എമ്പുരാനുശേഷം പ്രദർശനത്തിനെത്തുന്ന മോഹൻലാൽ ചിത്രമാണ് 'തുടരും'. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാധാരണക്കാരനായൊരു ടാക്‌സിഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം ശോഭനയും ലാലും ഒന്നിക്കുന്നു എന്ന പ്രത്യേകതകൂടിയുണ്ട് സിനിമയ്ക്ക്.

കുട്ടിക്കാലം മുതൽ മനസ്സിൽ കൊണ്ടുനടന്ന രണ്ടുതാരങ്ങളെ ക്യാമറയ്ക്ക് മുന്നിൽനിർത്തി ആക്ഷൻ വിളിക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദം തരുൺമൂർത്തി പങ്കുവച്ചു.

''സിനിമയുടെ ഫസ്റ്റ്‌ഡേ ഫസ്റ്റ്‌ഷോട്ട് ലാലേട്ടനും ശോഭനചേച്ചിയുമുള്ള രംഗമായിരുന്നു, ചെറുപ്പം മുതൽ നെഞ്ചോട് ചേർത്തുവച്ച രണ്ട് താരങ്ങൾ എന്റെ സിനിമയിലെ നായികയും നായകനുമായി നിൽക്കുന്നു. ആഹ്ലാദവും അഭിമാനവും ഒന്നിച്ച നിമിഷമായിരുന്നു അത്. പൂജകഴിഞ്ഞപ്പോൾ രണ്ടുപേരും ഒരുപോലെ എന്റെ അടുത്തുവന്ന് എന്താണ് സാർ ഞങ്ങൾ ചെയ്യേണ്ടത് എന്ന് ചോദിച്ചു. സാരി മടക്കിവക്കുന്ന സീനാണ് ആദ്യം ചിത്രീകരിച്ചത്. ഞാൻ എന്റെ വീട്ടിൽ സ്ഥിരം കാണുന്ന കാഴ്ചയായിരുന്നു അത്. കഞ്ഞിമുക്കിയ സാരി അച്ഛനും അമ്മയും ചേർന്ന് വലിച്ച് ഒരുപ്രത്യേകരീതിയിൽ മടക്കിവെക്കും. പാട്ടുസീനിലേക്ക് വേണ്ടിയുള്ള രംഗംമായിരുന്നു അത്. ക്ലോസ്സും വൈഡും മിഡുമായി, ആ രംഗം മൂന്നുടേക്ക് എടുത്തു. 

placeholder
ശോഭനയും തരുൺ മൂർത്തിയും

ഓരോ ടേക്ക് പോകുമ്പോഴും പ്രകടനം കൂടുതൽ മികച്ചതായി വന്നു. അത് കാണാനുള്ള ഇഷ്ടംകൊണ്ടാണ് മൂന്നുതവണ എടുത്തത്. സീൻ ഓക്കെയായപ്പോൾ ചുറ്റുമുള്ള വർ കയ്യടിച്ചു. എന്റെ അമ്മയും അച്ഛനും അപ്പുറത്ത് ദൂരെ മാറി ജനലിലൂടെ ഈ രംഗം കാണുന്നുണ്ടായിരുന്നു. അവർക്കറിയാം ഇത് വീട്ടിലെ സ്ഥിരം കാഴ്ചയാണെന്നും അവരുടെ ജീവിതത്തിൽനിന്ന് ഞാൻ പകർത്തുന്ന സീനാണെന്നും. കട്ട് പറഞ്ഞുകഴിഞ്ഞപ്പോൾ അമ്മ എന്നെ നോക്കി ചിരിച്ചു. കൊള്ളാമെടാ മോനെ ഞങ്ങളുടെ ജീവിതം തന്നെ നീ ഒപ്പിയെടുത്തല്ലോ എന്ന മുഖഭാവത്തോടെയുള്ള അഭിനന്ദനമായിരുന്നു അത്.'' ആദ്യ ഷോട്ടിനുപിന്നിലെ സന്തോഷം തരുൺ മൂർത്തി വിവരിച്ചു.

രജപുത്രയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിക്കുന്ന ചിത്രത്തിൽ ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട് ഷാജികുമാർ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് ജേക്‌സ് ബിജോയാണ്. കെ.ആർ.സുനിലിന്റെ കഥയ്ക്ക് തരുൺ മൂർത്തിയും കെ.ആർ.സുനിലും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്