യഷും കിയാര അദ്വാനിയും പ്രധാനവേഷങ്ങളിലെത്തുന്ന 'ടോക്‌സിക്: എ ഫെയറി ടെയ്ൽ ഫോർ ഗ്രോൺ അപ്‌സ്' (Toxic: A Fairy Tale for Grown Ups) എന്ന സിനിമയിലെ ആദ്യഗാനം പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിലാണ് വൈറലായത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യഗാനമായ 'തബാഹി'യാണ് കഴിഞ്ഞദിവസം റിലീസായത്.
മാർച്ച് മാസത്തിൽ പാട്ടിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടിരുന്നു. പിന്നാലെയാണ് വീഡിയോ ഗാനം അണിയറപ്രവർത്തകർ റിലീസ് ചെയ്തത്. യഷും കിയാരയും തമ്മിലുള്ള ഗ്ലാമറസ് വിഷ്വലുകളും ഇന്റിമേറ്റ് സീനുകളാണ് പാട്ടിലുള്ളത്. താരങ്ങളുടെ മനോഹരമായ കെമിസ്ട്രി തന്നെയാണ് ഈ പാട്ടിന്റെ പ്രത്യേകത. രംഗങ്ങളിൽ നയൻതാരയും താര സുതാരിയയും വന്നുപോകുന്നുമുണ്ട്.
കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി പല ഭാഷകളിലായിട്ടാണ് പാട്ട് ലോഞ്ച് ചെയ്തിരിക്കുന്നത്. വിശാൽ മിശ്രയാണ് സംഗീതസംവിധാനം. ഹിന്ദി വരികളെഴുതിയിരിക്കുന്നത് രാജ് ശേഖർ. മലയാളത്തിൽ റഫീക്ക് അഹമദും തമിഴിൽ വിഘ്‌നേഷ് ശിവനുമാണ് ഗാനരചന നിർവഹിച്ചത്.
നേരത്തെ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടപ്പോൾ, വലിയ വിവാദങ്ങളാണുണ്ടായത്. ഇന്റിമേറ്റ് രംഗങ്ങളുള്ള ടീസറിനെതിരെ ആം ആദ്മി പാർട്ടി ഉൾപ്പെടെയുള്ളവർ പരാതിയും നൽകി.
പിന്നാലെ സിനിമയിലെ തന്റെ ഇന്റിമേറ്റ് രംഗങ്ങൾ വെട്ടിമാറ്റണമെന്ന് കിയാര ആവശ്യപ്പെട്ടതായുള്ള വാർത്തകളും പുറത്തുവന്നു. ഫൈനൽ കട്ട് കണ്ടതോടെയാണ് കിയാര ഇക്കാര്യം ആവശ്യപ്പെട്ടത്. 'ശുദ്ധ വിഡ്ഢിത്തരം' എന്നാണ് ഈ വാർത്തകളോട് കിയാര പ്രതികരിച്ചത്.
അതിനിടെ മുമ്പൊരു ടോക്ക് ഷോയിൽ യഷ് പറഞ്ഞ വാക്കുകൾ വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. അഭിനയത്തിന്റെ കാര്യത്തിൽ തനിക്കേറ്റവും വെല്ലുവിളിയായി തോന്നിയത് റൊമാൻസ് ചെയ്യുന്നതാണെന്നായിരുന്നു അന്ന് യഷ് പറഞ്ഞത്. ''പ്രണയ രംഗങ്ങൾ ഞാൻ നന്നായി അവതരിപ്പിക്കുന്നുണ്ടെന്ന് ആളുകൾ പറയുമ്പോൾ എനിക്ക് അത്ഭുതം തോന്നാറുണ്ട്. അത്തരം രംഗങ്ങൾ ചെയ്യുമ്പോൾ ഞാൻ വളരെ പരിഭ്രാന്തനാകുമായിരുന്നു. ഒരു പ്രണയരംഗം അവതരിപ്പിക്കുമ്പോൾ ഭാര്യ രാധിക ഉൾപ്പെടെയുള്ള ആളുകൾ എന്നെ നോക്കി ചിരിക്കും''.
തന്റെ കരിയറിലുടനീളം താൻ പാലിച്ച വ്യക്തിപരമായ ഒരു അതിർത്തിരേഖയെക്കുറിച്ചും അന്ന് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ''ഇതുവരെ, ഞാൻ ഇത് പിന്തുടരുന്നു. എന്റെ മാതാപിതാക്കളോടൊപ്പം ഒരേ മുറിയിൽ ഒരു പ്രത്യേക രംഗം കാണാൻ എനിക്ക് സുഖമില്ലെങ്കിൽ, ഞാൻ അത്തരമൊരു രംഗം ചെയ്യില്ല. കാരണം അത് പല കാഴ്ചക്കാർക്കും അസ്വസ്ഥതയുണ്ടാക്കും''. അതേ യഷ് ഇത്രയും ഇന്റിമേറ്റ് സീനുകളിൽ അഭിനയിച്ചതും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
ഇതുവരെയായി സിനിമയുടെ മൂന്നു ടീസറുകളാണ് പുറത്തുവിട്ടത്. പലതവണയായി സിനിമയുടെ റിലീസിങ് തീയതി മാറ്റിയിരുന്നു. ആദ്യം മാർച്ചിൽ റിലീസാവുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ 'ധുരന്ധർ 2'-മായി ക്ലാഷ് ആവാനിടയുണ്ടെന്ന കാരണത്താൽ വേണ്ടെന്നുവെച്ചു. പിന്നീടത് ജൂണിലേക്ക് മാറ്റി. ഒടുവിൽ ആഗസ്റ്റ് 26-ന് സിനിമ റിലീസാവുമെന്നാണ് അണിയറപ്രവർത്തകർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. വെങ്കട് കെ.നാരായണയും യഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ഗീതു മോഹൻദാസും യഷും ചേർന്നാണ്. കന്നഡയിലും ഇംഗ്ലീഷിലുമായി നിർമിച്ച ചിത്രം, മറ്റ് ഭാഷകളിലേക്കും ഡബ്ബ് ചെയ്യുകയായിരുന്നു. ഹുമ ഖുറേഷി, രുക്മിണി വസന്ത് എന്നിവരും സിനിമയിൽ അഭിനയിക്കുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Viral success of the song 'Tabahi' from the movie 'Toxic'. Yash's shift in stance on performing romantic and intimate scenes
Published: 09 Jul 2026, 02:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented