
ഓ തോത്താ പാഖീ രേ
ഷികോൽ ഖുലേ ഉറിയേ ദേബോ
മാകെ ജോദീ ഏനേ ദാവോ...
കൊൽക്കത്ത നഗരത്തിൽ നിന്ന് അത്രയകലെയല്ലാത്തൊരു വീട്ടിൽ ഒരമ്മ തന്റെ ഇരട്ടക്കുഞ്ഞുങ്ങളിൽ ഒരാളെ പാടിയുറക്കുന്ന പാട്ടായിരുന്നു അത്. കണ്ണിൽ നിന്ന് കവർന്നെടുക്കപ്പെട്ട വെളിച്ചത്തേക്കാൾ തെളിച്ചമുള്ള സ്‌നേഹമായി താരാട്ടിന്റെ ഈണം പതിഞ്ഞുതുടങ്ങിയകാലത്ത് അവൾക്ക് അമ്മയെ നഷ്ടമായി. അമ്മയുടെ ഉദരത്തിനുള്ളിൽ ഒപ്പം വളർന്ന് ഭൂമിയിലേക്കെത്തിയ ഇരട്ട സഹോദരനും മരണത്തിന്റെ മതിലിനപ്പുറം മറഞ്ഞു. വേർപാടിന്റെ ഇരട്ട പ്രഹരത്തിൽ മനസു തളർന്ന് അവളുടെ അച്ഛൻ തീവ്രവിഷാദത്തിലേക്ക് ആഴ്ന്നുപോയി. നഷ്ടപ്പെട്ടതിനെയൊക്കെയും വീണ്ടെടുക്കാനെന്നോണം അപ്പോഴും അവൾ അമ്മയുടെ താരാട്ട് ഉരുവിട്ടുകൊണ്ടിരുന്നു.
തത്തക്കിളിയേ ഞാൻ
നിന്റെ കാലിലെ കെട്ടുകൾ
അഴിച്ചുതരാം
പകരം നക്ഷത്രങ്ങൾ
ക്കിടയിൽനിന്ന്
എന്റെ അമ്മയെ
കൊണ്ടുത്തരുമോ...
എത്രയോ പ്രകാശവർഷങ്ങൾക്കപ്പുറം ഏതോ ദൈവകണം അവളുടെ ചുണ്ടിൽനിന്നാ വരികളെ പ്രാർഥനയായ് ഒപ്പിയെടുത്തിരിക്കാം. പ്രാർഥനയ്ക്കുള്ള ഉത്തരമായി അവൾക്കരികിലിന്നൊരമ്മയുണ്ട്.
കവർന്നെടുത്തതിനൊക്കെയും പിഴതീർത്തുള്ള പരിഹാരമായി രണ്ടനിയത്തിമാരും അവൾക്കൊപ്പമുണ്ട്. കൊൽക്കത്തക്കാരി ഋതിക ബസു, ഫാത്തിമ ഹവ്വ എന്ന ഗായികയായി മലയാളികൾക്ക് മുന്നിൽ നിൽക്കുമ്പോൾ അതിജീവിക്കാൻ അവൾക്ക് കൈത്താങ്ങേകിയ ആ കരുത്തിനെ നമുക്ക് ഫെബിന എന്നു വിളിക്കാം.
ഓർമ്മയിൽ ആ ദൃശ്യം
കോഴിക്കോട് റഹ്മാനിയ സ്‌കൂൾ ഫോർ ബ്ലൈൻഡിലെ മേട്രനായിരുന്ന ഫെബിന ഒ.കെ.യുടെ മനസ്സിൽ ഇന്നും ആ ദിവസമുണ്ട്. ഹോസ്റ്റലിന്റെ പടികയറി വരുന്ന ഒരച്ഛനും മകളും. കണ്ണിൽനിന്ന് കാഴ്ചയറ്റുപോയ മകളുടെ കൈപിടിച്ച് വിഷാദവാനായ ആ അച്ഛൻ ഹെഡ്മിസ്ട്രസിന്റെ മുറിയിലേക്ക് കയറിപ്പോയി. ഒൻപതുവയസ്സുകാരിയായ മകളെ സ്‌കൂളിൽ ചേർക്കണം. ആവശ്യം അംഗീകരിക്കപ്പെട്ടു. മകളെ സ്‌കൂളിനോടുചേർന്ന ഹോസ്റ്റലിലാക്കി അച്ഛൻ പൊന്നാനിയിലെ തൊഴിലിടത്തിലേക്ക് മടങ്ങി.
കാഴ്ചയില്ലാത്ത, മലയാളം തീരെയറിയാത്ത ആ പെൺകുട്ടി പരിചിതമല്ലാത്ത അന്തരീക്ഷത്തിൽ എന്തെന്നും ഏതെന്നുമറിയാത്തവിധത്തിൽ ഏകാന്തതയറിഞ്ഞ നിമിഷം. ദൈവത്തിന്റെ സ്പർശംപോലെ ഒരു കൈത്തലം അവളുടെ തോളിൽ തൊട്ടു. ആ കരവലയത്തിനുള്ളിൽ അവൾ അമ്മയുടെ സ്പർശമറിഞ്ഞു. ആ സ്‌നേഹത്തെ അവൾ ഉമ്മച്ചി എന്നുവിളിച്ചു. അങ്ങനെ ഫെബിന അവൾക്ക് അമ്മയായി. തിരുവാലിയിലെ വീട്ടിൽ ഉമ്മച്ചിക്കും സഹോദരിമാർക്കുമൊപ്പമിരുന്ന് അവൾ പറഞ്ഞ കഥയിൽ മരണവും വിഷാദവും തീരാസങ്കടങ്ങളും തിരകളായി. പക്ഷേ, ആ തിരകൾക്കുമീതെ സ്‌നേഹമെന്ന അദ്ഭുതവിളക്ക് പ്രകാശിച്ചുനിന്നു.
ആദ്യ അധ്യായം
''കൊൽക്കത്തയ്ക്കടുത്ത് സോൾട്ട് ലേക്കിലായിരുന്നു എന്റെ ജനനം. അച്ഛൻ സൗമ്യ ബസു കംപ്യൂട്ടർ എൻജിനീയർ. അമ്മ മാളവിക ബാനർജി പഞ്ചാബ് നാഷണൽ ബാങ്കിൽ മാനേജർ. കുട്ടിക്കാലംതൊട്ടുള്ള കൂട്ടുകാരായിരുന്നു അമ്മയും അച്ഛനും. ഇരുപതാം വയസ്സിൽ അവർ വിവാഹിതരായി. ആറുമാസം ഗർഭിണിയായിരിക്കേ ഓഫീസിലേക്കുള്ള യാത്രയ്ക്കിടെ അമ്മ ഓടിച്ച കാർ അപകടത്തിൽപ്പെട്ടു. ജീവൻ നഷ്ടമായേക്കാനിടയുള്ള വലിയ അപകടം. അമ്മയുടെ വയറ്റിൽ ഇരട്ടക്കുട്ടികളായിരുന്നു. കൂട്ടത്തിൽ എന്നെ പുറത്തെടുക്കേണ്ടി വന്നു. സമയമെത്താതെ പുറത്തെത്തിയതുകൊണ്ടാകാം എന്റെ ഒരു കണ്ണിന് മാത്രമേ കാഴ്ചയുണ്ടായിരുന്നുള്ളൂ. അമ്മ കിടപ്പിൽത്തന്നെയായതിനാൽ അച്ഛന്റെ പരിചരണത്തിലായിരുന്നു ഞാൻ. നാലുമാസത്തിനുശേഷം എന്റെ സഹോദരനും പുറത്തെത്തി. ഋതിക ബസു എന്ന് എനിക്ക് പേരിട്ടു. സഹോദരൻ ഋതം ബസു. സന്തോഷമുള്ള ജീവിതമായിരുന്നു, അമ്മയെ രോഗം പിടികൂടുന്നതുവരെ.
അമ്മയ്ക്ക് വൃക്കരോഗമായിരുന്നു. എന്റെ രണ്ടുകണ്ണുകളിലും കാഴ്ച ഉണ്ടാകണമെന്നായിരുന്നു അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം. അങ്ങനെ ചെന്നൈയിലെ പ്രശസ്തമായൊരു നേത്രരോഗാശുപത്രിയിൽ ചികിത്സ തുടങ്ങി. അവിടെവച്ച് ഒരു സർജറി എന്റെ ജീവിതം പൂർണമായും ഇരുട്ടിലാക്കി. സർജറിക്കിടെ നാഡികളിലൊന്ന് മുറിഞ്ഞ് ഞാൻ പൂർണമായും അന്ധയായി. അതോടെ അമ്മ മാനസികമായി തകർന്നു. രോഗം വഷളായി.
എനിക്ക് അഞ്ചുവയസ് തികയുംമുമ്പ് അമ്മ മരിച്ചു. ഒരു പെരുമഴക്കാലത്തായിരുന്നു അമ്മയുടെ മരണം. ആ സമയത്ത് എന്റെ സഹോദരന് പനിയാണ്. മരണാനന്തര ചടങ്ങുകൾ ചെയ്യേണ്ടത് അവനാണ്. അതിന്റെ ഭാഗമായി പുലർച്ചെ എഴുന്നേറ്റ് നദിയിൽ മുങ്ങിക്കുളിക്കേണ്ടിവന്നു. തണുപ്പ് താങ്ങാനുള്ള ശേഷിയില്ലാത്തതുകൊണ്ടാവാം പനി ന്യൂമോണിയയായി മാറി. ചികിത്സകൊണ്ട് കാര്യമുണ്ടായില്ല. അമ്മ മരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ അവനും മരിച്ചു.
തുടർച്ചയായ രണ്ട് മരണങ്ങൾ അച്ഛന്റെ മനസ് തളർത്തി. ജീവിതത്തിൽ പ്രതീക്ഷകളില്ലാതായി. മനസ് തകർന്ന് അച്ഛൻ ചികിത്സയ്ക്കായി മനോരോഗാശുപത്രിയിലായതോടെ എന്റെ താമസം ബന്ധുവീടുകളിലായി. ചികിത്സ കഴിഞ്ഞ് അച്ഛൻ കേരളത്തിലേക്കാണ് വന്നത്. ബംഗാളിൽ നിന്ന് എല്ലാവരും തൊഴിൽതേടിയല്ലേ കേരളത്തിലേക്ക് വരാറുള്ളത്. പക്ഷേ, എന്റെ അച്ഛൻ വന്നത് എല്ലാമൊന്ന് മറന്നുകിട്ടാൻ വേണ്ടിയായിരുന്നു.
ഇടയ്‌ക്കെപ്പോഴോ അച്ഛന്റെ കൂടെ ഞാനും കേരളത്തിലേക്ക് വന്നു. വർക്കലയിൽ ഒരു സ്‌കൂളിൽ എന്നെ ചേർത്തു. പക്ഷേ, ഞാൻ കുഞ്ഞല്ലേ, മലയാളം അറിയില്ല, കാഴ്ചയില്ല, ആരെയും പരിചയവുമില്ല. പിടിച്ചുനിൽക്കാനാവാതെവന്നതോടെ അച്ഛൻ തിരികെ കൊൽക്കത്തയിലേക്ക് കൊണ്ടുപോയി ഹോസ്റ്റലിലാക്കി. അവിടെനിന്നായിരുന്നു പഠനം. അതോടെ അനാഥയെപ്പോലെയായി എന്റെ ജീവിതം. സ്‌നേഹിക്കാനോ സ്‌നേഹം തരാനോ ആരുമില്ല.
ഒരിക്കൽ അച്ഛൻ എന്നെ കാണാൻ ഹോസ്റ്റലിൽ വന്നു. എനിക്കിവിടെ നിൽക്കണ്ട. അച്ഛനൊപ്പം വന്നേ പറ്റൂ എന്ന് ഞാൻ വാശിപിടിച്ചു. ഒടുവിൽ അച്ഛൻ എന്നെയും ഒപ്പംകൂട്ടി. ട്രെയിനിൽ പൊന്നാനിയിലേക്ക്. കൈയിലെ പണമെല്ലാം തീർന്ന് അച്ഛൻ അവിടെ കൂലിപ്പണി ചെയ്താണ് വരുമാനം കണ്ടെത്തിയിരുന്നത്. ഒരുപാടു തൊഴിലാളികൾക്കൊപ്പമായിരുന്നു അച്ഛന്റെ താമസം. അവരുടെ കൂടെ ഞാനും നിന്നു. പിന്നെ തൊഴിലുടമ അച്ഛന് താമസിക്കാൻ ചെറിയൊരു മുറി കൊടുത്തു. അച്ഛനും ഞാനും അവിടേക്ക് മാറി. പകൽ അച്ഛൻ ജോലിക്ക് പോകുമ്പോൾ എന്നെ തൊഴിലുടമയുടെ വീട്ടിലാക്കും. അദ്ദേഹത്തിന്റെ ഭാര്യയും മക്കളും അവിടെയുണ്ട്. രാത്രി അച്ഛൻ വന്ന് കൂട്ടിക്കൊണ്ടുപോകും.
പിന്നെയാണ് കോഴിക്കോടേക്ക് വരുന്നത്. പതിനഞ്ച് ദിവസം വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ താമസിച്ചു. പിന്നെ റഹ്മാനിയ സ്‌കൂളിൽ ചേർത്തു. അതോടെ ഹോസ്റ്റൽ എന്റെ വീടായി.'' ഇത്രയുമാണ് ഫാത്തിമയുടെ ജീവിതത്തിന്റെ ആദ്യ അധ്യായം.
ഇവിടം സ്വർഗമാണ്
മലപ്പുറം നിലമ്പൂർ സ്വദേശിനിയായ ഫെബിന, റഹ്മാനിയ സ്‌കൂളിൽ അറബിക് അധ്യാപികയും ഹോസ്റ്റൽ മേട്രനുമായിരുന്നു. ബംഗാളിൽ നിന്നെത്തിയ ആ കൊച്ചുപെൺകുട്ടിയുടെ അനാഥത്വവും നിസ്സഹായതയും അവരെ സ്പർശിച്ചു. ''മറ്റുകുട്ടികളെപ്പോലെയല്ല. അവൾക്ക് ആരുമില്ലെന്ന് എനിക്ക് മനസ്സിലായി. കൊൽക്കത്തയിലെ ഹോസ്റ്റൽവാസക്കാലത്തെ ഒറ്റപ്പെടലും സങ്കടങ്ങളും ഇവിടെയും ആവർത്തിക്കുമെന്നുള്ള ചിന്തയിലായിരുന്നു അവൾ. അതിനൊപ്പം അച്ഛൻ അവളെ തനിച്ചാക്കി പൊയ്ക്കളയുമോ എന്ന പേടിയും. ഹോസ്റ്റലിലെ മറ്റു കുട്ടികളോടൊന്നും ആദ്യം അവൾ ഇണങ്ങിയില്ല. അവർ ചങ്ങാത്തംകൂടാൻ വന്നാലും ഉപദ്രവിക്കാനാണെന്നു കരുതി കയർത്തുകൊണ്ടിരുന്നു.'' ഹോസ്റ്റലിലെ ആ നാളുകൾ ഫെബിന ഓർത്തെടുത്തു. ഓർമ്മയുടെ ഏടുകളിലേക്ക് ഫാത്തിമയും ഒപ്പംചെന്നു.
''ഉമ്മച്ചി പറഞ്ഞതുപോലെ എന്റെ മനസ് നിറയെ പേടിയായിരുന്നു. കൊൽക്കത്തയിലെ ഹോസ്റ്റലിൽ അവധിക്കാലത്ത് മറ്റുകുട്ടികളെല്ലാം അവരവരുടെ വീടുകളിലേക്ക് പോകും. എന്നെ കൊണ്ടുപോകാൻ മാത്രം ആരും വരില്ല. അവധി ദിവസങ്ങളിൽ അവസാനത്തെ കുട്ടിയും പോയിക്കഴിയുമ്പോൾ ഞാൻ ചെന്ന് ഹോസ്റ്റലിന്റെ ബാൽക്കണിയിൽ നിൽക്കും. അച്ഛൻ വരുമെന്നുള്ള പ്രതീക്ഷയിൽ മണിക്കൂറുകളോളം അതേനിൽപ്പ് തുടരും. പക്ഷേ, ആരും വരില്ല. ഞാനവിടെ തനിച്ചാകും. ഞാൻ ഉള്ളതുകാരണം ഹോസ്റ്റൽജീവനക്കാർക്കും പോകാൻ കഴിയില്ല. അതിന്റെ ഇഷ്ടക്കേട് അവർക്കുണ്ടായിരുന്നു. പറ്റുംപോലെയൊക്കെ അവരത് പ്രകടിപ്പിക്കും. ചങ്ങാതിമാരും ഉണ്ടായിരുന്നില്ല. തരംകിട്ടിയാൽ ഉപദ്രവിക്കുന്ന സഹപാഠികൾ. അതുകൊണ്ടാവും ഇവിടെ വന്നപ്പോഴും എല്ലാവരും എതിരാണെന്നാണ് കരുതിയത്. അടുത്തേക്ക് വരുന്നവരെ ഞാൻ തള്ളാനും വഴക്കുപറയാനുമൊക്കെ തുടങ്ങി. 'ഹിന്ദിക്കാരിക്കുട്ടി' ഞങ്ങളെ ഉപദ്രവിച്ചു... എന്നെ പ്രതി ഈ പരാതി എത്രയോ തവണ ഉമ്മച്ചിയുടെ മുന്നിലെത്തി. പക്ഷേ, ഉമ്മച്ചി എന്നെ ചേർത്തുനിർത്തി. പതിയെ എനിക്ക് കൂട്ടുകാരെ കിട്ടി. ഉമ്മച്ചിയുടെ സഹായത്തോടെ ആറുമാസംകൊണ്ട് മലയാളം പഠിച്ചു. അമ്മയും കൂടെപ്പിറപ്പുകളുമുള്ള വീടുപോലെ ഹോസ്റ്റൽ എനിക്ക് സ്വർഗമായി മാറി.''
നല്ല പാട്ടുകാരി
ബംഗാളിൽനിന്നുവന്ന കൊച്ചുപെൺകുട്ടിയിലെ ഗായിക പുറത്തുവരുന്നതും ഇക്കാലത്താണ്. അക്കഥയും ഫെബിന ഓർത്തെടുത്തു. ''ഇവളെ ഡോക്ടറെ കാണിക്കാൻ മെഡിക്കൽ കോളേജിൽ പോയതാണ്. അവിടെ ഡോ. ശ്രീജയൻ, മോൾ പാടുമോ എന്ന് ചോദിച്ചു. ചോദ്യംകേട്ടതും ഇവൾ പാടിത്തുടങ്ങി. കേരളത്തിലെത്തി ആറാം മാസമാണ്. കവി മുരുകൻ കാട്ടാക്കടയുടെ 'നെല്ലിക്ക' എന്ന കവിതയാണ് അന്നവൾ ചൊല്ലിയത്. ഡോക്ടറും ഡോക്ടറെ കാണാനെത്തിയ രോഗികളും നിശ്ശബ്ദരായി കേട്ടിരുന്നു. ഒടുവിൽ ഡോക്ടർ ചോദിച്ചു മോൾ കീബോർഡ് വായിക്കുമോയെന്ന്. ഹാർമോണിയം വായിക്കുമെന്ന് അവൾ. കൊൽക്കത്തയിൽ വച്ച് അവൾ സംഗീതം പഠിച്ചിട്ടുണ്ടെന്ന് അപ്പോഴാണ് അറിയുന്നത്. കുറച്ചുദിവസം കഴിഞ്ഞ് ഡോക്ടറും ഭാര്യയും സ്‌കൂളിലേക്ക് വന്നു. ഇവൾക്കൊരു കീബോർഡ് സമ്മാനിച്ചു. അക്കൊല്ലത്തെ ആനുവൽ ഡേയ്ക്ക് ഡോക്ടറായിരുന്നു മുഖ്യാതിഥി. ചടങ്ങിൽ അവൾ കീബോർഡ് വായിച്ച് പാടി.'' അവിടെ നിന്നാണ് ഫാത്തിമയുടെ സംഗീത യാത്ര തുടങ്ങിയത്.
താനൊരു ഗായികയാകണമെന്നത് അച്ഛന്റെ സ്വപ്നമായിരുന്നെന്ന് ഫാത്തിമ. ''അച്ഛൻ, ലതാ മങ്കേഷ്‌കറിന്റെയും ആശാ ഭോസ് ലേയുടെയുമൊക്കെ പാട്ടുകൾ കേൾപ്പിച്ചുതരും. റഹ്മാനിയ സ്‌കൂളിലെ ഉഷ ടീച്ചർ പാട്ടുകൾ പഠിപ്പിച്ചുതന്നു. നിസാർ തൊടുപുഴ എന്ന അധ്യാപകനു കീഴിൽ സംഗീതപഠനം തുടങ്ങി. നിസാർ മാഷ് തന്ന പ്രോത്സാഹനം വളരെ വലുതാണ്.'' ഫാത്തിമ റിയാലിറ്റി ഷോകളിലും നിരവധി വേദികളിലും പാട്ടുമായെത്തി. അവളുടെ ശബ്ദം ആസ്വാദകരെ നേടിയെടുത്തു. സ്‌കൂളിൽ കലോത്സവങ്ങളിൽ മത്സരിച്ച് സമ്മാനങ്ങൾ നേടി. വേദികളിൽ ഫെബിന അവളെ അനുഗമിച്ചു.
ഉമ്മച്ചി എന്നു വിളിച്ചോട്ടേ?
ഹോസ്റ്റൽ മേട്രനായ ഫെബിന ആദ്യമൊക്കെ അവൾക്ക് ഫെബിന ആന്റിയായിരുന്നു. പക്ഷേ, അവർ അരികിലുള്ളപ്പോഴൊക്കെയും അമ്മയുടെ സാമീപ്യം അനുഭവപ്പെട്ടു തുടങ്ങിയതോടെ ഒരു ദിവസം അവൾ ചോദിച്ചു ഉമ്മച്ചി എന്ന് വിളിച്ചോട്ടേയെന്ന്. ആ ചോദ്യത്തിന് എന്തായിരുന്നു മറുപടിയെന്നു ചോദിച്ചപ്പോൾ ഒരു ചിരി അവളുടെ മുഖം പ്രകാശിപ്പിച്ചു. ''ആരും കേൾക്കാതെ വിളിച്ചോ എന്നാണ് പറഞ്ഞത്.'' അതിനൊരു കാരണമുണ്ടെന്ന് ഫെബിന.
''എല്ലാ കുട്ടികളെയും ഒരുപോലെ കാണണമെന്നാണല്ലോ. ഇവളോട് ഇഷ്ടക്കൂടുതൽ കാണിക്കുന്നു എന്നു പറഞ്ഞ് മറ്റുകുട്ടികൾ പിണങ്ങാറുണ്ടായിരുന്നു. ഇവളാണെങ്കിൽ എന്താവശ്യവും എന്നോടാണ് പറയുക.'' എന്തായാലും ഫെബിന അവൾക്ക് അമ്മയായി.
''അവധിക്ക് മറ്റുകുട്ടികളെല്ലാം വീട്ടിൽപ്പോകും. എനിക്ക് പോകാൻ ഇടമില്ലെന്ന് അറിയാവുന്നതുകൊണ്ട് ഉമ്മച്ചി എന്നെ വീട്ടിലേക്ക് കൊണ്ടുപോകും. അവിടെ ഉമ്മച്ചിയുടെ ഉപ്പയും ഉമ്മയും സഹോദരങ്ങളുമൊക്കെ എന്റെ സ്വന്തക്കാരായി. എന്തെങ്കിലും അത്യാവശ്യംവന്ന് ഉമ്മച്ചി ലീവെടുത്താൽ എനിക്ക് സങ്കടമാണ്. ഇടയ്ക്ക് വീണ് കാലിന് പരിക്കുപറ്റി ഉമ്മച്ചി കുറേദിവസം അവധിയിലായി. ആ ദിവസങ്ങളിലൊക്കെ ഞാൻ നിർത്താതെ കരച്ചിലായിരുന്നു. അമ്മയെ പിരിയുമ്പോഴുള്ള കുഞ്ഞിന്റെ സങ്കടം ഞാൻ വീണ്ടും അറിഞ്ഞു.''
വീടിന്റെ തണലിൽ
അമ്മയുടെ സ്നേഹം ആവോളം അറിഞ്ഞ നാളുകളിലൊന്നിൽ അവൾ മടിച്ചുമടിച്ച് ഫെബിനയുടെ മുന്നിൽചെന്നു. ഇത്തവണ പങ്കുവച്ചത് വലിയൊരു ആവശ്യമായിരുന്നു. അവളുടെ അച്ഛനെ കല്യാണം കഴിക്കാമോ എന്ന ആവശ്യം. ''ചോദ്യംകേട്ട് ഞാൻ ഞെട്ടി. എന്തുകൊണ്ടോ ഞാനപ്പോൾ അവളോടൊരു കള്ളം പറഞ്ഞു. എന്റെ കല്യാണം നേരത്തേ കഴിഞ്ഞതാണ്. ഭർത്താവ് വിദേശത്താണെന്ന്. പക്ഷേ, ആ കള്ളത്തിന് ആയുസുണ്ടായിരുന്നില്ല. ഒരവധിക്കാലത്ത് ഇവൾ എനിക്കൊപ്പം വീട്ടിൽ വന്നു. ഉമ്മച്ചീ എന്ന് എന്നെ വിളിക്കുന്നതുകേട്ട് എന്റെ ബാപ്പ ഇവളോടു പറഞ്ഞു ഫെബിനയെ അങ്ങനെ വിളിക്കരുത്. അവളുടെ കല്യാണം കഴിഞ്ഞിട്ടുപോലുമില്ലെന്ന്. അതോടെ ഇവൾ വാശിയിലായി.
ഇടയ്ക്കെപ്പോഴോ അച്ഛൻ കാണാൻ വന്നപ്പോൾ അദ്ദേഹത്തോടും ഇക്കാര്യം പറഞ്ഞു. അതിനിടെ ഇവളും അച്ഛനും ഇസ്ലാം മതത്തിലേക്കു മാറി, ഫാത്തിമയെന്നും അബ്ദുള്ളയെന്നും പേരും സ്വീകരിച്ചു. അതോടെ എനിക്ക് പേടിയായി. ഞാൻ മതപരിവർത്തനം നടത്തി എന്നല്ലേ എല്ലാവരും കരുതൂ. സ്‌കൂളിൽ നിന്നുപോലും അതിന്റെ പേരിൽ എനിക്ക് ശകാരം കിട്ടി. പക്ഷേ, ഞാനെന്തുചെയ്യാൻ, അവർ സ്വന്തമായെടുത്ത തീരുമാനം. ഞാൻ തിരുത്താൻ ശ്രമിച്ചിട്ടും കാര്യമുണ്ടായില്ല.
കല്യാണത്തിന്റെ കാര്യത്തിൽ നാൾക്കുനാൾ ഇവളുടെ വാശികൂടി. ഭക്ഷണം കഴിക്കാതെയും മിണ്ടാതെയും കടുംപിടുത്തം. അതോടെ ഞാനിക്കാര്യം വീട്ടിൽ അറിയിച്ചു. അവർക്ക് എതിർപ്പായിരുന്നു.
സ്‌കൂളിൽ ചേർക്കുന്ന സമയത്ത് ഇവളുടെ അച്ഛൻ ഇവർ രണ്ടുപേരുടെയും ചികിത്സാ രേഖകൾ എന്റെ പക്കൽ സൂക്ഷിക്കാൻ തന്നിരുന്നു. അതിൽ അദ്ദേഹം മനഃശാസ്ത്ര ചികിത്സ തേടിയതിന്റെ രേഖകളും ഉണ്ടായിരുന്നു. ഞാനത് മെഡിക്കൽ കോളേജിലെ ഒരു ഡോക്ടറെ കാണിച്ചു. വിഷാദ രോഗിയാണ് ആളെന്നറിഞ്ഞു. ജീവിതകാലംമുഴുവനും ആ പ്രശ്നം അങ്ങനെതന്നെ ഉണ്ടാകും. പക്ഷേ, ആ വിവരം ഞാൻ വീട്ടിൽ മറച്ചുവച്ചു. വീട്ടുകാരെ അനുനയിപ്പിച്ച് ഒടുവിൽ ഞങ്ങൾ വിവാഹിതരായി.'' അങ്ങനെ പതിനൊന്നാം വയസ്സിൽ ഫാത്തിമ വീണ്ടും വീടിന്റെ സുഖമറിഞ്ഞു.
അർദ്ധവിരാമം
കോഴിക്കോട് വാടകവീടെടുത്ത് ഫെബിനയും അബ്ദുള്ളയും ഫാത്തിമയും ജീവിതംതുടങ്ങി. പതിയെ അവരുടെ കുടുംബം വളർന്നു. ഫാത്തിമയുടെ അനിയത്തിമാരായി റുഖയയും സാറയും പിറന്നു. ''പക്ഷേ, അദ്ദേഹം ഇടയ്ക്കൊക്കെ വിഷാദത്തിലേക്ക് വീഴും. ഫാത്തിമയുടെ അമ്മയെപ്പറ്റി എപ്പോഴും പറഞ്ഞുകൊണ്ടിരിക്കും. പഴയ ജീവിതത്തെ മായ്ക്കാൻ പുതിയ ജീവിതത്തിനായില്ല. സാമ്പത്തികസ്ഥിതി മാറിയതൊന്നും അദ്ദേഹം മനസിലാക്കിയിരുന്നില്ല. മക്കളെ നോക്കാനായി എനിക്ക് ജോലി ഉപേക്ഷിക്കേണ്ടിവന്നു. അതോടെ സാഹചര്യം മോശമായി.
കുട്ടികളെ വലിയ സ്‌കൂളുകളിൽ ചേർക്കണം, അവർക്ക് വിലപിടിപ്പുള്ള ഭക്ഷണസാധനങ്ങൾ വാങ്ങിക്കൊടുക്കണം. ഇക്കാര്യത്തിലൊക്കെ അദ്ദേഹത്തിന് വാശിയായിരുന്നു. സുഹൃത്തുക്കളും പരിചയക്കാരും ഇടപെട്ട് പല ജോലികൾ തരപ്പെടുത്തിക്കൊടുത്തു. കടയിട്ടുകൊടുത്തു. കമ്പ്യൂട്ടർ എൻജിനീയറിങ് പഠിച്ചയാൾക്ക് സ്മാർട്ഫോൺ പോലും ഉപയോഗിക്കാൻ അറിയാത്ത സ്ഥിതി.
അതിനിടയ്ക്ക് ഞങ്ങളെ കാണാനായി അദ്ദേഹത്തിന്റെ അച്ഛൻ കൊൽക്കത്തയിൽ നിന്ന് വന്നു. പക്ഷേ, ഇവിടെവച്ച് അദ്ദേഹത്തിന് രോഗംപിടിപെട്ടു. പരിശോധനയിൽ കാൻസറാണ് മനസ്സിലായി. വൈകാതെ മരിച്ചു. അതോടെ ഇവരുടെ ഉപ്പ കൂടുതൽ തകർന്നു. അപ്പോഴേക്കും ഫാത്തിമ പത്താംക്ലാസിലെത്തി. കോവിഡ്കാലമാണ്. പരീക്ഷയ്ക്ക് പഠിക്കാനായി അവൾ ഹോസ്റ്റലിലേക്ക് പോയി. ഞാനും കുട്ടികളും നിലമ്പൂരിലെ വീട്ടിലായിരുന്ന ഒരു ദിവസം അദ്ദേഹം വാടകവീട്ടിൽ ജീവനൊടുക്കി.''
താങ്ങായി മാറിയ സംഗീതം
''മൂന്നു കുട്ടികളുടെ പഠനം (schooling), ചെലവുകൾ... എല്ലാം കൊണ്ടും പ്രയാസമറിഞ്ഞ നാളുകൾ. ഞങ്ങളെ ഈ നിലയിൽവിട്ട് അദ്ദേഹമിത് ചെയ്തതിന്റെ വേദന വിട്ടൊഴിയുന്നുണ്ടായിരുന്നില്ല. കുഞ്ഞുങ്ങളുടെ കാര്യങ്ങൾ നോക്കണം. അവരെ പഠിപ്പിക്കണം. മനസ്സ് തകർന്നാൽ കുഞ്ഞുങ്ങൾ സങ്കടത്തിലാകും. ഞാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ താത്കാലിക ജോലിയിൽ കയറി. നൈറ്റ് ഷിഫ്റ്റ് വരുമ്പോൾ ഫാത്തിമ അനിയത്തിമാരെ നോക്കും. അവൾ പതറാതെ പഠനംതുടർന്നു. കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്ന് ബി.എ. സോഷ്യോളജി പൂർത്തിയാക്കി ബി.എഡ്ഡിന് ചേരാനുള്ള തയ്യാറെടുപ്പിലാണ് ഫാത്തിമ. അതിനൊപ്പം സംഗീത പഠനവും തുടരുന്നു.
രണ്ടറ്റവും കൂട്ടിമുട്ടിക്കുക അത്ര എളുപ്പമായിരുന്നില്ല. പക്ഷേ, അതിനിടയിൽ സ്വന്തമായൊരു വീടായി. തിരുവാലി സ്വദേശിയായ സുരേഷ് കടമത്ത് ഞങ്ങൾക്ക് വീടുതന്നു. ഒന്നുരണ്ടു ചാനലുകളിൽ പാടാൻ ഫാത്തിമയ്ക്ക് അവസരം ലഭിച്ചു. അങ്ങനെയാണ് ഞങ്ങളുടെ ജീവിതം എല്ലാവരും അറിയുന്നത്.'' തുടർന്നു ലഭിച്ച സഹായങ്ങളാണ് ജീവിതത്തെ മുന്നോട്ടുനയിക്കുന്നതെന്ന് ഫെബിന.
''ഭൂമിയിൽ ഒരുപാട് നല്ല മനുഷ്യരുണ്ടെന്ന് മനസ്സിലാക്കാനായി. എവിടെയൊക്കെ മലയാളികളുണ്ടോ അവിടെനിന്നൊക്കെ സഹായം വന്നു. ജാതിയോ മതമോ ഒന്നും കണക്കിലെടുക്കാതെ ഒരേമനസ്സോട ആളുകൾ ഞങ്ങളെ ചേർത്തുപിടിച്ചു. നമ്മൾ പറയില്ലേ, സമൂഹത്തിൽ വർഗീയത വളരുന്നുണ്ടെന്ന്. പക്ഷേ, അത്തരം ഒരനുഭവം ഇന്നേവരെ ഞങ്ങൾക്കുണ്ടായിട്ടില്ല. ഒരാൾക്കൊരു വീഴ്ചവരുമ്പോൾ ജാതിയും മതവുമൊന്നും കണക്കിലെടുക്കാതെ മനുഷ്യൻ എന്ന ഒറ്റ ബോധത്തിന്റെ പുറത്ത് സഹായംനീട്ടുന്നവരാണ് മലയാളികളെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ എനിക്ക് ഉറപ്പിച്ചു പറയാനാകും...''
ഫാത്തിമയുടെ ഉമ്മച്ചിയുടെയും കുഞ്ഞനിയത്തിമാരുടെയും മുഖത്ത് ദുരന്തങ്ങളെ അതിജീവിച്ചതിന്റെ പ്രകാശമുണ്ട്. തളർന്നുപോയപ്പോൾ താങ്ങായി നിന്നവരുടെ മനസ്സിന്റെ വെളിച്ചം അവർ താമസിക്കുന്ന വീടിന്റെ ചുവരുകളെപ്പോലും പ്രകാശിപ്പിക്കുന്നു. തിരുവാലിയിലെ ആ വീടിന്റെ ഉമ്മറത്തുനിൽക്കുമ്പോൾ ആർക്കും പറയാനാകും ഇതാണ് സ്നേഹത്തിന്റെ, ഒരുമയുടെ യഥാർഥ കേരളാസ്റ്റോറിയെന്ന്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: The tragic journey of Fatima Havva from Kolkata to Kerala., The role of Febina OK as a mother figure and pillar of strength., Overcoming visual impairment and multiple family losses., The healing power of music in Fatima's life., A testament to human kindness and communal harmony in Kerala.
Published: 28 May 2026, 04:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented