കയ്യിൽ ഇറച്ചിവെട്ട് കത്തിയും നാടൻതോക്കുമായി പരുക്കൻ ജീപ്പോടിച്ചുപോകുന്ന റേച്ചലായി ഹണിറോസ് എത്തുന്നു. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച രാഹുൽ മണപ്പാട്ടിന്റെ 'ഇറച്ചിക്കൊമ്പ്' എന്ന ചെറുകഥയുടെ ചലച്ചിത്രഭാഷ്യമാണ് റേച്ചൽ. സംവിധായകൻ എബ്രിഡ് ഷൈൻ സഹനിർമ്മാതാവും സഹരചയിതാവുമാകുന്ന 'റേച്ചലി'ന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് നവാഗതയായ ആനന്ദിനി ബാലയാണ്. പ്രണയവും പ്രതികാരവും ആത്മസംഘർഷങ്ങളും മുൻനിർത്തി കഥപറയുന്ന സിനിമയുടെ ടൈറ്റിൽറോളിലെത്താനായതിന്റെ ആഹ്ലാദം പങ്കുവെച്ച് ഹണിറോസ് സംസാരിക്കുന്നു.

To advertise here,

''റേച്ചൽ സിനിമയുടെ കഥ ആദ്യമായി കേൾക്കുന്നത് സംവിധായിക ആനന്ദിനി ബാലയിൽ നിന്നാണ്. ആദ്യകേൾവിയിൽ തന്നെ കഥയോടും കഥാപശ്ചാത്തലത്തോടും വല്ലാത്തൊരു ഇഷ്ടം തോന്നി. വന്യതയുടെ സൗന്ദര്യമാണ് കാഴ്ച്ചകളിൽ നിറയുന്നത്. ഒട്ടനവധി തീക്ഷ്ണമായ ജീവിതാവസ്ഥകളിലൂടെ കടന്നുപോകുന്ന കഥാപശ്ചാത്തലമാണ് റേച്ചലിന്റേത്, അതുകൊണ്ടുതന്നെ അത്തരമൊരു വേഷം വിട്ടുകളയാൻ തോന്നിയില്ല.''

നൂറുകണക്കിന് പോത്തുകളെ കേരളത്തിന്റെ പുറത്തുനിന്നുകൊണ്ടുവന്നാണ് 'റേച്ചൽ' സിനിമയ്ക്കായി ചന്ത സൃഷ്ടിച്ചത്. വാഹനത്തിൽ കൊണ്ടിറക്കുമ്പോൾതന്നെ വിരണ്ടുപോയ പോത്തുകൾ പലപ്പോഴും അക്രമസ്വഭാവം പുറത്തെടുത്തു, അതിനെയെല്ലാം അതിജീവിച്ചാണ് ചിത്രീകരണം മുന്നോട്ടു കൊണ്ടുപോയത്.

ഇരുപത് വർഷത്തെ അഭിനയജീവിതത്തിൽ ലഭിച്ച കരുത്തുറ്റവേഷമാണ് റേച്ചലെന്ന് ഹണിറോസ് കൂട്ടിച്ചേർത്തു. കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി പുതിയ ഒരുപാട് കാര്യങ്ങൾ പഠിച്ചെടുക്കേണ്ടിവന്നതായും അവർ വിശദീകരിച്ചു.

''ഇറച്ചിവെട്ടുകാരിയാണ് റേച്ചൽ, വലിയ അപകടം പിടിച്ച ജോലിയാണിത്. ഭാരമുള്ള കത്തി ഉപയോഗിച്ച് മരത്തടിയിലിട്ടാണ് വെട്ടുന്നത്. അറിയാത്തവർക്ക് ഈ ജോലി എളുപ്പത്തിൽ ചെയ്യാൻ കഴിയില്ല. കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി ഇറച്ചിക്കടയിൽ പോയി അവരുടെ വെട്ടുരീതികളും സംസാരവും ഇടപെടലുകളുമെല്ലാം കണ്ടുമനസ്സിലാക്കി. പ്രൊഫഷണലായൊരു ഇറച്ചുവെട്ടുകാരൻ ചിത്രീകരണസമയത്തെല്ലാം ഒപ്പമുണ്ടായിരുന്നു. ചെറിയ അപകാതകൾപോലും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പഠിപ്പിക്കാൻ വന്ന ഒരാൾക്ക് ഒരു വിരൽ ഇല്ലായിരുന്നു.''

കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായെത്തുന്ന ചിത്രത്തിൽ ബാബുരാജ്, റോഷൻ ബഷീർ, ചന്തു സലിംകുമാർ, രാധിക രാധാകൃഷ്ണൻ, ജാഫർ ഇടുക്കി, വിനീത് തട്ടിൽ, ജോജി, ദിനേശ് പ്രഭാകർ തുടങ്ങിയവർ അഭിനയിക്കുന്നു. ബാദുഷാസ് സിൽവർ സ്‌ക്രീൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മഞ്ജു ബാദുഷ, ഷാഹുൽ ഹമീദ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് 'റേച്ചൽ' നിർമിക്കുന്നത്. ബി.കെ ഹരിനാരായണൻ, വിനായക് ശശികുമാർ, രാഹുൽ മണപ്പാട്ട് എന്നിവരുടെ വരികൾക്ക് ഇഷാൻ ഛബ്ര സംഗീതം നൽകിയിരിക്കുന്നു. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi