സ്പാനിഷ് ഫുട്‌ബോൾ ടീമിലെ കരുത്തനായ കളിക്കാരൻ മാത്രമല്ല മാർക്ക് കുക്കുറെയ്യ (Marc Cucurella). പല കാര്യങ്ങളാൽ തികച്ചും വ്യത്യസ്തനാണ് അദ്ദേഹം. നീട്ടിവളർത്തിയ ചുരുണ്ടമുടിയാണ് അദ്ദേഹത്തിന്റെ ഐഡന്റിറ്റി. മത്സരസമയത്താണെങ്കിലും പ്രാക്ടീസ് ചെയ്യുമ്പോഴാണെങ്കിലും അദ്ദേഹം മുടി കെട്ടിവെക്കാറുമില്ല. മുടി നീട്ടിവളർത്തിയ ഫുട്‌ബോൾ താരങ്ങളേറെയുണ്ട്. പക്ഷേ അവരെല്ലാം അത് കളിക്കളത്തിൽ കെട്ടിവെക്കാറുമുണ്ട്. എന്നാൽ കുക്കുറെയ്യയുടെ കാര്യം അങ്ങനെയല്ല.

To advertise here,

ലോകകപ്പിനുമുമ്പ് മാധ്യമപ്രവർത്തകർ കുക്കുറെയ്യയോട് ഒരു കാര്യം ചോദിച്ചു. ''ലോകകപ്പിൽ സ്‌പെയിൻ വിജയിക്കുകയാണെങ്കിൽ തലമുടി കളയുമോ?'' എന്നതായിരുന്നു ആ ചോദ്യം. എന്നാൽ അതിന് അദ്ദേഹം നൽകിയ മറുപടിയിങ്ങനെ, ''ഇല്ല, എന്റെ മുടി വളരെ പവിത്രമായതാണ് (sacred)''.

അദ്ദേഹത്തിന്റെ ഈ സിഗ്നേച്ചർ കേൾസിനുപിന്നിലൊരു ജീവിതമുണ്ട്. മുടി വെട്ടിക്കളയാതെ, അത് കെട്ടാതെ അദ്ദേഹം കൊണ്ടുനടക്കുന്നതിനുപിന്നിലുള്ള വലിയ ദു:ഖസത്യം. കുക്കുറെയ്യ എന്ന അച്ഛനെയും അതിലൂടെ മനസ്സിലാക്കാം. മൂന്നുമക്കളാണ് താരത്തിനും പങ്കാളി ക്ലോഡിയ റോഡ്രിഗസിനും. അതിലൊരാളായ മത്യാവോ (Mateo) ഓട്ടിസം ബാധിച്ച കുഞ്ഞാണ്. ഗ്രൗണ്ടിൽ ഓടിനടന്ന് കളിക്കുമ്പോൾ മത്യാവുവിന് അച്ഛനെ തിരിച്ചറിയാൻ വേണ്ടിയാണ് അദ്ദേഹം മുടി ഇങ്ങനെ ഇടുന്നത്. കളിക്കളത്തിലായിരിക്കുമ്പോഴും തന്റെ മകൻ തന്നെ തിരിച്ചറിയണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. കുക്കുറെയ്യയെ സംബന്ധിച്ചിടത്തോളം അത് വളരെ പ്രധാനമാണ്.

അതിജീവനം
2022-ലാണ് കുഞ്ഞിന് ഓട്ടിസമുണ്ടെന്ന് തിരിച്ചറിയുന്നത്. അതിനുശേഷമുള്ള തങ്ങളുടെ ജീവിതത്തെക്കുറിച്ച് പലപ്പോഴും പല അഭിമുഖങ്ങളിലും കുക്കുറെയ്യയും ക്ലോഡിയയും തുറഞ്ഞുപറഞ്ഞിട്ടുണ്ട്. ആമസോൺ ഡോക്യുമെന്ററി സീരീസായ 'മാരീഡ് ടു ദ ഗെയി'മിൽ ഇതിനെക്കുറിച്ച് ക്ലോഡിയയും കുക്കുറെയ്യയും സംസാരിക്കുന്നുണ്ട്.

ഔദ്യോഗികമായ രോഗനിർണയം ലഭിക്കുന്നതിന് മുൻപുതന്നെ മകന് എന്തോ വ്യത്യാസമുണ്ടെന്ന് തങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നതായി ക്ലോഡിയ ഓർത്തു. മത്യാവോ ഒരു സാധാരണസ്‌കൂളിൽ പഠിക്കാൻ തുടങ്ങിയപ്പോഴാണ് വെല്ലുവിളികൾ കൂടുതൽ പ്രകടമായത്. അവന് പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാൻ വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നതിനാൽ, അവനെ നഴ്‌സറിയിൽ വിട്ടശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ തങ്ങൾ കരയുമായിരുന്നുവെന്നും, അത് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ കാലഘട്ടങ്ങളിലൊന്നായിരുന്നുവെന്നും ക്ലോഡിയ വിവരിച്ചു. കുഞ്ഞ് അനുഭവിക്കുന്ന മാനസികവിഷമങ്ങളാണ് തങ്ങളെ കരയിപ്പിച്ചതെന്നും അവർ പറയുന്നു.

മകൻ പലപ്പോഴും കരഞ്ഞുകൊണ്ടാണ് സ്‌കൂളിൽ നിന്ന് മടങ്ങിയെത്തിയിരുന്നതെന്നും, ചില ദിവസങ്ങളിൽ സ്‌കൂളിലെത്തി ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ അവനെ തിരികെ കൂട്ടിക്കൊണ്ടുവരേണ്ടി വന്നിട്ടുണ്ടെന്നും കുക്കുറെയ്യ വെളിപ്പെടുത്തി. മകനെക്കുറിച്ച് സംസാരിക്കുമ്പോൾ കുക്കുറെയ്യ വികാരാധീനനാകുന്നതും ഡോക്യുമെന്ററിയിൽ കാണാമായിരുന്നു; ഓട്ടിസം ബാധിച്ച ഒരു കുട്ടിയെ വളർത്തുന്നതിനായി ആരും മുൻകൂട്ടി തയ്യാറെടുപ്പ് നടത്തുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ''ആരും അത് നിങ്ങൾക്ക് പറഞ്ഞുതരുന്നില്ല. അവനെ മനസ്സിലാക്കാൻ നിങ്ങൾ സ്വയം പഠിക്കേണ്ടതുണ്ട്''.

തന്റെ മകൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കണ്ടുനിൽക്കുമ്പോഴും അവന് ആശ്വാസം നൽകാനോ കാര്യങ്ങൾ എളുപ്പമാക്കാനോ കഴിയാത്ത അവസ്ഥ കുക്കുറെയ്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും വേദനാജനകമായ അനുഭവങ്ങളിലൊന്നായിരുന്നു.

എല്ലാം മകനുവേണ്ടി
മത്യാവോയ്ക്ക് ഓട്ടിസം സ്ഥിരീകരിച്ചതിനുശേഷം കുടുംബത്തിന് പരിമിതമായ പിന്തുണ മാത്രമേ ലഭിച്ചിരുന്നുള്ളൂവെന്നും, അതിനാൽ ഓട്ടിസത്തെക്കുറിച്ചും മകന്റെ ആവശ്യങ്ങളെക്കുറിച്ചും സ്വയം മനസ്സിലാക്കേണ്ടി വന്നുവെന്നും ക്ലോഡിയ വെളിപ്പെടുത്തി. പിന്നീട് അവന്റെ പരിഗണനകൾക്കനുസരിച്ചായിരുന്നു എല്ലാം തീരുമാനിച്ചിരുന്നത്.

ഓരോ തീരുമാനവും മകനെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിനാണ് കുടുംബം ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്നതെന്നും ക്ലോഡിയ വിശദീകരിച്ചു. ചില പരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടെങ്കിൽ പോലും, ആ അനുഭവം കുഞ്ഞിന് അമിതമായ സമ്മർദ്ദമുണ്ടാക്കുന്നതോ അനുയോജ്യമല്ലാത്തതോ ആണെന്ന് തോന്നിയാൽ അവ ഒഴിവാക്കാനാണ് അവർ തീരുമാനിക്കാറുള്ളത്.

കുക്കുറെയ്യയുടെ കരിയറിൽ പോലും ഈ മാറ്റങ്ങൾ കാണാം. ഏതെങ്കിലും ക്ലബ് കുക്കുറെയ്യയെ ടീമിലെടുക്കാൻ താത്പര്യം കാണിക്കുമ്പോൾ, ആദ്യം ചിന്തിക്കുന്നത് മകനെ കുറിച്ചാണ്. ആ പ്രദേശത്ത് അനുയോജ്യമായ സ്‌കൂളുകളും അവനാവശ്യമായ തെറാപ്പി സേവനങ്ങളും ലഭ്യമാണോ എന്ന് കുടുംബം ആദ്യം പരിശോധിക്കാറുണ്ടെന്ന് 'റേഡിയോ എസ്റ്റാഡിയോ നോച്ചെ'യോട് സംസാരിക്കവെ കുക്കുറെയ്യ പറഞ്ഞിട്ടുണ്ട്. മകന്റെ മുന്നോട്ടുള്ള ചെറിയൊരു കാൽവെപ്പ് പോലും മറ്റെന്തിനേക്കാളും സന്തോഷം നൽകുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

കുടുംബത്തിന്റെ ക്ഷേമത്തിനാണ് താൻ പ്രഥമ പരിഗണന നൽകുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം, കുടുംബജീവിതത്തിലെ സ്ഥിരത കളിക്കളത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ തന്നെ സഹായിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. ''കുടുംബം സന്തോഷത്തോടെയും സുരക്ഷിതമായും ഇരിക്കുമ്പോൾ, കളിക്കളത്തിലും എനിക്ക് എന്റെ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്നു'', അദ്ദേഹം പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi