2024 ഡിസംബറിൽ നാഗ ചൈതന്യയെ വിവാഹം കഴിച്ചശേഷം ശോഭിത ധൂലിപാല ഒരുവർഷത്തോളം സിനിമയിൽ നിന്ന് വിട്ടുനിന്നിരുന്നു. തെലുങ്ക് ചിത്രമായ 'ചീകാടിലോ'യിലൂടെ തിരിച്ചെത്തിയ താരം ഇടവേളയെപ്പറ്റി തുറന്നു സംസാരിക്കുകയാണിപ്പോൾ. തെലുങ്ക് സിനിമയിലെ ഏറ്റവും സ്വാധീനമുള്ള സിനിമാ കുടുംബങ്ങളിലൊന്നാണ് നാഗ ചൈതന്യയുടേത്. അവിടേക്ക് വിവാഹിതയായത് സിനിമാ മേഖലയിൽ നിന്ന് തന്നോടുള്ള സമീപനത്തിൽ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് ചോദ്യത്തിന് ശോഭിത മറുപടി പറഞ്ഞു- "ഞാൻ വിവാഹിതയായിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. എന്റെ മുഴുവൻ കരിയറും, ജോലിയും എന്റെ സ്വതന്ത്രമായ യാത്രയിൽ നിന്നുണ്ടായതാണ്. അതുകൊണ്ട് അതിന്റെ സ്വാധീനം എനിക്കിതുവരെ അറിയില്ല. അതെ, ഞാൻ വിവാഹിതയാണ്, സിനിമ മേഖലയിലുള്ള ഒരു കുടുംബത്തിന്റെ ഭാഗമാണ്, അതൊരു പാരമ്പര്യമുള്ള കുടുംബമാണ്, പക്ഷെ എന്റെ ജോലി വളരെ വേറിട്ടതാണ്."

ഭർതൃവീട്ടുകാരെ കുടുംബമായിട്ടാണ് കാണുന്നതെന്നും സിനിമാ മേഖലയുടെ ഭാഗമായിട്ടല്ലെന്നും ശോഭിത പറയുന്നു. "അവരെ കുടുംബമായിട്ടാണ് കാണുന്നത്, സിനിമാ മേഖലയിൽ നിന്നുള്ളവരായിട്ടല്ല. വീട്ടിൽ അവരെ കാണുമ്പോൾ, അവർ എന്റെ കുടുംബം മാത്രമാണ്. ഒരുപക്ഷെ ഭാവിയിൽ എനിക്ക് കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞേക്കും, പക്ഷെ ഇപ്പോൾ എന്റെ കരിയറും കുടുംബവും വളരെ വേറിട്ടതാണ്."

"ധാരാളം ഓഡിഷനുകളിലൂടെയാണ് എന്റെ യാത്ര തുടങ്ങിയത്. ഞാൻ അൽപ്പം കൗണ്ടർ കൾച്ചർ സ്വഭാവമുള്ള പ്രോജക്റ്റുകളുടെ ഭാഗമായിരുന്നു. അങ്ങനെയുള്ള ഒരു കൂട്ടത്തിന്റെ ഭാഗമാകുമ്പോൾ, നിങ്ങൾക്ക് പിന്തുണ ആവശ്യമുണ്ടോ എന്നെനിക്കറിയില്ല, കുറഞ്ഞപക്ഷം എനിക്കുവേണ്ടി എനിക്ക് സംസാരിക്കാനാവും. എന്റെ സ്വന്തം കഴിവിൽ ഞാൻ വിശ്വസിക്കുന്നു, കാരണം എന്റെ തിരഞ്ഞെടുപ്പുകൾ കൗണ്ടർ കൾച്ചർ സ്വഭാവത്തിലുള്ളതായിരുന്നു. ഒരു വ്യക്തിയെന്ന നിലയിൽ, തീരുമാനങ്ങളെടുക്കാനും പിന്തുണ നേടാനും ഞാനെന്നെത്തന്നെ ആശ്രയിക്കും. അതിനാൽ സിനിമയിലുള്ള ഒരു കുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, അത് എന്റെമേൽ എന്തെങ്കിലും സ്വാധീനം ചെലുത്തിയിട്ടുണ്ടോ എന്നെനിക്ക് സംശയമാണ്."

വിവാഹശേഷം ഹൈദരാബാദിലേക്ക് താമസം മാറ്റിയ ശോഭിത ജോലിയോടുള്ള തന്റെ സമീപനത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചും പറഞ്ഞു. "ഞാൻ എന്തുതരം ജോലി ചെയ്യണമെന്ന് എനിക്ക് കൂടുതൽ വ്യക്തതയുണ്ട്. എനിക്ക് കണക്ട് ആവാൻ പറ്റാത്തയിടങ്ങളുമായി ചേരാൻ ശ്രമിക്കാറില്ല. സ്വയം തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള കഥാപാത്രങ്ങളിലാണ് എനിക്ക് ആഴത്തിൽ താൽപ്പര്യം, അവർ തീരുമാനങ്ങളെടുക്കുകയും അത് ഫലപ്രദമാക്കുകയും ചെയ്യുന്ന സ്ത്രീകളാണ്, അവരെ ആളുകൾ ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും. സ്ത്രീകൾക്ക് പ്രാധാന്യമുള്ള കഥകളിൽ എനിക്ക് താത്പര്യമുണ്ട്, അവർ അലങ്കാരങ്ങളല്ല. ഇതാണ് ഞാൻ നോക്കുന്നത്, ആ വ്യക്തത എനിക്ക് നന്നായിട്ടുണ്ട്"-അവർ പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi