ബാലതാരമായെത്തി ഇന്ത്യൻ സിനിമയിലെ ആദ്യ വനിതാ സൂപ്പർസ്റ്റാറായി (female superstar) മാറിയ നടിയാണ് ശ്രീദേവി. ബോളിവുഡിൽ പേരെടുക്കുന്നതിനു മുമ്പ് മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ശ്രീദേവി അറിയപ്പെട്ടുതുടങ്ങിയിരുന്നു. മാത്രമല്ല, തന്നേക്കാൾ ഒരുപാട് പ്രായക്കൂടുതലുള്ള ഇതിഹാസതാരങ്ങൾക്കൊപ്പം അവർ വേഷമിടുകയും ചെയ്തു.

To advertise here,

1972-ലെ തെലുങ്ക് കുടുംബ ചിത്രമായ 'ബാഡി പന്ത്‌ലു'വിൽ, ഒൻപതാം വയസ്സിലാണ് ശ്രീദേവി അഭിനയിക്കുന്നത്, തെലുങ്ക് സിനിമയിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാർ ആയിരുന്ന എൻ.ടി. രാമറാവുവിന്റെ കഥാപാത്രത്തിന്റെ കൊച്ചുമകളായിട്ടായിരുന്നു വേഷം. എന്നാൽ, ഏഴ് വർഷങ്ങൾക്ക് ശേഷം, ശ്രീദേവിയുടെ കരിയർ നാടകീയമായ ഒരു വഴിത്തിരിവിലെത്തി. ബാലവേഷങ്ങളിൽ നിന്ന് നേരെ നായികാവേഷങ്ങളിലേക്ക്. 1979-ൽ, എൻ.ടി.ആറിനൊപ്പം 'വെട്ടഗാഡു' എന്ന ചിത്രത്തിൽ വീണ്ടും അഭിനയിച്ചു, പക്ഷേ ഇത്തവണ, അദ്ദേഹത്തിന്റെ നായികയാണ്. 56 വയസ്സുണ്ടായിരുന്ന എൻടിആറിന്റെ നായികയായി 16 വയസ്സുള്ള ശ്രീദേവി.

"ഞാൻ ശരിക്കും ഞെട്ടിപ്പോയി. 'സാർ, ഞാൻ അദ്ദേഹത്തിന്റെ കൊച്ചുമകളായി അഭിനയിച്ചു. ഇപ്പോൾ എങ്ങനെയാണ് എനിക്ക് നായികയാകാൻ കഴിയുക?' എന്നു പറഞ്ഞപ്പോൾ ആ 'ചിന്തയേ വേണ്ട, എൻ.ടി.ആറുമായി സംസാരിച്ചു, അദ്ദേഹം സന്തോഷത്തോടെ സമ്മതിച്ചു.'" എന്നാണ് തനിക്കു കിട്ടിയ മറുപടിയെന്ന് ശ്രീദേവി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് താൻ വളരെ സന്തോഷവതിയായിരുന്നുവെന്നും.

നായകനും നായികയും തമ്മിൽ ഏകദേശം 40 വർഷത്തെ പ്രായവ്യത്യാസമുണ്ടായിരുന്നെങ്കിലും 'വെട്ടഗാഡു' ഒരു വലിയ വാണിജ്യ വിജയമായി. പിന്നീട്, ഇരുവരും ചേർന്ന് ഏകദേശം ഒരു ഡസൻ തെലുങ്ക് ചിത്രങ്ങളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. തന്നേക്കാൾ വളരെ മുതിർന്ന ഇതിഹാസതാരത്തോടൊപ്പം അഭിനയിച്ച അനുഭവം ശ്രീദേവിക്ക് നേരത്തേയുണ്ടായിരുന്നു എന്നതാണ് മറ്റൊരു സത്യം. 1976-ൽ പുറത്തിറങ്ങിയ 'തുലാവർഷം' എന്ന മലയാള ചിത്രത്തിൽ, ഇതിഹാസതാരം പ്രേം നസീറിനൊപ്പമാണ് ശ്രീദേവി അഭിനയിച്ചത്. അന്നവർക്ക് ഏകദേശം 12 വയസ്സേയുള്ളൂ. നസീറിനാണെങ്കിൽ ഏകദേശം 50 വയസ്സും. അതേസമയം, ചിത്രത്തിൽ ഇരുവരും പ്രണയജോഡികളായിരുന്നില്ല. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi