'ഞാന്‍ മരിച്ചുപോയാല്‍ എന്നെ ഓര്‍ക്കുമോ..'

'പ്രിയപ്പെട്ട നാരായണി, മരണത്തെപ്പറ്റി ഒന്നും പറയുക സാധ്യമല്ല. ആരെപ്പോള്‍ എങ്ങനെ മരിക്കുമെന്ന് ഈശ്വരന് മാത്രമേ അറിയൂ. ഞാനായിരിക്കും ആദ്യം മരിക്കുന്നത്.'

'അല്ല ഞാനായിരിക്കും, എന്നെ ഓര്‍ക്കുമോ..?'
 
'ഓര്‍ക്കും..'

'അങ്ങ് എന്നെ എങ്ങനെ ഓര്‍ക്കും. എന്റെ ദൈവമേ, അങ്ങ് എന്നെ കണ്ടിട്ടില്ല, തൊട്ടിട്ടില്ല, പിന്നെ എങ്ങനെ ഓര്‍ക്കും..?'

'നാരായണിയുടെ അടയാളം ഈ ഭൂഗോളത്തിലെങ്ങുമുണ്ട്...'

മതിലുകള്‍ക്കിരുപ്പുറവും നിന്ന് ബഷീറും നാരായണിയും തമ്മിലുള്ള ഈ പ്രണയസംഭാഷണം കേട്ട് ഉള്ളില്‍ അനുരാഗം പൊട്ടിവിടരാത്ത മലയാളിയില്ല. വൈക്കം മുഹമ്മദ് ബഷീര്‍ മതിലുകളില്‍ എഴുതിയ ഈ വാങ്മയ ചിത്രത്തെ അടൂര്‍ ഗോപാലകൃഷ്ണന്‍ ദൃശ്യഭാഷ്യമേകിയപ്പോള്‍ അതില്‍ ബഷീറിന് ജീവനേകിയത് മറ്റൊരു സുല്‍ത്താനാണ്, വൈക്കത്ത് തന്നെ പിറന്ന അഭിനയത്തിന്റെ സുല്‍ത്താന്‍. 
ഒരേ നാട്ടില്‍ നിന്നുത്ഭവിച്ച രണ്ടു മഹാനദികള്‍ പോലെ, ഒരാള്‍ ഒഴുകിയ തീരത്തെല്ലാം അക്ഷരങ്ങള്‍ കൊണ്ട് വസന്തം തീര്‍ത്തപ്പോള്‍ മറ്റൊരാള്‍ മഹാനടനം കൊണ്ടാണ് കാലത്തിന്റെ അരികുകളെ പോഷിപ്പിച്ചത്. മലയാളിക്ക് അത്രമേല്‍ പ്രിയപ്പെട്ട രണ്ടുപേര്‍ വൈക്കം മുഹമ്മദ് ബഷീറും, മമ്മൂട്ടിയും, കോട്ടയം ജില്ലയിലെ വൈക്കം എന്ന ഗ്രാമത്തിലാണ് ഇരുവരും പിറന്നുവീണത് എന്നതൊരു യാദൃശ്ചികതയാകാം. അതുവരെയുണ്ടായ രീതികള്‍ പിന്തുടരാതെ തങ്ങളുടേതായ ശൈലി സൃഷ്ടിച്ച് അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വളര്‍ന്നുപന്തലിച്ചവരാണ് ഇരുവരും. ബഷീറിന്റെ മാസ്റ്റര്‍ പീസ് വര്‍ക്കുകളായ മതിലുകള്‍, ബാല്യകാല സഖി എന്നിവ ചലച്ചിത്ര രൂപത്തിലേക്ക് മാറിയപ്പോള്‍ അതില്‍ പ്രധാനകഥാപാത്രമായത് വൈക്കംകാരനായ മമ്മൂട്ടി തന്നെയായിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍ ജീവിച്ചിരുന്ന സമയത്താണ് അടൂര്‍ ഗോപാലകൃഷ്ണന്‍ അദ്ദേഹത്തിന്റെ ആ മാസ്റ്റര്‍പീസ് വര്‍ക്കിന് ചലച്ചിത്രഭാക്ഷ്യമൊരുക്കിയത്. സിനിമ ഒരുക്കുന്നതിന് മുന്നോടിയായി ബഷീറിനോട് അണിയറ പ്രവര്‍ത്തകര്‍ മമ്മൂട്ടിയാണ്  ബഷീറായി അഭിനയിക്കുന്നതെന്ന് പറഞ്ഞു, അപ്പോള്‍ അതിന് വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു.

' ബഷീറായി അഭിനയിക്കാന്‍ മമ്മൂട്ടിയെ പോലെ ഒരു സുന്ദരനല്ലാതെ വേറെ ആരുണ്ട്..'

ബഷീറിന്റെ ആ വാക്കുകളാണ് മതിലുകളില്‍ അഭിനയിക്കാന്‍ തനിക്ക് ആത്മവിശ്വാസം നല്‍കിയതെന്ന് മമ്മൂട്ടി തന്നെ പിന്നീട് വെളിപ്പെടുത്തി. മമ്മൂട്ടി അഭിനയജീവിതത്തിലെ ഏറ്റവും മികച്ച അഭിനയമൂഹുര്‍ത്തങ്ങളിലൊന്നായിരുന്നു മതിലുകളില്‍ കാഴ്ചവച്ചത്. മികച്ച നടനുള്ള സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങളടക്കം ഒട്ടനവധി അവാര്‍ഡുകള്‍ ആ മാസ്മരിക പ്രകടനത്തിന് മമ്മൂട്ടിയെ തേടിയെത്തി.

placeholder
മതിലുകള്‍ ചിത്രീകരണത്തിനിടെ

അരികെ നില്‍ക്കുന്ന കഥകള്‍..

വൈക്കം മുഹമ്മദ് ബഷീറിന്റെ എഴുത്തിന്റെ വലിയ ആരാധകനാണ് മമ്മൂട്ടി. ബഷീറിന്റെ ഒട്ടുമിക്ക കൃതികളും മമ്മൂട്ടി കൊതിയോടെ വായിച്ചുതീര്‍ത്തിട്ടുമുണ്ട്. അതിനേക്കുറിച്ച് അദ്ദേഹം പലയിടത്തും തുറന്നുപറഞ്ഞിട്ടുണ്ടുമുണ്ട്.

" ബാല്യകാല സഖി, ന്റുപ്പൂപ്പാക്കൊരോനേണ്ടാര്‍ന്ന്‌, പാത്തുമ്മയുടെ ആട് തുടങ്ങിയ വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങളെല്ലാം കൗമാരക്കാലത്ത് തന്നെ വായിച്ചിട്ടുണ്ട്. അതെല്ലാം വായിക്കുമ്പോള്‍ ഞങ്ങളുടെ തൊട്ടടുത്ത് നടക്കുന്ന കഥകളായിട്ടാണ് തോന്നിയിട്ടുള്ളത്. കാരണം ഞാനും അദ്ദേഹവും വൈക്കം കാരാണ്. ഞങ്ങളൊക്കെ സംസാരിക്കുന്ന ഭാഷയാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങളിലുമുള്ളത്. ലാളിത്യമാണ് ബഷീറിന്റെ രചനയുടെ സൗന്ദര്യമെന്നനിക്ക് തോന്നിയിട്ടുണ്ട്. ലളിതമായ കഥാപാത്രങ്ങളിലൂടെയാണ് ആണ് അദ്ദേഹം വലിയ ചിന്തകള്‍ അവതരിപ്പിക്കുന്നത്. ഒരുപക്ഷേ മലയാളത്തില്‍ തനത് ശൈലിയില്‍ എഴുതിയ അപൂര്‍വം എഴുത്തുകാരിലൊരാളാണ് വൈക്കം മുഹമ്മദ് ബഷീര്‍. നമ്മുടെ സംസാരഭാഷയില്‍ പോലും ബഷീര്‍ മലയാളസാഹിത്യത്തിന് സംഭാവന ചെയ്ത ഒരുപാട് വാക്കുകള്‍ കടന്നുവരാറുണ്ട്. ഉഗ്രന്‍, അത്യുഗ്രന്‍, യമണ്ടന്‍, ഹമക്കുല്‍ ബടൂസ് അങ്ങനെ ഒരുപാട് വാക്കുകളുണ്ട്. സാഹിത്യം എന്ന് പറയുന്നത് സാധാരണക്കാരന് എളുപ്പത്തില്‍ തൊട്ടറിയാവുന്ന ഒന്നാണെന്ന് തെളിയിക്കാന്‍ കവിതയില്‍ ചങ്ങമ്പുഴയ്ക്ക് ശേഷം നോവല്‍ സാഹിത്യത്തില്‍ വൈക്കം മുഹമ്മദ് ബഷീറിനാണ് സാധിച്ചിട്ടുള്ളത്. ''  

മതിലുകളില്‍ അസാമാന്യമായ മാനറിസങ്ങള്‍ ബഷീറായി പകര്‍ന്നാടിയപ്പോള്‍ മമ്മൂട്ടി കഥാപാത്രത്തിലേക്ക് നിറച്ചു. ഇന്നും നാരായണിയും ബഷീറും മതിലുകള്‍ക്കിരുപ്പുറവും നിന്ന് നടത്തുന്ന പ്രേമ സംഭാഷണങ്ങളില്‍ സോഷ്യല്‍ മീഡിയ ഫീഡുകളില്‍ നിറയാന്‍ കാരണവും അതുതന്നെ. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ പകര്‍ന്നാടാന്‍ ലഭിച്ച ഭാഗ്യത്തെ കുറിച്ച് മമ്മൂട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. 

placeholder
വൈക്കം മുഹമ്മദ് ബഷീര്‍

" മരിച്ചിട്ടും എഴുതുന്ന എഴുത്തുകാരനെന്ന് ബഷീറിനെ കുറിച്ച് പലരും പറയാറുണ്ട്. മണ്‍മറഞ്ഞുപോയി നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അദ്ദേഹം ഇന്നും വീണ്ടും വീണ്ടും വായിക്കപ്പെടുകയാണ്. ഞാനും അദ്ദേഹവും ഒരേ നാട്ടുകാരാണ്, എന്നാല്‍ ഞാന്‍ പേരിന്റെ കൂടെ വൈക്കം എന്ന് ചേര്‍ത്തിട്ടില്ല. ഒരുപക്ഷേ ഞാനൊരു എഴുത്തുകാരനായിരുന്നെങ്കില്‍ വൈക്കം മുഹമ്മദ് കുട്ടി ആകുമായിരുന്നു. പക്ഷേ നമ്മുടെ സാഹിത്യലോകത്തിന്റെ സൗഭാഗ്യം കൊണ്ട് ഞാനൊരു എഴുത്തുകാരനായില്ല. പക്ഷേ ഞാന്‍ എന്നും നല്ലൊരു വായനക്കാരനായിരുന്നു. ഭാഗ്യം കൊണ്ട് അദ്ദേഹത്തിന്റെ മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള നിയോഗം എനിക്ക് ലഭിച്ചു. മതിലുകളില്‍ വൈക്കം മുഹമ്മദ് ബഷീറായാണ് ആദ്യം അഭിനയിച്ചത്. അതില്‍ ബഷീറായി അഭിനയിക്കുകയായിരുന്നില്ല ഞാന്‍, മറിച്ച് ബഷീറാകാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് ബാല്യകാലസഖിയില്‍ മജീദായും മജീദിന്റെ ബാപ്പയായും അഭിനയിക്കാന്‍ സാധിച്ചു. ''