കോക്രോച്ച് ജനതാ പാർട്ടിയുടെ (CJP-Cockroach Janata Party) സ്ഥാപകൻ അഭിജീത് ദിപ്‌കെ ഒടുവിൽ തലസ്ഥാനത്തെത്തി. പരീക്ഷാക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ടുള്ള, സി.ജെ.പി.യുടെ പ്രതിഷേധത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം ഡൽഹിയിലെത്തിയത്. ജന്തർമന്തറിൽ വൈകുന്നേരം അഞ്ചുമണി വരെയാണ് പ്രതിഷേധം നടക്കുക. യു.എസിൽനിന്ന് പുറപ്പെടുംമുമ്പ് അഭിജീത് എക്‌സിൽ കുറിച്ചതിങ്ങനെ, ''ഇന്ത്യയിലേക്കുള്ള യാത്രയിൽ...എന്റെ വിധി ഭരണഘടനയുടെ കൈകളിൽ വിടുന്നു...''.

To advertise here,

പുസ്തകവും ത്രിവർണപതാകയുമായിട്ടാണ് സമരത്തിനെത്തേണ്ടതെന്ന് അതിനിടെ അഭിജീത് ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ത്യയിലെത്തിയയുടൻ അദ്ദേഹം ട്വീറ്റ് ചെയ്തതിങ്ങനെ, ''ലാൻഡ് ചെയ്തു. ജന്തർമന്തറിൽ നിങ്ങളെയെല്ലാം കാണാനാഗ്രഹിക്കുന്നു. ഒരു പുസ്തകവും നമ്മുടെ ദേശീയപതാകയും കൊണ്ടുപോകാൻ മറക്കരുത്! കാരുണ്യത്തിന്റെയും നന്ദിയുടെയും അടയാളമായി പോലീസുകാർക്ക് പൂക്കൾ അർപ്പിക്കാം. സ്‌നേഹത്തോടെയും സമാധാനത്തോടെയും ഈ പ്രസ്ഥാനത്തെ നമ്മൾ നയിക്കണം''.

അതിനിടെ അഭിജീത്തിനെ അമേരിക്കയിൽനിന്ന് നാടുകടത്തിയതാണെന്ന തരത്തിലുള്ള വാർത്തകളും പരക്കുന്നുണ്ട്. കഴിഞ്ഞദിവസം നടന്ന പത്രസമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാളിനോട്, അഭിജീത്തിന്റെ 'നാടുകടത്തൽ അല്ലെങ്കിൽ വിസ ദുരുപയോഗം' സംബന്ധിച്ച് യുഎസ് അധികൃതർ അറിയിച്ചിട്ടുണ്ടോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചു.

''ഇന്ത്യൻ പൗരനായ അഭിജീത് ദിപ്‌കെ അമേരിക്കയിൽ നിന്ന് മടങ്ങുകയാണ്. അദ്ദേഹത്തെ നാടുകടത്തിയതിനെക്കുറിച്ചോ വിസ ദുരുപയോഗം ചെയ്തതിനെക്കുറിച്ചോ യുഎസ് സർക്കാർ എന്തെങ്കിലും വിവരം നൽകിയിട്ടുണ്ടോ?'' എന്നായിരുന്നു ചോദ്യം. അതിന് വക്താവ് നൽകിയ മറുപടിയിങ്ങനെ, ''എനിക്കിതിനെക്കുറിച്ച് യാതൊരു വിവരവുമില്ല. നിങ്ങൾ ചോദിച്ച കാര്യത്തെക്കുറിച്ച് എനിക്ക് യാതൊരു വിവരവും നിലവിൽ ലഭിച്ചിട്ടില്ല''.

ആരാണ് അഭിജീത് ദിപ്‌കെ?
1995-ൽ മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് അദ്ദേഹത്തിന്റെ ജനനം. പുണെയിൽനിന്ന് ജേർണലിസത്തിൽ ബാച്ചിലേഴ്‌സ് ഡിഗ്രി കരസ്ഥമാക്കി. അതിനുശേഷം അമേരിക്കയിലെ ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽനിന്ന് പബ്ലിക് റിലേഷൻസിൽ മാസ്റ്റർ ബിരുദം നേടി.

2020-നും 2023-നും ഇടയിൽ, ആം ആദ്മി പാർട്ടി (എഎപി) സോഷ്യൽ മീഡിയ ടീമിൽ ഒരു വളണ്ടിയറായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി വിജയിച്ച 2020-ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ, യുവ വോട്ടർമാരെ ലക്ഷ്യം വച്ചുള്ള മീം ഡിജിറ്റൽ കണ്ടന്റ് അഭിജീത്താണ് നിർമിച്ചത്. ഡൽഹി സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിൽ കമ്യൂണിക്കേഷൻ അഡൈ്വസറായും സേവനമനുഷ്ഠിച്ചു. 2023-ലാണ് പാർട്ടി വിട്ട് വിദേശത്ത് പഠിക്കാനായി പോവുന്നത്. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ആം ആദ്മി പാർട്ടി വിട്ടതിനെക്കുറിച്ച് അഭിജീത് പറഞ്ഞതിങ്ങനെ, ''എനിക്ക് എന്റെ ജീവിതവുമായി മുന്നോട്ട് പോകേണ്ടതുണ്ടായിരുന്നു. ഒരു വർഷം അവധിയെടുത്ത് വിദേശപഠനത്തിനുള്ള അപേക്ഷകൾ തയ്യാറാക്കാൻ തുടങ്ങി. 2024-ൽ എന്റെ വ്യക്തിജീവിതത്തിലും സാമ്പത്തിക സ്ഥിരതയിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിതെന്ന് ഞാൻ തീരുമാനിച്ചു. ഞാൻ ചില സർവകലാശാലകളിൽ അപേക്ഷിച്ചു, ബോസ്റ്റൺ സർവകലാശാലയിൽ ചേർന്നു. അങ്ങനെയാണ് പാർട്ടി വിടുന്നത്''.

പഠനത്തിനുശേഷം വിദേശത്ത് ജോലി നോക്കുകയാണെന്നാണ് മറ്റൊരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi