
പരിചയപ്പെടുന്നതിനുംമുമ്പേ വൈക്കം മുഹമ്മദ് ബഷീര്‍ എനിക്ക് ഒരദ്ഭുതമായിരുന്നു. പരിചയപ്പെട്ടപ്പോഴും ആ അത്ഭുതം എന്നെ വിട്ടുമാറിയില്ല. ബഷീറിന്റെ സാഹിത്യംപോലെ ജീവിതവും എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. കാലം ബഷീറിനെ വായിച്ചുകൊണ്ടിരിക്കുന്നതുപോലെ, വിസ്മയിപ്പിക്കുന്ന ഓര്‍മ്മകളുമായി ബഷീര്‍ ഇപ്പോഴും എനിക്കു മുന്നിലുണ്ട്. നടനെന്ന നിലയില്‍ മലയാള സാഹിത്യത്തിലെ പ്രതിഭാധനരായ പല എഴുത്തുകാരുടെയും കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരാന്‍ കഴിഞ്ഞത് ഒരു മഹാഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. അത് ഒരുപക്ഷേ നിയോഗമോ നിമിത്തമോ ആകാം. എന്തായാലും അത്തരം കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുക എന്നത് നടനു കിട്ടാവുന്ന അപൂര്‍വ്വ ഭാഗ്യം തന്നെയാണ്. അതിലൊന്നായിരുന്നു ബഷീറിന്റെ 'നീലവെളിച്ചം' 'ഭാര്‍ഗ്ഗവീനിലയ'മായി അഭ്രപാളിയിലെത്തിയപ്പോള്‍ അതിലെ സാഹിത്യകാരനെ അവതരിപ്പിക്കാന്‍ കഴിഞ്ഞത്.
വൈക്കം മുഹമ്മദ് ബഷീര്‍ എന്ന പച്ചയായ മനുഷ്യനെ ഞാന്‍ ആദ്യമായി കാണുന്നതും ആ കാലത്താണ്. കോളേജു പഠനകാലത്തും നാടകമേ ജീവിതം എന്നു സ്വപ്നം കണ്ട കാലത്തും വായിച്ചുകൂട്ടിയ സാഹിത്യകൃതികളില്‍ ബഷീറിന്റേതും തകഴിയുടേയും ഉറൂബിന്റെയും മുന്നില്‍ തന്നെയായിരുന്നു. അത് പലപ്പോഴും നടന്റെ ഉള്‍ക്കാഴ്ചയോടെയുള്ള വായനയായിരുന്നു. നാടകപഠനം കഴിഞ്ഞ് സിനിമയിലെത്തിയപ്പോള്‍ പല കഥാപാത്രങ്ങളും എനിക്കു മുന്നില്‍ വന്നുനിന്നു. അങ്ങനെ ഭാര്‍ഗ്ഗവീനിലയത്തിലെ സാഹിത്യകാരനും!
വ്യക്തിപരമായി ബഷീറുമായി നല്ല അടുപ്പമായിരുന്നു. പ്രായവ്യത്യാസമില്ലാതെ ആരോടും ഇടപെട്ടിരുന്ന മനുഷ്യനായിരുന്നു ബഷീര്‍. മതമുള്‍പ്പെടെ ഒരു ഭേദവുമില്ലാത്ത മനുഷ്യസ്‌നേഹി. ഒരുപാട് സംസാരിക്കും, തമാശകള്‍ പറയും. ബഷീറിനോട് സംസാരിക്കുക എന്നത് വലിയ രസമുള്ള ഏര്‍പ്പാടായിരുന്നു. 'ഭാര്‍ഗ്ഗവീനിലയ'ത്തിന്റെ സ്‌ക്രിപ്റ്റ് എഴുതാന്‍ മദ്രാസിലെ ചന്ദ്രതാരയുടെ ഓഫീസില്‍ ബഷീര്‍ താമസിക്കുന്ന കാലം. ഞങ്ങളുടെ അന്നത്തെ പ്രധാന താവളമായിരുന്നു ചന്ദ്രതാര. അടൂര്‍ഭാസിയും ശോഭനാ പരമേശ്വരന്‍ നായരും വിന്‍സെന്റ് മാഷും പി. ഭാസ്‌കരന്‍ മാഷും. ആര്‍. എസ്. പ്രഭുവും, ഫോട്ടോഗ്രാഫര്‍ പി. ഡേവിഡുമെല്ലാം അന്നു ചന്ദ്രതാരയിലാണ് താമസിക്കുന്നത്. ഇടയ്ക്ക് ഞാനുമെത്തും. ആ രാത്രികള്‍ മറക്കാനാകില്ല. ബഷീറിന്റെ തമാശകളില്‍ നേരം പുലരാതെ പുലരും. അക്കാലത്ത് അദ്ദേഹത്തിന്റെ കയ്യില്‍ ഒരു പെട്ടിയുണ്ടായിരുന്നു. എവിടെ പോകുകയാണെങ്കിലും അതുകൊണ്ടാണ് പോകുക. ഒരു ടേബിള്‍ ലാമ്പും കത്തിയും പെട്ടില്‍ എപ്പോഴുമുണ്ടാകും. ഇത് അരയിലോ ട്രൗസറിന്റെ പോക്കറ്റിലോ ഒന്നുമല്ല ബഷീര്‍ സൂക്ഷിക്കുക. പെട്ടിയിലാണ്. അത് ഇത്രയേറെ ഓര്‍ക്കാനുള്ള കാരണവും അതാണ്. മുറിയില്‍ ലൈറ്റ് ഇല്ലാത്ത സമയത്ത് ബഷീര്‍ കത്തിയെടുത്ത് 'ഞാന്‍ കുത്തും...' എന്നു പറയും. ആരും മുറിയിലേക്ക് വരണമെന്നില്ല. എന്നാലും പറഞ്ഞുകൊണ്ടേയിരിക്കും ഞാന്‍ കുത്തും, ഞാന്‍ കുത്തും... ഇതൊക്കെ അന്ന് ഭയങ്കര അത്ഭുതങ്ങളായിരുന്നു. ഒരിക്കല്‍ പി.ജെ. ആന്റണിയെ കത്തിയെടുത്ത് കുത്താനൊരുങ്ങി. വെറുതെ ഒരു തമാശക്കുവേണ്ടി. ആ രംഗം ഫോട്ടോഗ്രാഫര്‍ ഡേവിഡ് തന്റെ ക്യാമറയില്‍ പകര്‍ത്തി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ ദൃശ്യം മനസില്‍ നിന്നും മായുന്നില്ല.
ഭാര്‍ഗ്ഗവീനിലയത്തിന്റെ ഷൂട്ടിംഗ് മദ്രാസിലും തലശ്ശേരിയിലുമായിരുന്നു. 'ഏകാന്തതയുടെ അപാരതീരം' എന്ന പാട്ട് തലായി കടപ്പുറത്തുവെച്ചാണ് ചിത്രീകരിച്ചത്. ഷൂട്ടിംഗ് സമയത്തും ബഷീര്‍ ഒപ്പമുണ്ടാകും. ദേഷ്യം തോന്നിയാല്‍ എല്ലാവരേയും ചീത്തപറയും. അതുകഴിഞ്ഞയുടന്‍ ഒരുപാട് സ്‌നേഹം വിളമ്പും. അതായിരുന്നു ബഷീര്‍. ഭാര്‍ഗ്ഗവീനിലയത്തില്‍ ഞാന്‍ ബഷീര്‍ ആകുകയായിരുന്നില്ല. ബഷീര്‍ എഴുതിയത് വായിച്ച് അതിലെ സാഹിത്യകാരനാകാനാണ് ഞാന്‍ ശ്രമിച്ചത്. അല്ലാതെ ബഷീറിനെ അതേപടി അവതരിപ്പിച്ചാല്‍ അതു മിമിക്രിയായിത്തീരുമെന്നുറപ്പായിരുന്നു. ബഷീറിന് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് 'സോജാ രാജകുമാരീ...' ആയിരുന്നു. രാത്രി മൂപ്പര്‍ക്കൊരു സ്പിരിറ്റ് വന്നാലുടന്‍ എപ്പോഴും കൂടെ കരുതാറുള്ള ഗ്രാമഫോണ്‍ തലയിലേറ്റി സോജാ രാജകുമാരിയും വച്ച് റോഡിലൂടെ നടക്കും. ബഷീറിന് അതൊരു ഹരമായിരുന്നു. കറുപ്പിലും വെളുപ്പിലും നിറഞ്ഞ ആ കാലത്തിന്റെ ഓര്‍മ്മയില്‍ അതെല്ലാം ഇപ്പോഴും എന്റെ മനസ്സില്‍ നിറഞ്ഞുനില്ക്കുന്നുണ്ട്.
Content Highlights: actor madhu remembering Vaikom Muhammad Basheer
Published: 05 Jul 2023, 12:37 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented