തന്റെ വ്യക്തിജീവിതത്തെയും കരിയറിനെയും ആഴത്തിൽ സ്വാധീനിച്ച അനുഭവത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് നടി സമാന്ത റൂത്ത് പ്രഭു. 2022-ലാണ് സമാന്തയ്ക്ക് മയോസിറ്റിസ് എന്ന അപൂർവ ഓട്ടോഇമ്മ്യൂൺ രോഗം സ്ഥിരീകരിക്കുന്നത്. തുടർന്ന് രോഗം ഭേദമാകുന്നതിനായി അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തത് തന്നെ ഏറെ മാറ്റിയെന്ന് താരം പറയുന്നു. മയോസിറ്റിസുമായുള്ള തന്റെ പോരാട്ടത്തെക്കുറിച്ച് സമാന്ത മുമ്പും തുറന്നു പറഞ്ഞിട്ടുണ്ട്. പുതിയ തെലുങ്ക് ചിത്രം 'മാ ഇന്റി ബംഗാര'ത്തിന്റെ പ്രൊമോഷനുവേണ്ടി നൽകിയ അഭിമുഖത്തിലായിരുന്നു സമാന്തയുടെ ഈ വെളിപ്പെടുത്തൽ. ചെറിയ പട്ടണത്തിൽ നിന്ന് സിനിമയിലെത്തി ഇത്രയധികം സ്‌നേഹവും താരപദവിയും ലഭിച്ചത് തന്നെ അത്ഭുതപ്പെടുത്തിയിരുന്നുവെന്ന് സമാന്ത പറഞ്ഞു.

To advertise here,

“എവിടെനിന്നോ വന്ന, ഒരു ചെറിയ പട്ടണത്തിൽ നിന്നുള്ള ഒരു പെൺകുട്ടി സ്റ്റാർഡം അനുഭവിക്കുന്നു, ആളുകളുടെ സ്‌നേഹം നേടുന്നു, ഇതെല്ലാം എന്നെ അത്ഭുതപ്പെടുത്തി. പ്രേക്ഷകർ എന്റെ സിനിമകൾക്കായി കാത്തിരിക്കുകയും എന്റെ പേര് വിളിച്ച് ആർപ്പുവിളിക്കുകയും ചെയ്യുമ്പോൾ അത് എന്നെ ആവേശഭരിതയാക്കി. താരപദവി എന്ന കളിയിൽ ഞാൻ അടിമയായി... ഒരു വർഷം, ഞാൻ തുടർച്ചയായി അഞ്ച് സിനിമകൾ ചെയ്തതായി ഓർക്കുന്നു, അവയെല്ലാം ഹിറ്റാവുകയും ചെയ്തപ്പോൾ 'ഗോൾഡൻ ലെഗ്' എന്ന വിശേഷണം ലഭിച്ചു. അപ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കനുസരിച്ച് ഉയരണമെന്ന് ഞാനും വിശ്വസിച്ചു.” സമാന്ത പറഞ്ഞു.

അഭിനയജീവിതത്തിലെ തിരക്കുകൾക്കിടയിൽ മയോസിറ്റിസ് ബാധിച്ചപ്പോഴാണ് സമാന്തയ്ക്ക് സിനിമയിൽനിന്ന് നിർബന്ധിത ഇടവേള എടുക്കേണ്ടി വന്നത്. ആ ഇടവേള ജീവിതത്തെപ്പറ്റിയുള്ള കാഴ്ചപ്പാട് തന്നെ മാറ്റാൻ സഹായിച്ചതായും താരം വ്യക്തമാക്കി. “അന്ന് ഞാൻ ഏറ്റവും കൂടുതൽ ജോലി ചെയ്യാൻ ആഗ്രഹിച്ചിരുന്ന സമയമായിരുന്നു. കൂടുതൽ സിനിമകൾ ചെയ്യണമെന്നായിരുന്നു ചിന്ത. അഭിനേതാക്കളായാൽ അവസാനമില്ലെന്ന തോന്നൽ വരും. ഒരുതരം അഹങ്കാരവും ഉണ്ടാകും. പക്ഷേ ഈ ഇടവേളയ്ക്കുശേഷം ആ അവസാനത്തെക്കുറിച്ച് ചിന്തിക്കാൻ എനിക്ക് കഴിഞ്ഞു. അതാണ് എന്നെ പല രീതിയിൽ മാറ്റിയത്. തിരികെ അഭിനയരംഗത്തേക്ക് വരുമ്പോൾ പഴയ ചില ശീലങ്ങളും സമീപനങ്ങളും മാറ്റണമെന്ന് ഞാൻ തീരുമാനിച്ചു,” സമാന്ത പറഞ്ഞു.

2022-ലാണ് സമാന്തയ്ക്ക് മയോസിറ്റിസ് സ്ഥിരീകരിച്ചത്. 'ഖുഷി' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു രോഗനിർണയം. തുടർന്ന് മാസങ്ങളോളം ചികിത്സയ്ക്കും വിശ്രമത്തിനുമായി സിനിമയിൽ നിന്ന് വിട്ടുനിന്ന താരം പിന്നീട് അഭിനയരംഗത്തേക്ക് മടങ്ങിയെത്തുകയായിരുന്നു.

സമാന്ത നിർമ്മിക്കുന്ന പുതിയ ചിത്രം 'മാ ഇന്റി ബംഗാരം' ജൂൺ 19-ന് റിലീസിന് ഒരുങ്ങുകയാണ്. നന്ദിനി റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാമിലി ആക്ഷൻ ഡ്രാമയാണ്. സമാന്തയെ കൂടാതെ ദിഗന്ത്, ഗുൽഷൻ ദേവയ്യ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi