തന്റെ 66-ാം ജന്മദിനം ആഘോഷിക്കുകയാണ് മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ. അഞ്ച് പതിറ്റാണ്ടോളം നീണ്ട തന്റെ സിനിമാ ജീവിതത്തിൽ, നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച നടനാണ് അദ്ദേഹം. ആരോഗ്യകരമായ ഭക്ഷണക്രമവും ഫിറ്റ്‌നസ് കാര്യങ്ങളിലെ ശ്രദ്ധയുമാണ് ഇന്നും അദ്ദേഹത്തിന്റെ യൗവ്വന രഹസ്യം.  

ഭക്ഷണക്രമം
ലാലേട്ടന്റെ ഭക്ഷണക്രമം (Mohanlal's Diet) വളരെ കൗതുകമുണർത്തുന്നതാണ്. ഇഷ്ടമുള്ളതെല്ലാം വാരിവലിച്ച് കഴിക്കുന്ന പ്രകൃതമല്ല. മൂന്ന് പതിറ്റാണ്ടിലേറെയായി മലയാള സിനിമാ സെറ്റുകളിൽ ഭക്ഷണം വിളമ്പുന്ന പ്രൊഡക്ഷൻ അസിസ്റ്റന്റാണ് രാജേഷ്. മോഹൻലാൽ ഡയറ്റ് നോക്കുന്ന സമയങ്ങളിൽ ദിവസത്തിൽ മൂന്ന് നേരവും പാൽക്കഞ്ഞിയാണ് കഴിക്കാറുള്ളതെന്ന് അദ്ദേഹം, ക്ലബ് എഫ്എമ്മിന്റെ 'ദി ക്രൂ ക്ലബ്' പരിപാടിയിൽ വെളിപ്പെടുത്തിയിരുന്നു.

മോഹൻലാൽ പലപ്പോഴും സെറ്റിൽ നിന്ന് തന്നെയാണ് ഭക്ഷണം കഴിക്കാറുള്ളത്. പുറത്തുനിന്നുള്ള കാറ്ററിങ്ങിനേക്കാൾ മെസ്സിൽ തയ്യാറാക്കുന്ന ഭക്ഷണത്തോടാണ് അദ്ദേഹത്തിന് താല്പര്യം. പ്രഭാതഭക്ഷണത്തിൽ സാധാരണയായി ഇഡ്ഡലി, പൂരി, റവ അല്ലെങ്കിൽ റാഗി കൊണ്ടുള്ള ഉപ്പുമാവ് തുടങ്ങിയ വിഭവങ്ങൾ ഉൾപ്പെടുന്നുവെന്ന് രാജേഷ് പറഞ്ഞു. ഉച്ചഭക്ഷണത്തിൽ പുഴുക്കലരി ചോറ്, മീൻ കറി, വറുത്ത മീൻ എന്നിവ ഉൾപ്പെടുന്നു. ചിക്കൻ അല്ലെങ്കിൽ റെഡ് മീറ്റ് (പോത്തിറച്ചി/ആട്ടിറച്ചി) വിഭവങ്ങൾ മാറിമാറി വരുന്ന ദിവസങ്ങളിൽ വിളമ്പാറുണ്ട്, അതേസമയം ഞായറാഴ്ചകളിൽ മുഴുവൻ ക്രൂവിനും ബിരിയാണി നൽകാറുണ്ട്.

2022 ഒക്ടോബറിൽ ഡോ. പോൾസൺ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയിൽ, മോഹൻലാലിനൊപ്പം അദ്ദേഹത്തിന്റെ ഭക്ഷണക്രമം വെളിപ്പെടുത്തിയിരുന്നു. "ഞാൻ ലാൽ സാറിന് ഒരിക്കലും റെഡ് മീറ്റ് നൽകിയിട്ടില്ല. എന്നാൽ ഇന്ന് അദ്ദേഹം ഉച്ചഭക്ഷണത്തിന് അത് കഴിച്ചു".

2023 ജൂലൈയിൽ, നടൻ തന്നെ ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. അതിൽ അദ്ദേഹം വളരെ അനായാസമായി 100 കിലോഗ്രാം ഭാരം ഉയർത്തുന്നത് കാണാം. 66-ാം വയസ്സിലും തന്റെ ഫിറ്റ്‌നസും അച്ചടക്കമുള്ള ജീവിതശൈലിയും കൊണ്ട് ആരാധകരെ അത്ഭുതപ്പെടുത്തുകയാണ് താരം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi