ഹോളിവുഡിൽ സ്ത്രീ അഭിനേതാക്കളോട് കാണിക്കുന്ന വിവേചനത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടിയും സംവിധായികയുമായ ക്രിസ്റ്റൻ സ്റ്റുവാർട്ട്. ചലച്ചിത്രമേഖലയിൽ നടിമാർക്ക് യാതൊരു പരിഗണനയും നൽകുന്നില്ലെന്നും അവരെ വെറും പാവകളെപ്പോലെയാണ് കാണുന്നതെന്നും അവർ പറഞ്ഞു. സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ 'ദി ക്രോണോളജി ഓഫ് വാട്ടർ' എന്ന സിനിമയെ ക്കുറിച്ച് 'വെറൈറ്റി' മാഗസിനോട് സംസാരിക്കവേയാണ് ക്രിസ്റ്റൻ തുറന്നടിച്ചത്.
"നടിമാരോട് വളരെ മോശമായാണ് പെരുമാറുന്നത്. ആർക്കും ഒരു നടിയാകാൻ കഴിയുമെന്ന് ആളുകൾ കരുതുന്നു. എന്നാൽ ഒരു സംവിധായിക എന്ന നിലയിൽ എന്റെ സിനിമയെക്കുറിച്ച് സംസാരിക്കാൻ ഞാൻ ഇരുന്നപ്പോൾ, തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു. ബുദ്ധിയുള്ള ഒരാളോടെന്ന പോലെയാണ് എന്നോട് സംസാരിക്കുന്നത്," ക്രിസ്റ്റൻ പറഞ്ഞു.
സംവിധായകരെ സിനിമാലോകം വലിയ രീതിയിൽ പുകഴ്ത്തുമ്പോൾ അഭിനേതാക്കൾ തഴയപ്പെടുകയാണെന്ന് തന്റെ അനുഭവങ്ങളെ മുൻനിർത്തി അവർ പറഞ്ഞു. സംവിധായകർക്ക് അമാനുഷിക കഴിവുകളുണ്ടെന്ന ധാരണ പുരുഷന്മാർ ഉണ്ടാക്കിയെടുത്തതാണെന്നും അവർ കൂട്ടിച്ചേർത്തു. "ഞാൻ എപ്പോഴും പരാതി പറയുകയാണെന്ന് തോന്നരുത്, പക്ഷേ മോശമായാണ് സ്ത്രീ അഭിനേതാക്കളോട് പെരുമാറുന്നത്. അവർ വെറും പാവകളാണെന്നാണ് കരുതുന്നത്, എന്നാൽ അതല്ല സത്യം. ഇമോഗൻ പൂട്ട്‌സ് തന്റെ ആത്മാവ് നൽകിയാണ് ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്," ക്രിസ്റ്റൻ പറഞ്ഞു.
'ട്വിലൈറ്റ്' സിനിമാ പരമ്പരയിലൂടെയാണ് ക്രിസ്റ്റൻ സ്റ്റുവാർട്ട് ശ്രദ്ധിക്കപ്പെട്ടത്. പുതിയ സിനിമയിലൂടെ സംവിധാനരംഗത്തേക്ക് ചുവടുവെച്ചിരിക്കുകയാണ് താരം. 2025-ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രത്തിന് ആറ് മിനിറ്റിലധികം സ്റ്റാൻഡിങ് ഒവേഷൻ ലഭിച്ചിരുന്നു. ലിഡിയ യുക്‌നാവിച്ചിന്റെ ഓർമ്മക്കുറിപ്പുകളെ ആസ്പദമാക്കി നിർമ്മിച്ച ചിത്രം, ആഘാതങ്ങളെ കലയാക്കി മാറ്റുന്ന ഒരു സ്ത്രീയുടെ യാത്രയാണ് വിവരിക്കുന്നത്. എട്ടു വർഷമെടുത്താണ് ക്രിസ്റ്റൻ ഈ പ്രോജക്റ്റ് പൂർത്തിയാക്കിയത്. ഇമോഗൻ പൂട്ട്‌സ്, ജിം ബെലൂഷി, തോറ ബിർച്ച് എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Kristen Stewart criticizes Hollywood`s discrimination against actresses, calling them `puppets`. Her directorial debut, `The Chronology of Water,` premieres at Cannes.
Published: 27 Jan 2026, 04:53 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented