ഫഹദ് ഫാസിലിന്റെ 'Don't Trouble the Trouble' ഒക്ടോബർ 2-നാണ് റിലീസ് ചെയ്യുന്നത്. ഷഷാങ്ക് യെലേട്ടി തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന തെലുഗു-മലയാളം ചിത്രമാണിത്. രാജമൗലിയാണ് ചിത്രം അവതരിപ്പിക്കുന്നത്. നിർമാണം എസ്.എസ്. കാർത്തികേയ, ശോഭു യർലഗദ്ദ, പ്രസാദ് ദേവിനേനി എന്നിവരും. ഫഹദിനൊപ്പം സാറ പലേകർ, സൗരഭ് സച്ച്‌ദേവ് എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്.

ഫഹദ് നായകനായെത്തുന്ന ആദ്യ തെലുഗുചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. തെലുഗു, മലയാളം, തമിഴ് ഭാഷകളിലായിട്ടാണ് ചിത്രം റിലീസാവുന്നത്. മലയാളം പതിപ്പിന് മോഹൻലാലാണ് ശബ്ദം നൽകുന്നത്. തമിഴ് പതിപ്പിന് കമൽഹാസനും തെലുഗുപതിപ്പിന് നന്ദമൂരി ബാലകൃഷ്ണയും ശബ്ദം നൽകുന്നു. നേരത്തെ സെപ്റ്റംബർ 11-നാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. പിന്നീടത് മാറ്റുകയായിരുന്നു. സുറി എന്ന മായാജാലക്കാരന്റെയും അയാൾ കണ്ടുമുട്ടുന്ന ദിവ്യ എന്ന കൊച്ചുപെൺകുട്ടിയുടെയും കഥയാണിത്.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള തിരക്കുകളിലാണ് അണിയറപ്രവർത്തകർ. അതിനിടെ തന്റെ അഭിനയത്തിന്റെ തുടക്കകാലത്തെക്കുറിച്ച് ഫഹദ് പങ്കുവെച്ച ഓർമകളാണ് ചർച്ചയാവുന്നത്. അദ്ദേഹത്തിന്റെ അഭിനയജീവിതത്തിന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുമായി അപ്രതീക്ഷിതമായ ഒരു ബന്ധമുണ്ട്. തനിക്ക് ഒരു നടനാകാൻ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്നും ഫഹദ് വെളിപ്പെടുത്തുന്നു. ബിഹൈൻഡ് വുഡ്‌സ് ടി.വി.യുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. 'കാതലുക്ക് മരിയാദൈ' എന്ന ചിത്രം വിജയ് ചിത്രം സംവിധാനം ചെയ്തത് ഫാസിലായിരുന്നു. ആ സെറ്റിൽവെച്ചാണ് ഫഹദ് ആദ്യമായി വിജയ്‌യെ കണ്ടുമുട്ടുന്നത്. അന്ന് തനിക്ക് പന്ത്രണ്ടോ പതിമൂന്നോ വയസ്സേ ഉണ്ടായിരുന്നുള്ളൂവെന്നും ഫഹദ് ഓർക്കുന്നു.

''ഞാൻ ഒരു നടനാകുമോ എന്ന് എന്നോട് ആദ്യം ചോദിച്ചത് വിജയ് സാറാണ്'', ഫഹദ് പറയുന്നു. വിജയ് രാഷ്ട്രീയത്തിൽ പ്രവേശിച്ച് തമിഴ്നാട് മുഖ്യമന്ത്രിയാകുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം സമ്മതിച്ചു. ''ആദ്യമായി കണ്ടപ്പോൾ അദ്ദേഹം സംസാരിച്ചത് മുഴുവൻ സിനിമയെക്കുറിച്ചായിരുന്നു'', ഫഹദ് ഓർക്കുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi