ബ്രിട്ടീഷ് നടനും മോഡലുമാണ് ജേസൻ ഷാ. 2007-ൽ 'പാർട്ണർ' എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ഇന്ത്യൻസിനിമയിലേക്ക് കടക്കുന്നത്. വർഷങ്ങൾക്കുശേഷം കത്രീന കൈഫും ആദിത്യ റോയ് കപൂറും നായികാനായകൻമാരായ 'ഫിത്തൂർ' എന്ന സിനിമയിലും അഭിനയിച്ചു. അതിനിടെ ഹിന്ദി ബിഗ് ബോസിന്റെ 10-ാം സീസണിൽ വൈൽഡ് കാർഡ് എൻട്രിയായി അദ്ദേഹം പങ്കെടുത്തിരുന്നു. അന്ന് 'ബിഗ് ബോസി'ലെത്തിയപ്പോൾ, 'ഫിത്തൂർ' എന്ന സിനിമയുമായ ബന്ധപ്പെട്ടുള്ള ചില പരാമർശങ്ങളുടെ പേരിൽ ജേസൻ വിമർശിക്കപ്പെട്ടു.

To advertise here,

ബിഗ് ബോസിൽ സഹമത്സരാർഥികളുമായുള്ള സംഭാഷണത്തിനിടെ കത്രീന കൈഫ് തന്റെ കരിയർ നശിപ്പിച്ചുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. 'ഫിത്തൂരി'ൽ താൻ ശ്രദ്ധിക്കപ്പെടാതെ പോയത് കത്രീനയുടെ തെറ്റ് കാരണമാണെന്നാണ് അദ്ദേഹം പറഞ്ഞത്. കത്രീനയ്ക്ക് തന്റെ ഇൻട്രോ സീനുകൾ മാറ്റി ചിത്രീകരിക്കണമെന്ന് തോന്നി. അതുകൊണ്ടാണ് സിനിമയിലെ തന്റെ അതിഥിവേഷം വെട്ടിക്കുറയ്ക്കപ്പെട്ടതെന്നാണ് ജേസൻ അന്ന് തുറന്നടിച്ചത്. അതിനുശേഷം ഹിന്ദി, തമിഴ്, തെലുഗുഭാഷകളിലായി തഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ, കോൺജ്യുറിങ് കണ്ണപ്പൻ, സലാർ, മിഷൻ: ചാപ്റ്റർ വൺ, ജിഗ്ര എന്നീ സിനിമകളിലും അഭിനയിച്ചു. നടൻ വിജയ്‌യുടെ വിരമിക്കൽചിത്രമെന്ന പേരിൽ ചർച്ചയായ 'ജനനായകനി'ലും അദ്ദേഹം അഭിനയിക്കുന്നുണ്ട്. സഞ്ജയ് ലീലാ ബൻസാലിയുടെ 'ഹീരമാണ്ടി' എന്ന സീരീസിലും മികച്ച വേഷം ചെയ്തു.

ഇപ്പോഴിതാ ജേസൻ വീണ്ടും ചില തുറന്നുപറച്ചിലുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. ''ഇന്ത്യൻസിനിമയിൽ ഇനിയും ഒരുപാട് കാര്യങ്ങൾ എക്‌സ്‌പ്ലോർ ചെയ്യാനുണ്ടെന്ന് കരുതുന്നു. അവർ അങ്ങനെ ചെയ്യുമെന്നും എനിക്ക് തോന്നുന്നു. എല്ലാവരും എല്ലാവരെയും അനുകരിക്കാൻ തുടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ഇപ്പോൾ സിനിമകളിലേക്ക് അക്രമമേഖലകൾ കടന്നുവന്നതുപോലെയാണ്. അത് കുറച്ചുകാലമായി തുടരുന്നു. കെജിഎഫിലും ആർആർആറിലും തുടങ്ങി, ഇപ്പോൾ അത് അനിമലിലും പിന്നീട് ധുരന്ധറിലും. ഈ സിനിമകളെല്ലാം ഈ തലമുറയെക്കുറിച്ചും സംസാരിക്കുന്നു. അത് ഏറെ രക്തച്ചൊരിച്ചിലുകൾ നിറഞ്ഞതാണെന്ന് എനിക്ക് കാണാൻ കഴിയുന്നുണ്ട്. ഞാനും അതിന്റെ ഭാഗമാണ്''.

എന്നാൽ, ഓരോ കഥാപാത്രവും നന്നാക്കുകയെന്നത് സംവിധായകന്റെ മാത്രം ഉത്തരവാദിത്തമല്ല, അഭിനേതാക്കളുടെ കൂടിയാണെന്നും അദ്ദേഹം പറയുന്നു. ''ഇന്ത്യയിൽ, ഞാൻ ചെയ്ത എല്ലാ പ്രോജക്ടുകളിലും, 90 ശതമാനം അഭിനേതാക്കളും അരക്ഷിതാവസ്ഥയിലാണെന്ന് ഞാൻ പറയും. അതിന് സംവിധായകരെ ഞാൻ കുറ്റപ്പെടുത്തില്ല. ഞാൻ അഭിനേതാക്കളിലും ഉത്തരവാദിത്തത്തിന്റെ ഒരു ഭാഗം ചുമത്തും. അഭിനേതാക്കൾ സെറ്റിലേക്ക് വരുമ്പോൾ, 'ഞാൻ 100 ശതമാനം നീതി പുലർത്താൻ ആഗ്രഹിക്കുന്ന കഥാപാത്രം ഇതാണ്' എന്നാഗ്രഹിച്ച് വരുന്നവർ വളരെ കുറവാണ്'', ജേസൻ ആരോപിക്കുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi