ജീവിതത്തില്‍ എപ്പോഴെങ്കിലും തങ്ങള്‍ക്ക് നഷ്ടപ്പെട്ട അവസരങ്ങളെക്കുറിച്ചോ, ബന്ധങ്ങളെക്കുറിച്ചോ ഓര്‍ത്ത് വിഷമിക്കാത്ത മനുഷ്യരില്ല. നമ്മള്‍ പ്രതീക്ഷിച്ചതുപോലെ സംഭവിക്കാത്ത കാര്യങ്ങളും, പാളിപ്പോയ തീരുമാനങ്ങളും നിരവധിയുണ്ടാകാം. ഓരോ വ്യക്തികളും വ്യത്യസ്തമായ രീതിയിലാണ് ഇത്തരം അനുഭവങ്ങളെ സമീപിക്കുന്നത്. “ജീവിതത്തില്‍ എന്തെങ്കിലും തീരുമാനങ്ങളെക്കുറിച്ചോര്‍ത്ത് ഖേദിക്കുന്നുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഇല്ലെന്നാണ് എന്റെ മറുപടി” നടി ആലിയ ഭട്ട് ഇ-ടൈംസുമായുള്ള അഭിമുഖത്തില്‍ പറയുകയുണ്ടായി.

“ഇതുവരെയുളള ജീവിതത്തില്‍ ഞാന്‍ ഒന്നും മാറ്റാന്‍ ആഗ്രഹിക്കുന്നില്ല. കാരണം കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി ഞാന്‍ എടുത്ത എല്ലാ തീരുമാനങ്ങളുടെയും ഫലമാണ് ഇന്നു നിങ്ങള്‍ കാണുന്ന എന്റെ ജീവിതം. എനിക്ക് ഇപ്പോള്‍ 29 വയസ്സായി. എനിക്ക് ലഭിച്ച എല്ലാ അവസരങ്ങളോടും ഞാന്‍ വളരെ നന്ദിയുള്ളവളാണ്. ഇവിടെ വരെ എത്താൻ ഞാൻ കഠിനാധ്വാനം ചെയ്തിട്ടുണ്ട്.

ഏത് മേഖലയിലും ശോഭിക്കാന്‍ കഠിനാധ്വാനം അനിവാര്യമാണ്. എന്റെ വിയര്‍പ്പും കണ്ണീരും, ഉറക്കമില്ലാത്ത രാത്രികളും ഒന്നും ഇല്ലാതെ ഇതൊന്നും നേടാനാകുമായിരുന്നില്ലെന്ന് എനിക്ക് ഉറപ്പാണ്. പക്ഷേ ജീവിതത്തില്‍ ഞാനെടുത്ത തീരുമാനങ്ങള്‍ ഓര്‍ത്ത് ഞാന്‍ ഖേദിക്കാറില്ല.” എന്നും താരം പറഞ്ഞു.

ബോളിവുഡിന്റെ താര സുന്ദരിമാരിൽ മാറ്റി നിർത്താനാകാത്ത താരമാണ് ആലിയ ഭട്ട്. ആക്ഷന്‍ ത്രില്ലറായ ‘ആല്‍ഫയാണ് ‘ ആലിയയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. സഞ്ജയ് ലീലാ ബന്‍സാലിയുടെ ‘ലവ് ആന്‍ഡ് വാര്‍ ‘ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് താരം. ഈ വര്‍ഷത്തെ മികച്ച നടിക്കുളള ഫിലി ഫെയര്‍ അവാര്‍ഡ് ആലിയക്കായിരുന്നു. ആറാം തവണയാണ് അവർ മികച്ച നടിക്കുളള ഫിലി ഫെയര്‍ അവാര്‍ഡ് നേടുന്നത്. ഇതിന് മുമ്പ് ‘ഉഡ്താ പഞ്ചാബ്’, ‘റാസി’, ‘ഗള്ളി ബോയ്’, ‘ഗംഗുഭായ് കാത്തിയവാഡി’, ‘റോക്കി ഓര്‍ റാണി കി പ്രേം കഹാനി’ എന്നീ ചിത്രങ്ങള്‍ക്കും അവാര്‍ഡ് നേടിയിട്ടുണ്ട്. താരത്തിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ വിജയമാണ് ഇത്.

ബോളിവുഡിൽ നിന്ന് ഹോളിവുഡിലേക്കും അവിടെ നിന്ന് ആഗോള ലക്ഷ്വറി ബ്രാൻഡിന്റെ അംബസഡർ വരെയാകാൻ സാധിച്ചതും താരപുത്രി എന്നതിനപ്പുറം ആലിയയുടെ കഠിന പ്രയത്നം ഒന്നുകൊണ്ടുമാത്രമാണ്. 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi