നിഗൂഢതകള്‍ നിറഞ്ഞ ഗുണ കേവിന്റെ ഇരുട്ടറയില്‍ അകപ്പെട്ട മഞ്ഞുമ്മല്‍ ബോയ്സിന്റെ കഥ മലയാള സിനിമയുടെ ബോക്സോഫീസ് റെക്കോര്‍ഡുകളെല്ലാം പഴങ്കഥയാക്കികൊണ്ടാണ് ഹിറ്റിന്റെ പുതുചരിത്രം തീര്‍ത്തത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന യഥാര്‍ഥ സംഭവത്തിന്റെ പുന:ആവിഷ്‌കാരമായ ചിത്രം കണ്ടിറങ്ങിയവരെല്ലാം ഗുണ കേവ് കാണാന്‍ കൊടയ്ക്കനാലിലേക്ക് വണ്ടിയും കയറി. എന്നാല്‍ ഒന്നര ദശാബ്ദമായി സഞ്ചാരികളെ വിലക്കിയിരിക്കുന്ന ഗുഹയുടെ ഇരുമ്പ് കൈവരികള്‍ മാത്രമാണ് അവിടെയെത്തിയ സഞ്ചാരികള്‍ക്ക് ദര്‍ശിക്കാനായത്. വിലക്കുള്ള ഗുഹയില്‍ ഇവരെങ്ങനെ സിനിമ ഷൂട്ട് ചെയ്തെന്ന് ജനം വണ്ടറടിച്ച് നിന്നപ്പോഴാണ് സിനിമയ്ക്കായി ഗുണ കേവ് എറണാകുളം പെരുമ്പാവൂര്‍ സെറ്റിട്ടതാണെന്ന രഹസ്യം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ചുരുള്‍ നിവര്‍ത്തിയത്.

ഒറിജനല്‍ ഗുണ കേവിനെ വെല്ലുന്ന ആ സെറ്റ് ഒരുക്കിയ പ്രൊഡക്ഷന്‍ ഡിസൈനര്‍ അജയന്‍ ചാലിശ്ശേരിയുടെ വിരുതിന് മലയാളി ഹൃദയംകൊണ്ട് കൈയടിച്ചു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റില്‍ തുടങ്ങി മഹേഷിന്റെ പ്രതികാരം, ട്രാന്‍സ്, പത്തൊമ്പതാം നൂറ്റാണ്ട്, പറവ, വരത്തന്‍, ഇടുക്കി അങ്ങനെ പത്ത് വര്‍ഷം കൊണ്ട് അജയന്റെ കൈയ്യൊപ്പ് പതിഞ്ഞ പതിനാറ് സിനിമകള്‍. ഓരോന്നിലും അതിശയിപ്പിക്കുന്ന പ്രൊഡക്ഷന്‍ ഡിസൈന്‍ വര്‍ക്കുകള്‍. ആഷിഖ് അബു സംവിധാനം ചെയ്യുന്ന റൈഫിള്‍ ക്ലബ് എന്ന പുത്തന്‍ സിനിമയുടെ സെറ്റിലിരുന്ന് അജയന്‍ ചാലിശ്ശേരി സിനിമാ കൗതുകങ്ങള്‍ വിവരിച്ചു.

200 കോടിയും കടന്ന വിജയമാണ് മഞ്ഞുമ്മല്‍ ബോയ്സിന്. ഈ സിനിമയുടെ ഭാഗമായത് എങ്ങനെയാണ്?എന്തൊക്കെയായിരുന്നു വെല്ലുവിളി?
നിര്‍മാതാക്കളായ സൗബിനും ഷോണുമൊക്കെ കൂടിയാണ് ആദ്യം എന്നെ ഈ സിനിമയിലേക്ക് വിളിച്ചത്. ചെറിയൊരു പരിപാടിയാണെന്നാണ് പറഞ്ഞത്. കഥ കേട്ടപ്പോള്‍ സംഭവം അത്യാവശ്യം വെല്ലുവിളികളുള്ള വര്‍ക്ക് ആണെന്ന് മനസ്സിലായി. ഗുണ കേവ് സുരക്ഷ പ്രശ്നങ്ങളാല്‍ 15 വര്‍ഷമായി അടച്ചിട്ടിരിക്കുകയാണ്. അവിടെ ഷൂട്ട് ചെയ്യുക പ്രായോഗികമല്ല. വേറെ ഏതെങ്കിലും ഗുഹയില്‍ വച്ച് ഷൂട്ട് ചെയ്താലോ എന്നൊക്കെ ആലോചിച്ചിരുന്നു. എന്നാല്‍ ഇത്രയും പ്രസിദ്ധിയുള്ള സ്ഥലമായതിനാല്‍ മറ്റൊരു ഗുഹയില്‍ ഷൂട്ട് ചെയ്താല്‍ ആള്‍ക്കാര്‍ക്കത് മനസ്സിലാകും എന്ന് അഭിപ്രായം ഉയര്‍ന്നു. അങ്ങനെയാണ് സെറ്റിടാം എന്ന തീരുമാനത്തിലെത്തിയത്.

സെറ്റിടണമെങ്കില്‍ ഗുണ കേവിന്റെ ഉള്ളിലെ കാഴ്ചകള്‍ ഒരുതവണയെങ്കിലും എനിക്ക് നേരില്‍ കാണണമായിരുന്നു. ഏറെ പണിപ്പെട്ട് പ്രത്യേക അനുമതി എടുത്ത് ഞങ്ങള്‍ ഗുണ കേവ് നേരില്‍ കണ്ടു. 80 അടിയാണ് ഗുഹയുടെ പ്രാഥമിക ആഴം. അവിടെ നിന്ന് പിന്നെയും ആഴത്തിലേക്ക് നീളുന്ന ഒരുപാട് കുഴികളുണ്ട്. 900 അടിയോളം ആഴമുള്ളവ. മൊത്തം ചളിയും മണ്ണുമാണ്. വര്‍ഷങ്ങളായി അടിച്ചിട്ടതിനാല്‍ പ്രത്യേക തരം ഗന്ധമാണ് ഗുഹയ്ക്കുള്ളില്‍. കുരങ്ങ് അടക്കമുള്ള ജീവികളുടെ അസ്ഥികൂടമെല്ലാം താഴെയിറങ്ങിയപ്പോള്‍ ഞങ്ങള്‍ അതിനുള്ളില്‍ കണ്ടു.

ഞങ്ങളുടെ കൂടെ വന്ന ഫോറസ്റ്റ് ഗൈഡുകള്‍ക്കടക്കം അതിനുള്ളില്‍ നില്‍ക്കാന്‍ ഭയമായിരുന്നു. കിട്ടിയ സമയം കൊണ്ട് ഞാന്‍ മാക്സിമം കാര്യങ്ങള്‍ നിരീക്ഷിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു. അവിടത്തെ കല്ല്, മണ്ണ്, ചെടികള്‍ അങ്ങനെ ഓരോന്നിനെ കുറിച്ചും മനസ്സിലാക്കി. അതിനു ശേഷമാണ് പെരുമ്പാവൂരിലെ ഗോഡൗണില്‍ ഫൈബറുപയോഗിച്ച് സെറ്റിട്ടത്.

കൊടയ്ക്കനാലിലെ പാറകളുടെയും മറ്റും മോള്‍ഡ് എടുത്തു കൊണ്ടു വന്ന് സമാന സാധനങ്ങള്‍ നിര്‍മിച്ചു. ചെറിയ കല്ലുകള്‍ കൊടയ്ക്കനാലില്‍ നിന്ന് തന്നെ കൊണ്ടുവന്നു. കുറച്ചധികം സമയമെടുത്ത് അത്രമാത്രം ഡീറ്റൈല്‍ എടുത്താണ് സെറ്റ് പൂര്‍ത്തിയാക്കിയത്. 50 അടി ആഴമുള്ള ഗുഹയാണ് നിര്‍മിച്ചത്. മഴ, മഞ്ഞ് അങ്ങനെ സിനിമയില്‍ വരുന്ന ഓരോ കാര്യവും കൃത്യമായി ഞങ്ങള്‍ അതിനുള്ളില്‍ അറേഞ്ച് ചെയ്തിരുന്നു. ഛായാഗ്രാഹകന്‍ ഷൈജു ഖാലിദിന്റെ ലൈറ്റിങ്ങും കൂടി വന്നതോടെ ഗുണ കേവിന് സമാനരീതിയില്‍ തന്നെ സെറ്റ് പൂര്‍ത്തിയാക്കി. മികച്ച രീതിയില്‍ ഷൂട്ട് ചെയ്യാനും സാധിച്ചു. സിനിമ ഇത്ര വലിയ ഹിറ്റാകുമെന്ന് വിചാരിച്ചില്ല. വലിയ അംഗീകാരമാണ് മഞ്ഞുമ്മല്‍ ബോയ്സ് നല്‍കിയത്, സന്തോഷം.

മഞ്ഞുമ്മല്‍ ബോയ്സ് കരിയറില്‍ എത്രമാത്രം പ്രധാനപ്പെട്ടതാണ്?
ഇതുവരെ പല സിനിമകളും ചെയ്തിട്ടുണ്ടെങ്കിലും പ്രൊഡക്ഷന്‍ ഡിസൈന്‍ എന്ന വര്‍ക്കിനെ സാധാരണക്കാരായ പ്രേക്ഷകരെ തിരിച്ചറിഞ്ഞു എന്നതാണ് മഞ്ഞുമ്മല്‍ ബോയ്സിന്റെ വലിയ പ്ലസായി ഞാന്‍ കാണുന്നത്. സിനിമ കണ്ട് ആളുകള്‍ അഭിനന്ദിക്കുകയും ഓരോന്നും എങ്ങനെ ചെയ്തുവെന്ന് കൗതുകത്തോടെ ചോദിക്കുകയും ചെയ്തു. സിനിമ പുറത്തിറങ്ങി കഴിഞ്ഞ് നല്‍കിയ അഭിമുഖങ്ങളിലെല്ലാം കൃത്യമായ ഓരോ സാധനവും എങ്ങനെ സെറ്റ് ചെയ്തെന്ന് ഞാനും സിനിമയുടെ ഭാഗമായവരും വിശദീകരിച്ചിരുന്നു. അതിനാല്‍ ആള്‍ക്കാര്‍ക്ക് ഒന്നും ഒറിജിനലല്ലെന്നും സെറ്റാണെന്നും മനസ്സിലാക്കാന്‍ സാധിച്ചു.

ഒരുപക്ഷേ ഞാനത് പറഞ്ഞില്ല എങ്കില്‍ ശരിക്കും ഗുഹയുടെ ഉള്ളില്‍ നിന്നാണ് ഷൂട്ട് ചെയ്തതെന്ന് ആളുകള്‍ കരുതിയേനേ. എന്തായാലും സിനിമയില്‍ പ്രൊഡക്ഷന്‍ ഡിസൈന്‍ എന്ന് പറഞ്ഞൊരു വിഭാഗമുണ്ടെന്നും അത് വളരെ പ്രധാനപ്പെട്ട ഒന്നാണെന്നും ആള്‍ക്കാര്‍ തിരിച്ചറിയുന്നു എന്നതില്‍ സന്തോഷം.

സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈനില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണ്...?
സമയമാണ് പ്രധാനം. സാധാരണ പല സിനിമകളിലും ആര്‍ട്ട് ഡയറക്ടര്‍മാര്‍ക്ക് ആവശ്യമായ സമയം കിട്ടാറില്ല. ഒരുമാസത്തെ പണി 15 ദിവസം കൊണ്ട് തീര്‍ക്കണം എന്നൊക്കെയാണ് പറയുക. ചെറിയ ബജറ്റില്‍ തീര്‍ക്കുക എന്നൊരു ലക്ഷ്യത്തിന്റെ ഭാഗമാണത്. എന്നാല്‍ കൃത്യമായ സമയം നല്‍കുമ്പോഴാണ് ഏറ്റവും പെര്‍ഫെക്ഷനോടെ ആര്‍ട്ട് വര്‍ക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നത്. ഞാന്‍ ഓരോ സിനിമ ഏറ്റെടുക്കുമ്പോഴും എനിക്ക് ആവശ്യമായ സമയത്തെ കുറിച്ച് ആദ്യം പറയും. അത് ഓക്കെ ആണെങ്കില്‍ മാത്രമേ സിനിമ ചെയ്യാറുള്ളൂ. മഞ്ഞുമ്മല്‍ ബോയ്സിന് മൂന്നുമാസത്തെ സമയമാണ് ഗുഹ അടക്കമുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കാന്‍ ആവശ്യപ്പെട്ടത്. അതവര്‍ നല്‍കിയത് കൂടി കൊണ്ടാണ് നല്ല രീതിയില്‍ തന്നെ വര്‍ക്കുകളെല്ലാം പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.

ചാലിശ്ശേരിക്കാരനായ അജയന്‍ സിനിമയിലേക്ക് എങ്ങനെ എത്തി?
അച്ഛന്‍ ആര്‍ട്ടിസ്റ്റായിരുന്നു. അദ്ദേഹത്തിന്റെ ഒരു കഴിവ് തന്നെയാകാം എന്നിലും ഉണ്ടായിരുന്നത്. ചെറുപ്പം തൊട്ടേ ചിത്രം വരയ്ക്കുകയൊക്കെ ചെയ്യുമായിരുന്നു. അന്നേ സിനിമയോട് വല്ലാത്തൊരു ഇഷ്ടമുണ്ട്, എന്നാല്‍ സിനിമയിലെ ആര്‍ട്ട് ഡയറക്ഷനെ കുറിച്ചൊന്നും അറിവില്ല. അന്നൊക്കെ കൗതുകത്തിന് ഞങ്ങളുടെ നാട്ടില്‍ ഷൂട്ട് ചെയ്ത പല സിനിമകളുടെയും സെറ്റില്‍ കാഴ്ചകള്‍ കാണാന്‍ പോയിട്ടുണ്ട്. പൊന്മുട്ടയിടുന്ന താറാവ്, കാര്‍ണിവല്‍ അങ്ങനെ കുറേ സിനിമകളുടെ ഷൂട്ടിങ് ഓര്‍മകളുണ്ട്. ആ കാഴ്ചകളാണ് എന്നെ സിനിമയിലേക്ക് ആകര്‍ഷിച്ചതെന്ന് പറയാം. വലുതായപ്പോള്‍ സിനിമയ്ക്കൊപ്പം ചെറിയരീതിയില്‍ എഴുത്തും ആര്‍ട്ട് വര്‍ക്കുകളുമൊക്കെയായി സഞ്ചരിക്കാന്‍ തുടങ്ങി.
 

പ്രശസ്ത പ്രൊഡക്ഷന്‍ ഡിസൈനറായ ഗോകുല്‍ദാസ് എന്റെ അടുത്ത സുഹൃത്തുമാണ്. ഗോകുല്‍ദാസിനൊപ്പം വര്‍ക്ക് ചെയ്തുകൊണ്ടാണ് ഞാന്‍ സിനിമയിലേക്ക് വന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍മാരായ മനു ജഗത്, സുനില്‍ ബാബു എന്നിവരൊക്കെ ഈ രംഗത്തേക്ക് വരാന്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഇവര്‍ മൂന്നുപേരും ഞാനൊരു നല്ല പ്രൊഡക്ഷന്‍ ഡിസൈനറായി മാറണം എന്ന് ആഗ്രഹിച്ചവരാണ്.

തുടക്കകാലത്ത് അവര്‍ എന്നോട് സ്വതന്ത്രമായി വര്‍ക്കുകള്‍ ചെയ്യണമെന്നൊക്കെ ഉപദേശിച്ചിരുന്നു. അന്നെല്ലാം ഞാന്‍ മെല്ലെ ഒഴിഞ്ഞുമാറി നടന്നു. കാരണം കൂടുതല്‍ ടെന്‍ഷനടിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. സമാധാനത്തില്‍ ബോര്‍ഡുകളും ബാനറുകളുമൊക്കെ എഴുതിപോകാം എന്നൊക്കെയാണ് അന്ന് ചിന്തിച്ചത്. ആത്മവിശ്വാസമുണ്ടായിരുന്നില്ല. ഒറ്റയ്ക്കൊരു സിനിമയുടെ മുഴുവന്‍ പ്രൊഡക്ഷന്‍ ഡിസൈനും എനിക്ക് ചെയ്യാനാകില്ലെന്നാണ് കരുതിയിരുന്നത്. ഗോകുല്‍ദാസും മനു ജഗതും സുനിലേട്ടനുമൊക്കെ കൂടിയാണ് എന്നെ ആര്‍ട്ട് ഡയറക്ടറാക്കി മാറ്റിയത്.

അരങ്ങേറ്റം ഏത് സിനിമയിലൂടെ ആയിരുന്നു ?
ലൈഫ്റ്റ് റൈറ്റ് ലൈഫ്റ്റ് എന്ന സിനിമയിലൂടെയാണ് ഞാന്‍ ആര്‍ട്ട് ഡയറക്ടറായി അരങ്ങേറുന്നത്. നൂറുദിവസത്തിന് മുകളില്‍ വര്‍ക്ക് ചെയ്ത സിനിമയാണത്. അതിന് ശേഷം തുടര്‍ച്ചയായി സിനിമകള്‍ തേടിയെത്തി. ഇടുക്കി ഗോള്‍ഡ്, മഹേഷിന്റെ പ്രതികാരം, പറവ, റാണി പത്മിനി, ട്രാന്‍സ്, വരത്തന്‍, പത്തൊമ്പതാം നൂറ്റാണ്ട് തുടങ്ങി ശ്രദ്ധേയമായ പതിനാറ് സിനിമകള്‍ ഇതുവരെ ചെയ്തു. ഒരുസമയം ഒരുസിനിമ മാത്രമേ ചെയ്യൂ എന്നതാണ് എന്റെ പോളിസി. ചെയ്യുന്നത് ഏറ്റവും മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ അങ്ങനെ മാത്രമേ സാധിക്കൂ എന്നാണ് വിശ്വസിക്കുന്നത്. നല്ലൊരു സിനിമയ്ക്ക് എത്ര സമയം ചെലവഴിക്കാനും ഞാന്‍ റെഡിയാണ്. രണ്ടര വര്‍ഷത്തോളമെടുത്താണ് ട്രാന്‍സ് എന്ന സിനിമ ചെയ്തത്. അത് നമുക്ക് ഈ ജോലിയോടുള്ള പാഷന്‍ കൊണ്ടാണ്.

മഹേഷിന്റെ പ്രതികാരത്തിലെ അപ്പൂപ്പന്‍ താടി സീന്‍ ഇന്നും പ്രേക്ഷകര്‍ക്ക് ഫേവറേറ്റാണ്, അതിന് പിന്നിലെ രഹസ്യം ?


ഒരു മഴക്കാലത്താണ് ആ സിനിമയ്ക്കായി അപ്പൂപ്പന്‍ താടികള്‍ വേണമെന്ന് പറയുന്നത്. എവിടെയും അന്നത് ലഭ്യമായിരുന്നില്ല. കാരണം സൂക്ഷിച്ച് വയ്ക്കാന്‍ പറ്റാത്തൊരു വസ്തുവാണത്. പക്ഷേ സിനിമയ്ക്ക് അത് അത്യാവശ്യമാണെന്ന് പറഞ്ഞാല്‍ ആര്‍ട്ട് ഡയറക്ടര്‍ അത് സംഘടിപ്പിച്ചു കൊടുത്തേ മതിയാകൂ. പലതരം സാധനങ്ങള്‍ ഞങ്ങള്‍ അത് ഉണ്ടാക്കാനായി നോക്കി. ഒന്നും വിജയിച്ചില്ല. കാരണം തീരെ ഭാരമില്ലാത്ത വസ്തുവാണ് വേണ്ടത്. എങ്കില്‍ മാത്രമേ മെല്ലെ താഴേക്ക് പറന്ന് വരൂ. കുറേ അന്വേഷണങ്ങള്‍ക്കൊടുവില്‍ കട്ടപ്പനയില്‍ ഫാന്‍സി സ്റ്റോറില്‍ വച്ച് പെണ്‍കുട്ടികള്‍ തലയില്‍ വയ്ക്കുന്ന തൂവലൊക്കെ വച്ച ഒരു 'റ' ബാന്‍ഡ് കണ്ടു. ലൈറ്റ് പിങ്കുകളറുള്ള ആ തൂവല്‍ എടുത്തുനോക്കിയപ്പോള്‍ അത് ഓക്കെയായിരിക്കും എന്ന് തോന്നി. അത് ഏതിന്റെ തൂവലാണെന്ന് അന്വേഷിച്ചപ്പോള്‍ ഒട്ടകപക്ഷിയുടെ നേരിയ തൂവലുകളാണെന്ന് മനസ്സിലായി. എവിടെ നിന്ന് വരുന്നതെന്ന് അന്വേഷിച്ചപ്പോള്‍ മുംബൈയില്‍ നിന്നാണെന്നും അറിഞ്ഞു.

മുംബൈയില്‍ തൂവലുകള്‍ വില്‍ക്കുന്ന ഒരു കടയുണ്ട്. അവിടെയുള്ള എന്റെ സുഹൃത്ത് ആ കടയില്‍ ചെന്ന് സാധനം കണ്ടെത്തി. ഒരുതൂവലിന് 200 രൂപയാണ് വില. ഒരുതൂവല്‍ കൊണ്ട് നാല് അപ്പൂപ്പന്‍ താടി ഉണ്ടാക്കാം. ഞങ്ങള്‍ക്ക് 1000 അപ്പൂപ്പന്‍ താടി ഉണ്ടാക്കണം, അത്രമാത്രം തൂവല്‍ പണം നല്‍കി വരുത്തി. അതുപയോഗിച്ചാണ് സിനിമയ്ക്കാവശ്യമായ അപ്പൂപ്പന്‍ താടികള്‍ നിര്‍മിച്ചത്. അലുമിനിയം ഫോയില്‍ പേപ്പര്‍ ഉപയോഗിച്ചാണ് അപ്പൂപ്പന്‍ താടിയുടെ വിത്തുണ്ടാക്കിയത്. അത് നല്ല വിജയമായി. ഞങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ നന്നായി വര്‍ക്കായി.

ഇതുവരെ ചെയ്തവയില്‍ ഏറ്റവും വലിയ വര്‍ക്ക് മഞ്ഞുമ്മല്‍ ബോയ്സ് തന്നെയാണോ ?
മഞ്ഞുമ്മല്‍ ബോയ്സിനേക്കാള്‍ അധ്വാനം വേണ്ടി വന്നത് പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയ്ക്കായിരുന്നു. അഞ്ഞൂറിലധികം പേരാണ് ആ സിനിമയുടെ ആര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റില്‍ എനിക്കൊപ്പം ജോലി ചെയ്തത്. അത്രപോലും വര്‍ക്ക് മഞ്ഞുമ്മല്‍ ബോയ്സില്‍ എനിക്കുണ്ടായിരുന്നില്ല. പക്ഷേ, ഈ സിനിമയാണ് ആളുകളിലേക്ക് വലിയ രീതിയില്‍ എത്തിയതും ഹിറ്റായി മാറിയതും. നല്ലതാണെങ്കില്‍ ആളുകള്‍ നല്ലതെന്നും ചീത്തയാണെങ്കില്‍ അങ്ങനെയെന്നും കൃത്യമായി പ്രേക്ഷകര്‍ വിലയിരുത്തും. നമ്മളൊരു നല്ല വര്‍ക്ക് ചെയ്താല്‍ അത് കണ്ട പ്രേക്ഷകര്‍ നമ്മളെ തേടിയെത്തി അഭിനന്ദിക്കും എന്നതാണ് എന്റെ അനുഭവം.

ഒരുപാട് ഓഫറുകള്‍ വരുമ്പോള്‍ സിനിമകളുടെ തെരഞ്ഞെടുപ്പ് എങ്ങനെയാണ് ?
ഞാന്‍ സെലക്ടീവ് ആണ്. കഥ കേട്ട് എനിക്ക് കാര്യമായി എന്തെങ്കിലും ചെയ്യാനുണ്ടെന്ന് തോന്നിയാല്‍ മാത്രമേ ഏറ്റെടുക്കാറുള്ളൂ. കഥ മോശമായ സിനിമയില്‍ നമ്മള്‍ എത്ര നന്നായി വര്‍ക്ക് ചെയ്തിട്ടും കാര്യമില്ല. അതാരും ശ്രദ്ധിക്കില്ല. ഇത്രയും കാലത്തെ പരിചയം കൊണ്ട് കഥ കേള്‍ക്കുമ്പോള്‍ ഈ സിനിമയുടെ വിധിയെ കുറിച്ച് എന്റേതായ തോന്നല്‍ ഉണ്ടാകും. അതിനനുസരിച്ചാണ് തീരുമാനം എടുക്കാറുള്ളത്.

സംവിധാനം അടക്കമുള്ള മറ്റ് മേഖലകളിലേക്ക് ആഗ്രഹങ്ങളുണ്ടോ ?
ഒരുമോഹവും ഇല്ല. ഇപ്പോള്‍ നടക്കുന്നത് തന്നെ പ്രതീക്ഷിക്കാതെ സംഭവിച്ച കാര്യങ്ങളാണ്. ഈ കാലഘട്ടത്തില്‍ ഞാന്‍ സിനിമ ചെയ്യുന്നു എന്ന് മാത്രമേ കരുതുന്നുള്ളൂ. എന്റെ ആര്‍ട്ടായാണ് ഞാനതിനെ കാണുന്നത്. അതില്‍ സന്തോഷവാനാണ്. നാളെ ഇത് ചെയ്യാന്‍ പറ്റിയില്ല എങ്കില്‍ മറ്റ് ആര്‍ട്ട് വര്‍ക്കുകള്‍ ചെയ്യാം എന്ന് മാത്രമേ കരുതുന്നുള്ളൂ. ഇന്നിനെ പറ്റി മാത്രമേ ചിന്തിക്കുന്നുള്ളൂ. എന്റേതായ വര, പെയിന്റിങ് വര്‍ക്കുകള്‍ ഒക്കെ കുറച്ചുകൂടി സീരിയസായി ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അതെല്ലാം ചെയ്യാന്‍ സാധിക്കും എന്നാണ് വിശ്വാസം.

പുതിയ സിനിമ...?
ഇപ്പോള്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്ന റൈഫിള്‍ ക്ലബ് എന്ന സിനിമയാണ് ചെയ്യുന്നത്. ആഷിഖേട്ടനൊപ്പം മുമ്പ് ഇടുക്കി ഗോള്‍ഡ്, ഗ്യാങ് സ്റ്റാര്‍, റാണി പത്മിനി എന്നീ സിനിമകള്‍ ചെയ്തിട്ടുണ്ട്. എന്റെ ആദ്യ സിനിമ റിലീസാകും മുമ്പേ ഇടുക്കി ഗോള്‍ഡിന്റെ ജോലി അദ്ദേഹം എന്നെ ഏല്‍പിച്ചിട്ടുണ്ട്. അത്രമേല്‍ നല്ല സൗഹൃദമുണ്ട്. റൈഫിള്‍ ക്ലബും മികച്ചൊരു സിനിമയായി മാറുമെന്നാണ് പ്രതീക്ഷ. 
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi