തൊഴിലില്ലാത്ത ഇന്ത്യക്കാരെ പാറ്റകളോടും പരാദങ്ങളോടും ഉപമിച്ചതിലുള്ള പ്രകോപനമാണല്ലോ കോക്രോച്ച് പാർട്ടി (cockroach janata party)യെന്ന പുതുയുഗ പ്രതിഷേധകൂട്ടായ്മ ജന്മമെടുക്കാൻ തന്നെ കാരണം. എന്നാൽ പാറ്റകൾ തൊഴിലില്ലാത്തവരാണെന്ന് ഉറപ്പിക്കാമോ? ഒറിജിനൽ പാറ്റകളുടെ കാര്യമാണ് പറഞ്ഞുവരുന്നത്. ചൈനയിലെ ജിനാനിലേക്ക് ചെന്നാൽ, ലോകത്തെ ഏറ്റവും വലിയ പാറ്റഫാക്ടറികൾ നിരന്നുനിൽക്കുന്നത് കാണാം. പാറ്റകളുടെ വലിയൊരു തൊഴിലാളിപ്പട തന്നെയാണ് ഇവിടെയുള്ളത്. വയറു നിറയെ ഭക്ഷണം പ്രതിഫലമായി കൈപ്പറ്റി, രാപ്പകൽ അധ്വാനിക്കുന്ന കോടിക്കണക്കിന് പാറ്റകൾ ഇവിടെയുണ്ട്. നഗരത്തിലെ ഭക്ഷ്യമാലിന്യങ്ങളും മറ്റ് ജൈവമാലിന്യങ്ങളും തിന്നുതീർക്കലാണ് ഇവരുടെ ദൗത്യം.

To advertise here,

വർഷത്തിൽ ബില്യൺ കണക്കിന് ടണ്ണോളം പാറ്റകളെ ഉത്പാദിപ്പിക്കുന്ന നൂറുകണക്കിന് പാറ്റഫാക്ടറികൾ ചൈനയിലുണ്ട്. പ്രധാനമായും കിഴക്കൻ ഷാങ്‌ഡോങ് പ്രവിശ്യയുടെ തലസ്ഥാനമായ ജിനാനിലാണിത്. സിച്വാനിലെ ഷിചാങ്ങിലാണ് ചൈനയിലെ ഏറ്റവും വലിയ പാറ്റഫാക്ടറിയുള്ളത്.

ഫാർമസ്യൂട്ടിക്കൽ കമ്പനികൾ, ഹോമിയോ മരുന്നു നിർമാണം, കോസ്മെറ്റിക് ഉത്പന്നങ്ങളുടെ നിർമാണം, ഫാമിലെ മൃഗങ്ങളുടെ തീറ്റ എന്നിവയ്ക്കായി നേരത്തേ തന്നെ പാറ്റകളെ ഉത്പാദിപ്പിക്കാറുണ്ടായിരുന്നു രാജ്യത്ത്. അങ്ങനെയവ വലിയ വ്യവസായമായി. മാലിന്യനിർമാർജനത്തിനായി പാറ്റകളെ ഉപയോഗിക്കാൻ തുടങ്ങിയത് സമീപകാലത്താണ്. നഗരങ്ങളിൽ നിന്നെത്തുന്ന ടൺ കണക്കിന് അടുക്കളമാലിന്യങ്ങളാണിവിടെ പാറ്റകൾ ഭക്ഷിക്കുന്നത്. 

ചത്ത പാറ്റകളുടെ അവകാശികൾ
ഫാമിൽ ചത്തുവീഴുന്ന പാറ്റകൾ തന്നെയുണ്ടാകും ടൺ കണക്കിന്. അവയെല്ലാം ഫാമുകളിൽ വളർത്തുന്ന പന്നിയടക്കമുള്ള മൃഗങ്ങളൾക്കുള്ള സമൃദ്ധമായ ഭക്ഷണമാണ്. പന്നികളുടെയും മറ്റ് മൃഗങ്ങളുടെയും മത്സ്യങ്ങളുടെയും വളർച്ചയ്ക്കാവശ്യമായ പ്രോട്ടീൻ പാറ്റകളിൽ കൂടുതലായി അടങ്ങിയിട്ടുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. അതേസമയം, ചൈനയിൽ മറ്റ് പ്രാണികളെപ്പോലെത്തന്നെ പാറ്റകളെയും ഭക്ഷണത്തിൽ ഉൾപ്പെടുത്താറുമുണ്ട്.

ഷാഡോങ് കിയോബിൻ അഗ്രികൾച്ചറൽ ടെക്‌നോളജിയാണ് ആദ്യമായി മാലിന്യനിർമാർജനത്തിന് പാറ്റകളെ അവതരിപ്പിച്ചത്. പ്ലാന്റിൽ വലിയ അറകളിലാണ് പാറ്റകളെ അവർ പാർപ്പിച്ചത്. നഗരത്തിൽ നിന്ന് ഓരോ ദിവസവും മാലിന്യമെത്തിച്ച്‌ പൈപ്പ് വഴി പാറ്റകൾക്ക് അറകളിലേക്കിട്ടുകൊടുക്കുകയാണ് രീതി.

വാങ് ഫ്യുമിങ്
ചൈനയിലെ പ്രശസ്തനായ പാറ്റകർഷകനാണ് വാങ് ഫ്യുമിങ്. അദ്ദേഹത്തിന്റെ വിജയത്തിന്റെ ചുവടുപിടിച്ചാണ് ചൈനയിൽ ഇന്നുകാണുന്ന നൂറുകണക്കിന് പാറ്റഫാക്ടറികൾ ഉയർന്നുവന്നത്. ഇരുണ്ട മുറിക്കുള്ളിൽ വിവിധ പാളികളാക്കി തയ്യാറാക്കിയ താവളത്തിലാണ് അദ്ദേഹം പാറ്റകളെ വളർത്തിയത്. ഏറ്റവും ഔഷധമൂല്യമുള്ള ചുവപ്പും തവിട്ടും നിറം കലർന്ന പാറ്റകളെ പ്രധാനമായും ഉത്പാദിപ്പിച്ചിരുന്നത് ഫ്യുമിങ്ങിന്റെ പ്ലാന്റിലായിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi