സിനിമാവ്യവസായകുടുംബത്തിൽനിന്നുള്ള അംഗമാണ് ഗിരീഷ് കുമാർ തൗറാനി. ടിപ്‌സ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന നിർമാണക്കമ്പനിയുടെ സഹസ്ഥാപകനായ കുമാർ എസ്.തൗറാനിയുടെ മകൻ. ഒട്ടേറെ ജനപ്രിയചിത്രങ്ങൾ നിർമിച്ചിട്ടുണ്ട് കമ്പനി. കാസറ്റുകളും പുറത്തിറക്കിയിട്ടുണ്ട്. പക്ഷേ അഭിനയത്തോടായിരുന്നു ഗിരീഷിന് കൂടുതൽ താത്പര്യം.  

To advertise here,

മകന്റെ ആഗ്രഹം അച്ഛൻ സഫലമാക്കിയത് 'രാമയ്യ വസ്താവയ്യ' എന്ന ചിത്രം നിർമിച്ചാണ്. ഒരു തെലുഗുസിനിമയുടെ റീമേക്കായിരുന്നുവിത്. സംവിധാനം ചെയ്തത് പ്രഭുദേവ. ശ്രുതിഹാസനാണ് നായികയായെത്തിയത്. സിനിമയ്ക്കായി മൂന്നുവർഷത്തെ തയ്യാറെടുപ്പാണ് ഗിരീഷ് നടത്തിയത്. അതിനൊപ്പം സർഫിങ്ങും പഠിച്ചു. സിനിമയിലെ ഗിരീഷിന്റെ അഭിനയം ഏറെ പ്രകീർത്തിക്കപ്പെട്ടു. പക്ഷേ സിനിമ ഫ്‌ളോപ്പായി. മൂന്നുവർഷത്തിനുശേഷം മറ്റൊരു സിനിമയിൽ കൂടി ഗിരീഷ് അഭിനയിച്ചു. 'ലവ്ശുദാ' എന്ന ആ സിനിമ മുടക്കിയ തുക പോലും തിരിച്ചുപിടിച്ചില്ല. അഭിനയിച്ച രണ്ട് ചിത്രങ്ങളും പരാജയപ്പെട്ടതോടെ, അഭിനയം മതിയാക്കാൻ ഗിരീഷ് തീരുമാനിച്ചു.

പകരം ക്യാമറയ്ക്കു പിന്നിലേക്ക് മാറി. കുടുംബബിസിനസ് മുന്നോട്ടു കൊണ്ടുപോകാൻ തീരുമാനിച്ചു. ടിപ്‌സ് ഇൻഡസ്ട്രീസിന്റെ പുതിയ മുഖമായി മാറി അദ്ദേഹം. 27-ാം വയസ്സിലാണ് ഗിരീഷ് കുടുംബബിസിനസിന്റെ ഭാഗമാവുന്നത്. അദ്ദേഹം കമ്പനിയുടെ ഉയർച്ചയ്ക്കായി തന്ത്രപ്രധാനമായ പല തീരുമാനങ്ങളുമെടുത്തു. അങ്ങനെ കൂടുതൽ ഉയർച്ചയിലേക്കെത്തിച്ചു.

ഇന്ന് ടിപ്‌സ് ഇൻഡസ്ട്രീസിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറാണ് ഗിരീഷ്. കണക്കുകൾ പ്രകാരം 8500 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം. കമ്പനിയുടെ വിജയത്തിനുപിന്നിൽ ഗിരീഷിന് വലിയ പങ്കാണുള്ളത്. 2100 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തിയെന്ന് കണക്കാക്കപ്പെടുന്നു.  ആമിർ ഖാൻ, രൺവീർ സിങ്, റൺബീർ കപൂർ തുടങ്ങിയവരുടെ ആസ്തിയേക്കാൾ കൂടുതലാണിത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi