ഛത്തീസ്ഗഢിലെ ഒരു ഗ്രാമത്തിൽനിന്നുള്ള ഭൂമിക യാദവ്, ഫ്രാൻസിലെ 'ഷനേൽ' (Chanel) ബ്രാൻഡിനായി റാമ്പ് വാക്ക് ചെയ്യുമ്പോൾ, അതൊരു നിശ്ചയദാർഢ്യത്തിന്റെ കൂടി കഥയാണ്. ഒരു മോഡൽ മാനേജ്‌മെന്റ് കമ്പനി ഭൂമികയെ കണ്ടെത്തിയതോടെയാണ് ആ പെൺകുട്ടിയുടെ ജീവിതം തന്നെ മാറിമറിയുന്നത്. സമൂഹത്തിന്റെ കളിയാക്കലുകളും മറ്റും കേട്ടുവളർന്ന ആ പെൺകുട്ടി, ഇന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന മോഡലായി മാറിക്കഴിഞ്ഞു.

റായ്പൂരിലാണ് ഭൂമികയുടെ ജനനം. സിവിൽ സർവീസിലൊരു കരിയർ എന്നതായിരുന്നു ചെറുപ്പംമുതലേ ആ പെൺകുട്ടിയുടെ സ്വപ്‌നം. അതിന്റെ പുറകേയായിരുന്നു ചെറുപ്പംമുതലേ അവൾ. അതിന് കാരണമായത് ഗ്രാമത്തിലുള്ളവരുടെ കളിയാക്കലുകളും. ഇരുണ്ടനിറത്തിൽ, നല്ല നീളമുള്ള ആ പെൺകുട്ടിയെ പല പേരുകൾ വിളിച്ചാണ് അവർ കളിയാക്കിയിരുന്നത്. അതിനൊപ്പം പരിഹാസവും ബോഡി ഷെയ്മിങ്ങും. ആളുകൾ അവളെ വിളിച്ചിരുന്നത് 'കാലി' (കറുത്തവൾ) എന്നാണ്. പരിഹാസങ്ങൾക്കിടയിലും തന്റെ സ്വപ്‌നം കയ്യെത്തിപ്പിടിക്കാനുള്ള ശ്രമങ്ങളിലായിരുന്നു ഭൂമിക.

അതിനിടെയാണ് ജീവിതത്തിലെ വഴിത്തിരിവുണ്ടാകുന്നത്. ഒരുദിവസം റായ്പൂരിലെ തെരുവുകളിലൂടെ നടക്കുമ്പോഴാണ്, ഒരു മോഡൽ മാനേജ്‌മെന്റ് കമ്പനിയുടെ സ്ഥാപകയായ നിൻജ സിങ് ഭൂമികയെ കാണുന്നത്. ഒറ്റനോട്ടത്തിൽ തന്നെ ആ പെൺകുട്ടിക്ക് മോഡലാവാനുള്ള എല്ലാ കഴിവുമുണ്ടെന്ന് നിൻജ തിരിച്ചറിഞ്ഞു. അവിടുന്നാണ് ഭൂമികയുടെ യാത്ര തുടങ്ങുന്നതും.

പരിശീലനത്തിനുശേഷം വിവിധ ഏജൻസികൾക്കൊപ്പം പ്രവർത്തിക്കാൻ തുടങ്ങി ഭൂമിക. വെറും 19 വയസ്സുള്ളപ്പോഴാണ് പാരീസ് റൺവേയിൽ ആ പെൺകുട്ടി റാമ്പ് വാക്ക് നടത്തുന്നത്. അന്ന് ഷനേലിനുവേണ്ടിയായിരുന്നു റാമ്പിലെത്തിയത്. പിന്നീട് മൂന്നുതവണ ഷനേലിനുവേണ്ടി പ്രത്യക്ഷപ്പെട്ടു. അമേരിക്കൻ വോഗിന്റെ പേജുകളിലും ഈ ഇന്ത്യക്കാരിയെത്തി. ഷനേലിനുവേണ്ടി വരുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിയും ഭൂമിക തന്നെ. പ്രശസ്തമായ മോഡൽ ഏജൻസികൾക്കൊപ്പമാണ് ഇപ്പോൾ ഭൂമിക മോഡലിങ് ചെയ്യുന്നത്. ''ഒരാളുടെ ചർമത്തിന്റെ നിറം, അല്ലെങ്കിൽ അത്തരത്തിലുള്ള ഏതെങ്കിലും ഘടകങ്ങൾ ഇത്തരം വേദികളിൽ ഒരു മാനദണ്ഡമാകരുത്'', എന്നാണ് ഭൂമികയുടെ അഭിപ്രായം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi