നടൻ മധുവിന് തൊണ്ണൂറ്റിമൂന്ന് വയസ്സ്. പുലർച്ച വരെ നീളുന്ന സിനിമകാണലും വായനയും, ഉച്ചവരെയുള്ള ഉറക്കവും. ന്യൂസ് ചാനലുകൾക്ക് മുൻപിൽ വലിയൊരു സമയം ചിലവിടും. മൊബൈൽ ഫോൺ ഉപയോഗത്തിനായി കൃത്യമായൊരു സമയം മാറ്റിവച്ചിട്ടുണ്ട്. ദിവസവും മൂന്ന് പത്രം വായിക്കും. രണ്ട് മണിക്ക് ബ്രഞ്ച്, വൈകീട്ട് ഗ്രീൻ ടീ, രാത്രി പതിനൊന്നരയ്ക്ക് കഞ്ഞിയും മീനും മെഴുക്കുപുരട്ടിയതും. ഉച്ചയ്ക്കും രാത്രിയുമുള്ള ഭക്ഷണത്തിനൊപ്പം ഇഞ്ചിക്കറി നിർബന്ധം. വർഷങ്ങളായി തുടരുന്ന മധുവിന്റെ ചിട്ടയ്ക്ക് ഇന്നും മാറ്റമില്ല. വീട്ടിൽ കാര്യങ്ങളെല്ലാം നോക്കാൻ സന്തത സഹചാരിയായി കോമളൻനായർ ഒപ്പമുണ്ട്.

രാത്രിവൈകിയുള്ള സിനിമകാണലിനെ കുറിച്ച് പറഞ്ഞുകൊണ്ടാണ് നടൻ മധു സംസാരിച്ച് തുടങ്ങിയത്-''ചിലസിനിമകൾ കാണുമ്പോൾ ഇതിൽ ഞാൻ അഭിനയിച്ചിരുന്നോ എന്ന് അതിശയപ്പെടും. അഭിനയിച്ച പലവേഷങ്ങളും ഓർമ്മയിലേ ഇല്ലാതായി. വൈകിയുള്ള സിനിമകാണലും ഉറക്കവും വർഷങ്ങളായുള്ള ശീലമാണ്. കൂടെ ജോലിചെയ്തവരിൽ വലിയൊരു വിഭാഗം ഇന്ന് ജീവിച്ചിരിപ്പില്ല, സിനിമയിലൂടെ അവരെ വീണ്ടും കാണുമ്പോൾ ആ കാലം ഓർമ്മയിലേക്കത്തും.''

നടൻ, നായകൻ, നിർമാതാവ്, സംവിധായകൻ, സ്റ്റുഡിയോ ഉടമ -സിനിമയുടെ സമസ്ഥമേഖലകളിലേക്കും വ്യാപരിച്ച ഒരാൾ, പിന്നിട്ട നാൾവഴികളെ കുറിച്ച് പലതവണ സുദീർഘമായി വിവരിച്ചിട്ടുണ്ട്. പറഞ്ഞതിൽ കൂടുതൽ ഇനിയെന്ത് പറയാൻ എന്ന ചിരിയായിരുന്നു സംസാരിക്കാനിരിക്കുമ്പോൾ മധുവിന്റെ മുഖത്ത്.

കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ തിരുവന്തപുരം കണ്ണംമൂലയിലെ വീടുവിട്ട് അദ്ദേഹം പുറത്തിറങ്ങിയത് കോവിഡ് വാക്‌സിൻ എടുക്കാൻ വേണ്ടിമാത്രമാണ്.

അഭിനയം ഒരാഗ്രഹമായി മനസ്സിലേക്കെത്തിയത് എന്നാണെന്ന് ഓർമയുണ്ടോ?
വളരെ ചെറുപ്പത്തിൽ, പ്രൈമറിസ്‌കൂളിൽ പഠിക്കുമ്പോഴോ മറ്റോ ഞാനൊരു നാടകം കാണുകയുണ്ടായി. തറവാട്ടിലെ കർക്കശക്കാരനായൊരു കാരണവർ അതിൽ അഭിനയിക്കുന്നു. വീട്ടുകാരെ വിറപ്പിച്ച ജീവിച്ച അദ്ദേഹം, സ്റ്റേജിൽ വലിയതമാശക്കാരനായാണ് അഭിനയിച്ചത്. ഭാര്യയെ പേടിക്കുന്ന ഭർത്താവിന്റെ വേഷമായിരുന്നു അത്. ആ കഥാപാത്രം എന്നെ ആഴത്തിൽ സ്വാധീനിച്ചു, അഭിനയം കൊള്ളാമല്ലോ എന്ന തോന്നൽ മനസ്സിൽ ഉയർന്നു.

അഭിനയത്തിൽ വിജയിച്ചുനിൽക്കുമ്പോൾ സംവിധാനത്തിലേയ്ക്കും നിർമ്മാണത്തിലേയ്ക്കും തിരിയാൻ കാരണം
അഭിനയത്തിലിറങ്ങി കുറച്ച് നാൾ കഴിഞ്ഞപ്പോൾ, ചെമ്മീൻ പ്രദർശനത്തിനെത്തിയതോടെ ഞാൻ തീർത്തുമൊരു പാവം പയ്യന്റെ ഇമേജിലേക്ക് മാറി. വരുന്നതെല്ലാം നല്ല വേഷങ്ങൾ മാത്രം. അത് ബ്രേക്ക് ചെയ്യാൻ എന്റെ മുന്നിൽ ആകെയൊരു വഴിയെ ഉണ്ടായിരുന്നുള്ളൂ. സ്വന്തമായൊരു പടം പിടിച്ച് അലവലാതിയായി ഒരു വേഷം അവതരിപ്പിക്കുക. അതിനുവേണ്ടി സംവിധായകനായി.

1963-ലാണ് ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്, സിനിമയുടെ മാറ്റത്തെ എങ്ങിനെയാണ് വിലയിരുത്തുന്നത്?
നമ്മളൊരു പ്രവർത്തിയിൽ ഏർപ്പെട്ടുനിൽക്കുമ്പോൾ അതിൽ സംഭവിക്കുന്ന മാറ്റങ്ങൾ അറിയുകയില്ല. മാറ്റം നമുക്കൊപ്പം വന്നുകൊണ്ടിരിക്കുകയാകും. മറ്റുമേഖലകളിലേതുപോലെ ക്രമാനുഗതമായ വളർച്ചയും മാറ്റവുമാണ് സിനിയിലും സംഭവിക്കുന്നത്. അനുദിനം ചെറിയചെറിയ മാറ്റങ്ങൾ വന്നുകൊണ്ടിരുന്നു. അതുകൊണ്ട് തന്നെ ആ സമയത്തൊന്നും അതേകുറിച്ച് കൂടുതൽ ചിന്തിച്ചിരുന്നില്ല.

അഭിനയത്തോട് ഇപ്പാഴും ആഗ്രഹമുണ്ടോ? ഇനിയുമൊരു നല്ല കഥപാത്രം വന്നാൽ
കഥാപാത്രങ്ങൾ ആവർത്തനവിരസമായപ്പോൾ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. എനിക്ക് പ്രാധാന്യമുള്ള കഥവരുമ്പോൾ മാത്രം കൈകൊടുത്താൽ മതിയെന്നാണ് തീരുമാനം. അച്ഛനും അമ്മാവനുമൊക്കെ ഇന്ന് സമൂഹത്തിൽ തന്നെയൊരുവിലയില്ലാതായി, പിന്നെയല്ലേ സിനിമയിൽ. ആഗ്രഹിച്ചതിൽ അധികം ലഭിച്ച വ്യക്തിയാണ് ഞാൻ. വ്യത്യസ്ഥമായ ഇത്രയധികം വേഷങ്ങൾ ചെയ്യാൻ കഴിഞ്ഞവർ അധികമുണ്ടാകില്ല.

സിനിമയിലെ പുതുതലമുറയ്ക്ക് നൽകാനുള്ള ഉപദേശമെന്താണ്
പുതിയ തലമുറയിലെ സിനിമാക്കാർക്ക് നൽകാൻ ഉപദേശമെന്നൊന്നുമില്ല. ഞങ്ങളേക്കാൾ കഴിവുള്ളവരാണ് അവരെന്ന ബോധ്യം എനിക്കുണ്ട്. ഞങ്ങളുടെ പഴയസിനിമകളും അതിനുശേഷമുള്ള വർക്കുകളുമെല്ലാം മനസ്സിലാക്കിയും കണ്ടു പഠിച്ചുമാണ് പുതുതലമുറ രംഗപ്രവേശം ചെയ്യുന്നത്. അതുകൊണ്ട് തന്നെ അവർക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെ കുറിച്ച് കൃത്യമായ അറിവുണ്ട്.

അഭിമുഖം പൂർണമായി വായിക്കാം പുതിയ ലക്കം ഗൃഹലക്ഷ്മിയിൽ
ഓൺലൈൻ വഴിവാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi