നും ഓര്‍ക്കാതിരിക്കാനുള്ള കഴിവ് ജീവിതം കൊണ്ട് ഇതിനകം തന്നെ ആര്‍ജിച്ചിരുന്നു. കൂട്ടുകാരിയോട് ടീച്ചറെ കണ്ട കാര്യം പറഞ്ഞപ്പോള്‍ മാത്രം വീണ്ടും അവരെ പറ്റി ഓര്‍ത്തു. പലതും ഇങ്ങനെയല്ലേ, മനസല്ലേ ഓര്‍മകള്‍ക്ക് വീണ്ടും ജീവന്‍ നല്‍കുന്നത്, ആരെ ഓര്‍ക്കണമെന്ന് നമ്മള്‍ മാത്രമല്ലേ തീരുമാനിക്കുന്നത്.... നമ്മള്‍ ഓര്‍ത്താല്‍ ഓര്‍ത്തു, ഇല്ലെങ്കില്‍ ഇല്ല. നമ്മളല്ലേ അവിടെ സ്രഷ്ടാവും സംഹാരകനും...എന്റെ മനസ് , എന്റെ ഓര്‍മകള്‍.... ആരെ ഓര്‍ക്കണമെന്ന് ഞാന്‍ തീരുമാനിക്കും.
Content Highlights: a memoir of teacher and student college experience life
Published: 30 May 2023, 10:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented