ഒരുകാലത്ത് ഹിന്ദി സിനിമയിലെ പേരെടുത്ത നടിയായിരുന്നു ലളിത പവാർ. അംബ ലക്ഷ്മൺ റാവു സഗുൺ എന്നായിരുന്നു യഥാർഥപേര്. വളരെ ചെറുപ്പത്തിൽ തന്നെ അഭിനയരംഗത്തെത്തി. നിശ്ശബ്ദ സിനിമകളിൽ നിന്ന് സംസാര സിനിമകളിലേക്ക് മാറിയപ്പോൾ അവർ എളുപ്പം പൊരുത്തപ്പെട്ടു. ചുരുക്കം ചിലർക്ക് മാത്രം സാധിച്ച ഒരു നേട്ടമായിരുന്നു അത്. ഒരു മുൻനിര നടിയായി അവർ വൈകാതെ കരിയർ കെട്ടിപ്പടുത്തു.

1940-കളുടെ തുടക്കത്തിൽ, പലരും സ്വപ്നം കാണുന്ന പാതയിലായിരുന്നു ലളിത. വളർന്നു വരുന്ന താരപദവി, പ്രമുഖ സംവിധായകരുടെ ശ്രദ്ധ, സഹപ്രവർത്തകർക്കിടയിലെ സ്വീകാര്യത, പക്ഷേ ഒരു സംഭവം എല്ലാം മാറ്റിമറിച്ചു. 'ജംഗ് ഇ ആസാദി' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ, ഒരു നടൻ ലളിത പവാറിന്റെ കഥാപാത്രത്തെ അടിക്കുന്ന രംഗമുണ്ടായിരുന്നു. സഹനടൻ ഭഗവാൻ ദാദ അഭിനയത്തിന്റെ ഭാഗമായുള്ള അടിയ്ക്ക് പകരം, ശക്തിയോടെ അവരുടെ മുഖത്തടിച്ചു.

ആ അടിയിൽ ലളിതയുടെ ഇടത് കണ്ണിലെ രക്തക്കുഴൽ പൊട്ടി, കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു, മുഖത്തെ ഞരമ്പിന് ക്ഷതമേറ്റു. മുഖം കോടിപ്പോകുകയും ചെയ്തു. മുഖത്ത് കാര്യമായ രൂപഭംഗം വരുത്തുന്ന പരിക്കുകളായിരുന്നു ഇവ. നടൻ പിന്നീട് ലളിതയോട് മാപ്പുപറഞ്ഞിരുന്നു, ലളിത ഒരിക്കലും ഇതിനെപ്പറ്റി പരസ്യമായി പരാതിപ്പെട്ടിട്ടില്ല.

എന്തൊക്കെയാണെങ്കിലും പരിക്ക് അവരെ നായികാ വേഷങ്ങളിൽ നിന്നകറ്റി. പല സിനിമകളിൽ നിന്നും അവരെ ഒഴിവാക്കി. അങ്ങനെ ഏകദേശം രണ്ട് വർഷത്തോളം ലളിതയ്ക്ക് ജോലിയില്ലായിരുന്നുവത്രേ. സൗന്ദര്യത്തെ വലിയ തോതിൽ ആശ്രയിച്ചിരുന്ന യുവനടിയെ സംബന്ധിച്ചിടത്തോളം ഇത് വലിയ ആഘാതമായിരുന്നു. പക്ഷേ, അവർ തളർന്നില്ല.

സിനിമാ വ്യവസായം വിട്ടുപോകുന്നതിന് പകരം, ലളിത പവാർ ധീരമായ ഒരു തീരുമാനമെടുത്തു, അഭിനയത്തിലേക്ക് മടങ്ങിയെത്തി സ്വഭാവ വേഷങ്ങൾ സ്വീകരിച്ചു. അമ്മ വേഷങ്ങൾ, വില്ലത്തിയായ അമ്മ അല്ലെങ്കിൽ ദുഷ്ട കഥാപാത്രങ്ങൾ അങ്ങനെ. വർഷങ്ങൾക്കിടെ, ഹിന്ദി, മറാത്തി, ഗുജറാത്തി സിനിമകളിലായി 700-ലധികം സിനിമകളിൽ അഭിനയിച്ചുകൊണ്ട് അവർ തന്റെ കഴിവും അതിജീവനശേഷിയും തെളിയിച്ചു. ചെറിയ വേഷങ്ങളിൽ പോലും അവരുടെ പ്രകടനം അവിസ്മരണീയമായി. പ്രേക്ഷകരുടെ മനസ്സിൽ മായാത്ത മുദ്ര പതിപ്പിച്ച, ഒരു സ്വഭാവ നടിയായി പേരെടുത്ത ലളിത, ഏറെക്കാലം സിനിമയിൽ സജീവമായിരുന്നു.

വ്യക്തിജീവിതത്തിലെ വഞ്ചന
സിനിമയ്ക്ക് പുറത്തുള്ള അവരുടെ ജീവിതവും പ്രക്ഷുബ്ധമായിരുന്നു. 1930-കളിൽ ലളിത പവാർ നിർമ്മാതാവായ ഗൺപത്‌റാവു പവാറിനെ വിവാഹം കഴിച്ചു. ആ ബന്ധം അധികനാൾ നീണ്ടുനിന്നില്ല. ഭർത്താവിന് തന്റെ സഹോദരിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ വിവാഹബന്ധം അവസാനിപ്പിച്ചു. പിന്നീടവർ നിർമാതാവായ രാജ്‌പ്രകാശ് ഗുപ്തയെ വിവാഹം കഴിച്ചു; ദമ്പതികൾക്ക് ഒരു മകനും ജനിച്ചു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi