സല്‍മാന്‍ ഖാന്റെയും മാധുരി ദീക്ഷിത്തിന്റെയും സൂപ്പര്‍ഹിറ്റ് സിനിമകളിലൊന്നാണ് 'ഹം ആപ്‌കെ ഹെ കോന്‍'. ആറുകോടിക്ക് നിര്‍മിച്ച സിനിമ വിദേശത്തുനിന്ന് അടക്കം വാരിക്കൂട്ടിയത് 125 കോടി രൂപ. ഇന്ത്യന്‍സിനിമയിലെ തന്നെ വഴിത്തിരിവായി മാറിയ ചിത്രം. ആ സിനിമയിലെ പാട്ടുകളില്ലാതെ അക്കാലത്ത് ഒരു കല്യാണവും പൂര്‍ണമാവില്ലെന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെത്തി. 

സിനിമയില്‍ മാധുരി ധരിച്ച വസ്ത്രങ്ങള്‍ക്കും ആരാധകരേറെയുണ്ടായി. പ്രത്യേകിച്ച് പാട്ടുസീനുകളില്‍ ധരിച്ച സാരികളും ഗൗണുകളും ലെഹങ്കയും ഫാഷനിസ്റ്റകളുടെ മനംകവര്‍ന്നു. 'ദീദി തേരാ ദേവര്‍' എന്ന പാട്ടില്‍ ധരിച്ച പര്‍പ്പിള്‍ നിറത്തിലുള്ള സാരിയും ബാക്ക്‌ലെസ് ബ്ലൗസും ഇന്നും ആരും മറന്നിട്ടില്ല. സിനിമ പുറത്തിറങ്ങിയതോടെ ഇതേ സാരിയും ബ്ലൗസും അന്വേഷിച്ച് കടകളിലെത്തുന്നവരുടെ എണ്ണവും കൂടി. ആയിരക്കണക്കിന് സാരികളാണ് അന്ന് നിര്‍മിക്കപ്പെട്ടതും വിറ്റഴിക്കപ്പെട്ടതും. ഇന്ത്യന്‍ വിവാഹങ്ങളില്‍ ഈ പര്‍പ്പിള്‍ സാരി എന്ന ട്രെന്‍ഡുണ്ടായതും ഈ സിനിമയ്ക്കുശേഷം തന്നെ. 

ഈ സാരി ആളുകള്‍ ഏറ്റെടുത്തതോടെ, അണിയറപ്രവര്‍ത്തകര്‍ രണ്ടാമത് പുറത്തുവിട്ട സിനിമാ പോസ്റ്ററുകളില്‍ പര്‍പ്പിള്‍ സാരി ധരിച്ച മാധുരിയുടെ ചിത്രമായി.

അന്ന സിങ് ഡിസൈന്‍ ചെയ്ത ആ സാറ്റിന്‍ സാരിക്ക് 15 ലക്ഷം രൂപയായിരുന്നു ചെലവ്. ഹെവി വര്‍ക്കാണതിന്റെ പ്രത്യേകത. ആ സിനിമയിലെ ഏറ്റവും വിലകൂടിയ വസ്ത്രവും അതുതന്നെ.

'ഹം ആപ്‌കെ ഹെ കോന്‍' എന്ന ഈ സിനിമയിലെ പാട്ടുസീനുകളിലാണ് അന സിങ് തന്റെ കഴിവ് ഏറെയും പുറത്തെടുത്തത്. പര്‍പ്പിള്‍ സാരിക്കൊപ്പം റെഡ് ലേസുള്ള ഫുള്‍ ഡ്രസ്സും പച്ച ലെഹങ്കയും ശ്രദ്ധപിടിച്ചുപറ്റി.