മോഡലും നടിയുമായ പൂജാ ബത്ര മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ്. പുണെ സിംബയോസിസിൽനിന്ന് എം.ബി.എ ബിരുദം നേടിയശേഷമാണ് പൂജ മോഡലിങ്ങിലേക്ക് കടക്കുന്നത്. ആദ്യമൊക്കെ പാർട്ട് ടൈം ജോലിയായിട്ടാണ് അതിനെ കണ്ടത്. കുറച്ചുനാളുകൾക്കുശേഷം സിനിമയിലേക്കും. ഒരു തമിഴ്ചിത്രത്തിൽ അതിഥിതാരമായിട്ടാണ് തുടക്കം. അതുകഴിഞ്ഞ് പ്രിയദർശൻ സംവിധാനം ചെയ്ത 'വിരാസത്' എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ജനപ്രിയതാരമാകുന്നത്.

ഒരുവൻ, ഹസീന മാൻ ജായേഗി, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, കഹീ പ്യാർ നാ ഹോ ജായേ, ഇത്തേഫാക്ക്, ഫർസ്, ദിൽ നേ ഫിർ യാദ് കിയാ, നായക്: ദ റിയൽ ഹീറോ തുടങ്ങിയവയാണ് അവരുടെ പ്രധാനചിത്രങ്ങൾ. ചന്ദ്രലേഖ, മേഘം, ദൈവത്തിന്റെ മകൻ എന്നീ മലയാളചിത്രങ്ങളിലും പൂജ അഭിനയിച്ചിട്ടുണ്ട്. 'സ്‌ക്വാഡ്' എന്ന ചിത്രത്തിലാണ് അവർ അവസാനമായി അഭിനയിച്ചത്.

സിനിമയിൽ അഭിനയിച്ചിരുന്നപ്പോൾ താൻ നേരിട്ടൊരു പ്രശ്‌നത്തെക്കുറിച്ച് തുറന്നുപറയുകയാണ് പൂജ. തന്റെ കൂടെ അഭിനയിച്ച നായകൻമാർക്ക് ഉയരമുള്ളതായി കാണിക്കുന്നതിനായി പല ട്രിക്കുകളും ഉപയോഗിക്കുമായിരുന്നു. ക്ലോസ്-അപ്പ് ഷോട്ടുകളിൽ ക്യാമറയ്ക്ക് മുന്നിൽ 'ഹാഫ് സ്പ്ലിറ്റുകൾ' ചെയ്യുമായിരുന്നുവെന്നും അവർ വെളിപ്പെടുത്തുന്നു. ആദ്യചിത്രത്തിൽ ഉയരക്കുറവ് തോന്നിക്കുന്നതിനായി കളർഫുൾ വസ്ത്രങ്ങൾ ധരിച്ചുവെന്നും അവർ പറയുന്നു.

താരതമ്യേന ഉയരമുള്ള നായകൻമാരിലൊരാളാണ് അനിൽ കപൂർ. പക്ഷേ അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോൾ പോലും, തനിക്ക് ഉയരം കുറവായി തനിക്ക് തോന്നിപ്പിക്കേണ്ടിവന്നുവെന്നും പൂജ പറയുന്നു. എന്നാൽ, തന്റെ ഉയരത്തിന്റെ കാര്യത്തിൽ ഒരുതരത്തിലും പ്രശ്‌നമില്ലാത്ത ഒരേയൊരു താരം സൽമാൻ ഖാൻ ആണെന്നാണ് പൂജയുടെ പക്ഷം. 2000-ൽ റൊമാന്റിക് കോമഡി ചിത്രമായ 'കഹീ പ്യാർ നാ ഹോ ജായേ' എന്ന ചിത്രത്തിൽ പൂജയുടെ നായകനായെത്തിയത് സൽമാൻ ഖാനാണ്. ''സൽമാന് ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. 'നിങ്ങൾ ഹീൽസ് ധരിക്കൂ. എനിക്കൊരു പ്രശ്‌നവുമില്ല' എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞിരുന്നത്. സ്വന്തം ശരീരത്തിൽ അദ്ദേഹത്തിന് അത്രത്തോളം ആത്മവിശ്വാസമുണ്ടായിരുന്നിരിക്കാം''.

സഹതാരമായിരുന്ന സംഗീത ബിജ്‌ലാനി തന്നോട് പറഞ്ഞ കാര്യം എപ്പോഴും ഓർക്കാറുണ്ടെന്നും പൂജ വെളിപ്പെടുത്തുന്നു. ''നിനക്ക് ഉയരം വളരെ കൂടുതലായതിനാൽ, സിനിമയിൽ അധികം അവസരം ലഭിക്കില്ല എന്നാണ് സംഗീത പറഞ്ഞിരുന്നത്. സംഗീത പറഞ്ഞത് ശരിയാണെന്ന് എനിക്ക് പിന്നീട് മനസ്സിലായി. ഈ പ്രശ്‌നം കാരണം അധികം സിനിമകൾ കിട്ടിയില്ലെന്ന് സത്യമാണ്. ഒരുപാട് നല്ല വേഷങ്ങൾ നഷ്ടപ്പെട്ടു. എന്റെ ഉയരം പല നായകൻമാരെയും ഭയപ്പെടുത്തിയിട്ടുണ്ട്. എങ്കിലും എനിക്ക് കിട്ടിയ വേഷങ്ങൾ ഭംഗിയാക്കാൻ ഞാൻ പരമാവധി ശ്രമിച്ചു''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi