അൽഫോൺസ് ജോസഫ് എന്ന സംഗീതസംവിധായകന്റെ ആദ്യ സിനിമ, വെള്ളിത്തിര. ഏതൊരു സംഗീത സംവിധായകനെയും പോലെ ആദ്യ സിനിമ ചെയ്യുന്ന അദ്ദേഹത്തിനും ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. അതിൽ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് പിന്നീട് ആ സംഗീത സംവിധായകനുതന്നെ ചെറിയൊരു പണിയായി മാറിയ കഥയാണിത്.

മലയാളികളുടെ പ്രണയ നഷ്ടത്തിന്റെയും, പ്രണയ നൈരാശ്യത്തിന്റെയും പര്യായമായി മാറിയ പാട്ടാണ് 'ഹൃദയസഖീ...സ്‌നേഹമയീ...ആത്മസഖീ അനുരാഗമയീ...'. ഈ പാട്ട് കമ്പോസ് ചെയ്ത ശേഷം അൽഫോൺസ് ജോസഫിന്റെ മനസ്സിൽ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. ''ഈ പാട്ട് ഹരിഹരൻ പാടിയാൽ വേറെ റേഞ്ചിലേക്ക് പോകും.''

പക്ഷേ, മറ്റൊരു യാഥാർഥ്യം കൂടി അദ്ദേഹത്തെ അലട്ടാൻ തുടങ്ങി. ഇത് തന്റെ ആദ്യ സിനിമയാണ്. ഇത്രയും വലിയൊരു ഗായകനെ കൊണ്ടുവരാൻ ഒരുപാട് പണം വേണ്ടിവരുമെന്ന് അൽഫോൺസ് ശങ്കിച്ചു. അക്കാലത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ഗായകരിൽ ഒരാളായിരുന്നു ഹരിഹരൻ. അദ്ദേഹത്തെ കൊണ്ടുവന്ന് പാടിപ്പിക്കുക ചെറിയ കാര്യമല്ല. ഒരു ആവേശത്തിൽ ആഗ്രഹം പറഞ്ഞുപോയെങ്കിലും പിന്നീടാണ് അതിന്റെ പ്രയോഗികതയെപ്പറ്റി അദ്ദേഹം ചിന്തിക്കുന്നത്. ''നമുക്ക് ഹരിജിയെ കൊണ്ട് തന്നെ പാടിക്കാം,'' അൽഫോൺസിന്റെ ആഗ്രഹം കേട്ട സിനിമയുടെ നിർമാതാവ് ഗുഡ്‌നൈറ്റ് മോഹൻ പറഞ്ഞു. ‌

ആ തീരുമാനം പിന്നീട് മലയാള സിനിമാ സംഗീത ചരിത്രത്തിലെ ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്നായി മാറി. കാരണം ഇന്ന് 'ഹൃദയസഖീ'യെക്കുറിച്ച് ആലോചിക്കുമ്പോൾ ഹരിഹരന്റെ ശബ്ദമില്ലാതെ ആ പാട്ടിനെ സങ്കൽപ്പിക്കാൻ പോലും കഴിയില്ല. എന്തായാലും ഹരിജിയെ കണ്ട്, പാട്ട് പാടിക്കാൻ അൽഫോൺസ് മുംബൈയിലെത്തി. ഹരിഹരൻ എന്ന ഗായകനെ അറിയുന്നവർക്ക് അദ്ദേഹത്തിന്റെ പ്രത്യേകത അറിയാം. ഒരു പാട്ട് കയ്യിൽ കിട്ടിയാൽ അത് വെറുതെ പാടി പോവുകയില്ല. സ്വന്തം ശൈലിയിലുള്ള സംഗതികളും ഗമകങ്ങളും ചെറിയ അലങ്കാരങ്ങളും ചേർത്ത് അതിന് ഒരു പ്രത്യേക നിറം നൽകും.

'ഹൃദയസഖീ'യുടെ ആദ്യ റെക്കോർഡിങ്ങിലും അതുതന്നെയാണ് സംഭവിച്ചത്. ഹരിഹരൻ തന്റേതായ ശൈലിയിൽ പാടി. സംഗതികൾ ചേർത്തു. വരികൾക്കിടയിൽ മനോഹരമായ ചില മാറ്റങ്ങൾ (improvisation) വരുത്തി. ഹരിഹരന്റെ കടുത്ത ആരാധകനായിരുന്ന അൽഫോൺസ് ജോസഫിന് അത് കേട്ട് വലിയ സന്തോഷമായി. താൻ ആഗ്രഹിച്ച ഗായകൻ. താൻ കമ്പോസ് ചെയ്ത പാട്ട്. അതിനുമുകളിൽ ഹരിഹരന്റെ മാന്ത്രികത.

ഇതിൽപ്പരം ഇനി എന്ത് വേണം. അൽഫോൺസ് അതെല്ലാം ആസ്വദിച്ചു. അദ്ദേഹം സന്തോഷത്തോടെ തിരികെ വന്നു. ഇനിയാണ് കഥ തുടങ്ങാൻ പോകുന്നത്. പാട്ട് സംവിധായകൻ ഭദ്രൻ കേട്ടു. അദ്ദേഹത്തിന്റെ പ്രതികരണം അൽഫോൺസ് പ്രതീക്ഷിച്ചതിൽ നിന്നും നേരെ വിപരീതമായിരുന്നു. ഭദ്രന് പാട്ട് ഇഷ്ടപ്പെട്ടില്ല. കാരണം പാട്ട് മോശമായതുകൊണ്ടല്ല. ഹരിഹരൻ മോശമായി പാടിയതുകൊണ്ടുമല്ല. സംവിധായകന്റെ പ്രശ്‌നം മറ്റൊന്നായിരുന്നു. സിനിമയിലെ സിറ്റുവേഷൻ. ഭദ്രന്റെ മനസ്സിൽ ഈ പാട്ടിന് വേണ്ടത് വേറെ തന്നെ ഒരു ഫീലായിരുന്നു.
 

ഹരിഹരന്റെ വേർഷനിൽ ഉണ്ടായിരുന്ന ഇമ്പ്രൊവൈസെഷൻസും സംഗതികളും സിനിമയിലെ സിറ്റുവേഷനോട് തീരെ യോജിക്കാത്തതായി തോന്നി അദ്ദേഹത്തിന്. ഭദ്രനെ അറിയുന്നവർക്ക് ഇതിൽ അത്ഭുതമൊന്നും ഉണ്ടാകില്ല. മനസ്സിൽ എന്താണോ കണ്ടത് സിനിമയിൽ അത് കിട്ടിയേ മതിയാകൂ. 100% പെർഫെക്ഷനിസ്റ്റ്. ഒരു സീനിന് എന്താണ് വേണ്ടത് എന്ന കാര്യത്തിൽ അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ആ കാഴ്ചപ്പാടുമായി പാട്ട് തീരെ പൊരുത്തപ്പെടുന്നില്ല.

അങ്ങനെ മലയാള സിനിമയിൽ അധികമൊന്നും കേട്ടുകേൾവിയില്ലാത്ത ഒരു അപൂർവ തീരുമാനം എടുക്കപ്പെട്ടു. ഹരിഹരനെ വീണ്ടും വിളിച്ചു. പാട്ട് വീണ്ടും റെക്കോർഡ് ചെയ്യാൻ തീരുമാനിച്ചു. ഇത്തവണ ഉള്ളിലെ ഫാൻ ബോയിയെ വീട്ടിൽ നിർത്തി സംവിധായകന് വേണ്ടത് എന്താണോ അത് മാത്രം പാടിച്ചെടുക്കാൻ തയ്യാറായി അൽഫോൺസ് മുംബൈയിലേക്ക് വണ്ടി കയറി.

അങ്ങനെ സംഗതികൾ കുറച്ചു, ഇമ്പ്രോവൈസേഷൻസ് ഒക്കെ നിയന്ത്രിച്ച്, വരികൾക്കും വികാരങ്ങൾക്കും പ്രാധാന്യം നൽകി പാട്ട് വീണ്ടും റെക്കോർഡ് ചെയ്യപ്പെട്ടു. അങ്ങനെ രണ്ടാം തവണ റെക്കോർഡ് ചെയ്ത വേർഷനാണ് ഇന്ന് നമ്മൾ കേൾക്കുന്ന 'ഹൃദയസഖീ'. ഹരിഹരന്റെ ആലാപനം പോലെ തന്നെ, അൽഫോൺസിന്റെ സംഗീതം പോലെ തന്നെ ഈ പാട്ടിന്റെ ആത്മാവ് തന്നെയാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ വരികളും. പ്രണയനഷ്ടത്തിന്റെ വേദനയെ ഇത്ര ലളിതമായും ആഴത്തിലും പറഞ്ഞ വരികൾ മലയാള സിനിമയിൽ അധികമില്ല. 'ആയിരം കൺകളാൽ ആ മുഖം കാണുവാൻ..ആയിരം കൈകളാൽ മെയ്യോടു ചേർക്കുവാൻ...നിന്നെ ഞാൻ കാത്തു നിൽപ്പൂ...'

ഈ വരികൾ കേൾക്കുമ്പോൾ തന്നെ ഒരു നഷ്ടത്തിന്റെ ശൂന്യത മനസ്സിലേക്ക് കടന്നുവരും. ഒരിക്കലെങ്കിലും പ്രണയം നഷ്ടപ്പെട്ടവർക്ക് ഇത് വെറുമൊരു പാട്ടല്ല. ഒരു ഓർമ്മയാണ്. ഏറ്റവും പ്രിയപ്പെട്ടൊരാളെ കുറിച്ചുള്ള നീറുന്ന ഓർമ. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi