തിരുവനന്തപുരത്ത് ട്രെയിനിറങ്ങുമ്പോള്‍ നഗരം ഇലക്ഷന്‍ ചൂടില്‍ കത്തിയെരിയുകയായിരുന്നു, തലങ്ങും വിലങ്ങുമോടുന്ന പ്രചരണവാഹനങ്ങള്‍ക്കിടയിലൂടെ തോരണങ്ങള്‍ കെട്ടിയ പാതയോരങ്ങള്‍ പിന്നിട്ട് കേരള രാഷ്ട്രീയ ചരിത്രത്തിന്റെ ഭൂതകാലത്തേക്ക് ഒരു ഓട്ടോയില്‍ മുന്നോട്ടുപാഞ്ഞു. നഗരത്തിന് വിളിപ്പുറത്തുള്ള വീടിന് മുന്നില്‍ വണ്ടി നിന്നപ്പോള്‍ പടിവാതിലില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു കേരള രാഷ്ട്രീയ ചരിത്രത്തിലെ കരുത്തുറ്റ വനിത, കേരളത്തില്‍ നിന്നുള്ള ആദ്യ ദളിത് വനിത എം.പി, ഭാര്‍ഗവി തങ്കപ്പന്‍. അടൂരില്‍ നിന്ന് അങ്കം തുടങ്ങി തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തിളക്കമുള്ള വിജയങ്ങള്‍ നേടിയ കരുത്ത്. അഞ്ചുവട്ടം എംഎല്‍എ, ഒരുവട്ടം എം.പി, ഡെപ്യൂട്ടി സ്പീക്കര്‍. കേരള രാഷ്ട്രീയത്തില്‍ ഭാര്‍ഗവി തങ്കപ്പന്‍ എന്ന കാലം ഇപ്പോഴും ഒരുത്ഭുതമാണ്. കെ.ആര്‍.ഗൗരിയമ്മ കഴിഞ്ഞാല്‍ ഇത്രയും നാള്‍ ജനപ്രതിനിധി കസേരയില്‍ ഇരുന്ന മറ്റൊരു സ്ത്രീയും കേരള രാഷ്ട്രീയ ചരിത്രത്തിലില്ല. വിശ്രമജീവിതത്തിന്റെ മുറ്റത്തിരുന്ന് തെരഞ്ഞെടുപ്പ് ഓര്‍മകളിലേക്ക് ഭാര്‍ഗവി തങ്കപ്പന്‍ ഒരുപിന്‍നടത്തിനൊരുങ്ങുമ്പോള്‍ പ്രായത്തിന്റേതായ ഓര്‍മപിശകുകളുണ്ടാകുമെന്ന മുന്‍കൂര്‍ ജാമ്യമാണ് ആദ്യമെടുത്തത്. 

To advertise here,

ജോലി എന്ന സ്വപ്‌നം

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയ്ക്കടുത്ത ഉമ്മന്നൂരിലെ അണ്ടൂരാണ് എന്റെ ജന്മസ്ഥലം. ഒരു ഉള്‍നാടന്‍ ഗ്രാമമായതിനാല്‍ തന്നെ കൃഷിയായിരുന്നു പ്രധാന ജീവിതമാര്‍ഗം. അച്ഛന്‍ കെ. ഈശ്വരനും അമ്മ കുട്ടിയും കര്‍ഷകരായിരുന്നു. അതിനാല്‍ തന്നെ ഇരുവര്‍ക്കും ഇടതുപക്ഷ രാഷ്ട്രീയത്തോട് ആഭിമുഖ്യമുണ്ടായിരുന്നു. സാധാരണനിലയില്‍ സ്ത്രീകള്‍ ഉയര്‍ന്ന വിദ്യാഭ്യാസത്തിന് പോകുന്ന പതിവ് അന്ന് നാട്ടില്‍ നിലനിന്നിരുന്നില്ല. അതിനുള്ള സാഹചര്യമുണ്ടായിരുന്നില്ലെന്നതാണ് സത്യം.

എനിക്ക് മൂന്ന് സഹോദരങ്ങളുണ്ടായിരുന്നു. ഞാന്‍ പ്രീഡിഗ്രി പിന്നിട്ടപ്പോള്‍ തന്നെ വീട്ടില്‍ വിവാഹലോചനകള്‍ക്കുള്ള ഒരുക്കം തുടങ്ങി. അപ്പോള്‍ ഞാന്‍ പറഞ്ഞത് എനിക്ക് കുറച്ച് കൂടി  പഠിക്കണം എന്നാണ്. ഒരു സര്‍ക്കാര്‍ ജോലി നേടുക എന്നതായിരുന്നു അപ്പോഴത്തെ സ്വപ്നം. വീട്ടില്‍ നിന്ന് അതിനുള്ള അനുമതി കിട്ടിയതോടെ തുടര്‍ന്നുപഠിക്കുകയും അധികം വൈകാതെ സര്‍ക്കാര്‍ ജോലി നേടി. ആദ്യ ജോലി ലഭിച്ചത് റബ്ബര്‍ ബോര്‍ഡിലായിരുന്നു. അതിനിടെ വിവാഹം കഴിഞ്ഞു. ഭര്‍ത്താവും റബ്ബര്‍ ബോര്‍ഡിലായിരുന്നു. പിന്നീട് ഞാന്‍ കെഎസ്ഇബിയിലേക്ക് മാറി. 

അടൂരിലെ കന്നി അങ്കം

വൈദ്യുതബോര്‍ഡില്‍ ഉദ്യോഗസ്ഥയായിരുന്നപ്പോഴാണ് രാഷ്ട്രീയത്തിലേക്കുള്ള ക്ഷണം വന്നത്. അടൂര്‍ അന്ന് സംവരണമണ്ഡലമായിരുന്നു. ചെറുപ്പംമുതലേ ഇടതുപക്ഷ രാഷ്ട്രീയത്തോട് ആഭിമുഖ്യമുണ്ടായിരുന്നതിനാല്‍ സ്ഥാനാര്‍ഥിയാകാനുള്ള ക്ഷണം സ്വീകരിച്ചു.

1971 ല്‍ അടൂരിന്റെ മണ്ണില്‍ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ ഇറങ്ങുമ്പോള്‍ എനിക്ക് രാഷ്ട്രീയത്തെ കുറിച്ച് വലിയ ബോധ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. പി.കെ.കുഞ്ഞപ്പനായിരുന്നു എതിരാളി. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച ഞാന്‍ ഒന്നരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ലോക്‌സഭയിലേക്ക് പോകുമ്പോള്‍ അവിടത്തെ രീതികളെ കുറിച്ചൊന്നും അറിവുകളുണ്ടായിരുന്നില്ല. എന്നാല്‍ അന്നത്തെ ഞങ്ങളുടെ പാര്‍ലമെന്ററി പാര്‍ട്ടി
നേതാവായ ഇന്ദ്രജിത്ത് ഗുപ്ത ഏറെ പിന്തുണനല്‍കി. അന്നുള്ള നേതാക്കളെല്ലാം വളരെ അനുഭവങ്ങളുള്ളവരായിരുന്നു. അതിനാല്‍ പുതിയ അംഗങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ അവര്‍ മുന്‍കൈ എടുത്തിരുന്നു.

നിയമസഭയിലെ തേരോട്ടം

ലോക്‌സഭയിലെ ടേം പൂര്‍ത്തിയാക്കിയ ഉടന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. അപ്പോഴേക്കും രാഷ്ട്രീയത്തെ കുറേമനസിലാക്കിയിരുന്നു. 1977 ല്‍ നടുവത്തൂരില്‍ നിന്ന് ആദ്യമായി നിയമസഭയിലെത്തി. 1980 മുതല്‍ കിളിമാനൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് തുടര്‍ച്ചയായി നിയമസഭയിലെത്തി. 1991 ല്‍ രാജീവ് ഗാന്ധി വധത്തെ തുടര്‍ന്നുണ്ടായ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തില്‍ അടിപതറിയെങ്കിലും 1996 ല്‍ വീണ്ടും ജയിച്ചു കയറി.

അഞ്ചുതവണ എം.എല്‍.എയായി നിയമസഭയിലെത്തി. എട്ടാം നിയമസഭയില്‍ 1987 മുതല്‍ 1991 വരെ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും അലങ്കരിച്ചു. ഈ തിരക്കുകള്‍ക്കിടയില്‍ എനിക്ക് മിസ്സ് ചെയ്തത് മക്കളെയാണ്. മൂന്നുമക്കളാണ് എനിക്ക്. രണ്ട് പെണ്‍കുട്ടികളും ഒരാണും. അവര്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ പലപ്പോഴും സാധിക്കാറില്ലായിരുന്നു. എന്നാല്‍ നമ്മളില്‍ വിശ്വാസമര്‍പ്പിച്ച ജനസമൂഹത്തിന്റെ പ്രതീക്ഷകളെ സാധ്യമാക്കാന്‍ കഴിഞ്ഞു എന്ന് കരുതുന്നു. അതിനാല്‍ തന്നെയാകാം നാലുവട്ടം കിളിമാനൂകാര്‍ എന്നെ തന്നെ തെരഞ്ഞെടുത്തത്. 

വിവാദവും തിരിച്ചുവരവും

2002 ലെ മണിച്ചന്‍ വിവാദമാണ് ഭാര്‍ഗവി തങ്കപ്പന്റെ രാഷ്ട്രീയ ജീവിതത്തില്‍ വിലങ്ങുതടിയായത്. പാര്‍ട്ടി നടപടിയടക്കം നേരിട്ടെങ്കിലും പിന്നീട് വിജിലന്‍സ് അന്വേഷണത്തില്‍ നിരപരാധിയാണെന്ന് തെളിഞ്ഞു. വീണ്ടും പാര്‍ട്ടിയിലേക്ക് തിരിച്ചുവന്നു. ' ലോക് സഭയിലും നിയമസഭയിലുമായി ആറ് തവണ ജനപ്രതിനിധിയായി. ഒരിക്കല്‍പ്പോഴും ഒരു ചില്ലിക്കാശിന്റെ അഴിമതി കാണിച്ചിട്ടില്ല. എന്നാല്‍ നമ്മളെ തകര്‍ക്കുക എന്ന ലക്ഷ്യംവച്ച് ചിലര്‍ കഥകള്‍ മെനഞ്ഞപ്പോള്‍ അതിന് ഇരയാകേണ്ടി വന്നു. അന്വേഷണത്തില്‍ സത്യം പുറത്തുവരികയും ഞാന്‍ നിരപരാധിയാണെന്ന് തെളിയുകയും ചെയ്തു.'

ജനാധിപത്യമല്ല, പുരുഷാധിപത്യം

ജനാധിപത്യമെന്ന് പറയുന്നത് ഒരുവിധത്തില്‍ പുരുഷാധിപത്യമാണെന്ന് തന്റെ അനുഭവപരിചയത്തില്‍ ഭാര്‍ഗവി ഉറച്ചു പറയുന്നു ' ഇത്രയും വര്‍ഷമായിട്ടും പത്ത് ശതമാനത്തിന് മുകളിലേക്ക് നിയമസഭയിലെ സ്ത്രീ പ്രാതിനിധ്യം എത്തിയിട്ടില്ല. ജനസംഖ്യയ്ക്ക് അനുപാതികമായുള്ള പ്രാതിനിധ്യം നിയമനിര്‍മാണ സഭകളില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല. വനിതാ ബില്ല് പാസായെങ്കിലും അത് പ്രാബല്യത്തിലാകണമെങ്കില്‍ 2029 വരെ കാത്തിരിക്കണം. കേരളത്തില്‍ നമ്മള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ അമ്പത് ശതമാനം സ്ത്രീ സംവരണം നടപ്പാക്കി എന്നത് അഭിനന്ദനീയമാണ്.' ദൈനംദിന രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ സജീവമല്ലെങ്കിലും ഇപ്പോഴും അടിമുടി രാഷ്ട്രീയക്കാരി തന്നെയാണ് ഭാര്‍ഗവി തങ്കപ്പന്. 

(പുനപ്രസിദ്ധീകരണം)