വെയിലാറുന്നു, 'കേദാര'ത്തിനുമുന്നിൽ നിർത്തിയ കാറിൽനിന്നിറങ്ങുന്ന കൽക്കിയെ കാത്ത് അക്ഷമയായി നിൽക്കുന്ന മാംഗോ. മാംഗോയെ കണ്ടപ്പോൾ ആ കുഞ്ഞു മുഖത്ത് വിരിഞ്ഞ ചിരി ക്യാമറാ ലൈറ്റുകൾ കണ്ടതോടെ അമ്പരപ്പായിമാറി. അപരിചിതരായ അതിഥികളെ പാളി നോക്കി, കൽക്കി ഡാഡയോട് അമ്മയെ തിരക്കി. അകത്തെ മുറിയിൽ അമ്മ അഭിരാമിയെ കണ്ടതും ഓടിച്ചെന്ന് മടിയിലിരുന്നു. അമ്മയോട് പതിഞ്ഞ സ്വരത്തിൽ അവൾ സ്‌കൂൾ വിശേഷങ്ങൾ പറയാൻ തുടങ്ങി. അഭിരാമി സ്നേഹത്തോടെ കേട്ടിരുന്നു. അല്പനേരത്തിനുശേഷം അമ്മയുടെ മടിയിൽ നിന്ന് അവൾ ഡാഡയ്ക്കരികിലേക്ക് ഓടി.
''മോൾക്ക് നാല് വയസ്സായി. സ്‌കൂൾവിട്ടുവന്നാൽ കുറച്ചുനേരം ഞങ്ങൾ വിശേഷം പങ്കിടും. രാഹുലും കൽക്കിയും ഞങ്ങളുടെ നായക്കുട്ടി മാംഗോയും ചേർന്നതാണ് എന്റെ ലോകം...'' അഭിരാമി പറഞ്ഞുതുടങ്ങി.
ജീവിതം പുതിയ വഴിത്തിരിവിലേക്ക് കടന്നുവോ?
സന്തോഷമുണ്ട്, സമാധാനവും. സിനിമയിൽ അവസരങ്ങൾ ലഭിക്കുന്നുണ്ട്. മലയാളത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിച്ചു. പ്രകാശ് വർമ്മയ്ക്കൊപ്പം. ഒരു കുടുംബചിത്രമാണ്. 'ഗരുഡനു'ശേഷം ലഭിച്ച അവസരമാണത്. തമിഴിലും തെലുഗുവിലും ധാരാളം പ്രോജക്ടുകൾ വരുന്നുണ്ട്.
സിനിമയ്ക്കുവേണ്ടിയാണോ ഈ മേക്കോവർ?
സിനിമയ്ക്കുവേണ്ടി മാത്രമല്ല, ആരോഗ്യത്തിലും കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. കഴിഞ്ഞവർഷം നടുവേദന വന്നപ്പോൾ ഫിസിയോതെറാപ്പിസ്റ്റിനെയും ന്യൂട്രീഷനിസ്റ്റിനെയും കണ്ടിരുന്നു. അവരുടെ നിർദേശപ്രകാരം ശരീരഭാരം നിയന്ത്രിച്ചു. തുടർച്ചയായി വ്യായാമം ചെയ്തു. ഒരു വർഷംകൊണ്ട് വന്ന മാറ്റമാണ്. സോഷ്യൽമീഡിയയിൽ ആക്ടീവല്ലാത്തതുകൊണ്ട് ഫിലിം ഫെയർ വേദിയിൽ വന്നപ്പോഴാണ് ഈ രൂപമാറ്റം പലരും ശ്രദ്ധിച്ചത്.
സിനിമയുടെ ഇടവേളകൾ സമ്മാനിച്ച മാറ്റങ്ങൾ?
ഓരോ കാലത്തും ഓരോ തരം മാറ്റങ്ങൾ. പത്താംക്ലാസിനുശേഷം ഒട്ടും പരിചിതമല്ലാത്ത മാധ്യമ മേഖലയിൽ ചുവടുവച്ചു. അവതാരകയായി, തുടർന്ന് സിനിമയിലെത്തി. പിന്നീട് അതും ഉപേക്ഷിച്ച് വഴിമാറി. അതിനുശേഷം കളിക്കൂട്ടുകാരനുമായുള്ള വിവാഹം. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ആളായിരുന്നു രാഹുൽ. കുറേ വർഷം ഞങ്ങൾ യുഎസ്സിലായിരുന്നു. പിന്നീട് അവിടുത്തെ വീട് വിറ്റ്, ജോലിയും കളഞ്ഞ്, ഇവിടെ ബെംഗളൂരുവിൽ താമസമായി. അതും കോവിഡ് കാലത്ത്. പിന്നെ മകൾ കൽക്കിയെ ജീവിതത്തിലേക്ക് ഒപ്പം കൂട്ടാനുള്ള തീരുമാനമെടുത്തു. ഇതൊന്നും വളരെ എളുപ്പത്തിൽ നടന്ന കാര്യങ്ങളല്ല. ഒരുപാട് നിർണായക നിമിഷങ്ങളിലൂടെയാണ് ജീവിതം കടന്നുപോയത്.
ഒരു സ്ത്രീ എന്ന നിലയിൽ ഈ തീരുമാനങ്ങൾ നടപ്പിലാക്കുക എളുപ്പമായിരുന്നോ?
കുടുംബത്തിന്റെ പിന്തുണയും വളർന്ന പശ്ചാത്തലവുമാണ് ഇങ്ങനെയുള്ള തീരുമാനങ്ങൾ എടുക്കാൻ എന്നെ പ്രാപ്തയാക്കിയത്. അച്ഛനും അമ്മയും എന്നെ വളർത്തിയത് നീ പെൺകൊച്ചാണ്, ഇത് ചെയ്യരുത്, അത് ചെയ്യരുത് എന്ന നിയന്ത്രണങ്ങളോടെയല്ല. ഇത് എന്റെ ജീവിതമാണ്, തീരുമാനങ്ങളെടുക്കാൻ എനിക്ക് സ്വാതന്ത്ര്യമുണ്ട് എന്നൊക്കെ കരുതിയെടുത്ത തീരുമാനങ്ങളുമല്ല ഒന്നും. എന്റെ ആവശ്യങ്ങൾ എന്താണോ, അതിനുതകുന്ന പ്രായോഗികമായ നിലപാടുകളേ ഞാൻ സ്വീകരിച്ചിട്ടുള്ളൂ.
തെന്നിന്ത്യൻ സിനിമയിൽ 30 വർഷം പൂർത്തിയായി. മലയാളത്തിൽ മാത്രമാണ് സെലക്ടീവാകുന്നതെന്ന് തോന്നുന്നു…
തിരഞ്ഞെടുപ്പുകൾ മാറിമാറിവരും. മുമ്പ് അങ്ങനെയൊരു ഓപ്ഷൻ ഉണ്ടായിരുന്നില്ല. 1995-ൽ അടൂർ സാറിന്റെ 'കഥാപുരുഷൻ' എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചായിരുന്നു തുടക്കം. ഇടവേളകളും തിരിച്ചുവരവുകളും ഒരുപാടുണ്ടായി. സിനിമയിൽ എന്റെ ആദ്യത്തെ ഇന്നിങ്സ് 16 മുതൽ 21 വയസ്സുവരെയായിരുന്നു. രണ്ടാം ഇന്നിങ്സ് മുപ്പതുകളിലും. ഇപ്പോൾ പത്ത് പന്ത്രണ്ട് വർഷമായി സിനിമയിൽ സജീവമാണ്. എല്ലാത്തിനും യെസ് പറയുന്നതുമാറി. കൂടുതൽ 'നോ'കൾ പറയാൻ ഇപ്പോൾ അറിയാം. കാരണം എന്റെ സമയം വളരെ വിലപ്പെട്ടതാണ്. ഉത്തരവാദിത്വങ്ങളും കൂടുതലാണ്. വ്യക്തിജീവിതവും സിനിമയും ഒരുപോലെ ബാലൻസ് ചെയ്യാനാണ് ശ്രമിക്കുന്നത്. എന്റെ മുതൽമുടക്കിന് ലാഭം കിട്ടുന്ന രീതിയിലുള്ള പ്രൊജക്ടുകൾക്ക് ഞാൻ യെസ് പറയും. മൂന്നു നാല് പടം കൈയിൽനിന്ന് പോയാലും കുഴപ്പമില്ല. നല്ല വേഷങ്ങൾക്കുള്ള കാത്തിരിപ്പ് ഇനിയും തുടരും.
കരിയറിന്റെ തുടക്കത്തിൽ ആഗ്രഹിച്ചത് വർഷങ്ങൾക്കുശേഷം യാഥാർഥ്യമായപ്പോൾ എന്തുതോന്നി?
മണിരത്നം സാറിന്റെ സിനിമ, അത് ഏതൊരു അഭിനേതാവിന്റെയും സ്വപ്നമാണ്. 'തഗ്ഗ് ലൈഫി'ലൂടെ അത് സാധ്യമായി. ആഗ്രഹങ്ങൾ അവസാനിക്കുന്നില്ലല്ലോ. പുതിയ കാലത്തെ സംവിധായകരുടെ സിനിമകൾ ചെയ്യണം. തരുൺ മൂർത്തി, ബേസിൽ ജോസഫ്, ജിയോ ബേബി, ജിസ് ജോയ്, അഞ്ജലി...തുടങ്ങി നന്നായി കഥ പറയുന്നവർ ഒരുപാടുണ്ട്. അവർക്കൊപ്പം പ്രവർത്തിക്കണം. പക്ഷേ, മലയാളത്തിൽ സ്ത്രീകൾക്കുവേണ്ടി തിരക്കഥ എഴുതുന്നവർ കുറവാണ്. അതിൽ വിഷമമുണ്ട്.
തെന്നിന്ത്യൻ നായികാനിരയിലേക്ക് നയിച്ച 'വിരുമാണ്ടി'യിലെ അന്നലക്ഷ്മി എന്ന കഥാപാത്രത്തെപ്പറ്റി…
ആ കഥാപാത്രത്തിന് ഇത്രയധികം സ്വീകാര്യത ലഭിക്കുമെന്ന് സ്വപ്നത്തിൽപോലും കരുതിയതല്ല. 22 വർഷത്തിനുശേഷവും ആ കഥാപാത്രത്തെ ആളുകൾ ഓർക്കുന്നു. സന്തോഷവും നന്ദിയുമുണ്ട്. എന്നിരുന്നാലും അതിനൊരു മറുവശം കൂടിയുണ്ട്. വരുംനാളുകളിലും താരതമ്യം അതിലേക്കുതന്നെ പോകും. അന്നലക്ഷ്മിയെ കടത്തിവെട്ടുന്ന വേഷങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം.
മലയാളത്തിൽ ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തത് സുരേഷ്ഗോപിക്കൊപ്പമാണല്ലോ…
മലയാളത്തിലും തമിഴിലും സുരേഷേട്ടനൊപ്പം അഭിനയിച്ചിട്ടുണ്ട്. കരുതലുള്ള വ്യക്തിയാണ് അദ്ദേഹം. എന്റെ കരിയറിലെ നിർണായക ഘട്ടങ്ങളിലെല്ലാം സുരേഷേട്ടനാണ് സഹായിച്ചിട്ടുള്ളത്. 'പത്രം' എന്ന സിനിമയിൽ എന്നെ കാസ്റ്റ് ചെയ്യാൻ കാരണംതന്നെ അദ്ദേഹമാണ്. അന്ന് ടിവി ഷോ ചെയ്യുകയായിരുന്നു ഞാൻ. അതുകണ്ടാണ് അദ്ദേഹം ജോഷി സാറിനോട് ഈ കുട്ടിയെ കാസ്റ്റ് ചെയ്താലോ എന്ന് ചോദിക്കുന്നത്. അന്നുതൊട്ട് അദ്ദേഹത്തിന്റെ കുടുംബവുമായി നല്ല അടുപ്പത്തിലാണ്.
ഗായികയാണ്, ഡബ്ബിങ് ആർട്ടിസ്റ്റും. ആ മേഖലകളിൽ സജീവമാകാത്തത് എന്തുകൊണ്ടാണ്?
സംഗീതം എന്റെ കൂടെ എപ്പോഴുമുണ്ട്. ചെറുപ്പത്തിൽ പാടുമായിരുന്നു. ശാസ്ത്രീയമായി പഠിച്ചിട്ടുമുണ്ട്. പിന്നെ ഇടവേള വന്നെങ്കിലും ഇപ്പോൾ വീണ്ടും പാടിത്തുടങ്ങി. ഡബ്ബ് ചെയ്യുമെന്ന കാര്യം പലർക്കും അറിയില്ല. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഡബ്ബ് ചെയ്യുന്നത്. ശ്യാമപ്രസാദ് സാറിന്റെ ടെലിഫിലിമിന് വേണ്ടിയായിരുന്നു. അഭിനയിക്കാനാണ് വിളിച്ചത്. പക്ഷേ, പനി കാരണം എനിക്കു പകരം മറ്റൊരു കുട്ടിയെ എടുത്തു. എന്നാൽ ആ കുട്ടിക്ക് ശബ്ദം നൽകിയത് ഞാനായിരുന്നു. 'ഞങ്ങൾ സന്തുഷ്ടരാണ്' എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ഞാൻ തന്നെ ഡബ്ബ് ചെയ്തോട്ടെ എന്ന് രാജസേനൻ സാറിനോട് ചോദിച്ചു. ഒരു നായികയ്ക്ക് കൊച്ചുകുട്ടിയുടെ ശബ്ദം ചേരില്ലെന്നുപറഞ്ഞ് അത് വേണ്ടെന്നുവച്ചു. അതെനിക്ക് വിഷമമായി, കരച്ചിലായി. അവസാനം ആ സിനിമയിൽ തന്നെ സീന ആന്റണിക്കുവേണ്ടി ഡബ്ബ് ചെയ്യാൻ അദ്ദേഹം എനിക്ക് അവസരം തന്നു.
പലപ്പോഴും നമ്മുടെ പ്രകടനത്തിന്റെ ഗ്രാഫ് മുകളിലേക്ക് ഉയർത്തുന്നത് ഡബ്ബിങ് ആർട്ടിസ്റ്റുകളാണ്. ഡബ്ബിങ് എന്ന ജോലിയോട് ബഹുമാനമാണ്. 'വിശ്വരൂപം' സിനിമയുടെ ഒന്ന്, രണ്ട് ഭാഗങ്ങളിലും 'ഉത്തമവില്ല'നിലും ഡബ്ബ് ചെയ്തിട്ടുണ്ട്. പൊതുവെ ഭാഷകളോട് എനിക്ക് വലിയ ഇഷ്ടമാണ്. അഞ്ച് വയസ്സാകുന്നതിനു മുമ്പ് തന്നെ നാല് ഭാഷകൾ സംസാരിക്കാൻ പഠിച്ചിരുന്നു.

അമ്മ പുഷ്പയെ പോലെയാണോ കൽക്കിയുടെ അമ്മയും?
ഞങ്ങളുടെ ജീവിതത്തിലേക്ക് കൽക്കി വന്നിട്ട് നാല് വർഷമേ ആയിട്ടുള്ളൂ. എന്റെ അമ്മ പുഷ്പയെപ്പോലൊരു അമ്മയല്ല ഞാൻ. എന്നാൽ അമ്മയിൽനിന്ന് ഒരുപാട് കാര്യങ്ങൾ ഞാൻ പഠിച്ചിട്ടുണ്ട്. മറ്റേത് ജോലിയിലും തെറ്റുകൾ വന്നാൽ തിരുത്താനാകും. എന്നാൽ പേരന്റിങ്ങിൽ കുഴപ്പം വന്നാൽ അത് കുഞ്ഞിനെ ബാധിക്കും, മാനസികമായി നമ്മളെയും. എന്നാൽ അതിലേറെ മനോഹരമായ, സന്തോഷം തരുന്ന മറ്റൊരു സംഭവവുമില്ല.
മകൾക്കൊപ്പം ലളിതമായ ജീവിതം മതിയെന്ന് ഞാനും രാഹുലും നേരത്തേ തീരുമാനിച്ചതാണ്. മകളിൽ എന്തെല്ലാം മൂല്യങ്ങൾ വളർത്തണം എന്നതിനെക്കുറിച്ചാണ് ഞങ്ങൾ കൂടുതലായി സംസാരിച്ചത്. അവളുടെ മാനസിക ആരോഗ്യത്തിനാണ് മുൻതൂക്കം നൽകുന്നത്. കരുണയും ആത്മവിശ്വാസവുമുള്ളവളായി അവളെ വളർത്തുക. 'യെസ്സി'നും 'നോ'യ്ക്കും വിലയുണ്ടെന്ന് മനസ്സിലാക്കി വളരണം. സന്തോഷവും ആഗ്രഹങ്ങളും താത്പര്യങ്ങളും മനസ്സിലാക്കി മുന്നോട്ടുപോകാൻ എല്ലാ പിന്തുണയും ഞങ്ങൾ അവൾക്ക് നൽകും. പേരന്റിങ് അമ്മയുടെ മാത്രം പണിയല്ലല്ലോ. അച്ഛനമ്മമാരും സുഹൃത്തുക്കളും ചുറ്റുപാടും സ്‌കൂളും എല്ലാവരും കുട്ടികളെ സ്വാധീനിക്കും.
അമ്മയായശേഷം വ്യക്തിജീവിതത്തിലുണ്ടായ മാറ്റങ്ങൾ?
മാതൃത്വത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോഴാണ് ഇത്രയും ഭംഗിയായി കാര്യങ്ങൾ ചെയ്യാനാകുമെന്ന് തിരിച്ചറിയുന്നത്. ആദ്യത്തെ ഒരു വർഷം രാത്രിയിലെ ഉറക്കമില്ലായ്മയും കുഞ്ഞിന് അസുഖമോ അസ്വസ്ഥതയോ വന്നാൽ എന്തുചെയ്യും എന്നൊക്കെയുള്ള ആധികളുമായിരുന്നു. അതിനൊന്നും നമ്മുടെ കൈയിൽ മാർഗനിർദേശ പുസ്തകമില്ലല്ലോ. പതിയെ എല്ലാം പഠിക്കും. അവരുടെ സന്തോഷത്തിനും സമാധാനത്തിനുമാകും മുൻഗണന നൽകുക. പിന്നീട് സംഭവിക്കുന്ന പ്രായോഗികമായ സാഹചര്യങ്ങൾ നമ്മൾ അഭിമുഖീകരിച്ചേ പറ്റൂ.
അമ്മ എന്ന് കൽക്കി ആദ്യമായി വിളിച്ച നിമിഷത്തെപ്പറ്റി?
വെരി സ്പെഷ്യൽ. മമ്മ, ഡാഡ എന്നാണ് ഞങ്ങളെ അവൾ വിളിക്കുന്നത്. യഥാർഥത്തിൽ ഞാനും രാഹുലും തമ്മിൽ ഒരു പന്തയംവച്ചിരുന്നു. അച്ഛാന്ന് വിളിക്കുന്നത് ബുദ്ധിമുട്ടായതുകൊണ്ട് അമ്മയെന്നാവും അവൾ ആദ്യം വിളിക്കുകയെന്ന്. അപ്പോൾ ഡാഡാ എന്ന് വിളിപ്പിച്ചാൽ മതിയെന്ന് രാഹുൽ പറഞ്ഞു. അതാകുമ്പോൾ അവൾക്ക് പെട്ടെന്ന് നാവ് വഴങ്ങുമല്ലോ. പക്ഷേ, രാഹുലിന്റെ കണക്കുകൂട്ടൽ തെറ്റി. മമ്മ എന്നാണ് അവൾ ആദ്യം വിളിച്ചത്.
ഒരിക്കൽ പാർക്കിൽ കളിക്കുന്നതിനിടയിൽ അവൾ വീണു, ചുണ്ട് പൊട്ടി. നിർത്താതെ കരഞ്ഞു. എന്റെ അച്ഛനും അമ്മയും അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കരച്ചിൽ കേട്ട് ഓടിച്ചെന്ന എന്നെ കണ്ടതും പെട്ടെന്ന് കരച്ചിൽ നിർത്തി എന്റെ മടിയിൽ കയറിയിരുന്നു. അവൾക്ക് സുരക്ഷിതമായി തോന്നുന്ന ഒരിടമാണ് ഞാൻ. അതിനെ മറികടക്കാൻ ഒന്നിനും സാധിക്കില്ല...
ജീവിതത്തിലും കരിയറിലും മുൻഗണനകൾ മാറിയോ?വീട്ടിലിരിക്കാൻ സമയം കിട്ടാറില്ല. കൽക്കിയുടെ പിന്നാലെ ഓട്ടമാണ്. അവളുടെ കാര്യങ്ങൾക്കാണ് കൂടുതൽ സമയം ചെലവഴിക്കാറുള്ളത്. സ്വന്തം ഹോബികൾ ചെയ്തിട്ട് രണ്ടു മൂന്ന് വർഷമായി. എനിക്കും രാഹുലിനും പാചകം ചെയ്യാനിഷ്ടമാണ്. മോളും ഇപ്പോൾ ഞങ്ങളുടെകൂടെ കൂടാറുണ്ട്. ഞാൻ ഗിറ്റാർ പരിശീലിക്കുന്നതൊക്കെ അവൾ നോക്കിയിരിക്കും. ആദ്യമൊക്കെ എന്നെ ശല്യപ്പെടുത്താൻ വരുമ്പോൾ ഇത് മമ്മയുടെ ഗിറ്റാർ ടൈം ആണ്, അങ്ങനെ ചെയ്യരുത് എന്നു പറയുമായിരുന്നു. എന്നിട്ട് അവൾക്ക് യൂക്കുലേലെ കൊടുക്കും. അതുപോലെ ദിവസവും രാഹുൽ ടെന്നിസ് കളിക്കാൻ പോകും. ഞാൻ അവളെയും കൂട്ടി കളി കാണാൻ പോകും. ഞങ്ങളുടെ ഇഷ്ടങ്ങളും അവൾ മനസ്സിലാക്കണമല്ലോ.
പൊതുവെ സെലിബ്രിറ്റികൾ അവരുടെ കുഞ്ഞുങ്ങളെപ്പറ്റിയുള്ള വിവരങ്ങളും ചിത്രങ്ങളുമൊന്നും പരസ്യമാക്കാറില്ല. പക്ഷേ, അഭിരാമി എല്ലാ കാര്യങ്ങളും തുറന്നുപറയാറുണ്ട്.
എന്തിന് ഞാൻ മറയ്ക്കണം. ലജ്ജയുണ്ടാക്കുന്ന കാര്യങ്ങളല്ലേ നമ്മൾ മറച്ചുവയ്ക്കുക. ഞാൻ ഒരു കുഞ്ഞിനെ ദത്തെടുത്തു എന്നത് തെറ്റായ കാര്യമല്ലല്ലോ, പിന്നെന്തിനാണ് മറച്ചുവെക്കുന്നത്. ഞാനൊരു അമ്മയായി എന്ന സന്തോഷമാണ് ലോകത്തെ അറിയിച്ചത്. പിന്നെ, എന്റെ മകളുടെ കഥയാണിത്. അവളെ സംബന്ധിച്ചുള്ള വ്യക്തിപരമായ കാര്യങ്ങൾ പരസ്യമാക്കണോ വേണ്ടയോ എന്നത് അവളുടെ ചോയ്സാണ്. അത് തുറന്നുപറയാൻ എനിക്ക് അനുവാദമില്ല. അവളുടെ സ്വകാര്യതയെ ബാധിക്കുന്ന കാര്യങ്ങൾ ഞാൻ പങ്കുവെച്ചിട്ടില്ല.
അഭിരാമി എന്ന സ്ത്രീക്ക് മാനസികമായി കരുത്ത് നൽകുന്ന കാര്യമെന്താണ്?
രാഹുൽ ആണ് എന്റെ കരുത്തിന്റെ ഉറവിടം. പിന്നെ പ്രിയപ്പെട്ട നാലഞ്ച് സുഹൃത്തുക്കളും. ശരിക്കും സ്ത്രീകൾ സ്ത്രീകൾക്കുവേണ്ടി ഒരു വിളിപ്പാടകലെയുണ്ടാവണം എന്നാണെന്റെ അഭിപ്രായം.
'ന്യൂ മോം' എന്ന് പറയുന്നത് എല്ലാവർക്കും നല്ല അനുഭവമായിരിക്കണമെന്നില്ല. അത് പ്രസവിച്ച അമ്മയാണെങ്കിലും പ്രസവിക്കാത്ത അമ്മയാണെങ്കിലും. മാനസികസമ്മർദ്ദം കൂടിവരുന്ന ഘട്ടമാണത്. സ്വതന്ത്രമായി ജീവിച്ചിരുന്നവർ പെട്ടെന്ന് മറ്റൊരു സാഹചര്യത്തിലേക്ക് കടക്കുകയാണല്ലോ. അപ്പോൾ ഉത്കണ്ഠ വരാം. കൽക്കി ഞങ്ങളിലേക്ക് വരുന്നതിന് വെറും മൂന്നാഴ്ചത്തെ സമയമേ ഉണ്ടായിരുന്നുള്ളൂ. എട്ടൊൻപത് മാസം ഗർഭം ധരിച്ച് കിട്ടുന്ന ലക്ഷ്വറി എനിക്കുണ്ടായിരുന്നില്ല. എന്റെ ഭർത്താവിനും ഉണ്ടായിരുന്നില്ല. പെട്ടെന്ന് ജീവിതം നൂറുശതമാനവും മാറുകയായിരുന്നു. അത് കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടായിരുന്നു. അങ്ങനെയുള്ള അവസ്ഥകൾ വരുമ്പോൾ സുഹൃത്തുക്കൾക്ക് നമ്മളെ സഹായിക്കാനാകും. കുടുംബവും കൂടെയുണ്ടെങ്കിൽ വളരെ നല്ലത്. ഇന്ന് മകളുടെ കാര്യങ്ങൾ നോക്കുന്നതിനൊപ്പം എനിക്ക് എന്റെ സ്വപ്നങ്ങളും നേടാനാവുന്നുണ്ട്. സിനിമയിൽ പുതിയ ചുവടുവെപ്പുകൾക്കായി ഞാൻ ഒരുങ്ങുകയാണ്...
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Abhirami talks about her fitness journey and weight management through physiotherapy and nutrition. Insights into her family life with Rahul and daughter Kalki
Published: 28 May 2026, 11:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented