രജനീകാന്തിന്റെ കൊച്ചുമകനായി സ്ക്രീനിലെത്തിയ ബാലതാരമാണ് റിത്വിക് ജ്യോതി രാജ്. പക്ഷേ, അഭിനയത്തിൽ മാത്രം ഒതുങ്ങുന്നതല്ല റിത്വിക്കിന്റെ ലോകം. വെറും 13 വയസ്സിനുള്ളിൽ സുഹൃത്തുക്കൾക്കൊപ്പം ഒരു സ്റ്റാർട്ടപ്പിന് തുടക്കമിട്ടിരിക്കുകയാണ് ഈ മിടുക്കൻ. കോഡിങ്ങിലും റോബോട്ടിക്സിലുമെല്ലാം താൽപര്യമുള്ള റിത്വിക്കിന് ഭാവിയിൽ ഒരു കോമിക് ബുക്ക് റൈറ്ററാകണമെന്നുമുണ്ട് ആഗ്രഹം. ജയിലറിന്റെ ആദ്യഭാഗത്തിനുശേഷം ‘ജയിലർ 2’-വിലും രജനീകാന്തിനൊപ്പം അഭിനയിച്ച അനുഭവങ്ങളും തന്റെ പുതിയ സംരംഭത്തെക്കുറിച്ചുള്ള വിശേഷങ്ങളും പങ്കുവച്ചിരിക്കുകയാണ് താരം.
“ആദ്യത്തെ ജയിലറിൽ അഭിനയിച്ചപ്പോൾ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. രജനിസാറിന്റെ ഒരു സിനിമയിൽ അഭിനയിക്കാൻ കഴിയുന്നതുതന്നെ വലിയ കാര്യമാണ്. അതുകൊണ്ട് വീണ്ടും വിളിച്ചപ്പോൾ ഒരുപാട് സന്തോഷമായി. രജനി സാറ് സെറ്റിൽ എല്ലാവരോടും വളരെ സൗഹൃദത്തോടെയാണ് പെരുമാറിയത്. അദ്ദേഹത്തിന് സീനുകളില്ലാതിരുന്ന സമയത്തുപോലും മറ്റു താരങ്ങളുടെ അഭിനയം അദ്ദേഹം ശ്രദ്ധിക്കാറുണ്ടായിരുന്നു. എസ്. ജെ. സൂര്യ സാറും ഓരോ സീനും നന്നായി വരുന്നതുവരെ ആവർത്തിച്ച് അഭിനയിക്കുമായിരുന്നു. ഞാൻ എല്ലാദിവസവും ഉൗത്തപ്പം കഴിക്കുന്നതിനെച്ചൊല്ലി സംവിധായകൻ നെൽസൺ സാറ് എന്നെ എപ്പോഴും കളിയാക്കും. അഭിനയിക്കുന്നത് എനിക്കിഷ്ടമാണ്. അതുപോലെ ഞങ്ങൾക്ക് ഒരു സ്റ്റാർട്ടപ്പുണ്ട്. എന്നാൽ, ഇപ്പോൾ അതിൽനിന്ന് പണമൊന്നും ലഭിക്കുന്നില്ല. ഒരു വെബ്സൈറ്റ് നിർമിച്ചുകൊണ്ടാണ് പ്രവർത്തനം തുടങ്ങിയത്. പൈത്തൺ പ്രോഗ്രാമിങ്ങിലും റോബോട്ടുകളെ നിർമിക്കുന്നതിലുമെല്ലാം താൽപര്യമുണ്ട്. വരുംനാളുകളിൽ കൂടുതൽ കാര്യങ്ങൾ പഠിക്കാനും പുതിയ ആശയങ്ങൾ പരീക്ഷിക്കാനുമാണ് ശ്രമം.
Also Read
അഭിനയവും കോഡിങ്ങും മാത്രമല്ലാതെ, എഴുത്തിലും സിനിമാ സംവിധാനത്തിലുമെല്ലാം താത്പര്യമുണ്ട്. കുട്ടികളെ കേന്ദ്രീകരിച്ചുള്ള ഒരു സിനിമയിൽ നായകനായി അഭിനയിക്കണമെന്നാണ് ആഗ്രഹം. അതിനൊപ്പം സ്വന്തമായി കഥകൾ എഴുതുകയും ചെയ്യണം. ഒരു കോമിക് ബുക്ക് റൈറ്ററാകണം. ഹൊറർ, ഫാന്റസി, അഡ്വഞ്ചർ, കോമഡി, മിസ്റ്ററി തുടങ്ങിയ വ്യത്യസ്ത വിഭാഗങ്ങളിൽ കഥകൾ എഴുതാനാണ് ആഗ്രഹം. പുസ്തകങ്ങൾ വായിക്കുന്നതും ഗെയിമുകൾ കളിക്കുന്നതും ഇഷ്ടമാണ്. സ്വന്തം യൂട്യൂബ് ചാനലുമുണ്ട്”, റിത്വിക് വിശദമാക്കി.
അതേസമയം ജയിലർ ഒന്നാംഭാഗത്തിനുശേഷം ലക്കി ഭാസ്കർ, സർദാർ തുടങ്ങിയ ചിത്രങ്ങളിലും റിത്വിക് അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ കൂടുതൽ അവസരങ്ങൾ തേടുന്നതിനൊപ്പം പുതിയ കാര്യങ്ങൾ പഠിക്കാനും പരീക്ഷിക്കാനും ശ്രമിക്കുകയാണ് ഈ പതിമൂന്നുകാരൻ. അഭിനയത്തിനപ്പുറം സാങ്കേതികവിദ്യയിലും എഴുത്തിലും താൽപര്യമുള്ള റിത്വിക്കിന്റെ സ്വപ്നങ്ങൾക്കും അതിരുകളില്ല.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 24 Oct 2026, 01:50 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented