
ഒരുപാട് ഗാനങ്ങളൊന്നും വേണ്ട, ഒരൊറ്റ ഗാനം മതി ചില ഗായകരെ ഓര്‍ക്കാന്‍. മലയാളസിനിമാലോകത്ത് ചുരുങ്ങിയ പാട്ടുകളിലൂടെ പ്രേക്ഷകശ്രദ്ധ ലഭിച്ച ശബ്ദങ്ങള്‍ ഒട്ടേറെയുണ്ട്. അര്‍ഹിച്ച പരിഗണനയോ അംഗീകാരങ്ങളോ ലഭിക്കാതെ ആ ശബ്ദങ്ങളെല്ലാം മറവിയിലേക്ക് നീങ്ങി. സ്ഥിരം കേള്‍ക്കുന്ന ശബ്ദങ്ങളില്‍നിന്ന് വേറിട്ട ഒരു ശബ്ദം കേള്‍ക്കുമ്പോള്‍ മാത്രം ഈ പാട്ടുകാരന്‍/കാരി ആരെന്ന് തിരഞ്ഞു. ഇത്ര മനോഹരമായ ശബ്ദമുണ്ടായിട്ടും എന്തുകൊണ്ടാണ് അവര്‍ക്ക് അവസരങ്ങളൊന്നും ലഭിക്കാതിരുന്നതെന്ന് സഹതാപത്തോടെ നമ്മള്‍ ആത്മഗതം നടത്തി. മലയാളസിനിമാ സംഗീതത്തിന്റെ ആദ്യകാലം മുതലേ വേറിട്ട ശബ്ദത്തിലൂടെ കേള്‍വിക്കാരെ ആകര്‍ഷിച്ച ഒരുപാട് ഗായകരുണ്ടായിട്ടുണ്ട്. അയിരൂര്‍ സദാശിവന്‍, സി.ഒ. ആന്റോ, കെ.ജി. മാര്‍ക്കോസ്, കല്യാണി മേനോന്‍, ലതിക, കൃഷ്ണചന്ദ്രന്‍, വി.ടി. മുരളി...തുടങ്ങി എത്രയെത്ര ഗായകര്‍ ശബ്ദഭംഗികൊണ്ട് മികച്ച പാട്ടുകള്‍ നമുക്ക് നല്‍കി! എന്നാല്‍ വലിയ ശബ്ദങ്ങള്‍ക്കിടയില്‍ ഇവരെല്ലാം ഒറ്റപ്പെട്ടു.
ഓരോ കാലത്തും ഈ പ്രവണത സംഗീതലോകത്ത് ആവര്‍ത്തിച്ചുവന്നു. അതിയായ താല്പര്യംകൊണ്ട് സംഗീതം പഠിക്കുകയും സിനിമയില്‍ ഒരു ഗാനമെങ്കിലും പാടണമെന്ന സ്വപ്നവുമായി നടന്ന ഗായകര്‍ ധാരാളമായി കടന്നുവരികയും വിരലിലെണ്ണാവുന്ന പാട്ടുകള്‍ പാടി സിനിമാലോകത്തുനിന്ന് എന്നെന്നോക്കുമായി അപ്രത്യക്ഷമാകുകയും ചെയ്തു. അങ്ങനെ മറഞ്ഞുപോയവരുടെ എണ്ണം നമ്മുടെ ഊഹങ്ങള്‍ക്കെല്ലാം അപ്പുറത്താണ്. പക്ഷേ അവര്‍ പാടിയ ഗാനങ്ങള്‍ ഇന്നും റേഡിയോകളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. ഒരു പാട്ടെങ്കില്‍ ഒരു പാട്ട്, അവരും മലയാളസിനിമാസംഗീതലോകത്ത് വേറിട്ട നാദരേഖ പതിപ്പിച്ചവരാണ്. ബല്‍റാം, ധന്യ രാജീവ്, കെസ്റ്റര്‍, കലാഭവന്‍ സാബു, കബീര്‍, റോജി വര്‍ഗീസ്, സതീഷ് ബാബു, ജി. ശ്രീറാം, തുളസി യതീന്ദ്രന്‍, സുനില്‍ മത്തായി, രാജേഷ് വിജയ്, പുഷ്പവതി, പ്രീത കണ്ണന്‍, ഗംഗ, മേഘ ആര്‍ നായര്‍, ബാലഗോപാലന്‍ തമ്പി, ദേവാനന്ദ്, സൈനോജ്... പലകാലങ്ങളില്‍ വന്ന ആ പാട്ടുകരുടെ ലിസ്റ്റ് ഇനിയും നീളും. മറവിയുടെ കണക്കുപുസ്തകത്തില്‍നിന്ന് ചില പേരുകള്‍, പാട്ടുകള്‍ ഒരിക്കല്‍ക്കൂടി പ്ലേ ചെയ്യുന്നു.
Also Read
മധുരിക്കും ഓര്‍മകളേ മലര്‍മഞ്ചല്‍ കൊണ്ടുവരൂ... ഈ ഗാനം ഓര്‍ക്കാത്തവരും മൂളാത്തവരുമുണ്ടാകില്ല. 1962ല്‍ പുറത്തിറങ്ങിയ ജനനി ജന്മഭൂമി എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ജി. ദേവരാജനും ഒ.എന്‍.വി കുറുപ്പും ആണ് ഈ ഗാനത്തിന്റെ സ്രഷ്ടാക്കള്‍. കെ.പി.എസ്.സി. നാടകഗാനങ്ങളിലൂടെ ശ്രദ്ധേയനായ സി.ഒ. ആന്റോ എന്ന ശബ്ദസൗന്ദര്യത്തെ അടയാളപ്പെടുത്തിയ ഗാനമായിരുന്നു ഇത്. അറുപതുകളിലും എഴുപതുകളിലും ഈ ശബ്ദം മലയാളസിനിമകളില്‍ ഉയര്‍ന്നുകേട്ടെങ്കിലും പെട്ടെന്നുതന്നെ നിലച്ചുപോയി. പിന്നീട് ഏറെ വര്‍ഷങ്ങള്‍ക്കുശേഷം ഗോഡ്ഫാദര്‍ എന്ന ചിത്രത്തിലെ മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ എന്ന ഗാനത്തിലൂടെ മാര്‍ക്കോസിനൊപ്പം ആന്റോയുടെയും ശബ്ദം കാതുകളില്‍ അലയടിച്ചു. നാടോടിക്കാറ്റില്‍ യേശുദാസിനൊപ്പം കരകാണാ കടലലമേലേ എന്ന ഗാനവും ആന്റോ പാടി. 2001ല്‍ ആന്റോ അന്തരിച്ചു. അവസാനകാലത്തും ഒട്ടേറെ ചിത്രങ്ങളില്‍ അദ്ദേഹം പാടിയിരുന്നു. ഇലവങ്കോട് ദേശം, നക്ഷത്രത്താരാട്ട്, വാചാലം, എഴുപുന്നത്തരകന്‍, പോലീസ് അക്കാദമി, ഗ്രാന്‍ഡ് മദര്‍ തുടങ്ങിയവ ആന്റോയുടെ അവസാനകാല ചിത്രങ്ങളായിരുന്നു.
കല്യാണി മേനോന്‍

1970കള്‍ മുതല്‍ മലയാള പിന്നണിഗാനരംഗത്ത് സജീവമായെങ്കിലും കഴിവിനൊത്ത അവസരങ്ങള്‍ ലഭിക്കാതെപോയ ഗായികയായിരുന്നു കല്യാണിമേനോന്‍. ദക്ഷിണാമൂര്‍ത്തി, ബാബുരാജ്, ഇളയരാജ തുടങ്ങിയവരുടെ സംഗീതത്തിന് ശബ്ദം നല്‍കാന്‍ ഭാഗ്യം ലഭിച്ചെങ്കിലും വൈകി മാത്രമാണ് ശ്രദ്ധേയമായ ഗാനങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നത്. 1984ല്‍ പുറത്തിറങ്ങിയ മംഗളം നേരുന്നു എന്ന ചിത്രത്തിലെ ഋതുഭേദകല്പന എന്ന ഗാനം യേശുദാസിനൊപ്പം ആലപിച്ചത് കല്യാണി മേനോനാണ്യ അമ്പതാം വയസ്സില്‍ പാടിയ വിയറ്റ്നാം കോളനിയിലെ പവനരച്ചെഴുതുന്നു എന്ന ഗാനമാണ് കല്യാണി മേനോനെ വീണ്ടും മലയാളത്തില്‍ ശ്രദ്ധേയയാക്കിയത്. തുടര്‍ന്ന് എ.ആര്‍. റഹ്‌മാന്റെ സംഗീതത്തില്‍ പി. ഭാസ്‌കരന്‍ രചിച്ച ശ്യാമസുന്ദര കേരകേദാര എന്ന ഗാനം സുജാതയ്ക്കൊപ്പം ആലപിച്ചത് കല്യാണി മേനോനായിരുന്നു. 2008ല്‍ വന്ന മൈ മദേഴ്സ് ലാപ്ടോപ്പ് എന്ന ചിത്രത്തിലെ ജലശയ്യയില്‍ എന്ന ഗാനം പുതുതലമുറയ്ക്കിടയില്‍ കല്യാണിയുടെ ശബ്ദം അടയാളപ്പെടുത്തി. 2021ല്‍ ആണ് കല്യാണി മേനോന്‍ വിടവാങ്ങിയത്. പ്രായത്തിന്റെ ഇടര്‍ച്ച ബാധിക്കാത്ത ശബ്ദത്തിലൂടെ ഇന്നും അവര്‍ ആസ്വാദകമനസ്സുകളെ ആകര്‍ഷിച്ചുകൊണ്ടേയിരിക്കുന്നു.
ദലീമ
എസ്. ജാനകിയുടെ ശബ്ദത്തോട് സാമ്യം പുലര്‍ത്തുന്ന ശബ്ദമെന്ന വിശേഷണത്തോടെ മലയാള പിന്നണിഗാനരംഗത്തേക്ക് കടന്നുവന്ന ഗായികയായിരുന്നു ദലീമ. 1997ല്‍ കമല്‍ സംവിധാനം ചെയ്ത കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിലൂടെയാണ് ദലീമ സിനിമാസംഗീതലോകത്തേക്ക് എത്തുന്നത്. വിദ്യാസാഗറിന്റെ സംഗീതത്തില്‍ ദലീമ പാടിയ മഞ്ഞുമാസപക്ഷി എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. പക്ഷേ ഈ പാട്ട് കൂടുതല്‍ അവസരങ്ങളിലേക്ക് വഴിതുറന്നില്ല. പിന്നീട് ജോണ്‍മാസ്റ്ററുടെ സംഗീതത്തില്‍ നീ വരുവോളം എന്ന ചിത്രത്തിലെ ഈ തെന്നലും തിങ്കളും എന്ന ഗാനമാലപിച്ചു. കല്യാണപ്പിറ്റേന്ന്, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ഇംഗ്ലീഷ് മീഡിയം തുടങ്ങിയ ഒരുപിടി ചിത്രങ്ങളില്‍ ദലീമ പാടിയെങ്കിലും ഗാനങ്ങളൊന്നും പിന്നീട് ശ്രദ്ധിക്കപ്പെട്ടില്ല. ക്രിസ്ത്യന്‍,ഹിന്ദു ഭക്തിഗാനങ്ങളിലൂടെയും അവര്‍ തന്റെ ശബ്ദം കേള്‍പ്പിച്ചു. അടുത്തിടെ രാഷ്ട്രീയത്തില്‍ കാല്‍വെച്ച ദലീമ അരൂര്‍ മണ്ഡലത്തിലെ എം.എല്‍.എ. ആയി തിരഞ്ഞെടുക്കപ്പെട്ടു.
സിന്ധു ദേവി
കോട്ടയം കുഞ്ഞച്ചന്‍ എന്ന ചിത്രത്തിലെ ഹൃദയവനിയിലെ എന്ന ഗാനത്തിലെ ഫീമെയില്‍ ശബ്ദത്തിലൂടെയാണ് സിന്ധു ദേവി എന്ന ഗായിക മലയാളത്തില്‍ പരിചിതയാകുന്നത്. ചെറിയ പ്രായത്തില്‍ തന്നെ സിനിമാരംഗത്തേക്ക് എത്തിയ സിന്ധു ജെറി അമല്‍ദേവ്, മോഹന്‍ സിത്താര, കെ.പി. ഉദയഭാനു, ഇളയരാജ തുടങ്ങിയവര്‍ക്കുവേണ്ടി ധാരാളം ട്രാക്കുകള്‍ പാടിയിട്ടുണ്ട്. എന്നാല്‍ മലയാള പിന്നണിഗാനരംഗത്ത് സിന്ധുവിനെ അടയാളപ്പെടുത്തുന്ന ഗാനത്തിന് പിന്നെയും ഏറെ കാലം കാത്തിരിക്കേണ്ടി വന്നു. 1988ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലെ വള നല്ല കുപ്പിവള എന്ന ഗാനം സിന്ധുവിനെ വീണ്ടും ശ്രദ്ധേയയാക്കി. തുടര്‍ന്ന് 1999ല്‍ ഇറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സിനിമയിലെ പിന്‍നിലാവിന്‍ പൂവിടര്‍ന്നു എന്ന ഗാനവും സിന്ധുവിന്റെ മറക്കാനാകാത്ത ഗാനങ്ങളിലൊന്നാണ്. കുവൈറ്റില്‍ സ്ഥിരതാമസമാക്കിയ സിന്ധു സംഗീത ആല്‍ബങ്ങളിലൂടെയും അധ്യാപനത്തിലൂടെയും സജീവമാണ്.
രാജേഷ് വിജയ്
2000ത്തിന്റെ തുടക്കത്തില്‍ മലയാള ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ട ഗായകരിലൊരാളാണ് രാജേഷ് വിജയ്. മോഹന്‍ സിത്താര, ഔസേപ്പച്ചന്‍, എം. ജയചന്ദ്രന്‍, ജാസി ഗിഫ്റ്റ് തുടങ്ങിയ സംഗീതസംവിധായകര്‍ക്കുവേണ്ടി രജേഷ് ആലപിച്ച ഗാനങ്ങള്‍ ഇന്നും വിസ്മരിക്കാനാവാത്തവയാണ്. വിരലിലെണ്ണാവുന്ന ഗാനങ്ങളേയുള്ളൂവെങ്കിലും ആ പാട്ടുകളിലേറെയും മൂളാത്തവരുണ്ടാകില്ല. 2003ല്‍ ജാസി ഗിഫ്റ്റിന്റെ സംഗീതത്തില്‍ ഇറങ്ങിയ സഫലം എന്ന ചിത്രത്തിലെ തൂവെള്ള തൂവുന്നുഷസ്സില്‍ എന്ന ഗാനം രാജേഷിന്റെ ശബ്ദപൊലിമ കൊണ്ട് വേറിട്ട അനുഭവമായി. 2002ല്‍ വന്ന കൈയെത്തും ദൂരത്തിലെ ആദ്യമായൊന്ന് കണ്ടു എന്ന ഗാനവും ഹിറ്റ്ലിസ്റ്റില്‍ പെട്ടു. യൂത്ത് ഫെസ്റ്റിവല്‍, സ്വപ്നക്കൂട്, ഇമ്മിണി നല്ലൊരാള്‍ തുടങ്ങിയ ചിത്രങ്ങളിലെ അടിച്ചുപൊളി ഗാനങ്ങളിലും രാജേഷിന്റെ ശബ്ദം നിറഞ്ഞുനില്‍ക്കുന്നു.
സന്തോഷ് കേശവ്
ആലാപനത്തില്‍ പി. ജയചന്ദ്രന്റെ ശബ്ദസാമ്യത്തോട് ചേര്‍ത്തുവെക്കാവുന്ന പേരാണ് സന്തോഷ് കേശവിന്റേത്. ഡാര്‍ലിങ് ഡാര്‍ലിങ് എന്ന സിനിമയിലെ പ്രണയസൗഗന്ധികങ്ങള്‍ എന്ന ഗാനം ജയചന്ദ്രന്‍ ആലപിച്ചതാണെന്ന് പറഞ്ഞാല്‍ സംശയിക്കുന്നവര്‍ അധികമുണ്ടാകില്ല. എന്നാല്‍ ശബ്ദം തുണയ്ക്കാതെ പോയ ഗായകരുടെ കൂട്ടത്തിലാണ് സന്തോഷിന്റെയും സ്ഥാനം. 1999ല്‍ ഇറങ്ങിയ ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രത്തിലെ പൊന്നിന്‍ വള കിലുക്കി എന്ന ഗാനം ആലപിച്ചാണ് അദ്ദേഹത്തിന്റെ പ്രവേശനം. പാടിയ ഗാനങ്ങളിലേറെയും ശ്രദ്ധിക്കപ്പെട്ടെങ്കിലും ഗായകരുടെ തള്ളിക്കയറ്റത്തില്‍ താഴേക്ക് പോയി സന്തോഷ്. അമ്പോറ്റീ ചെമ്പോത്ത്, പ്രണയസൗഗന്ധികങ്ങള്‍, മയിലാടും കുന്നുമ്മേല്‍, പറന്നു വന്നൊരു പാട്ടില്‍, ഒന്നു കാണുവാന്‍ എന്തു രസം... തുടങ്ങിയ ഗാനങ്ങളുടെ നിഴലില്‍ മാത്രം അദ്ദേഹം ഒതുങ്ങിപ്പോയി. പൊറിഞ്ചു മറിയം ജോസില്‍ സഹസംവിധായകന്റെ റോളിലും സന്തോഷ് എത്തിയിരുന്നു. പാട്ട് മാത്രമല്ലാതെ സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കണമെന്ന ആഗ്രഹവുമായി യാത്ര തുടരുകയാണ് സന്തോഷ് കേശവ്.
ആശ ജി മേനോന്‍
ആദ്യമായി ആലപിച്ച ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടാന്‍ ഭാഗ്യം ലഭിച്ച ചുരുക്കം ഗായികമാരില്‍ ഒരാളാണ് ആശാ ജി മേനോന്‍. 2000ല്‍ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മഴ എന്ന ചിത്രത്തിലെ ആരാദ്യം പറയും എന്ന ഗാനത്തിലൂടെയാണ് ആശ ഏവരുടെയും ശ്രദ്ധനേടുന്നത്. ആ വര്‍ഷത്തെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരവും ഈ പാട്ടിലൂടെ ആശയ്ക്ക് ലഭിച്ചു. തുടര്‍ന്ന് പട്ടണത്തില്‍ സുന്ദരന്‍, സ്നേഹിതന്‍, മനസ്സിനക്കരെ, സസ്നേഹം സുമിത്ര, കഥ, കീര്‍ത്തിചക്ര തുടങ്ങിയ ചിത്രങ്ങളിലെല്ലാം ആശ തന്റെ ശബ്ദവുമായെത്തി. ദൈവം തന്ന വിധിയല്ലേ, തങ്കത്തിങ്കള്‍ വാനിലൊരുക്കും, കാവേരി നദിയേ... തുടങ്ങി ഒരുപിടി ഗാനങ്ങള്‍. 2011ല്‍ ഇന്ത്യന്‍ റുപ്പിയിലെ പോകയായ് വിരുന്നുകാരി എന്ന പാട്ടിന്റെ ഫീമെയില്‍ വേര്‍ഷന്‍ ആലപിച്ച് ആശ വീണ്ടും ശ്രദ്ധിക്കപ്പെട്ടു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സംഗീതലോകത്ത് നിറസാന്നിധ്യമാകാന്‍ ആശയ്ക്കും കഴിഞ്ഞില്ല. പാടിപ്പതിഞ്ഞ ഗാനങ്ങളുടെ കൂട്ടത്തില്‍ ആശയുടെ ഗാനങ്ങളും നിത്യസാന്നിധ്യമായി നിലകൊള്ളുന്നു!
Content Highlights: malayalam unknown singers and their evergreen songs remembering
Published: 21 Jun 2023, 10:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented