ഋഷി സുനക്, കമല ഹാരിസ്.. ലോകരാജ്യങ്ങളുടെ തലപ്പത്തേക്കും ഉന്നതസ്ഥാനങ്ങളിലേക്കും ഇന്ത്യന്‍ വംശജരെത്തുന്നത് രാജ്യത്തിന് എന്നും അഭിമാനമാണ്. ബ്രിട്ടിഷ് പ്രധാനമന്ത്രിയായി ഋഷി സുനക് എത്തിയതും അമേരിക്കന്‍ വൈസ് പ്രസിഡന്റായി കമല ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടതുമെല്ലാം അത്തരം നിമിഷങ്ങളായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടെങ്കിലും ഇക്കാലമത്രയും കമല ഹാരിസ് കൈവരിച്ച നേട്ടങ്ങള്‍ വലുതു തന്നെയാണ്. 

കാനഡയിലും ഒരു ഇന്ത്യന്‍ വംശജ രാജ്യഭരണമേറ്റെടുക്കാന്‍ സാധ്യത തെളിഞ്ഞുവരുന്നു. ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചതോടെ പുതിയ പ്രധാനമന്ത്രിയെത്തേടുകയാണ് കാനഡ. ഇന്ത്യന്‍ വംശജയും ട്രൂഡോയുടെ മന്ത്രിസഭയിലെ ഗതാഗതമന്ത്രിയുമായ അനിത ആനന്ദ് അടക്കമുള്ളവരെ സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്നാണ് വിവരം. ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി ആരെയാവും തിരഞ്ഞെടുക്കുക എന്നത് കാത്തിരുന്നു കാണണം. 

ഇന്ത്യക്കാരായ ഡോക്ടര്‍മാരായിരുന്നു അനിതയുടെ അച്ഛനമ്മമാര്‍. അച്ഛന്‍ ചെന്നൈ സ്വദേശി എസ്.വി. ആനന്ദ്, അമ്മ പഞ്ചാബിയായ സരോജ് ഡി. റാം. തമിഴ്-പഞ്ചാബി സംസ്‌കാരങ്ങളില്‍ ജീവിച്ചതില്‍ തനിക്കേറെ അഭിമാനമുണ്ടെന്ന് അനിത തുറന്നുപറഞ്ഞിട്ടുണ്ട്. മുത്തശ്ശന്‍ വി.എ. സുന്ദരം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. 

നോവ സ്‌കോട്ടിയയിലെ കെന്റ്‌വില്ലയിലാണ് അനിതയുടെ ജനനം. അഭിഭാഷകയായിട്ടാണ് പ്രൊഫഷണല്‍ ജീവിതം തുടങ്ങുന്നത്. രാഷ്ട്രീയത്തില്‍ പ്രവേശിക്കും മുമ്പ് ടൊറൊന്റോ സര്‍വകലാശാലയില്‍ പ്രൊഫസറായിരുന്നു. കരിയറിലുടനീളം വലിയ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുള്ള വ്യക്തിയാണ് 58-കാരിയായ അനിത ആനന്ദ്. ഓക്‌വില്ലയില്‍ നിന്ന് 2019-ലാണ് ആദ്യമായി പാര്‍ലമെന്റിലെത്തുന്നത്. 2019 മുതല്‍ 21 വരെ പബ്ലിക് സര്‍വീസ് വിഭാഗം മന്ത്രിയായി. ട്രഷറി ബോര്‍ഡിന്റെ പ്രസിഡന്റായും പ്രതിരോധമന്ത്രിയായും പ്രവര്‍ത്തിച്ചു. കാനഡയുടെ ആദ്യത്തെ വനിതാ പ്രതിരോധമന്ത്രിയാണ് അവര്‍.

പ്രതിരോധ മന്ത്രിയായിരിക്കെ, സൈന്യത്തിനുള്ളിലെ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരേ അനിത പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നത് വലിയ കൈയടി നേടിയിരുന്നു. സൈന്യത്തില്‍ ലൈംഗികാതിക്രമത്തിന് ഇരയായവര്‍ക്ക് വേണ്ടി വാദിച്ചതിന് 2023-ല്‍ വിന്നിപെഗിലെ മഹാത്മാഗാന്ധി സെന്റര്‍, അനിതയ്ക്ക് ഗാന്ധി പീസ് അവാര്‍ഡ് നല്‍കി.

ഓക്‌സ്ഫഡ്, ഡല്‍ഹൗസി സര്‍വകലാശാലകളില്‍ നിന്ന് നിയമബിരുദം, ക്വീന്‍സ് സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബി.എ., ടൊറന്റോ സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ മാസ്‌റ്റേഴ്‌സ് എന്നിവ നേടിയിട്ടുണ്ട്. പഠനകാലത്താണ് ഭര്‍ത്താവ് ജോണിനെ പരിചയപ്പെടുന്നത്. 1995-ല്‍ വിവാഹിതരായ ദമ്പതിമാര്‍ക്ക് നാലു മക്കളുണ്ട്. 

അയര്‍ലാന്‍ഡിലെ മെഡിക്കല്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് അനിതയുടെ അച്ഛന്‍ ആനന്ദ് അമ്മ സരോജിനെ കണ്ടുമുട്ടുന്നത്. ഡോക്ടറായിരുന്നു ആനന്ദ് അന്ന്. പിന്നീടവര്‍ ഇംഗ്ലണ്ടില്‍ വിവാഹിതരായി, ഇന്ത്യയിലും നൈജീരിയയിലും താമസിച്ചു, ശേഷമാണ് കുടുംബം വടക്കേ അമേരിക്കയിലേക്ക് കുടിയേറാന്‍ തീരുമാനിച്ചത്. യുഎസില്‍ താമസിക്കാനായിരുന്നു ആദ്യ ആലോചനയെങ്കിലും പിന്നീട് കാനഡ തിരഞ്ഞെടുത്തു. 

കാനഡയിലെ ഐക്യരാഷ്ട്ര സംഘടനയുടെ 2022 ലെ ഗ്ലോബല്‍ സിറ്റിസണ്‍ അവാര്‍ഡ് അനിതയ്ക്കു ലഭിച്ചിരുന്നു.