
നീലപ്പീലി വിടർത്തുന്ന കൃഷ്ണനും, നിലവിളക്കിന്റെ നാളങ്ങളിൽ തെളിയുന്ന ഐശ്വര്യവും ഓരോ വിഷുവും നമുക്ക് സമ്മാനിക്കുന്നത് മനോഹരമായ ചില ഓർമ്മച്ചെപ്പുകളാണ്. പ്രിയം എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ നായിക ദീപാ നായർ ഇന്നും നമ്മുടെ ഓർമ്മകളിൽ മായാതെ നിൽക്കുന്നു. വർഷങ്ങൾക്കിപ്പുറം, ഒരു വിഷുക്കാലത്തിന്റെ സമൃദ്ധിയിൽ ആ ഓർമ്മകൾ വീണ്ടും പൂത്തുലയുന്നു. തന്റെ ജീവിതത്തിലെ സുന്ദരമായ വിഷു സ്മരണകൾ പങ്കുവെക്കുകയാണ് നടി. വാക്കുകളിൽ ഇന്നും കാത്തുസൂക്ഷിക്കുന്ന ആ പഴയ പ്രസരിപ്പും, പ്രിയത്തിലെ ആ പഴയ പെൺകൊടിയുടെ നിഷ്‌കളങ്കതയും ഇഴചേരുന്ന സംഭാഷണം
വിഷുവിന് നാട്ടിൽ ഉണ്ടാവാറുണ്ടോ?
ആഘോഷങ്ങളെങ്ങനെയാണ്?
ഇല്ല, വിഷുവിന് നാട്ടിലുണ്ടായിട്ട് ഇപ്പോൾ ഏകദേശം എട്ട് വർഷത്തോളമായി. അതിനു മുൻപും കുറെ വർഷങ്ങൾ നാട്ടിലെ വിഷു മിസ്സ് ചെയ്തിട്ടുണ്ട്. എന്നാൽ വർഷത്തിലൊരിക്കൽ എങ്ങനെയെങ്കിലും നാട്ടിലെത്താറുണ്ട്. ആറ്റുകാൽ പൊങ്കാല സമയത്ത് വരണമെന്നത് എനിക്ക് നിർബന്ധമുള്ള കാര്യമാണ്. കഴിഞ്ഞ മൂന്നാല് വർഷമായി ആ സമയത്ത് മുടങ്ങാതെ എത്താറുണ്ട്. നാട്ടിലുണ്ടായിരുന്നതിനേക്കാൾ ഗംഭീരമായാണ് ഇപ്പോൾ ഞങ്ങൾ മെൽബണിൽ വിഷു ആഘോഷിക്കുന്നത്. കഴിഞ്ഞ പത്ത് വർഷമായി ഇവിടെ വിഷുക്കണി ഒരുക്കാറുണ്ട്. മക്കൾ നമ്മുടെ പാരമ്പര്യവും രീതികളും അറിഞ്ഞു തന്നെ വളരണമെന്ന് എനിക്കും ഭർത്താവ് രാജീവിനും നിർബന്ധമുണ്ട്. അതുകൊണ്ട് നാട്ടിൽ ചെയ്തിരുന്നതിനേക്കാൾ ഒരുപടി കൂടി വിപുലമായി ഇവിടെ കണിയൊരുക്കാൻ ശ്രമിക്കാറുണ്ട്. ഒരു വിഷുവിന് അമ്മായിയമ്മ കൊന്നപ്പൂവിന്റെ പ്രിൻഡുള്ള സാരി സമ്മാനിച്ചിരുന്നു. അവർ മരിച്ചിട്ട് ഇപ്പോൾ മൂന്നുവർഷമായി. ഞാൻ ഇതുവരെ ആ സാരി ഉടുത്തിട്ടില്ല. ഇത്തവണ ഉടുക്കണമെന്നുണ്ട്.
ഓസ്‌ട്രേലിയയിൽ കണിവെക്കാൻ ആവശ്യമുള്ള സാധനങ്ങളൊക്കെ കിട്ടാറുണ്ടോ? പ്രത്യേകിച്ച് കൊന്നപ്പൂ?അതാണ് ഇവിടുത്തെ പ്രധാനപ്രശ്നം. കൊന്നപ്പൂ കിട്ടില്ല. പക്ഷേ, എന്റെ ഒരു സുഹൃത്ത് നാട്ടിൽ നിന്ന് എനിക്ക് പ്ലാസ്റ്റിക് കൊന്നപ്പൂവ് കൊണ്ടുതന്നു. കണ്ടാൽ ശരിക്കുള്ള കൊന്നപ്പൂവാണെന്നേ തോന്നൂ. നാട്ടിൽപ്പോലും നേരത്തെ വിരിയുന്നത് കൊണ്ട് പലപ്പോഴും വിഷുവാകുമ്പോഴേക്കും കൊന്നപ്പൂവ് മുഴുവൻ തീർന്നു പോകാറാണല്ലോ. ഓരോ വർഷവും കണിയിലേക്ക് പുതിയ പുതിയ സാധനങ്ങൾ ഞാൻ ശേഖരിക്കാറുണ്ട്. കസിൻ എനിക്ക് സമ്മാനിച്ച ആറന്മുള കണ്ണാടിയാണ് ഇപ്പോൾ കണിവെക്കാൻ ഉപയോഗിക്കുന്നത്. ഇത്തവണ നാട്ടിൽ നിന്ന് വരുമ്പോൾ ഒരു ചെറിയ പറ കൂടി കൊണ്ടുവരാൻ അച്ഛനോടും അമ്മയോടും പറഞ്ഞിട്ടുണ്ട്. അതിൽ നെല്ലും മറ്റും നിറച്ചു വെക്കാമല്ലോ. ഉരുളിയും മറ്റെല്ലാ സാധനങ്ങളും ചേർത്ത് തനി തിരുവനന്തപുരം സ്റ്റൈലിലാണ് ഞാൻ കണിയൊരുക്കുന്നത്.
പഴയ കാലത്തെ വിഷു ഓർമ്മകളിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്താണ്?
അത് വിഷുക്കൈനീട്ടം തന്നെയാണ്. കുട്ടിക്കാലത്ത് പൈസ കിട്ടുന്ന ഒരേയൊരു സമയമാണല്ലോ അത്. ഞാൻ ഡോക്ടർ മാമൻ എന്ന് വിളിക്കുന്ന, അച്ഛന്റെ സഹോദരിയുടെ ഭർത്താവ് ആയിരുന്നു ഏറ്റവും വലിയ കൈനീട്ടം നൽകിയിരുന്നത്. അദ്ദേഹം മൂന്ന് വർഷം മുമ്പ് മരിച്ചുപോയി. മറ്റുള്ളവരൊക്കെ 10 ഉം 20 ഉം രൂപ തരുമ്പോൾ ഡോക്ടർ മാമൻ 500 രൂപയൊക്കെ തരും. അന്നത്തെ കാലത്ത് 500 രൂപയൊക്കെ കിട്ടുന്നത് വലിയൊരു സംഭവമാണ് ഞങ്ങൾ കുട്ടികൾക്ക്. കൈനീട്ടം കിട്ടിക്കഴിഞ്ഞാൽ ഞാനും എന്റെ അനിയനും കൂടി കിട്ടിയ പൈസ എണ്ണി നോക്കി മത്സരിക്കും. പെൺകുട്ടിയായതുകൊണ്ട് എനിക്ക് എപ്പോഴും അനിയനെക്കാൾ അല്പം കൂടുതൽ പൈസ കിട്ടാറുണ്ട്. അതിന്റെ പേരിൽ വീട്ടിൽ വലിയ ബഹളമായിരിക്കും. ഇടയ്ക്ക് അമ്മ വന്ന് 'പൈസ ഇങ്ങ് തന്നേക്ക്, ഞാൻ സൂക്ഷിച്ചു വെക്കാം' എന്ന് പറയും. നിഷ്‌കളങ്കമായി ഞങ്ങളത് കൊടുക്കും. എന്നാൽ പിന്നീടത് തിരിച്ചുകിട്ടാറില്ല (ചിരിക്കുന്നു).
മെൽബണിൽ വിഷു സദ്യയൊക്കെ ഒരുക്കാറുണ്ടോ?
സദ്യയുണ്ട്, പക്ഷേ ഇവിടുത്തെ പ്രശ്നം വിഷുവിന് അവധിയില്ല എന്നതാണ്. അതുകൊണ്ട് വിഷു ശനി, ഞായർ ദിവസങ്ങളിൽ വരികയാണെങ്കിൽ മാത്രമേ സുഹൃത്തുക്കളെ വിളിച്ച് സദ്യ നൽകാൻ പറ്റാറുള്ളൂ.
മക്കൾക്ക് ഇതൊക്കെ ഇഷ്ടമാണോ?
രണ്ട് പെണ്മക്കളാണ് എനിക്ക്. മൂത്ത മകൾ ശ്രദ്ധയ്ക്ക് 20 വയസ്സുണ്ട്. ഇളയ മകൾ മാധവിക്ക് എട്ടും. അവർക്ക് വേണ്ടി നാട്ടിൽ നിന്ന് അച്ഛനും അമ്മയും വസ്ത്രങ്ങൾ സ്റ്റിച്ച് ചെയ്ത് കൊണ്ടുവരും. പട്ടുപാവാടയും ബ്ലൗസും ട്രഡീഷണൽ ആഭരണങ്ങളുമൊക്കെ അണിഞ്ഞ് അവർ ആഘോഷങ്ങളിൽ പങ്കെടുക്കാറുണ്ട്. അവർക്കും ഇതൊക്കെ ഇഷ്ടമാണ്.
23 വർഷമായി വിദേശത്തായിട്ടും മലയാളം നന്നായി സംസാരിക്കുന്നല്ലോ?
ഞാൻ ജനിച്ചു വളർന്നത് തിരുവനന്തപുരത്തായത് കൊണ്ട് ആ സംസാര ശൈലി എപ്പോഴും കൂടെയുണ്ട്. പക്ഷേ എന്റെ പഴയ ഫ്രണ്ട്സ് പറയുന്നത് ഇപ്പോൾ എന്റെ മലയാളത്തിന് ചെറിയ വ്യത്യാസം വന്നിട്ടുണ്ടെന്നാണ്. ഇംഗ്ലീഷ് ചായ്വ് വന്നിട്ടുണ്ടെന്ന് അവർ പറയാറുണ്ട്. 23 വർഷം ഇവിടെ ജീവിക്കുമ്പോൾ സ്വാഭാവികമായും മാറ്റം വരുമല്ലോ. വീട്ടിൽ ഞങ്ങൾ മലയാളം തന്നെയാണ് സംസാരിക്കുന്നത്. മക്കൾക്ക് മലയാളം നന്നായി മനസ്സിലാകും, പക്ഷേ അവരും സംസാരിക്കുമ്പോൾ ഓസ്‌ട്രേലിയൻ ആക്സന്റ് കയറി വരും. അവർ ജനിച്ചതും വളർന്നതും ഒക്കെ ഇവിടെയാണല്ലോ. എന്റെ മാതാപിതാക്കൾ എല്ലാ വർഷവും ഇവിടെ വന്ന് നിൽക്കാറുള്ളത് കൊണ്ട് മക്കൾക്ക് മലയാളവുമായുള്ള ബന്ധം വിട്ടുപോയിട്ടില്ല.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Deepa Nair reminisces about childhood Vishu Kaineettam experiences., The actress highlights the importance of preserving cultural traditions in Melbourne., Exclusive interview featured in the April 2026 issue of Grihalakshmi.
Published: 15 Apr 2026, 12:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented