ഇക്കൊല്ലം സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് രൺബീർ കപൂർ നായകനാവുന്ന രാമായണ. ട്രെയ്‌ലർ പുറത്തിറങ്ങിയതോടെ ചിത്രത്തിൽ നായകനായി രൺബീറിനെയും നായികയായി സായ് പല്ലവിയേയും തിരഞ്ഞെടുത്തതിനെച്ചൊല്ലി വലിയ വിമർശനമുയരുന്നുണ്ട്. ഈ സാഹചര്യത്തിൽ ചിത്രത്തിൽ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്രീ രാംലീല മഹാസംഘ് പ്രസിഡൻ്റ് അർജുൻ കുമാർ.

To advertise here,

മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന രംഗങ്ങളോ സംഭാഷണങ്ങളോ ഇല്ലെന്ന് ഉറപ്പാക്കാൻ, തിയേറ്റർ റിലീസിന് മുമ്പ് തങ്ങൾക്കുമുമ്പിൽ ഒരു പ്രത്യേക പ്രദർശനം അനുവദിക്കണമെന്ന് അർജുൻ കുമാർ ആവശ്യപ്പെടുന്നു. പ്രദർശനം അനിവാര്യമാണ്, അല്ലാത്തപക്ഷം പ്രതിഷേധിക്കുമെന്നും സിനിമയുടെ നിർമ്മാതാക്കൾക്ക് നൽകിയ കത്തിൽ മുന്നറിയിപ്പുണ്ട്. മഹാസംഘത്തിലെ അംഗങ്ങൾക്കും രാംലീല കമ്മിറ്റികൾക്കും ഡൽഹിയിലെ ഹിന്ദു സംഘടനകൾക്കും പ്രദർശനം ഒരുക്കണമെന്നാണ് ആവശ്യം.

ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ, ശ്രീരാമനായുള്ള രൺബീറിന്റെ പ്രകടനം 'ദുർബലമായി' തോന്നിയെന്ന് കുമാർ പറഞ്ഞു. "അടുത്തിടെ പ്രഭാസ് അഭിനയിച്ച ഒരു സിനിമ റിലീസ് ചെയ്യുകയും ഞങ്ങൾ ചെങ്കോട്ടയിൽ അതിൻ്റെ പ്രചാരണം സംഘടിപ്പിക്കുകയും ചെയ്തു. എങ്കിലും സിനിമയിൽ ചില ആക്ഷേപകരമായ ഉള്ളടക്കമുണ്ടായിരുന്നു. ഉദാഹരണത്തിന്, ലങ്കയുടെ സ്വർണ്ണ നഗരം കറുത്തതായി ചിത്രീകരിച്ചു, അനുചിതമായി തുകൽ ഉപയോഗിച്ചു. ചില കഥാപാത്രങ്ങളെ മുഗൾ കാലഘട്ടത്തിലെ വ്യക്തികളെപ്പോലെ ചിത്രീകരിച്ചു. ഞങ്ങളുടെ കാഴ്ചപ്പാടിൽ, ആദിപുരുഷ് നെഗറ്റീവ് പ്രതിച്ഛായയുണ്ടാക്കി. അതുകൊണ്ടാണ് ബിഗ്ബജറ്റ് ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടത്."- പത്രക്കുറിപ്പിൽ പറയുന്നു.

"വരാനിരിക്കുന്ന സിനിമയെ സംബന്ധിച്ചിടത്തോളം, ഞങ്ങളതിനെ സ്വീകരിക്കാനും പ്രോത്സാഹിപ്പിക്കാനും തയ്യാറാണ്. രാംലീല കമ്മിറ്റി ആയിരക്കണക്കിന് ആളുകൾക്ക് സൗജന്യ പ്രദർശനം ഏർപ്പെടുത്താനും പദ്ധതിയിടുന്നു. പക്ഷേ, ട്രെയിലർ നിരാശാജനകമാണ്. ശ്രീരാമനായി രൺബീർ ദുർബലനാണ്, കഥാപാത്രത്തിനുവേണ്ട ഗാംഭീര്യമില്ല. ഞങ്ങളുടെ അഭിപ്രായത്തിൽ, അദ്ദേഹം ശ്രീരാമൻ്റെ പ്രതിച്ഛായയുമായി പൂർണ്ണമായി യോജിക്കുന്നില്ല. പ്രദർശനത്തിനിടെ എന്തെങ്കിലും ആശങ്കകളുണ്ടായാൽ, ആവശ്യമായ തിരുത്തലുകൾ വരുത്തണമെന്ന് അഭ്യർഥിക്കും. സിനിമ ഗ്രന്ഥങ്ങളെ വളച്ചൊടിക്കുന്നുവെങ്കിൽ ഞങ്ങൾ തീർച്ചയായും എതിർപ്പുകളുയർത്തും" അദ്ദേഹം പറഞ്ഞു.

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണം, 4,000 കോടി രൂപയുടെ ബജറ്റിൽ രണ്ട് ഭാഗങ്ങളായാണ് ഇറങ്ങുന്നത്. സണ്ണി ഡിയോൾ ഹനുമാനായും, യഷ് രാവണനായും ചിത്രത്തിൽ അഭിനയിക്കുന്നു. ദീപാവലിയോടനുബന്ധിച്ചായിരിക്കും ആദ്യഭാഗം റിലീസിനെത്തുക.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi