ഒരുകാലത്ത് ഇന്ത്യൻ ഫാഷൻ ഇൻഡസ്ട്രിയിൽ തരംഗങ്ങൾ തീർത്ത മോഡലാണ് മിലിന്ദ് സോമൻ. വിദേശഛായയുള്ള യുവാവിനെത്തേടി അവസരങ്ങൾ ഏറെയെത്തി. അതിനിടെ അന്നത്തെ പങ്കാളിയായ മധു സാപ്രെയ്‌ക്കൊപ്പം ടഫ് ഷൂസിന്റെ പരസ്യത്തിൽ അഭിനയിച്ചതും വിവാദമായി. ഇരുവരും നഗ്നരായി ഷൂസ് മാത്രമിട്ടാണ് പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടത്. മോഡലിങ്ങിനുശേഷം സിനിമയിലേക്കും വെബ്‌സീരീസുകളിലേക്കും കടന്നു മിലിന്ദ്.

To advertise here,

60-ാം വയസ്സിലും മോഡലിന്റെ ശരീരഘടനയും ഫിറ്റ്‌നെസും കാത്തുസൂക്ഷിക്കുന്നുണ്ട് മിലിന്ദ്. നീന്തൽ, സൈക്ലിങ്, മാരത്തൺ എന്നിവയാണ് അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട കാര്യങ്ങൾ. അതാണ് തന്റെ മറ്റൊരു ഫിറ്റ്‌നെസ് രഹസ്യമെന്നാണ് അദ്ദേഹം പറയുന്നത്. 30 ദിവസം കൊണ്ട് 1500 കിലോമീറ്റർ ഓടിയതിന് ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിലിടം പിടിച്ചിട്ടുമുണ്ട് താരം.

എന്നും ജിമ്മിൽ പോയി വ്യായാമം ചെയ്യുന്നതിനോട് അദ്ദേഹത്തിന് താത്പര്യമില്ല. വർക്കൗട്ടിനായി ഒരിക്കലും ജിമ്മിൽ പോയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ''എല്ലാ ദിവസവും വ്യായാമം ചെയ്യുന്നുണ്ടെന്ന് ഞാൻ ഉറപ്പാക്കും. പക്ഷേ 10 മുതൽ 15 മിനിറ്റ് മാത്രമേ വ്യായാമം ചെയ്യുകയുള്ളൂ'', മിലിന്ദ് പറയുന്നു. ആഴ്ചയിൽ 70 കിലോമീറ്ററെങ്കിലും നടക്കും മിലിന്ദ്.

വീട്ടിലുണ്ടാക്കുന്ന നന്നായി വേവിച്ച ഭക്ഷണം മാത്രമേ കഴിക്കൂ. വെള്ളം, ഡ്രൈഫ്രൂട്ട്‌സ് എന്നിവ കഴിച്ചാണ് ഒരുദിവസം ആരംഭിക്കുന്നത്. ദാൽ-സബ്ജി, റോട്ടി, ചോറ് എന്ത് കഴിക്കുമ്പോഴും അതിനൊപ്പം ഒരു സ്പൂൺ നെയ്യും അകത്താക്കും. ''പ്രോസസ് ചെയ്ത ഭക്ഷണം പരമാവധി ഒഴിവാക്കും. സപ്ലിമെന്റുകളോ എക്‌സ്ട്രാ വൈറ്റമിനുകളോ കഴിക്കില്ല. സോഫ്റ്റ് ഡ്രിങ്‌സ് ഒന്നും കഴിക്കാറില്ല. മദ്യം വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം''.

താൻ ഡയറ്റെടുക്കാറില്ലെന്ന് മിലിന്ദ് പറയുന്നു. എന്നാൽ, ഇപ്പോൾ ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ചെയ്യാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ''16 മണിക്കൂർ ഉപവസിക്കും. 8 മണിക്കൂറിൽ മാത്രം ഭക്ഷണ കഴിക്കും. കഴിഞ്ഞ നാല് മാസമായി ഞാനിത് ചെയ്യുന്നു. ഇത് വളരെ നല്ലതാണ്. നിങ്ങൾ ഭക്ഷണം കഴിക്കാത്തതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയോ, ഊർജ്ജം നഷ്ടപ്പെടുകയോ, ക്ഷീണം അനുഭവപ്പെടുകയോ ചെയ്‌തേക്കാം. എന്നാൽ വാസ്തവത്തിൽ, നിങ്ങൾക്ക് കൂടുതൽ ഊർജ്ജം അനുഭവപ്പെടുന്നു'', മിലിന്ദ് പറയുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi