'രാജാവിന്റെ സ്വർണക്കിരീടത്തിൽ മായം കലർന്നിട്ടുണ്ടോ എന്നറിയാൻ തലപുകഞ്ഞാലോചിച്ച ആർക്കിമിഡീസ്. ബാത് ടബ്ബിൽ കുളിച്ചു കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ ശാസ്ത്ര ബുദ്ധി ഉണർന്നു. ആവേശത്തിൽ, താൻ നഗ്‌നനാണെന്നോർക്കാതെ തെരുവിലേക്ക് പാഞ്ഞ് അദ്ദേഹം അലറി 'യൂറേക്കാ.. നന്ദഗോപൻ, ദേവരാജ്, വൈശാഖ്, ഈ മൂന്ന് സുഹ്യത്തുക്കൾക്കുമുണ്ട് അതു പോലൊരു കഥ. എല്ലാവരെയും പോലെ ഒഴുക്കിനൊത്തായിരുന്നു ഇവരുടെ ജീവിതവും. സിനിമാ മോഹം അവരെ പല തീരങ്ങളിലും എത്തിച്ചു. ജീവിത യാഥാർഥ്യങ്ങളിൽ അകപ്പെട്ടപ്പോഴും അവർ സ്വപ്നങ്ങളെ കൈവിട്ടില്ല. അനുഭവങ്ങളെ അവർ കഥകളാക്കി, സാധാരണക്കാരുടെ വിരസതകളിലേക്ക് ചെന്നുവീണ ആ കഥകൾ ചിരിയുടെ ഓളങ്ങൾ സൃഷ്ടിച്ചു. ആ കഥകൾക്ക് എന്ത് പേര് നൽകുമെന്ന് തല പുകച്ചപ്പോൾ അവർ ആർക്കിമിഡീസിനെ ഓർത്തു. പേര് കിട്ടി. 'യുറേക്കാ സ്റ്റോറീസ്'. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും അവരുടെ കഥകൾ വൈറലായി.

യുറേക്കയിലേക്ക്

വ്യത്യസ്തമായ മൂന്നുമേഖലകളിൽ അഭിരുചിയുള്ളവർ. ആയുർവേദ ഡോക്ടറായ നന്ദഗോപൻ, വക്കീലായ ദേവരാജ്, എഞ്ചിനീയറായ വെശാഖ്. സ്‌കൂൾക്കാലത്ത് ആരംഭിച്ച സൗഹൃദം അവരെ തുടർന്നുള്ള ജീവിതത്തിലും ചേർത്തുനിർത്തി. പത്താംക്ലാസ്സുവരെ ഒന്നിച്ചു പഠിച്ച ഉറ്റ സുഹൃത്തുക്കളാണിവർ. ആ സൗഹൃദവും ആത്മബ ന്ധവുമാണ് 'യുറേക്ക'യുടെ പിറവിക്ക് കാരണം. ''ജോലി മനസ്സിനിണങ്ങു ന്നുണ്ടായിരുന്നില്ല. സിനിമയായിരുന്നു സ്വപ്നം. ആ ആഗ്രഹമാണ് 'യുറേക്ക'യിലേക്കെത്തിച്ചത്.' നന്ദഗോപൻ പറയുന്നു.

കൃത്യം ഒരു വർഷം മുമ്പ് അവർ മൂവരും ചേർന്ന് ചിരകാല സ്വപ്നത്തി ന്റെ ആദ്യപടവുകൾ ചവിട്ടി. ആദ്യ വീഡിയോ ഫോണിൽ ഷൂട്ട് ചെയ്തു. ബൈക്കിൽ ലഡാക്ക് ട്രിപ്പ് പോകാൻ ആഗ്രഹിക്കുന്ന സുഹൃത്തിനെ ബൈക്കോടിക്കാൻ പഠിപ്പിക്കുന്ന 'ലെ ലഡാക്ക്' വീഡിയോയിൽ നന്ദഗോപനും ദേവരാജും അഭിനേതാക്കളായി. എഡിറ്റിങ് പഠിച്ച് സിനിമയിൽ അസിസ്റ്റന്റ് എഡിറ്ററായി ജോലിചെയ്തിരുന്ന വൈശാഖ് യുറേക്കയുടെ ക്യാമറാമാനും എഡിറ്ററുമായി. അങ്ങനെ 'യുറേക്കാ സ്റ്റോറീസ്' പതിയെ തെളിഞ്ഞു വന്നു. സൗഹൃദം, തൊഴിലില്ലായ്മ, പുതു തലമുറയിലെ കമിതാക്കൾക്കിടയിലെ പ്രശ്‌നങ്ങൾ എന്നിങ്ങനെ സാധാരണ ക്കാരുടെ ജീവിത സന്ദർഭങ്ങളെല്ലാം ഇവർ കണ്ടന്റാക്കി.

ചിത്രീകരണം

നന്ദഗോപനും ദേവരാജും അവരു ടെ സ്വന്തം പേരുകളിൽ തന്നെയാണ് മിക്ക വീഡിയോകളിലുമെത്തുന്നത്. ''ഞങ്ങളുടെയും സുഹൃത്തുക്കളുടെയും അനുഭവങ്ങളാണ് യുറേക്കയുടെ കണ്ടന്റുകൾ. അതുകൊണ്ടായിരിക്കാം അത് ആളുകൾക്ക് കൂടുതൽ റിലേറ്റ് ചെയ്യാൻ പറ്റുന്നത്.' അവർ പറയുന്നു.

''പെട്ടെന്നുണ്ടാകുന്ന അനുഭവങ്ങൾ, പരിചയപ്പെടുന്ന ആളുകൾ ഇവയെപ്പറ്റിയെല്ലാം പരസ്പരം പങ്കുവയ്ക്കും.'' ചിലപ്പോൾ അതായിരിക്കും പിറ്റേന്ന് ഷൂട്ട് ചെയ്യാനുളള വീഡിയോ ആയി മാറുകയെന്ന് ദേവരാജ്. 'സിംഗിൾ ഷോട്ട് വീഡിയോകൾ അധികമാരും ചെയ്തിട്ടില്ല. അത് ചെയ്ത് തുടങ്ങിയപ്പോഴാണ് അത്തരം വീഡിയോകൾക്ക് മാർക്കറ്റുണ്ടെന്ന് മനസ്സിലാക്കുന്നത്. ആ വീഡിയോകൾ ഷൂട്ടുചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. റീലുകൾക്ക് സമയ പരിമിതിയുണ്ട്. ഒരു ഡയലോഗ് അധികമായാൽ റീലിന്റെ ദൈർഘ്യം കൂടൂം. അപ്പോൾ ആദ്യം മുതലേ വീണ്ടും ഷൂട്ട് ചെയ്യേണ്ടിവരും.'' എഡിറ്റർ വൈശാഖ് റീലുകളുടെ സാങ്കേതികത വിശദമാക്കി.

ലൈഫ് ആഫ്റ്റർ 25

ജോലിയില്ലാത്തവനും ജോലിയുള്ളവനും ഒരേ വീട്ടിൽ താമസിച്ച് പരസ്പരം പരാധീനതകൾ പറയുന്ന 'ഘശളല മളലേൃ 25' എന്ന റീലാണ് ആദ്യം ക്ലിക്കായത്. പിന്നീടുവന്ന പല കോമഡി വീഡിയോകളും റൊമാന്റിക്ക് വീഡി യോകളും പ്രേക്ഷകർ ഏറ്റെടുത്തു. അങ്ങനെ യുറേക്കയുടെ കണ്ടന്റുകൾ വൈറലായി.

ടീം യുറേക്കാ

''തൃശ്ശൂർ, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലെ തനത് ശൈലി യിലുള്ള സംസാരം ഈസിയായി അവതരിപ്പിക്കാറുണ്ട്. വള്ളുവനാടൻ ശൈലിയിൽ സംസാരിക്കുന്നവരെ കാണുമ്പോൾ നിഷ്‌കളങ്കത തോന്നും. അത്തരം സംസാരരീതി ശ്രദ്ധിക്കും. പിന്നെ കൂട്ടുകാരൊക്കെ പല നാട്ടിലുള്ളവരാണ്.'' അതൊക്കെ കേട്ട് അനുകരിക്കാൻ ശ്രമിക്കാറുണ്ടായിരുന്നുവെന്ന് നന്ദഗോപൻ.

''ഒന്നിച്ചു വളർന്നവരായതുകൊണ്ട് കഥകൾ പലതും ഞങ്ങൾക്ക് പൊതുവാണ്. അത് ഗുണം ചെയ്യാറുണ്ട്. ഞങ്ങൾക്കിടയിലെ കെമിസ്ട്രി നന്നാവുന്നതും ആ ചങ്ങാത്തംകൊണ്ടാണ്. പല വീഡിയോകളിലും വന്നുപോകുന്ന കുറേ അഭിനേതാക്കളുണ്ട്. ഞങ്ങൾ ഷോർട്ട് ഫിലിം ചെയ്യുന്ന കാലംമുതൽ ഒന്നിച്ച് എന്തെങ്കിലും ചെയ്യണമെന്നാഗ്രഹിച്ച സുഹൃത്തുക്കളാണ് അവരിൽ പലരും.'' സൗഹൃദമാണ് വിജയ രഹസ്യമെന്ന് മൂവരും ഒരേസ്വരത്തിൽ.

'വീഡിയോകളിൽ പശ്ചാത്തല സംഗീതം ഉൾപ്പെടുത്താറുണ്ട്. ഞങ്ങൾ തന്നെ ചെയ്യുന്നവയാണത്. ചിലത് കണ്ടന്റ് ചെയ്യുമ്പോൾ മനസ്സിൽ വരും. ഞങ്ങളുടെ റീൽ കണ്ട് ഒറിജിനൽ പാട്ട് തേടി പോയവർ വരെയുണ്ട്.' അതറിയുമ്പോൾ വലിയ സന്തോഷമാണെന്നും ഇവർ. കൊച്ചിയിലെ വീടാണ് 'യുറേക്കാ സ്റ്റോറീസി'ന്റെ പ്രധാന ലൊക്കേഷൻ. പാലക്കാടാണ് മൂവരുടെയും സ്വന്തം നാട്. പല വീഡിയോകൾക്കും നാടും ലൊക്കേഷനാണ്. ദേവരാജന്റെ അമ്മയും ചില റീലുകളിൽ മുഖം കാണിച്ചിട്ടുണ്ട്.

സിനിമ

യുറേക്കാ ടീമിന്റെ ഒരു സിനിമ എന്നതാണ് മൂവരുടെയും ഏറ്റവും വലിയ സ്വപ്നം. 'ഹൃദയപൂർവ്വം' എന്ന സിനിമയിൽ ദേവരാജ് അഭിനയിച്ചിരുന്നു. സിനിമാ അവസരങ്ങൾ ഇവരെ തേടിയെത്തുന്നുണ്ട്. മഹേഷ് നാരായണന്റെ കൂടെ ഒരു സിനിമ ചെയ്യണമെന്നാണ് വൈശാഖിന്റെ ആഗ്രഹം. ആസിഫ് അലിയുടെ കൂടെ അഭിനയിക്കാനുള്ള മോഹത്തിലാണ് നന്ദഗോപൻ. ദിലീഷ് പോത്തന്റെ സിനിമയിൽ അഭിനയിക്കണമെന്ന് ദേവരാജും പറയുന്നു.

കുടുംബം

''ജോലി രാജിവെച്ച് അഭിനയത്തി ലേക്ക് ഇറങ്ങുമ്പോൾ എല്ലാ മാതാപി താക്കൾക്കും ആശങ്ക ഉണ്ടാകും. ആ ടെൻഷൻ ഞങ്ങളുടെ വീട്ടിലുമുണ്ടായിരുന്നു.' എടുത്ത തീരുമാനത്തിൽ അവരവരുടെ കുടുംബവും ഇപ്പോൾ ഹാപ്പിയാണെന്ന് നന്ദഗോപൻ. ''തുടക്കത്തിൽ സാമ്പത്തിക പ്രതി സന്ധി ഉണ്ടായിരുന്നു. എങ്കിലും പിന്നീടുണ്ടായ വിജയം ആ പ്രതിസന്ധികളെ മായ്ച്ചുകളഞ്ഞു.'' വൈശാഖ് ഓർക്കു ന്നു. അടുത്തിടെയായിരുന്നു നന്ദഗോപന്റെ വിവാഹം. കോഴിക്കോട് സ്വദേശിനി ഹർഷയാണ് ഭാര്യ.

പറഞ്ഞു തീരാത്തത്ര കഥകളുണ്ട് ഇവർക്ക്. പുതുമയുളള ആശയങ്ങൾളും അവസരങ്ങളും തേടിയുള്ള സഞ്ചാരത്തിനിടെ അവർ ആ കഥകൾ പങ്കു വെക്കുന്നു. റീൽ ലോകം കയ്യടക്കുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi