കൈതപ്രത്തിന്റെ ഓര്‍മകളും, പാട്ടില്‍ അദ്ദേഹം പകിട്ടോടെ ചാര്‍ത്തിയ ബിംബങ്ങളും എങ്ങനെയാണ് നമുക്കത്രമേല്‍ പ്രിയപ്പെട്ടതായി മാറുന്നത്. ഒരാളുടെ ഓര്‍മകളും ജീവിതപരിസരങ്ങളും എങ്ങനെയാണ് ഒരുപാട് പേരുടെ ഇന്നെലകളുമായി ഐക്യപ്പെടുന്നത്. താന്‍ പിന്നിട്ട സഞ്ചാരപഥങ്ങളിലേക്ക് കൈതപ്രം കൈപിടിച്ചുകൊണ്ടു പോകുമ്പോള്‍ അത് നമ്മുടെ ഭൂതകാലം കൂടിയാകുന്നു. ആ വഴികളിലൂടെ എപ്പോഴൊക്കെയോ സഞ്ചരിച്ചതായൊരു തോന്നല്‍.

To advertise here,

പാട്ടിലൂടെ പറഞ്ഞ കളിയോടം തൊട്ടുതുഴഞ്ഞ കുട്ടിക്കാലവും പ്രണയച്ചൂടിലെരിഞ്ഞ മറക്കാത്ത മൗനഗാനങ്ങളുമെല്ലാം ഗൃഹാതുരമായ ഓര്‍മകള്‍.

അഭിമുഖത്തിനായി ഇരുന്നപ്പോള്‍ ആദ്യം തേടിയതും മേല്‍പ്പറഞ്ഞ ഐക്യപ്പെടലിന്റെ ഉത്തരമാണ്. ''എന്റെ ഓര്‍മകള്‍ അക്കാലത്ത് ജീവിച്ച ഒരുപാട് പേരുടെ കാഴ്ചകളാണ്. ഞാന്‍ എഴുതിയത് എന്റെ മാത്രം ജീവിതമല്ല. ഗ്രാമീണ അന്തരീക്ഷത്തില്‍ ജീവിച്ച ഏതൊരു മലയാളിക്കും ആ വരികളുമായി ചേര്‍ന്നുനില്‍ക്കാം''.

കണ്ണാടി ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരിയെ കൈതപ്രമെന്ന പേരിലേക്ക് മാറ്റി വിളിച്ചത് കാവാലമാണ്. പേരിനൊപ്പമുള്ളത് നാട്ടുപേരാണെങ്കിലും, കൈതപ്രമെന്നത് വീട്ടുപേരെന്ന് കരുതുന്നവര്‍ ഇന്നുമേറെ. ശാന്തിക്കാരനായും നാടകക്കാരനായും പത്രക്കാരനായും പലവേഷങ്ങള്‍ പകര്‍ന്നാടിയെങ്കിലും പാട്ടെഴുത്തിലാണ് പേരെടുക്കുന്നത്. സംഗീത സംവിധാനം, തിരക്കഥാ രചന, സംവിധാനം തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ കൈതപ്രം കയ്യൊപ്പ് ചാര്‍ത്തി. ഗാനരചനയ്ക്കും സംഗീതസംവിധാനത്തിനും സംസ്ഥാനപുരസ്‌ക്കാരം നേടി. ദേശത്തേയും കാലത്തേയും ഓര്‍മകളേയും അതിശയകരമായി പാട്ടില്‍ കോര്‍ത്തുവച്ച കലാകാരനെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. കണ്ണാടി ഇല്ലത്തുനിന്നു തുടങ്ങി മലയാളിമനസ്സിലേക്ക് ചേക്കേറിയ യാത്ര! ജീവിതം സമ്മാനിച്ച പാട്ടുകളെ കുറിച്ച് കൈതപ്രം സംസാരിക്കുന്നു.

ആദ്യകാലത്ത് കഥയെഴുത്തിനോടായിരുന്നു താത്പര്യം. എം.ടി രചനകളെ അതിരറ്റ് സ്നേഹിച്ച കുട്ടിക്കാലമാണെന്ന് കേട്ടിട്ടുണ്ട്
കുട്ടിക്കാലത്ത് മാത്രമല്ല, ഇന്നും പ്രിയപ്പെട്ട എഴുത്തുകാരന്‍ വാസുവേട്ടന്‍ തന്നെ. അദ്ദേഹത്തിന്റെ മിക്ക രചനകളുടേയും പ്രധാനഭാഗങ്ങളെല്ലാം മനഃപാഠമാണ്. കുട്ടിക്കാലത്ത് കഥയെഴുത്തിനോടായിരുന്നു കമ്പം, വാസുവേട്ടന്റെ കഥകളായിരുന്നു എഴുത്തിന് പ്രചോദനം. മാതമംഗലത്തെ ജ്ഞാനഭാരതി വായനശാല, കൈതപ്രം വായനശാല എന്നിവിടങ്ങളിലെയെല്ലാം സ്ഥിരം സന്ദര്‍ശനകനായിരുന്നു.
 

'മഞ്ഞ്' നോവല്‍ പ്രസിദ്ധീകരിച്ച സമയത്തുതന്നെ വായിച്ചുതീര്‍ത്തു. നോവല്‍ മുന്‍നിര്‍ത്തി നാട്ടില്‍ നടന്ന ആസ്വാദന ചര്‍ച്ചയില്‍ സജീവമായി സംസാരിച്ചത് ഇന്നും ഓര്‍മ്മയിലുണ്ട്. അധ്യാപകനായ ബാലരാമവര്‍മ മാഷ് നോവലിനെ വിമര്‍ശിച്ച് സംസാരിച്ചപ്പോള്‍ അരയും തലയും മുറുക്കി അനുകൂലവാദങ്ങള്‍ നിരത്തി.

'മഞ്ഞ്' മനസ്സിലാക്കാന്‍ പ്രയാസമുള്ള നോവലാണെന്നായിരുന്നു മാഷിന്റെ നിരീക്ഷണം. വിട്ടുകൊടുക്കാതെ എതിര്‍ത്തു. അത്രമേല്‍ ഉറച്ചബോധ്യമുണ്ടായിരുന്നു. എം.ടി. കഥാപാത്രങ്ങള്‍ പലതും എനിക്ക് ജീവിതത്തില്‍ നേരില്‍പരിചയമുള്ളവരായിത്തോന്നിയിട്ടുണ്ട്. ഭ്രാന്തന്‍വേലായുധനെപ്പോലൊരാള്‍ ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു, കുടുംബത്തിലെ അമ്മാവന്‍മാരുടെയും ചില മുതിര്‍ന്നവരുടേയും ഇടപെടലും സംസാരവുമെല്ലാം എം.ടി. കഥാപാത്രങ്ങളുടെ ശൈലിയിലായിരുന്നു. വാസുവേട്ടന്റെ രചനകളോട് ചെറുപ്പത്തിലേ ഇഷ്ടക്കൂടുതല്‍ തോന്നാന്‍ ഇതെല്ലാമൊരു കാരണമായിരിക്കാം.

കഥയെഴുത്തും വായനയുമെല്ലാംനിറഞ്ഞ സ്‌കൂള്‍ കാലം, വിദ്യാര്‍ഥി എന്നനിലയില്‍ ഇന്ന് നോക്കുമ്പോള്‍ എത്രമാര്‍ക്ക് നല്‍കാം.
വിദ്യാര്‍ഥിയെന്ന നിലയില്‍ എനിക്കെന്നെക്കുറിച്ച് മതിപ്പൊന്നുമില്ല, മികച്ചതെന്നവകാശപ്പെടാന്‍ കാര്യമായൊന്നുമില്ല. പലകാരണങ്ങളാല്‍ അപകര്‍ഷതാബോധം ശക്തമായിരുന്നു. അന്നത്തെ സാഹചര്യങ്ങള്‍ അങ്ങനെയായിരുന്നു.പഠനകാര്യങ്ങളില്‍ അടിത്തറ ഇല്ലായിരുന്നു, പ്രത്യേകിച്ച് കണക്കിലൊക്കെ. ചെറിയക്ലാസ്സില്‍നിന്നേ മനസ്സിലാക്കേണ്ട പലതും പഠിച്ചെടുക്കാന്‍ പറ്റിയില്ല. എഴുത്തും വായനയും സജീവമായിരുന്നു, എഴുതിയ കഥകളെല്ലാം ജ്യേഷ്ഠനെ കൊണ്ടുകാണിക്കുന്നതായിരുന്നു പതിവ്. ഉറക്കമൊഴിഞ്ഞ് സംഘംചേര്‍ന്നുള്ള വായന തറവാട്ടില്‍ സ്ഥിരമായിരുന്നു.

രാത്രി ഗോതമ്പുകഞ്ഞിയായിരിക്കും, കഞ്ഞി കഴിക്കാനായി വട്ടമിട്ടിരിക്കുമ്പോള്‍ ഒരാള്‍ ഉറക്കെ വായിക്കും മറ്റുള്ളവരെല്ലാം അതുകേട്ടിരിക്കും. അത്തരം ചിത്രങ്ങള്‍ ഇന്നും മനസ്സിലുണ്ട്. ഉറൂബിന്റെ 'സുന്ദരന്‍മാരും സുന്ദരികളും' കൂട്ടത്തിലൊരാള്‍ വായിക്കുകയാണ്, ഞങ്ങള്‍ കുറച്ചുപേര്‍ വട്ടമിട്ട് കേള്‍ക്കുന്നു. നേരമിരുട്ടിയപ്പോള്‍ പേരമ്മ (അമ്മയുടെ ചേച്ചി) കിടക്കാനായി എഴുന്നേറ്റുപോയി. പുലര്‍ച്ചേ നെയ്വിളക്കുമായി പേരമ്മ ഉണര്‍ന്നുവരുമ്പോഴും ഞങ്ങള്‍ അതേ ഇരിപ്പ് തുടരുകയാണ്. കഥാപാത്രങ്ങള്‍, അവരുടെ രൂപങ്ങള്‍, ചെയ്തികള്‍ അങ്ങനെ അന്നുവായിച്ചതും കേട്ടതുമെല്ലാം ഇന്നും മായാതെ മനസ്സിലുണ്ട്. അതേക്കുറിച്ച് പിന്നീടൊരു പാട്ടിലെഴുതി 'അന്നുകണ്ടതെല്ലാം ഇന്നുമുണ്ട് കണ്ണില്‍, അന്നുകേട്ടതെല്ലാം ഇന്നുമുണ്ട് കാതില്‍...'

ചെമ്പൈയുടെ ശിഷ്യനായിരുന്നു അച്ഛന്‍ കേശവന്‍ നമ്പൂതിരി, സംഗീതവഴിയില്‍ അച്ഛന്റെ സ്വാധീനം
അച്ഛന്‍ സീരിയസ്സായി സംഗീതത്തെക്കണ്ട വ്യക്തിയായിരുന്നു. ലൈറ്റ് മ്യൂസിക്കൊന്നും പിടിക്കില്ല. ഞാന്‍ എട്ടാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ഒരുവശം കുഴഞ്ഞുപോകുന്നത്. അതില്‍പ്പിന്നെ പാടാനൊന്നും പറ്റാതായി. സംഗീതം കൊണ്ട് വലുതായൊന്നുമാകാന്‍ കഴിയാത്ത ജീവിതമായിരുന്നു അച്ഛന്റേത്. അതുകൊണ്ടുതന്നെ മക്കള്‍ ആ വഴിക്ക് നീങ്ങുന്നതിലും താത്പര്യമുണ്ടായിരുന്നില്ല. സംഗീതത്തിലെ എന്റെ കമ്പം മനസ്സിലാക്കിയപ്പോള്‍ പാട്ടിനുപുറകെപ്പോയാല്‍ ജീവിതംപ്രശ്നത്തിലാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.

കുട്ടിക്കാലത്ത് അച്ഛനാണ് ലളിതാസഹസ്രനാമവും വിഷ്ണുസഹസ്രനാമവുമെല്ലാം പഠിപ്പിച്ചത്. ഒരു രാഗത്തിന്റേയും ഛായയില്ലാതെ അദ്ദേഹമത് പകര്‍ന്നുതന്നു, ചൊല്ലിപ്പഠിക്കുകയായിരുന്നു. ഏതെങ്കിലുമൊരു രാഗത്തിന്റെ അകമ്പടിയില്‍ അവ ഞങ്ങളെ പഠിപ്പിച്ചിരുന്നെങ്കില്‍ അതിന്റെ ഗുണം പിന്നീടുണ്ടാകുമായിരുന്നു. എന്റേയും അനുജന്റേയുമെല്ലാം മ്യൂസിക്ക് ലെവല്‍ ഉയര്‍ത്താന്‍ അങ്ങനെയൊരു പഠനംസഹായിച്ചേനെ. സംഗീതം പഠിക്കണമെന്ന ആഗ്രഹം ശക്തമായപ്പോള്‍ അച്ഛനോട് പറയാതെ വീടുവിട്ടിറങ്ങുകയായിരുന്നു.

അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകള്‍
അമ്മയ്ക്ക് രാമായണം വായിക്കാനുള്ള അക്ഷരങ്ങളേ പരിചയമുണ്ടായിരുന്നുള്ളൂ. എന്റെ പാട്ടുകളുടെ വലിയ ആസ്വാദകയാണമ്മ, എന്നെ വലിയൊരു ബിംബമായി മനസ്സില്‍ കൊണ്ടുനടന്നു. ഞാന്‍ എഴുതിയ വരികളെല്ലാം ജീവിതവുമായി ചേര്‍ത്തുവെച്ചാണ് കാണുകയും കേള്‍ക്കുകയും ചെയ്തത്. 'ഗോപാലന്‍മാര്‍ക്ക് സന്ദേഹം' എന്ന പാട്ടില്‍ 'അമ്മയ്ക്കും കണ്ണനെ സന്ദേഹം...' എന്നൊരു വരി ഞാനെഴുതിയിട്ടുണ്ട്. അതുകേട്ട് അമ്മയ്ക്ക് വലിയ വിഷമമായി. മോനെന്തിനാണ് അങ്ങനെ എഴുതിയതെന്നും അമ്മയ്ക്ക് മോനെ സംശയിക്കാനാകുമോ... എന്നെല്ലാം സങ്കടത്തോടെ ചോദിച്ച ആ മുഖം ഇന്നും മനസ്സിലുണ്ട്.

പ്രതിസന്ധികളെ നേരിടാനുള്ള കരുത്തുനേടിയത് കൗമാരകാലത്താണെന്ന് മുന്‍പ് പറഞ്ഞിട്ടുണ്ട്
അനുഭവങ്ങളാണ് ഏതൊരുമനുഷ്യനേയും ശക്തനാക്കുന്നത്. സംഗീതപഠനവും ശാന്തിജോലിയുമായി നടന്ന കൗമാരകാലം അത്രയേറെ തീക്ഷ്ണമായിരുന്നു. സാമ്പത്തികമായിരുന്നു വലിയ പ്രശ്നം. പത്താംതരം കഴിഞ്ഞപ്പോള്‍ മട്ടന്നൂര്‍ കോളേജില്‍ പഠിക്കണമെന്നായിരുന്നു മോഹം. അതൊന്നും നടന്നില്ല.

തലശ്ശേരിയിലെ പണിക്കര്‍ മാഷിന്റെ ശിക്ഷണത്തില്‍ കുറച്ചുകാലം സംഗീതപഠനം നടത്തി. പൊന്ന്യം എന്ന സ്ഥലത്തായിരുന്നു ശാന്തിജോലി, അവിടെനിന്ന് കിലോമീറ്ററുകള്‍നടന്ന് മേലൂരില്‍ച്ചെന്ന് സംഗീതപഠനം. വൈകീട്ട് വീണ്ടും അമ്പലത്തിലേക്ക്്. ശാന്തിജോലിചെയ്യുന്നിടത്ത് കിടക്കാന്‍ പ്രയാസമായതിനാല്‍ തലശ്ശേരി റെയില്‍വേസ്റ്റേഷനിലാണ് രാത്രി ഉറക്കം. മാതൃഭൂമിയില്‍ ജോലികിട്ടുംമുന്‍പേ മാതൃഭൂമി വിരിച്ചുകിടന്നെന്നുപറയാം. വായനയായിരുന്നു അന്നെല്ലാം ജീവിതത്തെ മുന്നോട്ടുനയിച്ചത്. കഥയും കവിതകളും മാത്രമല്ല, വലിയ കാഴ്ചപ്പാടുകള്‍ സമ്മാനിക്കുന്ന പുസ്തകങ്ങളും കയ്യിലെടുത്തുതുടങ്ങുന്നത് അക്കാലത്താണ്. ജീവിതം എന്താണെന്ന് സ്വയം തിരിച്ചറിയുകയായിരുന്നു.

പ്രാരബ്ധങ്ങള്‍ക്കിടയിലും സിനിമയോടുള്ള ഇഷ്ടം ശക്തമായിരുന്നു. ചെമ്മീന്‍ സിനിമയുടെ റിലീസ് ദിവസം ആദ്യഷോ തന്നെ കണ്ടിട്ടുണ്ട്. നോവല്‍ സിനിമയായി മാറിയപ്പോള്‍ വന്ന വ്യത്യാസങ്ങള്‍ എന്തെന്നറിയാനുള്ള ആവേശമായിരുന്നു മനസ്സു

നിറയെ.

ശാന്തിജോലിയുമായി പൂഞ്ഞാര്‍, തിരുവനന്തപുരം ഭാഗത്തേക്കെത്തിയതോടെ നാടകവുംസിനിമയുമായെല്ലാം കൂടുതല്‍ അടുക്കുകയായിരുന്നല്ലേ
ആലക്കോട് തമ്പുരാനാണ് പൂഞ്ഞാറിലേക്ക് വിളിക്കുന്നത്. ശാന്തിയും തേവാരവും തന്നെയായിരുന്നു ജോലിയെങ്കിലും ജീവിതം ചെറുതായൊന്ന് മെച്ചപ്പെട്ടു. പൊളിഞ്ഞ ഹാര്‍മോണിയത്തില്‍നിന്ന് കൊമ്പുകെട്ടിയ തമ്പുരുവിലേക്ക് മാറിയതായൊരു തോന്നല്‍. സംഗീതപഠനത്തിനും ഭക്ഷണത്തിനും മുട്ടുണ്ടായിരുന്നില്ല.

പൂഞ്ഞാര്‍ ജീവിതത്തിനിടെ ഒരു പ്രണയപരാജയമുണ്ടായി. അതേത്തുടര്‍ന്നാണ് അവിടം വിട്ടുപോകുന്നത്. പ്രണയപരാജയവും പ്രശ്നങ്ങളുമായി നേരെ മൂകാംബികയിലേക്ക് വണ്ടികയറി. അമ്മയ്ക്കുമുന്നില്‍ മനസ്സര്‍പ്പിച്ച് തൊഴുതു. ഏതോ ഒരു പ്രദക്ഷിണത്തിനിടെ നാവിലൊരു മധുരം രുചിച്ചു. മുന്നോട്ടുപോകാന്‍ അമ്മ അനുഗ്രഹിച്ചുവിടുന്നപോലൊരു തോന്നല്‍. പിന്നീടാണ് എഴുത്തെല്ലാം ശക്തമാകുന്നത്.

തിരുവനന്തപുരം ഇടപഴഞ്ഞിയിലെ പാങ്ങോട് അയ്യപ്പക്ഷേത്രത്തിലായിരുന്നു പിന്നീട് ശാന്തി. ആ കാലത്താണ് ഒരുപാട് പുതിയ മുഖങ്ങള്‍ ജീവിതത്തിലേക്ക് കയറിവരുന്നത്. അവരുടെ സ്വാധീനം ഗുണംചെയ്തിട്ടുണ്ട്.

കാവാലം നാരായണ പണിക്കര്‍, സുഗതകുമാരി, കടമ്മനിട്ട എന്നിവരെല്ലാം പരിചയക്കാരായി. ആ കാലത്ത് പണിക്കര്‍ സാറിന്റെ കൂട്ടത്തില്‍ ഒരാളായിരുന്നു നെടുമുടിവേണു. വേണുവുമായി വലിയ ചങ്ങാത്തത്തിലായി. ഇ.സി. തോമസ് അക്കാലത്തെ സൗഹൃദസംഘത്തിലെ മറക്കാനാകാത്ത മറ്റൊരാളാണ്. ഇ.സി.യാണ് പാട്ടെഴുതാന്‍ എന്നെ ഫാസിലിനുപരിചയപ്പെടുത്തുന്നത്. ഇ.സി. പറഞ്ഞിട്ടാണ് ഫാസിലിനെ കാണാന്‍ ആലപ്പുഴയിലേക്ക് ചെല്ലുന്നത്. അത് പിന്നീട് സിനിമയിലേക്കുള്ള ചവിട്ടുപടിയായി.

കൈതപ്രത്തിന്റെ കവിതകള്‍ പലതും നടന്‍ മുരളിക്ക് മനഃപാഠമായിരുന്നു.
പാട്ടും കവിതയുമായി കഴിഞ്ഞ തിരുവനന്തപുരം നാളുകള്‍ ജീവിതത്തിലെ നിറമുള്ള ഏടുകളാണ്. കഥകളും ഓര്‍മ്മകളും ഒരുപാടുണ്ട്. കൊച്ചുനാരായണന്‍ എന്ന വിപ്ലവകാരിയുടെ വീട്ടിലെ താമസം, രാത്രി മദ്യപിച്ചുവരുന്ന അദ്ദേഹത്തെ വലിച്ചുകയറ്റി വാതിലടച്ചുകിടക്കുന്നത് ഞങ്ങളുടെ സ്ഥിരം ജോലിയായിരുന്നു. നട്ടുവം പരമശിവത്തിന്റെ ശാസ്തമംഗലത്തെ ഡാന്‍സ് ഷെഡിലെ ഒത്തുചേരലുകള്‍ ഇന്നും മനസ്സിലുണ്ട്. ജീവിതം പച്ചപിടിച്ചുതുടങ്ങിയ കാലമായിരുന്നു അത്. തീചാമുണ്ഡി, ശാന്തി തുടങ്ങിയ കവിതകള്‍വരുന്നു. എന്റെ കവിതകള്‍ മുരളിക്ക് വലിയ ഇഷ്ടമായിരുന്നു. മുരളിയാണ് നരേന്ദ്രപ്രസാദ് സാറിനുമുന്നില്‍ എന്നെ അവതരിപ്പിക്കുന്നത്. പ്രസാദ്സാര്‍ മുന്‍കൈയെടുത്താണ് കലാകൗമുദിയില്‍ എന്റെ കവിതകള്‍ അച്ചടിച്ചുവരുന്നത്. ചൊല്‍ക്കാഴ്ചകളില്‍ കവിയെന്ന ഖ്യാതിലഭിച്ച നാളുകളായിരുന്നു പിന്നീട്.

'സൗപര്‍ണിക' എന്ന നാടകത്തിനുവേണ്ടി നരേന്ദ്രപ്രസാദ് സാര്‍ എഴുതിയ വരികള്‍ക്ക് ഞാന്‍ സംഗീതംനല്‍കി. നാടകവേദികളില്‍ പാട്ട് ലൈവായി അവതരിപ്പിക്കപ്പെട്ടു. നടീനടന്‍മാര്‍ പാടി അഭിനയിക്കുമ്പോള്‍ കാഴ്ചക്കാര്‍ നിശ്ശബ്ദമായി അതില്‍ ലയിച്ചിരുന്നു.

തിരുവനന്തപുരം കാലത്തുതന്നെയല്ലേ, മാതൃഭൂമിയില്‍ ജോലിനേടുന്നത്?
മാതൃഭൂമിയില്‍ പ്രൂഫ് റീഡറുടെ തസ്തികയിലായിരുന്നു ജോലി. പകല്‍മുഴുവന്‍ നാടകവും പാട്ടും സംഗീതവും. രാത്രി പത്രപ്രവര്‍ത്തനം. മാതൃഭൂമിയിലന്ന് വാസുവേട്ടന്‍, കൃഷ്ണവാരിയര്‍, വീരേന്ദ്രകുമാര്‍, അരവിന്ദന്‍ അങ്ങനെ വലിയൊരു നിരതന്നെയുണ്ടായിരുന്നു.

മാതൃഭൂമിയിലെ ജോലിസമയത്തുതന്നെയാണ് 'സൗപര്‍ണിക' നാടകവുമായി നാടുചുറ്റുന്നത്. നാടകം ഡല്‍ഹിയില്‍ അവതരിപ്പിച്ചപ്പോള്‍ അതുകാണാന്‍ അന്ന് ഒ.വി. വിജയന്‍ വന്നു. പ്രസാദ്സാര്‍ എന്നെ പരിചയപ്പെടുത്തി. മാതൃഭൂമിയില്‍ അന്ന് ഒ.വി. വിജയന്റെ 'ഗുരുസാഗരം' ഖണ്ഡശഃ പ്രസിദ്ധീകരിക്കുകയായിരുന്നു. പ്രൂഫ് റീഡിങ് സെക്ഷനിലാണ് ജോലിയെന്നുപറഞ്ഞപ്പോള്‍, നോവലിന്റെ പ്രൂഫ് വായിക്കുമ്പോള്‍ കുത്തും കോമയും മാറ്റരുതെന്നും, മാതൃഭൂമി ശൈലി ഇതല്ലെന്നുപറഞ്ഞ് വാക്കുകള്‍ തിരുത്തരുതെന്നും ഒ.വി. വിജയന്‍ ഉപദേശിച്ചു. ഞാനല്ല ഗുരുസാഗരത്തിന്റെ പ്രൂഫ് വായിക്കുന്നതെന്നും, ബന്ധപ്പെട്ടവരെ അറിയിക്കാമെന്നും ഞാന്‍ മറുപടിനല്‍കി. പ്രൂഫ് റീഡിങ് വിഭാഗത്തില്‍ ജോലിചെയ്യുമ്പോള്‍ത്തന്നെ പത്രത്തിന്റെ ഒന്നാംപേജില്‍ വാര്‍ത്തയെഴുതിക്കൊടുത്തിട്ടുണ്ട്. കുമാരനാശാനൊപ്പം മരണസമയത്ത് ബോട്ടപകടത്തിലുണ്ടായിരുന്ന താമരശ്ശേരി കൃഷ്ണന്‍ ഭട്ടതിരി എന്ന ആളുമായി സംസാരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് പത്രത്തിന്റെ ഒന്നാംപേജില്‍ ബൈലൈനോടെ പ്രസിദ്ധീകരിച്ചത്.
 

ഫാസിലിന്റെ 'എന്നെന്നും കണ്ണേട്ടനി'ലൂടെ ചലച്ചിത്രഗാനരചനാരംഗത്തേക്കെത്തി. എന്നാല്‍, ആദ്യചിത്രത്തിനുശേഷം വീണ്ടും കുറച്ചുകാലം കാത്തിരിക്കേണ്ടി വന്നല്ലോ..?
സിനിമാപ്പാട്ടെഴുത്തില്‍ ഫാസിലാണ് എന്റെ ഗുരു. പാട്ടെഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെല്ലാം തുടക്കത്തിലേ അദ്ദേഹം വിശദമായി പറഞ്ഞുതന്നു. എഴുതിയതെല്ലാം സ്വന്തമായ ശൈലിയിലാണെങ്കിലും അന്നദ്ദേഹം പറഞ്ഞ പലകാര്യങ്ങളും പിന്നീടുള്ള യാത്രയില്‍ ഉപകാരപ്പെട്ടിട്ടുണ്ട്. സുഹൃത്ത് ഇ.സി. തോമസ് മുന്‍കൈയെടുത്താണ് ഫാസിലിന്റെ സിനിമയിലേക്കെത്തുന്നത്. 'എന്നെന്നും കണ്ണേട്ടനി'ലെ പാട്ടുകളെക്കുറിച്ച് പലരും നല്ല അഭിപ്രായം പറഞ്ഞെങ്കിലും, പടം വലിയ ഹിറ്റാകാഞ്ഞതുകൊണ്ടുതന്നെ പാട്ട് കൂടുതലാളുകളിലേക്കെത്തിയില്ല. പിന്നെയും കുറെക്കാലം കഴിഞ്ഞ് ഇ.സി. തന്നെ ശ്രീനിവാസന്‍ വഴി സത്യന്‍ അന്തിക്കാടിനുമുന്നില്‍ എന്നെ അവതരിപ്പിച്ചു.

അങ്ങനെയാണ് സത്യന്റെ 'കുടുംബപുരാണം' സിനിമയില്‍ പാട്ടെഴുതാന്‍ പോകുന്നത്. ചെന്നൈയിലായിരുന്നു പാട്ടെഴുത്ത്. അന്ന് തൊട്ടടുത്തമുറിയില്‍ ദാമോദരന്‍മാഷ് 'ആര്യന്‍' സിനിമയുടെ ചര്‍ച്ചകളുമായി കഴിയുകയായിരുന്നു. സംസാരത്തിനിടെ എന്നോടൊരു കവിതചൊല്ലാനാവശ്യപ്പെട്ടു, ഞാനെന്റെ ശാന്തി കവിത ചൊല്ലി. മാഷിനത് ഇഷ്ടമായി. ഇതുതന്നെയാണ് 'ആര്യന്‍' സിനിമയുടെ പ്രമേയമെന്നും കവിത സിനിമയില്‍ അവതരിപ്പിക്കാമെന്നും പറഞ്ഞു. 'ആര്യനു'വേണ്ടി മറ്റുചില വരികള്‍ ഞാനെഴുതിക്കൊടുത്തു. കോഴിക്കോട്ടായിരുന്നു സിനിമയുടെ ചിത്രീകരണം. ഞാനതിലൊരു വേഷം അഭിനയിച്ചിട്ടുമുണ്ട്. 'കുടുംബപുരാണ'ത്തിലെ പാട്ടുകള്‍ ഹിറ്റായതോടെ ഒന്നിനുപുറകെ ഒന്നായി സിനിമകള്‍ വന്നു.

വയലാര്‍, പി. ഭാസ്‌കരന്‍, ഒ.എന്‍.വി... വലിയൊരു നിരയില്‍ കണ്ണിചേര്‍ക്കപ്പെടുമ്പോള്‍ ഉള്‍ഭയമുണ്ടായിരുന്നോ
അങ്ങനെയൊന്നും ചിന്തിച്ചിരുന്നില്ല, സിനിമയുടെ കഥയും സന്ദര്‍ഭവും വിവരിച്ചുതരുമ്പോള്‍ ചില ചിത്രങ്ങള്‍ മനസ്സില്‍ തെളിയും. അതുമുന്‍നിര്‍ത്തി എഴുതാന്‍ ശ്രമിച്ചു. പാട്ടും വരികളും സ്വീകരിക്കപ്പെട്ടു എന്നറിയുമ്പോഴെല്ലാം മനസ്സ് സന്തോഷിച്ചു. പി. ഭാസ്‌കരന്‍ എനിക്കെന്നും പ്രിയപ്പെട്ട പാട്ടെഴുത്തുകാരനാണ്. ഗാനരചനാവഴിയില്‍ എനിക്കുമുന്‍പേ നടന്നവര്‍ അതിശയിപ്പിക്കുന്ന കഴിവുള്ളവരായിരുന്നു. പക്ഷേ, ആരേയും അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ല. ഫാസിലിന്റെ നിര്‍ദേശപ്രകാരം ആദ്യമായി സിനിമയ്ക്ക് പാട്ടെഴുതാനായി ചെന്നിരുന്നത് ആലപ്പുഴയിലെ ബ്രദേഴ്സ് മുറിയിലാണ്. അവിടെ കൊണ്ടുചെന്നിരുത്തിയശേഷം കൂടെവന്നയാള്‍ പറഞ്ഞത് വയലാര്‍ പാട്ടെഴുതാന്‍ ഇരിക്കുന്ന മുറിയാണ് ഇതെന്നാണ്.

ചില പാട്ടുകള്‍ എഴുതിനല്‍കുമ്പോള്‍ സംവിധായകന്റെയും സംഗീതസംവിധായകന്റെയും മുഖത്തൊരു പ്രകാശം നിറയും, അവരുദ്ദേശിച്ചരീതിയില്‍ കഥയോട് ചേര്‍ന്നുനില്‍ക്കുന്ന വരികള്‍ എഴുതാന്‍ കഴിഞ്ഞതില്‍ മനസ്സപ്പോള്‍ അഭിമാനം കൊള്ളും.

'ഹരികൃഷ്ണന്‍സ്' സിനിമയിലെ വരി 'സൂര്യനും സ്വന്തം ചന്ദ്രനും സ്വന്തം സന്ധ്യേ നീയിന്നാര്‍ക്കു സ്വന്തം...' എന്നാണ്. കമലിന്റെ മമ്മൂട്ടിചിത്രം 'മഴയെത്തും മുന്‍പെ'യിലെ പാട്ടില്‍ 'കഥയറിയാതിന്നു സൂര്യന്‍ സ്വര്‍ണത്താമരയെ കൈവെടിഞ്ഞു...' എന്നാണ് എഴുതിയത്. ആ വരികളിലെല്ലാം സിനിമയുടെ പ്രമേയംതന്നെയാണ് നിറഞ്ഞുനില്‍ക്കുന്നത്. 'പാഥേയം' സിനിമയിലെ നായകന്റെ മനസ്സാണ് 'ശത്രുവാണച്ഛന്‍ പക്ഷേ, നിന്നെയീ ഹൃദയത്തില്‍, താലോലിച്ചുറക്കാതെ ഉറങ്ങിയില്ലൊരു രാവും...' എന്ന വരികളിലൂടെ അവതരിപ്പിച്ചത്. വേഷം സിനിമയ്ക്കുവേണ്ടി 'വേഷങ്ങള്‍ ജന്മങ്ങള്‍ വേഷം മാറാന്‍ നിമിഷങ്ങള്‍ നാമറിയാതാടുകയാണീ ജീവിതവേഷം' എന്നെഴുതിക്കൊടുത്തപ്പോള്‍ ടി.എ. റസാഖ് ചോദിച്ചത് ''ഇനി ഞാനെന്തെഴുതും കഥമുഴുവന്‍ ഈ വരികളിലുണ്ടല്ലോ'' എന്നാണ്.
 

അമരം, ഞാന്‍ ഗന്ധര്‍വന്‍, ഹിസ് ഹൈനസ്സ് അബ്ദുള്ള, ഭരതം, കമലദളം പാട്ടുകള്‍കൊണ്ട് അടയാളപ്പെടുത്താവുന്ന എത്രയെത്ര സിനിമകള്‍. വരികളില്‍ വിസ്മയം തീര്‍ക്കുന്ന മാജിക് എന്താണ്?
അമരം ഭരതേട്ടന്റെ സിനിമയാണ്. എനിക്കേറ്റവും പ്രിയപ്പെട്ട സംവിധായകനാണദ്ദേഹം. ലോഹിതദാസില്‍നിന്നാണ് സിനിമയുടെ കഥകേട്ടത്. 'വികാരനൗകയുമായ് തിരമാലകളാടിയുലഞ്ഞു' എന്നെഴുതിയപ്പോള്‍തന്നെ ഭരതേട്ടന്‍ തൃപ്തനായി. മനോഹരമായ ദൃശ്യങ്ങളോടെയാണ് അദ്ദേഹം ആ പാട്ട് അവതരിപ്പിച്ചത്. പാട്ടല്പം പതിഞ്ഞ താളത്തിലാണെന്നും ഒഴിവാക്കുന്നതാണ് നല്ലതെന്നും സിനിമയുടെ അവസാനവട്ട മിനുക്കുപണികള്‍ക്കിടെ സഹസംവിധായകരിലൊരാള്‍ എന്നോട് പറഞ്ഞു. ഞാന്‍ വിവരം ഭരതേട്ടനെ ധരിപ്പിച്ചു. അദ്ദേഹത്തിന് ഒരു കുലുക്കവുമില്ല, ആ പാട്ട് മുറിച്ചുമാറ്റിയാല്‍ ചോരവരുമെന്ന് നീ അവരോട് പറഞ്ഞേക്ക് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

'ഞാന്‍ ഗന്ധര്‍വനി'ലെ പാട്ടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ജോണ്‍സണ്‍ നിര്‍മാതാവിനെവരെ വെല്ലുവിളിക്കുന്നത് കണ്ടിട്ടുണ്ട്.
ഗന്ധര്‍വനിലെ പാട്ടുകള്‍ സ്വീകരിക്കപ്പെടുമെന്ന് ജോണ്‍സന് അത്രയേറെ ഉറപ്പുണ്ടായിരുന്നു. 'ദേവീ ആത്മരാഗമേകാം' എന്ന പാട്ടിന്റെ വരികളില്‍ 'സോമം പോല്‍ പകരൂ നിന്‍ രാഗോന്മാദം' എന്നെഴുതിയത് വായിച്ച് പത്മരാജന്‍ ഏറെ സന്തോഷിച്ചു.

ഹിസ് ഹൈനസ്സ് അബ്ദുള്ളയുടെ പാട്ടുകള്‍ ഇന്നും തിളക്കത്തോടെ നില്‍ക്കുകയാണ്. 'കൃഷ്ണനെ നഷ്ടപ്പെട്ട രാധ, രാധയെ തേടിവരുന്ന കൃഷ്ണന്‍' അങ്ങനെയാണ് ലോഹിതദാസ് ഗോപികാവസന്തം പാട്ടിനുള്ള സന്ദര്‍ഭം നല്‍കിയത്. സിനിമയിലെ 'പ്രമദവനം വീണ്ടും...' എന്ന ഗാനം യേശുദാസിനുമാത്രം പാടാന്‍ കഴിയുന്നതായിരുന്നു.

'കമലദളം' സിനിമയുടെ ക്ലൈമാക്സ് ഒരു പാട്ടാണ്, പാട്ടിലൂടെ കഥയുടെ മുറുക്കം പ്രേക്ഷകരിലേക്കെത്തി. നായകന്റെ ജീവിതവും സീതയുടെ വിടപറയലുമെല്ലാം മനസ്സിലിട്ടാണ് അന്നാവരികള്‍ കുറിച്ചത്.

ഭരതം ജ്യേഷ്ഠാനുജന്‍മാരുടെ കഥയാണ്. അതുകൊണ്ട് രാമായണം മുന്‍നിര്‍ത്തിയാണ് എഴുതിയത്. എഴുത്തിലെ മാജിക് എന്താണെന്നുചോദിച്ചാല്‍ പറയാന്‍ പ്രയാസമാണ്. കുട്ടിക്കാലംമുതലേ വായനയിലൂടെ നേടിയ അറിവുകളും പദസമ്പത്തും ഭാവനയുമെല്ലാം പാട്ടൊരുക്കലിന് സഹായമാകുന്നുണ്ട്. സംവിധായകന്‍ ജയരാജ് ഇടയ്ക്ക് പറയാറുണ്ട്, നിങ്ങളുടെ കൈയില്‍ കാളിദാസനില്ലേ അതില്‍ പിടിക്കൂവെന്ന്.

ദേവദുന്ദുഭി, കണ്ണീര്‍പ്പൂവ്, പ്രമദവനം, വികാരനൗക... പാട്ടുകളിലെ ആദ്യ വാക്ക് പലപ്പോഴും ശ്രദ്ധേയമാണ്. ബോധപൂര്‍വമാണോ ഇത്തരം പ്രയോഗങ്ങള്‍?
ചില പദങ്ങള്‍ വന്നുകയറുന്നതാണ്, കഥയും കഥാസന്ദര്‍ഭവും മനസ്സിലിട്ട് കുറുക്കിയെടുക്കുമ്പോള്‍ ചില ചിന്തകളില്‍ മനസ്സുടക്കും, അവിടെനിന്നാണ് വരികള്‍ ജനിക്കുന്നത്. ഇരുപത്തഞ്ചുവയസ്സുവരെ നിരന്തരമായ വായനയുണ്ടായിരുന്നു, ബാല്യത്തില്‍ കാണാപ്പാഠം പഠിച്ച നൂറുകണക്കിന് ശ്ലോകങ്ങള്‍ കൂട്ടുണ്ട്. നാരായണീയവും സൗന്ദര്യലഹരിയും ഹൃദിസ്ഥമാണ്. ഭാഗവതത്തിലെയും രാമായണത്തിലെയുമെല്ലാം രംഗങ്ങള്‍ മനസ്സില്‍ തെളിഞ്ഞുനില്‍ക്കുന്നുണ്ട്. ഇവയെല്ലാം ഗാനരചനാവേളയില്‍ മനസ്സിലേക്കെത്തും.

'കമലദള'ത്തിലെ ക്ലൈമാക്സ് ഗാനത്തെക്കുറിച്ച് പറഞ്ഞല്ലോ, സീതയുടെ ആത്മഗതമാണ് വിവരിക്കുന്നത്. പാട്ടിലെ വരികളിങ്ങനെ - ''എന്നുമാ സങ്കല്പ പാദപത്മങ്ങളില്‍ തലചായ്ച്ചുവച്ചേ ഉറങ്ങിയുള്ളൂ..., സീത ഉറങ്ങിയുള്ളൂ...'' കഥാസന്ദര്‍ഭത്തോട് ചേര്‍ന്നുനില്‍ക്കുന്ന വരികളാണവ.

കഥ കേട്ടപ്പോള്‍ മനസ്സില്‍ തെളിഞ്ഞത് ലളിതാംബികാ അന്തര്‍ജനത്തിന്റെ 'അഗ്നിസാക്ഷി'യാണ്. സന്ന്യാസത്തിന് പുറപ്പെടുമ്പോള്‍ അന്തര്‍ജനം ഒരു ചെറുപൊതി ഭര്‍ത്താവിനുനല്‍കാന്‍ കൊടുത്തയക്കുന്നു. അതില്‍ നൂലില്‍ കോര്‍ത്ത താലിയും ഒരു കുറിപ്പുമാണ്. കുറിപ്പിലെ വരികള്‍ വിടപറയലിന്റേതാണ്, ആ പാദത്തില്‍ മാത്രമേ ഞാനുറങ്ങിയിട്ടുള്ളൂ എന്ന ആശയത്തിലൂന്നുന്ന വരികളാണ് എഴുതിരുന്നത്. അതാണ് 'കമലദള'ത്തിലെ 'സുമുഹൂര്‍ത്തമായ്...' എന്ന പാട്ടിലേക്ക് കൊണ്ടുവന്നത്.

'വെണ്‍നുര വന്നു തലോടുമ്പോള്‍ തടശില അലിയുകയായിരുന്നു...' എന്ന വരി 'അമരം' സിനിമയിലെ പാട്ടിലുണ്ട്. തടശില എന്ന പ്രയോഗം കുമാരനാശാന്റെ 'ലീല'യില്‍നിന്ന് ലഭിച്ചതാണ്.
 

'നാരായണീയ'ത്തില്‍ ഭഗവാന്റെ കാലില്‍ കെട്ടിപ്പിടിച്ച് പിരിയാന്‍ പ്രയാസപ്പെട്ടുകിടക്കുന്ന ചിലങ്കകളെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്, 'അഭിമന്യു'വിലെ 'കണ്ടുഞാന്‍ മിഴികളില്‍...' എന്ന പാട്ടെഴുതുമ്പോള്‍ അതാണ് മനസ്സിലേക്ക് വന്നത്. അങ്ങനെയാണ് 'പാദങ്ങള്‍ പുണരുന്ന ശൃംഗാര നൂപുരവും...' എന്ന വരി പിറക്കുന്നത്.

'ദേശാടന'ത്തിലൂടെ സംഗീത സംവിധാനത്തിലും ചുവടുറപ്പിച്ചു, ഭക്തിഗാനങ്ങളുടെ നിരയിലാണ് 'ദേശാടന'ത്തിലെ പാട്ടുകള്‍ പലരും സൂക്ഷിച്ചിരിക്കുന്നത്. 'ദേശാടനം' നല്‍കിയ സന്തോഷത്തെകുറിച്ച്
ജയരാജ് എന്നിലര്‍പ്പിച്ച വിശ്വാസമാണ് 'ദേശാടന'ത്തിലെ പാട്ടുകളെല്ലാം. പാട്ടെഴുതാനും സംഗീതം നല്‍കാനും ആവോളം സ്വാതന്ത്ര്യം നല്‍കി. 'ദേശാടന'ത്തിലെ പാട്ടുകള്‍ എഴുതി ആദ്യം കേള്‍പ്പിക്കുന്നത് ഭാര്യയെയാണ്. വരികള്‍ കേട്ട് അവരുടെ കണ്ണുനിറഞ്ഞത് ഇന്നുമെനിക്കോര്‍മയുണ്ട്. കളിവീടുറങ്ങിയല്ലോ, എങ്ങനെ ഞാന്‍ ഉറക്കേണം എന്നീ ഗാനങ്ങളെക്കുറിച്ചെല്ലാം ഇന്നും പലരും പറയുമ്പോള്‍ സന്തോഷം.'ദേശാടനം' ഭക്തിഗാനനിരയിലിടം നേടിയപോലെ 'സാന്ത്വന'ത്തിലെ 'ഉണ്ണീവാവാവോ' താരാട്ടുപാട്ടായാണ് പരക്കെ സ്വീകരിക്കപ്പെട്ടത്. 'എന്നുണ്ണിക്കണ്ണനുറങ്ങാന്‍ മൂലോകം മുഴുവനുറങ്ങ്' എന്നവരിയും ഏറെ പ്രശംസ നേടിത്തന്നു.

സംഗീതസംവിധായകരും ഗാനരചയിതാക്കളും ഒന്നിച്ചിരുന്നുള്ള പാട്ടൊരുക്കല്‍ പുതിയകാലത്ത് അവസാനിച്ചതായി തോന്നുന്നുണ്ടോ
സംവിധായകരും സംഗീതസംവിധായകരും ഗാനരചയിതാക്കളുമെല്ലാം ഒന്നിച്ചിരുന്ന് പാട്ടൊരുക്കിയതിന്റെ ഗുണം അന്നത്തെ പാട്ടുകളില്‍ കാണാം. ചെറിയ ചെറിയ തിരുത്തലുകള്‍പോലും കൂട്ടായ്മയിലൂടെ ശരിപ്പെടുത്തി. ഇന്നും ഞാന്‍ ആ രീതിതന്നെയാണ് പിന്‍തുടരുന്നത്. സംഗീതസംവിധായകന് ഇങ്ങോട്ടുവരാന്‍ പ്രയാസമുണ്ടെങ്കില്‍ ഞാനങ്ങോട്ടുപോകാന്‍ ഒരുക്കമാണ്.

പുതിയ തലമുറയ്ക്ക് വായന കുറയുന്നതായി തോന്നിയിട്ടുണ്ട്.എല്ലാവരും അങ്ങനെയാണെന്നല്ല, പാട്ടെഴുത്തിലും സംഗീതത്തിലും ഗായകരിലും പുതിയ കൂട്ടുകെട്ടുകളും കഴിവുള്ളവരുമുണ്ട്. വിനീത് ശ്രീനിവാസന്‍ അടുത്തിടെ വീട്ടില്‍ വന്ന് സംസാരിച്ചിരുന്നാണ് ഹൃദയത്തിലെ പാട്ടൊരുക്കിയത്. ബി.കെ. ഹരിനാരായണന്‍ പാട്ടെഴുത്തില്‍ കഴിവുള്ള വ്യക്തിയാണ്. പുതിയ തലമുറയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ എനിക്കിന്നും ഇഷ്ടവും സന്തോഷവുമാണ്. എന്നാല്‍, ബഹുമാനം നല്‍കി പലരും മാറിനില്‍ക്കുന്നതായാണ് തോന്നുന്നത്.

പാട്ടുകളില്‍നിന്ന് വരികളും വാക്കുകളും അടര്‍ത്തിയെടുത്ത് വിമര്‍ശിക്കുന്നവരോട്
പാട്ടിന്റെ വരികളില്‍ ചിലത് ചികഞ്ഞെടുത്ത് യുക്തിയുടെ വെളിച്ചത്തില്‍ മാത്രം പരിശോധിച്ച് വിമര്‍ശനമുയര്‍ത്തുന്നവര്‍ക്ക് മറുപടിയില്ല. അവരത് ചെയ്യട്ടെ. ഞാനതൊന്നും ശ്രദ്ധിക്കുന്നില്ല. ഭാവന പലതരത്തിലുണ്ട്. അതിശയോക്തി കലര്‍ത്തിയും തീര്‍ത്തും വ്യത്യസ്തമായ തലത്തിലും അവ വന്നെന്നുവരും, അതെല്ലാം ഒരു രചയിതാവിന്റെ സ്വാതന്ത്ര്യമാണ്.

സ്വയം നവീകരിക്കാനായി സ്വീകരിക്കുന്നകാര്യങ്ങള്‍
പഴയകാര്യങ്ങള്‍ എല്ലാം ഇന്നും മനസ്സിലുണ്ട്. പാരമ്പര്യമായി പകര്‍ന്നുകിട്ടിയവ നഷ്ടപ്പെടുത്താതെ സൂക്ഷിക്കുന്നതിനൊപ്പം കാലം പകര്‍ന്നുതന്ന അറിവും ജീവിതത്തിന്റെ ഭാഗമാക്കുകയാണ്. പഴമയെ തള്ളാതെ പുതുമയെ ഉള്‍ക്കൊള്ളുന്നതാണ് രീതി. ധ്യാനവും ഓംകാരം ഉരുവിടലും ഇന്നും തുടരുന്നു.

സന്തോഷകരമായി ഇരിക്കാനാണ് എപ്പോഴും ആഗ്രഹിക്കുന്നത്. ധീരമായി മുന്നോട്ടുപോകാന്‍ ശ്രമിക്കുന്നു. രോഗത്തിനുമുന്നില്‍പോലും തളര്‍ന്നുകൊടുക്കാന്‍ ഒരുക്കമല്ല. അങ്ങനെയെങ്കില്‍ ഒരുവശത്തെ തളര്‍ച്ചയുമായി ഞാനിത്രനേരം സംസാരിക്കില്ലല്ലോ. ധീരതയില്ലെങ്കില്‍ ഒന്നും ചെയ്യാന്‍പറ്റില്ല. എന്നെ രക്ഷിക്കണേയെന്ന് സദാസമയം കരഞ്ഞുകൊണ്ടിരിക്കുന്ന ഭീരുവിനെ രക്ഷിക്കാന്‍ ഒരീശ്വരനും കഴിയില്ല.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi