അഭിനയത്തിൽ സ്വന്തമായൊരു ഇടം കണ്ടെത്തുക എന്നത് സൂര്യയെ സംബന്ധിച്ച് വ്യത്യസ്ത കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ മാത്രം ഒതുങ്ങിയിരുന്നില്ല. മുതിർന്ന നടൻ ശിവകുമാറിന്റെ മകൻ എന്ന സ്വത്വത്തിൽ നിന്ന് മാറി, തന്റേതായൊരു അഭിനയശൈലിയും വ്യക്തിത്വവും സൃഷ്ടിക്കേണ്ടതും അദ്ദേഹത്തിന് പ്രധാനമായിരുന്നു. അച്ഛനുമായി തന്നെ താരതമ്യം ചെയ്യുന്ന ഒരു പരാമർശം തന്റെ ചിന്തകളെ എങ്ങനെ സ്വാധീനിച്ചുവെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ സൂര്യ തുറന്നുപറഞ്ഞു.
ഒരു സുഹൃത്തിനൊപ്പം ഒരു മന്ത്രിയുടെ വീട്ടിൽ ക്ഷണക്കത്ത് നൽകാനായി പോയപ്പോഴുണ്ടായ സംഭവമാണ് സൂര്യ ഓർത്തെടുത്തത്. സുഹൃത്ത് തന്നെ ശിവകുമാറിന്റെ മകനാണെന്ന് പരിചയപ്പെടുത്തിയപ്പോൾ, മന്ത്രി അച്ഛനെപ്പോലെ തന്നെയാണ് കാണുന്നതെന്നും അദ്ദേഹത്തിന്റെ പാത പിന്തുടരാനാകും പ്രേക്ഷകർ പ്രതീക്ഷിക്കുകയെന്നും പറഞ്ഞു. ആ വാക്കുകൾ ചെറുപ്പക്കാരനായിരുന്ന സൂര്യയുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. അച്ഛന്റെ സിനിമകൾ തുടർന്നും കണ്ടാൽ അറിയാതെ അദ്ദേഹത്തിന്റെ മാനറിസങ്ങളും അഭിനയശൈലിയും താൻ പിന്തുടർന്നുപോകുമോ എന്ന ചിന്തയാണ് പിന്നീട് സൂര്യയെ അലട്ടിയത്.
Also Read
“ആ പരാമർശം എന്നിൽ തങ്ങിനിന്നു. അച്ഛന്റെ സിനിമകൾ കണ്ടുകൊണ്ടിരുന്നാൽ അറിയാതെ അദ്ദേഹത്തിന്റെ മാനറിസങ്ങളും അഭിനയശൈലിയും ഞാൻ സ്വീകരിച്ചേക്കുമെന്ന് മനസ്സിലായി. ആ സമയത്ത് എന്റെ ഈഗോ ട്രിഗർ ചെയ്തു. കുറച്ചുകാലത്തേക്ക് അച്ഛന്റെ സിനിമകൾ കാണുന്നത് ഞാൻ നിർത്തി. ഒരു നടനെന്ന നിലയിൽ ഞാൻ ആരാണെന്ന് സ്വയം കണ്ടെത്തണമെന്നായിരുന്നു ആഗ്രഹം. അച്ഛൻ നേരത്തെ ചെയ്തതിന്റെ ആവർത്തനം മാത്രമാകരുതെന്നും എനിക്ക് തോന്നി,” അഭിമുഖത്തിൽ സൂര്യ പറഞ്ഞു. സ്വന്തം അഭിനയശൈലി കണ്ടെത്താനും തമിഴ് സിനിമയിൽ തന്റേതായ വ്യക്തിത്വം ഉറപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ തീരുമാനമെന്നും താരം വ്യക്തമാക്കി.
'വിശ്വനാഥ് ആൻഡ് സൺസ്' എന്ന ചിത്രത്തെക്കുറിച്ചും സൂര്യ അഭിമുഖത്തിൽ സംസാരിച്ചു. നിർമാതാവ് വംശിയും സംവിധായകൻ വെങ്കി അറ്റ്‌ലൂരിയും ഒരു ആരാധകന്റെ ആവേശത്തോടെയാണ് ചിത്രവുമായി തന്നെ സമീപിച്ചതെന്ന് താരം പറഞ്ഞു. തന്റെ മുൻകാല സിനിമകളെക്കുറിച്ച് ഇരുവരും സംസാരിച്ചിരുന്നെന്നും തങ്ങൾക്ക് ഇഷ്ടപ്പെട്ട സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച അതേ വൈകാരിക അനുഭവം പുതിയ ചിത്രത്തിലൂടെയും നൽകണമെന്നായിരുന്നു അവരുടെ ആഗ്രഹമെന്നും സൂര്യ പറഞ്ഞു.
“ആരാധകരുടെ ആവേശത്തോടെയാണ് അവർ എന്നെ സമീപിച്ചത്. അവർക്ക് ഇഷ്ടപ്പെട്ട എന്റെ സിനിമകളെക്കുറിച്ച് സംസാരിച്ചു. പ്രേക്ഷകർക്ക് സമാനമായൊരു അനുഭവം നൽകുന്ന എന്തെങ്കിലും ചെയ്യണമെന്നായിരുന്നു അവരുടെ ആഗ്രഹം. ഈ പ്രോജക്ടിലെ ഓരോ ദിവസവും ആസ്വാദ്യകരമായിരുന്നു. തികച്ചും വ്യത്യസ്തമായ വ്യക്തിത്വവും വൈകാരിക തലങ്ങളുമുള്ള മൂന്ന് സ്ത്രീ കഥാപാത്രങ്ങളെ എഴുതുന്നത് എളുപ്പമല്ല. അതാണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ട കാര്യങ്ങളിലൊന്ന്.
ആക്ഷൻ സിനിമകൾക്ക് ബെഞ്ച്മാർക്കുകളായി മാറിയ ചിത്രങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ 'പ്രിട്ടി വുമൺ', 'നോട്ടിങ് ഹിൽ', 'ദി ഫാൾട്ട് ഇൻ ഔർ സ്റ്റാർസ്' പോലുള്ള സിനിമകളിലേക്ക് പ്രേക്ഷകർ വീണ്ടും മടങ്ങിയെത്തുന്നത് അവ നൽകുന്ന ഊഷ്മളമായ അനുഭവം കൊണ്ടാണ്. വിശ്വനാഥ് ആൻഡ് സൺസിനും അത്തരമൊരു അനുഭവം നൽകാൻ കഴിയുമെന്ന് തോന്നുന്നു. പ്രണയവും വൈകാരിക നിമിഷങ്ങളും സംഭാഷണങ്ങളും കോർത്തിണക്കിയ ചിത്രമാണിത്. പ്രേക്ഷകർ സിനിമ കണ്ടിറങ്ങുമ്പോൾ ഒരു പുഞ്ചിരിയോടെ, ചിത്രത്തിലെ മനോഹരമായ നിമിഷങ്ങൾ മനസ്സിൽ സൂക്ഷിക്കണമെന്നാണ് ആഗ്രഹം,” സൂര്യ കൂട്ടിച്ചേർത്തു.
സാധാരണ വാണിജ്യ പ്രണയചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായൊരു അനുഭവം നൽകാൻ 'വിശ്വനാഥ് ആൻഡ് സൺസ്' ശ്രമിക്കുന്നുവെന്ന സൂചനയും താരത്തിന്റെ വാക്കുകളിലുണ്ട്. ഓഗസ്റ്റ് 14ന് ചിത്രം തിയേറ്ററുകളിലെത്തും. റൊമാന്റിക് ഫാമിലി എന്റർടെയ്നറായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: suriya-stopped-watching-father-sivakumars-movies-viswanadh-and-sons
Published: 12 Aug 2026, 04:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented