എക്കാലത്തും താരങ്ങളെ ആഘോഷിക്കുന്നത് അവരുടെ ആരാധകർ തന്നെയാണ്. പണ്ട് കടുത്ത ആരാധന മൂലം തന്റെ ഇഷ്ടതാരത്തിന് രക്തത്തിൽ കത്തെഴുതിയവർ പോലുമുണ്ടായിരുന്നു. ചാക്കുകണക്കിന് കത്തുകൾ താരഭവനങ്ങളിലേക്ക് വന്നുകൊണ്ടിരുന്ന കഥയും പല പഴയ താരങ്ങളും പറഞ്ഞിട്ടുണ്ട്. താരങ്ങളോടൊപ്പം ചിത്രമെടുക്കാനും അവരുടെ വീഡിയോ എടുക്കാനും മത്സരിക്കുന്നവരും കുറവല്ല. എന്നാൽ, 1980-കളിലും 90-കളിലും മലയാളസിനിമയിൽ സജീവമായിരുന്ന നടി ശ്രീജയുടെ ജീവിതം തന്നെ മാറ്റിമറിച്ചത് ഒരാരാധകനാണ്.
തിരുവനന്തപുരത്താണ് ശ്രീജയുടെ ജനനം. തിയേറ്റർ ആർട്ടിസ്റ്റുകളായ ശ്രീധരന്റെയും ഉഷയുടെയും മകൾ. പഠനവും തിരുവനന്തപുരത്തുതന്നെ. വളരെ ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾക്കൊപ്പം നാടകങ്ങളിൽ അഭിനയിച്ചിരുന്നു അവർ.
ബാലതാരമായിട്ടാണ് സിനിമയിലേക്കുള്ള വരവ്. 1982-ൽ നിധി എന്ന ചിത്രത്തിലാണ് അവരന്ന് അഭിനയിച്ചത്. അതിനുശേഷം ഒട്ടേറെ സിനിമകളിൽ ചെറിയ റോളുകളിൽ അഭിനയിച്ചു. മുത്താരംകുന്ന് പി.ഒ, ഒരു മെയ്മാസപുലരിയിൽ, ഓർമയിൽ ഒരു മണിനാദം എന്നിവയാണ് അവയിൽ പ്രധാനം. 1989-ൽ 'അന്നക്കുട്ടി കോടമ്പാക്കം വിളിക്കുന്നു' എന്ന ചിത്രത്തിലാണ് നായികയായത്. അതിനൊപ്പം തന്നെ സഹോദരീവേഷങ്ങളിലും അവർ തിളങ്ങി.
'ചാണക്യൻ' എന്ന സിനിമയിൽ കമൽഹാസന്റെയും 'മഴവിൽക്കാവടി'യിൽ ജയറാമിന്റെയും സഹോദരിയായി ശ്രീജയെത്തി. അതേവർഷം തന്നെയാണ് നായികയാവുന്നതും. തൊട്ടടുത്തവർഷം മോഹൻലാലിന്റെ നായികയായി 'ഇന്ദ്രജാല'ത്തിലും മുകേഷിന്റെ നായികയായി 'ചെറിയ ലോകവും വലിയ മനുഷ്യരും' എന്ന ചിത്രത്തിലും അഭിനയിച്ചു. ഡോ.പശുപതി, ജാഗ്രത, കുറ്റപത്രം, എഴുന്നള്ളത്ത്, ഘോഷയാത്ര തുടങ്ങിയ സിനിമകളിലും അവർ പ്രത്യക്ഷപ്പെട്ടു. പ്രധാനവേഷങ്ങളിൽ വെറും ആറുവർഷമേ അവർ അഭിനയിച്ചുള്ളൂ. മലയാളത്തിനൊപ്പം തന്നെ തമിഴിലും തിളങ്ങി.
അതിനിടയിലാണ് അവരുടെ 'മൗനം സമ്മതം' എന്ന സിനിമ റിലീസാവുന്നത്. അതിലെ അവരുടെ പ്രകടനം കണ്ടപ്പോൾ തന്നെ ഒരാൾക്ക് അവരോട് ആരാധന തോന്നി. തമിഴ്‌നാട്ടിലെ എം.എൽ.എ.യും മുതിർന്ന രാഷ്ട്രീയപ്രവർത്തകനുമായ സി.അരങ്കനായകത്തിന്റെ മകൻ രാഷസന്താനപാണ്ഡ്യൻ. ആരാധന പ്രണയത്തിലേക്ക് വഴിമാറാൻ താമസമുണ്ടായില്ല.
ശ്രീജയോട് അടുക്കാനായി സന്താനപാണ്ഡ്യൻ വ്യത്യസ്തമായൊരു വഴിയാണ് സ്വീകരിച്ചത്. ശ്രീജയോടൊപ്പം അഭിനയിക്കാനും കൂടുതൽ അടുക്കാനും വേണ്ടി മാത്രമായി അദ്ദേഹം ഒരു സിനിമ തന്നെ നിർമിച്ചു, 'സെവ്വന്തി'. ആ സിനിമയും സന്താനപാണ്ഡ്യന്റെ ശ്രമങ്ങളും വിജയം കണ്ടു. ചിത്രീകരണത്തിനിടെ ഇരുവരും പ്രണയത്തിലാവുകയും കുടുംബങ്ങളുടെ അനുമതി നേടുകയും ചെയ്തു. അധികം വൈകാതെ വിവാഹവും.
അതോടെ തന്റെ വിജയകരമായ കരിയർ ഉപേക്ഷിക്കാൻ ശ്രീജ തീരുമാനിച്ചു. സന്താനപാണ്ഡ്യനും ആകെ ആ ചിത്രത്തിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. പിന്നീടൊരിക്കലും ശ്രീജയും വെള്ളിത്തിരയിലേക്ക് മടങ്ങിവന്നില്ല. ഇന്ന് കുട്ടികൾക്കൊപ്പം ചെന്നൈയിലാണ് ഇരുവരും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Sreeja started as a child artist in 1982., She played lead roles alongside Mohanlal in Indrajaalam. She left her acting career at its peak to marry her fan Santhanapandian.
Published: 23 Jul 2026, 07:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented