
'ഹലോ ഗയ്‌സ്, ജാസ്തി സ്നേഹം...' എന്നു മനോഹരമായൊരു ചിരിയോടെ തുടങ്ങുന്ന റീലുകളോട് മലയാളിക്കിപ്പോൾ ഇഷ്ടവും ജാസ്തിയാണ്. റീലിനു പിന്നിലെ ഈ ബംഗാളി ഭായിയോടുമുണ്ട് അത്രതന്നെ പ്രിയം. വെയിൽ കത്തിനിൽക്കുന്ന ഒരുച്ചനേരത്താണ് ദെല്യുർ ഹുസൈൻ ഷേക്ക് എന്ന മുബാറക്ക് ഭായിയുടെ വീട്ടിലേക്കെത്തുന്നത്. അകത്തുനിന്ന് ഒരു കുഞ്ഞിക്കരച്ചിൽ കേൾക്കുന്നുണ്ട്. റീലിലേതുപോലെതന്നെ റിയൽ ചിരിയോടെ മുന്നിൽ മുബാറക്ക്. ആ മുഖത്തും 'ജാസ്തി' സന്തോഷം. ചോറും സാമ്പാറും ഇഷ്ടപ്പെടുന്ന മലയാള ഭാഷയെ ഏറെ സ്‌നേഹിക്കുന്ന തനി ബംഗാളി മലയാളി. ബംഗാളിൽ നിന്ന് മലയാളിയുടെ ഹൃദയത്തിലേക്ക് നടന്നുകയറിയ ആ കഥ മുബാറക്ക് പറഞ്ഞുതുടങ്ങി.
മുർഷിദാബാദ് ടു മുംബൈ
റീൽസിൽ ചിരിപ്പിക്കുന്ന മുബാറക്കിന്റെ കേരളത്തിലേക്കുള്ള യാത്ര അത്ര ചിരിവിടർത്തുന്നതല്ല. ബംഗാളിലെ മുർഷിദാബാദാണ് നാട്. അച്ഛനും അമ്മയും നാലു സഹോദരിമാരും ഒരു സഹോദരനുമുള്ള വലിയ കുടുംബം. വീട്ടിലെ മൂത്തമകനെന്ന നിലയിൽ ചെറുപ്പത്തിൽ തന്നെ ഉത്തരവാദിത്വങ്ങളുടെ ഭാരം മുബാറക്കിന്റെ ചുമലിലെത്തി. ''എന്റെ നാട്ടിൽ ഭയങ്കര ദാരിദ്ര്യമാണ്. വരുമാനം നേടാൻ തക്ക തൊഴിലുകളുമില്ല. ഉപ്പച്ചി എന്തെങ്കിലുമൊക്കെ ജോലിചെയ്യും. ഞാൻ പശുവിനെയും ആടിനെയും മേയ്ക്കാൻ പോകും. വീട്ടിൽ കുറച്ച് കൃഷിയുണ്ട്. അത് നോക്കും. അതിനൊപ്പം സമയമുണ്ടെങ്കിൽ സ്‌കൂളിലും പോകും. അങ്ങനെയൊക്കെയായിരുന്നു കുട്ടിക്കാലം. പക്ഷേ, പണത്തിന് ആവശ്യം കൂടിയപ്പോൾ പഠനം നിർത്തി. ഒരു ദിവസം പണിക്കിടെ വലിയ ഭാരം വീണ് ഉപ്പച്ചിയുടെ രണ്ട് കൈകൾക്കും പരിക്കുപറ്റി. അതോടെ ഞാൻ ആറാംക്ലാസിൽ പഠിത്തം നിർത്തി ഫുൾടൈം പണിക്കിറങ്ങി. ആടിനെ വളർത്തിയാലൊന്നും വീട്ടുകാര്യങ്ങൾ നടക്കില്ല. അങ്ങനെ സൈക്കിൾറിക്ഷ വലിക്കാൻ പോയി. ഭയങ്കര ബുദ്ധിമുട്ടാണ്. ബാലൻസ് ചെറുതായി തെറ്റിയാൽപ്പോലും അപകടം പറ്റും. പകൽ മുഴുവൻ സൈക്കിൾറിക്ഷ വലിച്ച് രാത്രി ഉറക്കം തൂങ്ങുന്ന കണ്ണുകളോടെയാണ് വീട്ടിലേക്കെത്തുക. വഴിയിൽ വെളിച്ചമുണ്ടാവില്ല. അതുകൊണ്ട് നല്ല സ്പീഡിലാവും റിക്ഷ ഓടിക്കുക. ഒരു ദിവസം റിക്ഷയുമായി തിരിച്ചുവരുമ്പോൾ ഉറക്കവും സ്പീഡും ചതിച്ചു. വഴിയിൽ കൂട്ടിയിട്ടിരുന്ന മെറ്റലിന് മുകളിൽ ടയർ തെന്നി റിക്ഷ മറിഞ്ഞു. കാര്യമായ പരിക്കുപറ്റി. അതോടെ ആ പണി നിർത്തി. 'നാട്ടിൽ നിന്നിട്ട് കാര്യമില്ല, നീ പുറത്തെവിടെയെങ്കിലും പോയ്‌ക്കോ' എന്നുപറഞ്ഞത് ഉപ്പയാണ്. സഹോദരിമാരുടെ വിവാഹം ഉൾപ്പെടെ ഒരുപാട് ഉത്തരവാദിത്വങ്ങൾ മുന്നിലുണ്ടായിരുന്നു.'' അങ്ങനെ 18-ാം വയസ്സിൽ മുബാറക്ക് മുംബൈ നഗരത്തിലെത്തി.
''കടലിൽ നിന്ന് മണൽ നീക്കുന്ന പണിയാണ് അവിടെ കിട്ടിയത്. മണൽ നിറച്ച തട്ടുകൾ വലിച്ചു കയറ്റുമ്പോൾ ഉള്ളംകൈയിലെ തോൽ ഉരഞ്ഞുപൊട്ടും. അത് കരിയുന്നതിനുമുമ്പ് പിറ്റേന്ന് വീണ്ടും മുറിയും. ഉണങ്ങാത്ത മുറിവു പോലെയായി പിന്നെയത്. ഉപ്പുവെള്ളം തട്ടുമ്പോൾ നീറിപ്പുകയും. ക്ഷീണവും വേദനയും. മടുത്തുതുടങ്ങി. കേരളത്തിലേക്ക് പണിക്കുപോകുന്നതിന്റെ സാധ്യതകളെപ്പറ്റിയറിഞ്ഞത് മുംബൈയിൽ നിന്നാണ്.
ഒപ്പം ജോലിചെയ്യുന്ന ഒന്നുരണ്ടുപേർ ചേർന്ന് കേരളത്തിലേക്ക് പോകാൻ പ്ലാനുണ്ടാക്കി. എന്റെയൊരു മാമൻ കേരളത്തിലുണ്ടെന്ന് അറിയാമായിരുന്നു. പക്ഷേ, എവിടെയാണെന്ന് അറിയില്ല. കേരളത്തിൽ പോയാൽ ജോലികിട്ടും എന്നുമറിയാം. പക്ഷേ അത്തവണ എന്റെ യാത്ര നടന്നില്ല. എനിക്ക് നാട്ടിലേക്ക് തിരിച്ചു പോകേണ്ടി വന്നു. മൂന്നാല് മാസം കഴിഞ്ഞപ്പോൾ തിരിച്ചു മുംബൈയിലെ പഴയ പണിയിലേക്കു തന്നെ എത്തിപ്പെട്ടു.
ജോലി ചെയ്തു മടുത്ത ഒരു പാതിരാത്രിയിൽ കോൺട്രാക്ടറും കൂടെയുള്ള ജോലിക്കാരും അറിയാതെ ബാഗൊക്കെയെടുത്ത് അവിടെനിന്ന് ഇറങ്ങി. ആദ്യം ലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ല. കൈയിൽ 180 രൂപ മാത്രം. പത്ത് കിലോമീറ്റർ നടന്ന് റെയിൽവേ സ്റ്റേഷനിലെത്തി. പ്ലാറ്റ്ഫോം ടിക്കെറ്റെടുത്ത് അവിടെയിരുന്നു. എങ്ങോട്ടുപോകണം, എന്തുചെയ്യണം എന്നൊന്നും അറിയില്ല. തോലുപോയി മുറിഞ്ഞ കൈയിൽ നോക്കി ഒരു തീരുമാനമെടുത്തു, ആരോഗ്യമുണ്ടെങ്കിലേ ജീവിക്കാനാവൂ. ആരോഗ്യമുണ്ടെങ്കിൽ വേറെ പണികിട്ടുമല്ലോ. ഇനി തിരിച്ച് മണൽ വലിക്കുന്ന ജോലിക്കു പോകില്ല.'' മുബാറക്ക് മനസ്സിലുറപ്പിച്ചു.
ആ യാത്ര
''കേരളത്തിലേക്കുള്ള ട്രെയിൻ വന്നപ്പോൾ ഒന്നുമാലോചിക്കാതെ അതിൽ കയറിയിരുന്നു. കൈയിൽ ടിക്കറ്റുമില്ല, കാശുമില്ല. ഭാഗ്യം കൊണ്ട് ആരും പിടികൂടിയില്ല. വിശപ്പാറ്റാൻ ചായയും വടയും കഴിച്ച് രണ്ടുമൂന്ന് ദിവസം അങ്ങനെ തള്ളിനീക്കി. ഒടുവിൽ തൃശ്ശൂരിൽ തീവണ്ടിയിറങ്ങി. ഫോണിലെ ചാർജ് തീർന്നിരുന്നു. ചുറ്റും അപരിചിതർ. ഭാഷയറിയില്ല. എങ്ങോട്ടുപോകണമെന്നറിയില്ല.
സ്റ്റേഷന് പുറത്തിറങ്ങിയപ്പോൾ നോർത്തിൽ നിന്നുള്ള ഒന്നുരണ്ടുപേരെ കണ്ടു. അവരോട് കാര്യം പറഞ്ഞപ്പോൾ താമസിക്കാനൊരു സ്ഥലം പറഞ്ഞു തന്നു. എങ്ങനെയൊക്കെയോ അവിടെയെത്തിയപ്പോൾ അവിടെയുണ്ട് എന്റെ മാമൻ. പിന്നെ മാമന്റെ കൂടെ നിന്നു. കെട്ടിടം പണിക്കൊക്കെ പോകും. തേപ്പുപണിയായിരുന്നു കൂടുതലും. അഞ്ച് വർഷം തൃശ്ശൂരിൽ. അവിടെ നിന്ന് പരിചയക്കാർ വഴി മലപ്പുറം എടവണ്ണപ്പാറയിലെത്തി.'' അങ്ങനെ മലപ്പുറം മുബാറക്കിന് സ്വന്തം വീടായി.
എടവണ്ണപ്പാറയിലേക്ക്
''തൃശ്ശൂരിൽ നിന്ന് ഒരു തവണ നാട്ടിലേക്ക് പോയപ്പോൾ അവിടെ വെച്ച് എടവണ്ണപ്പാറയിൽ കോൺക്രീറ്റ് പണി ചെയ്യുന്ന ചിലരെ പരിചയപ്പെട്ടു. അവരുവഴിയാണ് ഇവിടെ എത്തിയത്. പണികിട്ടാനൊക്കെ ബുദ്ധിമുട്ടാണ് എന്നൊക്കെ പറഞ്ഞ് ആദ്യം അവരെന്നെ തടയാൻ നോക്കിയിരുന്നു. പിന്നെ കോഴിക്കോടൻ ഹൽവ വാങ്ങിത്തന്നാൽ കൊണ്ടുപോകാമെന്ന ഓഫർ വെച്ചു.
അങ്ങനെ അവർക്കൊപ്പം രണ്ടും കല്പിച്ച് ഞാൻ എടവണ്ണപ്പാറയിലെത്തി. കോൺക്രീറ്റ് പണിയായിരുന്നു ആദ്യം. മണൽ വാരുന്ന ജോലി ഇവിടെയുമുണ്ട്. മുംബൈയിലെ അത്ര ബുദ്ധിമുട്ടുള്ള പണിയല്ല എന്ന് ചിലർ പറഞ്ഞപ്പോൾ അതിനുപോയി. രാത്രിയിലാണ് അത്. ജാസ്തി പൈസകിട്ടും. നാട്ടിൽ കഷ്ടപ്പാടാണ്, അപ്പോൾ കൂടുതൽ കാശ് വേണം. രാപകലില്ലാതെ പണിയെടുത്ത് ഉറക്കമൊക്കെ പ്രശ്നമായപ്പോൾ രാത്രിയിലെ പണി നിർത്തി. പണിക്ക് ചെന്നില്ലെങ്കിൽ ചിലപ്പോൾ കോൺട്രാക്ടർ അടിക്കും. അതുകൊണ്ട് പിന്നെ ആ വഴിക്ക് പോയില്ല. വേറെ ആളുകളുടെ കൂടെ പോയിത്തുടങ്ങി. വാർക്കാൻ തട്ടടിക്കുന്ന പണിയായിരുന്നു പിന്നെ കിട്ടിയത്. കല്ല് കെട്ടാനും പഠിച്ചത് ആ സമയത്താണ്.''
മലയാളത്തോടുള്ള ഇഷ്ടം
ആദ്യം പഠിച്ച വാക്കിനോടുള്ള ഇഷ്ടമാണ് റീൽസിലെ 'ജാസ്തി സ്നേഹം'. ''മലയാളത്തിൽ ആദ്യം പഠിച്ച് വാക്കാണ് 'ജാസ്തി'. പിന്നെ 'ഇല്ല', 'പോ' എന്നീ വാക്കുകൾ. ആദ്യമൊക്കെ ഇത്ര വർഷമായിട്ടും മലയാളം അറിയില്ലെ എന്ന് പറഞ്ഞ് പലരും കളിയാക്കിയിരുന്നു. അതും ബംഗാളികൾ തന്നെ. അപ്പോൾ വാശിയായി. മലയാളം പഠിക്കണമെന്ന് തീരുമാനിച്ചു, എത്ര ബുദ്ധിമുട്ടിയായാലും പഠിക്കണം. അങ്ങനെ ബംഗാളികളുടെ കൂടെ പണിക്കു പോകുന്നത് നിർത്തി. മലയാളികളുടെ കൂടെ പോയിത്തുടങ്ങി. അവരുടെ കൂടെ സെറ്റായി. അഞ്ച് വർഷമായി മലയാളികളുടെ കൂടെ മാത്രമാണ് പണിക്കു പോകുന്നത്. ഇപ്പോൾ മുബാറക്കിന് നന്നായി മലയാളമറിയാമല്ലോ എന്ന് ആളുകൾ പറഞ്ഞു തുടങ്ങി.''
മലയാളം പഠിക്കാനുള്ള ആഗ്രഹമാണ് ഇൻസ്റ്റഗ്രാം റീലുകൾ ചെയ്യാൻ മുബാറക്കിനെ പ്രേരിപ്പിച്ചത്. മലയാളത്തോട് അത്ര ഇഷ്ടമാണ് ഈ ചെറുപ്പക്കാരന്. ഹിന്ദിച്ചുവയുള്ള മലയാള സംസാരമാണ് റീലുകളുടെ ഹൈലൈറ്റ്. പണിയിടവും മലപ്പുറത്തിന്റെ നാട്ടിൻപുറവിശേഷങ്ങളുമെല്ലാം മുബാറക്കിന്റെ റീലുകളിലെ കണ്ടന്റായി. വെറും ഒൻപത് മാസം കൊണ്ട് മുബാറക്ക് മലയാളിക്ക് പ്രിയപ്പെട്ട മുബാറക്ക് ഭായിയായി. മൂന്ന് ലക്ഷത്തിലധികം മലയാളി ഫോളോവേഴ്സുണ്ട് ഈ മുപ്പതുകാരന്. ഇപ്പോൾ ഒരു ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹിന്ദി അധ്യാപകൻ കൂടിയാണ് മുബാറക്ക്. മലയാളികൾക്ക് ഹിന്ദിപഠിക്കാൻ പ്രത്യേക താത്പര്യമുണ്ടെന്ന് മുബാറക്ക് പറയുന്നു. ഹിന്ദിയുടെ ബാലപാഠങ്ങൾ പറയുന്ന ആദ്യ വീഡിയോക്ക് നാല് മില്യൺ വ്യൂവേഴ്സിനെ കിട്ടിയ സന്തോഷവും മുബാറക്ക് പങ്കുവെച്ചു.
വൈറലായ കണ്ണിമാങ്ങാ പ്രായം
''ആദ്യം ഒരു യൂട്യൂബ് ചാനൽ തുടങ്ങി. 'ഹായ് ഗയ്സ്' എന്ന് തുടങ്ങിയ ശേഷം ഇത് റോഡ്, ഇത് ലോറി എന്നൊക്കെ മലയാളത്തിൽ പറഞ്ഞിട്ട് അതിന്റെ ഹിന്ദിയും പറയും. പക്ഷേ പച്ചപിടിച്ചില്ല. വീഡിയോ ഒന്നും ആരും കാണുന്നില്ല. ആകെ സങ്കടമായി. പിന്നെ 1000 വ്യൂസ് ഒക്കെ കിട്ടിത്തുടങ്ങി. എന്റെ കൂടെയുള്ളവരാണ് പറഞ്ഞത് നീ മലയാളം പാട്ട് പഠിച്ച് പാട്, അത് വൈറലാകും എന്ന്. അങ്ങനെ കലാഭവൻ മണിയുടെ 'കണ്ണിമാങ്ങാ പ്രായത്തിൽ' പഠിക്കാൻ തുടങ്ങി. ഇത് നാടൻ പാട്ടാണ് എന്നൊക്കെ കൂടെയുള്ള മലയാളികൾ പറഞ്ഞുതന്നു. പാട്ട് ഫോണിൽ ഡൗൺലോഡാക്കി കേട്ടുപഠിക്കും. ഇൻസ്റ്റയിൽ ഒരു അക്കൗണ്ടുമുണ്ടാക്കി, mubarakbhaivlogs. മുബാറക്ക് എന്റെ പേര്, എല്ലാവരും ഭായി എന്ന് വിളിക്കുന്നതുകൊണ്ട് അതും ചേർത്തു. ഒരു ദിവസം സൈറ്റിൽ ചെന്നപ്പോൾ പണിസാധനങ്ങളൊന്നും വന്നില്ല. ബോറടിച്ചിരുന്നപ്പോൾ പണിനടക്കുന്ന കെട്ടിടത്തിന് മുകളിൽ കയറി പാട്ട് പാടാൻ തീരുമാനിച്ചു. മൊബൈൽ പിടിച്ചിട്ട് 'ഹായ് ഗയ്സ്, എന്റെ പേര് മുബാറക്ക്, എന്റെ വീട് കൊൽക്കത്ത, മലപ്പുറത്ത് വന്നിട്ട് അഞ്ച് വർഷമായി. ഇവിടെ എല്ലാരും മലയാളം ഭാഷ പഠിപ്പിച്ചു തന്നു, പാട്ട് പഠിപ്പിച്ചു തന്നു. ഗയ്സ് നല്ലതായെങ്കിൽ ലൈക്ക് ആക്കുക, ഫോളോ ആക്കുക, ഷെയർ ആക്കുക, സപ്പോർട്ട് ആക്കുക...' എന്നു പറഞ്ഞ് പാടാൻ തുടങ്ങി. അത് പോസ്റ്റ് ചെയ്തു. അന്ന് രാത്രിയായപ്പോഴേക്കും 25,000 കാഴ്ചക്കാർ. ഒറ്റ ഫോളോവേഴ്സില്ലാത്ത അക്കൗണ്ടാണ്. പിന്നെ ഫോളോവേഴ്സ് വന്നു തുടങ്ങി. അങ്ങനെ ഞാൻ വൈറലായി.''
കല്യാണക്കഥ
''എന്റെ ഉപ്പ ഒരിടത്ത് പണിക്ക് പോയപ്പോൾ അവിടെവച്ച് കണ്ടതാണ് നജ്മുനെ. കണ്ടപ്പോൾ തന്നെ മോന്റെ ഭാര്യയാക്കണമെന്ന് ഉപ്പ മനസ്സിലുറപ്പിച്ചു. ഉപ്പ നജ്മുന്റെ ഉപ്പയുമായി സൗഹൃദം സ്ഥാപിച്ചു. പിന്നെ മോളെ എന്റെ മോന് കല്യാണം കഴിച്ചുതരുമോ എന്ന് ചോദിച്ചു. ഞാൻ കേരളത്തിൽ നിന്ന് നാട്ടിൽ ചെന്നപ്പോൾ ഉപ്പ പറഞ്ഞു നീ അവളെ കല്യാണം കഴിക്കുന്നോ, നല്ല പെൺകുട്ടിയാണ്, ചിലപ്പോൾ നീ ഇനി വരുമ്പോഴേക്കും അവളെ വേറെ ആരെങ്കിലും കല്യാണം കഴിച്ചു കൊണ്ടുപോകും എന്ന്. ആ സമയത്ത് ഞാൻ സൗദി അറേബ്യയിലേക്ക് പോകാൻ പ്ലാൻ ചെയ്തിരുന്നു. കല്യാണം കഴിച്ചിട്ട് നീ എവിടേക്ക് വേണമെങ്കിലും പോയ്‌ക്കോ എന്നായി ഉപ്പ. നജ്മുനെ കല്യാണം കഴിക്കുമ്പോൾ എനിക്ക് 20 വയസ്സേയുള്ളു.''
കേരളത്തിലേക്ക് കുടുംബത്തെ ഒപ്പം കൂട്ടാനും മുബാറക്കിന് കടമ്പകൾ കടക്കേണ്ടി വന്നു. ''മകൾ ജനിച്ചശേഷമാണ് കുടുംബത്തെ കേരളത്തിലേക്ക് കൊണ്ടുവരുന്ന കാര്യം ആലോചിച്ചത്.ശരിക്കും ഞങ്ങളുടെ നാട്ടിൽ ഇങ്ങനെയൊരു പതിവില്ല. ഭാര്യയെയും കുട്ടികളെയും കൂടെ വിടില്ല. അത് മോശമാണെന്നാണ് ആളുകളുടെ വിചാരം. ഞാൻ നജ്മുനെ ഒപ്പം കൊണ്ടുവരാൻ തീരുമാനിച്ചപ്പോൾ എന്റെ കുടുംബക്കാർ വലിയ പ്രശ്നമുണ്ടാക്കി. ഉമ്മച്ചിയാണ് ഏറ്റവും കൂടുതൽ വാശിപിടിച്ചത്.
ആദ്യത്തെ തവണ അവരെ കൂട്ടിവരാൻ ശ്രമിച്ചപ്പോൾ എല്ലാവരും തടഞ്ഞു. അടുത്തതവണ ആരെന്തു പറഞ്ഞാലും അവരെയും ഒപ്പം കൂട്ടണം എന്ന് ഉറപ്പിച്ചു. ആദ്യം തന്നെ നജ്മുവിന്റെയും മകളുടെയും സാധനങ്ങളൊക്കെ പായ്ക്ക് ചെയ്ത് ഒരു ബന്ധുവിന്റെ വീട്ടിലേക്ക് പോയി. ആ ബന്ധുക്കൾ ഞങ്ങളെ പിന്തുണച്ചു. അവിടെ നിന്ന് ആരും അറിയാതെ കേരളത്തിലേക്ക് ട്രെയിൻ പിടിച്ചു.''
മലപ്പുറം, എന്റെ സ്വന്തം നാട്
പ്രതിസന്ധികളിൽ താങ്ങായ മലപ്പുറത്തോട് മുബാറക്കിന് പ്രത്യേക ഇഷ്ടമുണ്ട്. മലപ്പുറത്ത് സ്ഥലം വാങ്ങി വീട് വയ്ക്കണമെന്നാണ് വലിയ മോഹം. മരണം വരെ മലപ്പുറത്തുകാരനായി ജീവിക്കണം. മുബാറക്ക് പറയുന്നു. ''കേരളത്തിൽ വന്നിട്ട് പത്ത് വർഷമായി. തൃശ്ശൂര് മാത്രമല്ല, കണ്ണൂരിലും തലശ്ശേരിയിലുമൊക്കെ പണിയെടുത്തിട്ടുണ്ട്. പക്ഷേ, ബഹുമാനവും പണിയെടുക്കുമ്പോൾ ഭക്ഷണവും എല്ലാം കിട്ടിയത് മലപ്പുറത്ത് വന്നപ്പോഴാണ്. ഇവിടെ കൂടെ ജോലിചെയ്യുന്നവരൊക്കെ നമ്മളെ അവരുടെ കൂടെയുള്ള ആളായിട്ട് കരുതും. സ്നേഹത്തോടെ പെരുമാറും, സംസാരിക്കും. എനിക്ക് എത്ര ആയുസ്സുണ്ടോ അത്രയും കാലം ഇവിടെ നിൽക്കണം.''
ഭാര്യ നജ്മു നഹാൽ ഖാത്തൂനും മകൾ ജുവൈരിയയും നാല് മാസം പ്രായമുള്ള മകൻ ജാഹീനുമടങ്ങുന്നതാണ് മുബാറക്കിന്റെ കൊച്ചുകുടുംബം. മകൾ ജുവൈര വെട്ടുപാറ സ്‌കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്. ''ഇവിടെ വീടൊക്കെ വെച്ച് എല്ലാം ഒന്ന് സ്വസ്ഥമായാൽ ഒറ്റയ്ക്ക് ഇന്ത്യ മുഴുവൻ കാണാനിറങ്ങണം. മലയാളം നന്നായി പറയുന്ന ഭായിയെന്ന് എല്ലാവരും പറയണം...'' മുബാറക്കിന്റെ വാക്കുകളിൽ വീണ്ടും തെളിയുന്നത് മലയാളത്തോടും കേരളത്തിനോടുമുള്ള ഇഷ്ടം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Meet Mubarak Bhai, the beloved Bengali TikToker winning hearts in Kerala with his unique Malayalam reels. Discover his inspiring journey from poverty to fame.
Published: 02 Feb 2026, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented