2023-ല്‍ ഹൈദരാബാദിലെ ഡെലോയ്റ്റ് എന്ന ബഹുരാഷ്ട്ര കമ്പനിയില്‍ നിന്ന് ലീഗല്‍ കണ്‍സള്‍ട്ടന്റായ ബ്രഹ്‌മദത്തന്‍ രാജിവച്ചു. ചെങ്ങന്നൂരിലെ താഴമണ്‍മഠത്തിലെ, ശബരിമലയടക്കം ആയിരത്തോളം ക്ഷേത്രങ്ങളുടെ തന്ത്രിസ്ഥാനത്തുള്ള കണ്ഠര് രാജീവരുടെ മകന്‍. അങ്ങനെ കണ്ഠര് ബ്രഹ്‌മദത്തന്‍ എന്ന് മുപ്പത്തൊന്നുകാരന്‍ പൂര്‍ണസമയ തന്ത്രിപദവിയിലേക്ക് എത്തുകയായി. 

To advertise here,

സംസ്ഥാന കൃഷിവകുപ്പിലെ ജോലിയില്‍നിന്ന് ദീര്‍ഘകാല അവധിയെടുക്കുകയും പിന്നീട് വിരമിക്കുകയും ചെയ്ത രാജീവരുടെ താന്ത്രികചൈതന്യപാതയില്‍ ഇപ്പോള്‍ മകനും സജീവം. ഹൃദിസ്ഥമാക്കിയ താന്ത്രികകര്‍മങ്ങള്‍ ബ്രഹ്‌മദത്തന് ഉറച്ച പാഠങ്ങള്‍. ഏറ്റുമാനൂരും ശബരിമലയും അടക്കമുള്ള ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും ധ്വജപ്രതിഷ്ഠയും അടക്കമുള്ള ചടങ്ങുകളില്‍ പങ്കെടുത്തിട്ടുമുണ്ട്. ഈ നിറവിലാണ് ബ്രഹ്‌മദത്തന്‍ ചിങ്ങപ്പുലരിയില്‍ ശബരിമലയുടെ തന്ത്രിസ്ഥാനത്തേക്ക് എത്തിയത്. മുഴുവന്‍സമയ ചുമതലയില്ലെങ്കിലും കണ്ഠര് രാജീവരും മകനൊപ്പം ശബരിമലയിലുണ്ടാകും.
 
ആളൊരു വക്കീലാ

തിരുവല്ല ബിലീവേഴ്‌സ് റെസിഡെന്‍ഷ്യല്‍ സ്‌കൂളില്‍നിന്ന് പന്ത്രണ്ടാംക്ലാസ് കഴിയുമ്പോള്‍ തുടര്‍ന്ന് എന്തു പഠിക്കണമെന്ന കാര്യത്തില്‍ ബ്രഹ്‌മദത്തന് സംശയം ഉണ്ടായിരുന്നില്ല. ആഗ്രഹം അച്ഛനോടും അമ്മയോടും പറഞ്ഞു. അങ്ങനെ ബെംഗളൂരൂ ക്രൈസ്റ്റ് കോളേജില്‍ എല്‍.എല്‍.ബി.ക്ക് ചേര്‍ന്നു. 2016-ല്‍ ഒന്നാംക്ലാസോടെ ജയിച്ചശേഷം കുറച്ചുനാള്‍ കോട്ടയത്തെ അഭിഭാഷകനായിരുന്ന രാധാകൃഷ്ണന്‍നായരുടെ ജൂനിയറായി പ്രാക്ടീസ്‌ചെയ്തു. ഒരു അഭിഭാഷകന്‍ എങ്ങനെയായിരിക്കണമെന്നതിന് ബ്രഹ്‌മദത്തന്റെ മനസ്സിലെ മോഡലാണ് പരേതനായ രാധാകൃഷ്ണന്‍നായര്‍.

2017- ല്‍ ബെംഗളൂരുവിലെ അക്സഞ്ചര്‍ കമ്പനിയില്‍ ലീഗല്‍ കണ്‍സള്‍ട്ടന്റായി ജോലിയില്‍ കയറി. 2019-ല്‍ സ്‌കോട്ലന്‍ഡിലെ സ്ട്രാറ്റ് ക്ലൈഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എല്‍.എല്‍.എം. കോഴ്സും പൂര്‍ത്തിയാക്കി.
 
കോവിഡ് കാലത്തെ സ്‌കോട്ട്‌ലന്‍ഡ്

രണ്ടുവര്‍ഷത്തെ എല്‍.എല്‍.എം.പഠനം കോവിഡിന്റെ തീക്ഷ്ണഘട്ടത്തിലാണ് നടന്നത്. ഓണ്‍ലൈന്‍ ക്ലാസുകളായിരുന്നു ഏറെയും. ഹോസ്റ്റല്‍മുറിയുടെ ചുവരുകളില്‍ സ്‌കോട്ലന്‍ഡ്ജീവിതം തളയ്ക്കപ്പെട്ട ആ നാളുകളില്‍ അമ്മയ്ക്ക് ശിഷ്യപ്പെട്ട് പാചകവും പഠിച്ചു. ബ്രഹ്‌മദത്തന്‍ പറയുന്നു.

placeholder

എട്ടാംവയസ്സില്‍ ഉപനയനം കഴിഞ്ഞപ്പോള്‍തന്നെ താന്ത്രികപഠനവും ബ്രഹ്‌മദത്തന്‍ തുടങ്ങിയിരുന്നു. ഒറവങ്കര അച്യുതന്‍ നമ്പൂതിരിയില്‍നിന്ന് (ഇപ്പോഴത്തെ തൃശ്ശൂര്‍ തെക്കേമഠം മൂപ്പില്‍സ്വാമിയാര്‍) ആദ്യശിക്ഷണം. തുടര്‍ന്ന് അച്ഛന്‍ കണ്ഠര് രാജീവരില്‍നിന്ന്. തേവാരമൂര്‍ത്തിയായ ഗണപതിക്കും പറമ്പത്ത് രക്തേശ്വരിക്കും പൂജകള്‍ചെയ്ത് താന്ത്രികവഴിയില്‍ മുന്നേറി.
 
താഴമണ്‍ കുടുംബം

രാജീവരുടെ അച്ഛന്‍ കണ്ഠര് കൃഷ്ണര്, അദ്ദേഹത്തിന്റെ അച്ഛന്‍ കണ്ഠര് വാസുദേവര് എന്നിവരാണ് ബ്രഹ്‌മദത്തന്റെ പൂര്‍വ പിതാമഹന്‍മാര്‍. 
കേരളത്തിലെ ക്ഷേത്രങ്ങളുടെ താന്ത്രികസ്ഥാനം നല്‍കാന്‍ പരശുരാമന്‍ കൊണ്ടുവന്ന രണ്ട് ബ്രാഹ്‌മണശാഖകളിലുള്ള ഒരു കുടുംബമാണത്രേ താഴമണ്‍. തെക്കന്‍ഭാഗങ്ങളില്‍ താഴമണ്‍തന്ത്രിമാരും വടക്ക് തരണനല്ലൂര്‍ തന്ത്രിമാരുമാണ് അങ്ങനെയെത്തിയത്. വെള്ളത്തിനുമേല്‍ ഇലയിട്ട് കൃഷ്ണാ നദിയെ തരണംചെയ്ത് വന്നവരാണ് തരണനല്ലൂര്‍ തന്ത്രിമാരെന്നൊരു വിശ്വാസമുണ്ട്. നദിയെ തടഞ്ഞുനിര്‍ത്തി മണ്ണില്‍ ചവിട്ടി അക്കരെ കടന്നവരാണ് താഴമണ്‍ കുടുംബക്കാരെന്നും കരുതപ്പെടുന്നു.

ശബരിമലയൊരു പൂങ്കാവനം

പഠിച്ച പരിസ്ഥിതി പാഠങ്ങളും അറിഞ്ഞ നിയമങ്ങളുമായി സന്നിധാനത്തെ കാണുമ്പോള്‍ ബ്രഹ്‌മദത്തന് ശബരിമല തികഞ്ഞ കാനനക്ഷേത്രമാണെന്ന അഭിപ്രായമാണ്. ''നിയമങ്ങളും ചട്ടങ്ങളും ഒരുപരിധിവരെ ശബരീശസന്നിധിയുടെ കാനനശുദ്ധി നിലനിര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്. എന്നാലും ചില ചെറിയ വ്യതിയാനങ്ങള്‍ ഉണ്ടാവുന്നുണ്ട്.''കാനനക്ഷേത്രമാണ് ശബരിമല എന്ന് ഇടയ്ക്കിടെ ഭക്തരെ ഓര്‍മിപ്പിക്കുന്ന രാജീവരുടെ നിലപാട് തുടരാനാണ് മകന്റെ പദ്ധതി.

placeholder
പലതരം സംഗീതോപകരണങ്ങള്‍ വായിക്കാനുള്ള പ്രാഥമികമായ ജ്ഞാനം ബ്രഹ്‌മദത്തന്‍ കൈവശമാക്കിയിട്ടുണ്ട്. പക്ഷേ, അതെല്ലാം സ്വന്തം സന്തോഷത്തിനുമാത്രം. എല്ലാ കലകളോടും കായികയിനങ്ങളോടും ഇഷ്ടം. ഫുട്ബോളിനോട് ഇത്തിരി കമ്പം കൂടും. അര്‍ജന്റീനയും മെസ്സിയും ആ പട്ടികയില്‍ മുന്നിലുണ്ട്. ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും അക്കൗണ്ടില്ല. എന്നാല്‍ ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും ഓണ്‍ലൈന്‍വഴിയും മാധ്യമങ്ങള്‍ വഴിയും അറിയുന്നുമുണ്ട്.  സഹോദരി ആരതിയുടെ ഇരട്ടക്കുട്ടികളാണ് മൂന്നുവയസ്സുകാരായ അദ്രിതും അദ്രിസിതും. ഇവര്‍ക്കൊപ്പം ചേരുമ്പോള്‍ ബ്രഹ്‌മദത്തന്‍ അവരെ രസിപ്പിക്കുന്ന അമ്മാവനായി മാറും. കോഴിക്കോട് നന്‍മണ്ട തൊടുവയല്‍ ഇല്ലത്ത് രാകേഷ് നമ്പിയാണ് ആരതിയുടെ ഭര്‍ത്താവ്. ഫിലിപ്പീന്‍സില്‍ പൈലറ്റാണ് അദ്ദേഹം. എം.ടെക്. ബിരുദധാരിയാണ് ആരതി. മണ്ണാറശ്ശാല ഇല്ലത്തെ അദ്രിജ അന്തര്‍ജനവുമായി ബ്രഹ്‌മദത്തന്റെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. എല്‍.എല്‍.ബി. അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് അദ്രിജ.