അഭിനയിച്ച് മാത്രമല്ല, പാട്ടുപാടിയും ചിരിപ്പിച്ചിട്ടുണ്ട് നടന്‍ ഇന്നസെന്റ്. എത്രയെത്ര പാട്ടുകളാണ് ഇന്നസെന്റിന്റെ സ്വതസിദ്ധമായ രീതിയില്‍ പാടി ഫലിപ്പിച്ചത്. വെറുതേ പാടിപ്പോവുകയല്ല. പാട്ടുകളിലും ഒരു ഇന്നച്ചന്‍ ടച്ചുണ്ട്. അദ്ദേഹത്തിന്റെ ശൈലികളും ആ പാട്ടുകളില്‍ കാണാം. 'ഗജകേസരിയോഗ'ത്തിലാണ് ആദ്യമായി പാട്ടുപാടുന്നത്. ഹിന്ദി മാത്രമറിയുന്ന ആനയോട് സംസാരിക്കാനായി ഹിന്ദി പഠിക്കുന്ന ഉടമയുടെ കഥയാണ് 'ഗജകേസരിയോഗം.' ആനയെ മലയാളം പഠിപ്പിക്കാനുള്ള അയ്യപ്പന്‍നായരുടെ ശ്രമങ്ങളും ആനയോടുള്ള സ്‌നേഹവും ആനയെ ചട്ടം പഠിപ്പിക്കുന്നതുമൊക്കെ ഒരു പാട്ടായി ഈ സിനിമയിലുണ്ട്. 


ആനച്ചന്തം ഗണപതി 
മേളച്ചന്തം 
എട്ടുംപൊട്ടും തിരിയാനിത്തിരി 
ഹിന്ദിച്ചന്തം
ഇത്തിരി ഹിന്ദിച്ചന്തം
ആവോ ദാ ദാ അങ്ങനെ 
ദെന്താത്?
ആവോ ആവോനാ


ഈ പാട്ട് മറ്റൊരു ഗായകനെവെച്ച് പാടിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. പക്ഷേ, ഇന്നസെന്റ് ആ സിനിമയിലുടനീളം അയ്യപ്പന്‍നായരായി തിളങ്ങിയപ്പോള്‍, അദ്ദേഹത്തിന്റെ ശബ്ദത്തില്‍തന്നെ ആ പാട്ട് പാടിക്കാന്‍ സംവിധായകന്‍ പി.ജി. വിശ്വംഭരന്‍ തീരുമാനിക്കുകയായിരുന്നു. ആ പാട്ടിനിടയ്ക്ക് ചില സംഭാഷണങ്ങളും ഉള്‍പ്പെടുത്തി. ഇന്നസെന്റിന്റെ ആ ഇരിഞ്ഞാലക്കുട ശൈലിയിലുള്ള ഡയലോഗുകള്‍ കൂടി ഉണ്ടെങ്കില്‍ സംഭവം തകര്‍ക്കുമെന്ന് തോന്നിയിരിക്കണം. ഈ പാട്ടിന്റെ സംഗീതസംവിധാനം ജോൺസണും രചന കൈതപ്രവുമാണ്.

ആ പാട്ടിനുപിന്നിലൊരു കഥയുണ്ട്. സംഗീതസംവിധായകനും സുഹൃത്തുമായ ജോണ്‍സണ്‍ നിര്‍ബന്ധിച്ചപ്പോഴാണ് ഇന്നസെന്റ് പാടാന്‍ തയ്യാറായത്. ചെന്നൈയില്‍ എ.വി.എം സ്റ്റുഡിയോയിലായിരുന്നു റെക്കോഡിങ്. ജോണ്‍സണ്‍ ഇന്നസെന്റിന് പാട്ട് പഠിപ്പിച്ചുകൊടുത്തു. ആദ്യ ടേക്കില്‍ തന്നെ പാട്ട് ഓകെ. ഇന്നസെന്റിന് അത് അതിശയമായി. വലിയ ഗായകര്‍ പോലും നാലും അഞ്ചും ടേക്കുകള്‍ പാടിയിട്ടാണ് ഓകെയാവുന്നത്. ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയും ഇന്നസെന്റ് പുറത്തേക്ക് നടന്നു. ഭാര്യയോടും സന്തോഷം പങ്കുവെച്ചു. 

തിരിച്ച് ഹോട്ടലിലെത്തിയ ഉടനെ ജോണ്‍സണെ വിളിച്ചു. ''ജോണ്‍സണാ, എന്റെ അതിശയം ഇപ്പോഴും മാറിയിട്ടില്ല. ഏതൊക്കെ ഗായകര്‍ ഇങ്ങനെ ആദ്യ ടേക്കില്‍ ഓകെയായിട്ടുണ്ട്''? കുറച്ചുനേരം ജോണ്‍സണ്‍ നിശ്ശബ്ദനായി. പിന്നീട് പറഞ്ഞു, ''ആദ്യം പാടിയ ക്വാളിറ്റിയേ താന്‍ നൂറുവട്ടം പാടിയാലും ഉണ്ടാവൂ എന്ന് എനിക്കറിയാം. കൂടുതല്‍ ടേക്ക് എടുക്കാന്‍ നിന്നാല്‍ നിര്‍മാതാവിന് പണം നഷ്ടം എന്നല്ലാതെ വേറെ കാര്യമൊന്നുമില്ല. അതാ ഞാനാദ്യമേ ഓകെ പറഞ്ഞത്''. അതോടെ ഇന്നസെന്റിന്റെ അതിശയമെല്ലാം മുട്ടുംമടക്കി എങ്ങോപോയി.  

സാന്ദ്രം എന്ന സിനിമയ്ക്കുവേണ്ടിയാണ് അദ്ദേഹം അടുത്തതായി പാടിയത്. ഒരു യാത്രയ്ക്കിടെ പാടുന്ന പാട്ട്. സീനില്‍ അഭിനയിച്ചിരിക്കുന്നത് ഇന്നസെന്റും കല്പനയും മൂന്ന് കുട്ടികളുമാണ്. ഇതിന് സംഗീതം കൊടുത്തിരിക്കുന്നത് ജോണ്‍സണും രചന കൈതപ്രവുമാണ്.

ഇന്നസെന്റ് കൈയില്‍നിന്നെടുത്തിട്ട ചില പാട്ടുകളുമുണ്ട്. അങ്ങനെയൊന്നാണ് 'നമ്പര്‍ 20 മദ്രാസ് മെയിലി'ലേത്. മമ്മൂട്ടിയും മോഹന്‍ലാലും യാത്രചെയ്യുന്ന തീവണ്ടിയില്‍ നാടാര്‍ എന്ന ടി.ടി.ആര്‍ ആയി ഇന്നസെന്റ് വരുന്നു. ആ സീനില്‍ മദ്യപിച്ചശേഷം പാടുന്ന പാട്ടാണിത്. അതില്‍ 'ടോണിക്കുട്ടാ' എന്ന വിളിയും ആലാപനവുമാണ് വരികളെ വ്യത്യസ്തമാക്കുന്നത്. ഒരു ടി.വി. പരിപാടിക്കിടയില്‍ ഈ പാട്ടുണ്ടായതിനെക്കുറിച്ച് ഇന്നസെന്റ് വെളിപ്പെടുത്തിയിരുന്നു. സിനിമയില്‍ വരുന്നതിന് എത്രയോ കാലം മുമ്പുള്ള കഥയാണത്. അന്ന് ഇന്നസെന്റിന് ശിവകാശിയിലൊരു തീപ്പെട്ടിക്കമ്പനിയുണ്ടായിരുന്നു. അതുകൊണ്ട് ഇടയ്ക്കിടെ അങ്ങോട്ട് പോവും. അങ്ങനെ ഒരിക്കല്‍ ശിവകാശിയില്‍ പോയിവരുമ്പോഴാണ് എവിടെനിന്നോ ഈ പാട്ടുകേട്ടത്. വര്‍ഷങ്ങള്‍ കഴിഞ്ഞ് സിനിമയുടെ ഷൂട്ടിങ്ങിനിടയ്ക്ക് മോഹന്‍ലാലിനെ നോക്കി ഏതെങ്കിലുമൊരു പഴയ പാട്ട് പാടാന്‍ സംവിധായകന്‍ ജോഷി പറഞ്ഞു. അതോടെ ഇത്തിരി പൊടിപ്പും തൊങ്ങലും കൈയില്‍നിന്നെടുത്ത് ഇന്നസെന്റ് ഈ പാട്ടുപാടി. ഈ പാട്ടിഷ്ടപ്പെട്ട ജോഷി ഇതുതന്നെ മതിയെന്ന് തീരുമാനിച്ചു.

placeholder
'മിസ്റ്റര്‍ ബട്ലര്‍' (2000) എന്ന സിനിമയിലെ ഒരുപാട്ട് തുടങ്ങുന്നത് ഇന്നസെന്റിന്റെ ശബ്ദത്തിലാണ്. ഗിരീഷ് പുത്തഞ്ചേരി-വിദ്യാസാഗര്‍ കൂട്ടുകെട്ടില്‍ പിറന്ന ഈ പാട്ട് പാടിയിരിക്കുന്നത്, എം.ജി.ശ്രീകുമാറും ചിത്രയും ചേര്‍ന്നാണ്.  ക്യാപ്റ്റന്‍ കെ.ജി. നായര്‍ എന്ന ഇന്നസെന്റിന്റെ കഥാപാത്രം ദിലീപിന്റെ കഥാപാത്രത്തിനെ പ്രേമിക്കാന്‍ പഠിപ്പിക്കുകയാണ് ഈ പാട്ടിലൂടെ. പാട്ടിനൊപ്പം ചെറിയ ചില സംഭാഷണങ്ങളും ഇന്നസെന്റ് ടച്ചുകളും ചേരുമ്പോള്‍, പാട്ടിനൊരു വ്യത്യസ്തത കൈവരുന്നു. 

2002-ല്‍ പുറത്തിറങ്ങിയ 'കല്യാണരാമനി'ലെ മിസ്റ്റര്‍ പോഞ്ഞിക്കരയെ സിനിമാപ്രേമികള്‍ ഒരിക്കലും മറക്കാനിടയില്ല. എപ്പോഴും മസിലുകള്‍ പെരുപ്പിച്ചുകാട്ടി ആളുകളെ ചിരിപ്പിക്കുന്ന കഥാപാത്രം. മ്യൂസിക് വിത്ത് ബോഡി മസില്‍സ്...അതാണ് പോഞ്ഞിക്കരയുടെ പ്രത്യേകത. ഇതില്‍ എല്ലാവരും ചേര്‍ന്നൊരു പാട്ട് പാടുന്നുണ്ട്. സംഗീതം ചെയ്തിരിക്കുന്നത് ബേണി ഇഗ്നേഷ്യസ് ആണ്. രചന കൈതപ്രവും.  ഇന്നസെന്റിനൊപ്പം ലാലു അലക്സ്, ദിലീപ്, ലാല്‍, ഇന്നസെന്റ്, കലാഭവന്‍ നാരായണന്‍കുട്ടി, സലിംകുമാര്‍, കൊച്ചുപ്രേമന്‍, ടി.പി. മാധവന്‍ എന്നിവരും പാട്ടില്‍ ചേരുന്നു. അതിനിടയ്ക്ക് ഇന്നസെന്റിന്റെ ഡയലോഗും...''പണ്ടാരടങ്ങാന്‍ തൊണ്ടേടെ മസില് പൊട്ടീന്നാ തോന്നണെ, എന്നാലും സാരല്ല, യേശുദാസിനെ തോല്‍പ്പിച്ചൂലോ, അത് മതി, അത് മതി...'' അടുത്ത പാട്ട് 'ഡോക്ടര്‍ ഇന്നസെന്റാണ്' എന്ന സിനിമയിലാണ്. ഒപ്പം പാടിയിരിക്കുന്നത് സോന നായര്‍, സന്തോഷ് വര്‍മ, ജോജി ചാക്കോ, ശ്രീരഞ്ജിനി മനോജ്, സംഗീത വര്‍മ, മധുരിമ ഉണ്ണികൃഷ്ണന്‍ എന്നിവരും. ഡോ.ഭാര്‍ഗവന്‍ പിള്ള എന്നാണ് ഇന്നസെന്റിന്റെ കഥാപാത്രത്തിന്റെ പേര്. ഭാര്‍ഗവന്‍ പിള്ളയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുവേണ്ടി ഒരുക്കിയ ഗാനമായിരുന്നു അത്. സന്തോഷ് വര്‍മയാണ് ഈ പാട്ടിന്റെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്.

placeholder
ഏറ്റവും അവസാനം പാടിയത് 2021-ല്‍ പുറത്തിറങ്ങിയ 'സുനാമി'യിലാണ്. ലാല്‍ രചിച്ച പാട്ടിന് നേഹ എസ്.അയ്യര്‍, യക്ലാന്‍ ഗാരി പരേര എന്നിവരോടൊപ്പം ഇന്നസെന്റും ചേര്‍ന്നാണ് സംഗീതം നല്‍കിയിരിക്കുന്നത്. പാട്ട് തുടങ്ങുന്നത് ഇന്നസെന്റിന്റെ ശബ്ദത്തിലാണ്. ഒപ്പം മുകേഷ്, സുരേഷ് കൃഷ്ണ, അജു വര്‍ഗീസ്, ബാലു വര്‍ഗീസ്, ലാല്‍, നേഹ എസ്.നായര്‍, ഉണ്ണി കാര്‍ത്തികേയന്‍ എന്നിവരും പാടിയിരിക്കുന്നു. 

കുറേ തമാശകളും ഒരു പാട്ടും ബാക്കിവെച്ചാണ് ഇന്നസെന്റ് ഒടുവില്‍ യാത്രയായതും. അതിനെക്കുറിച്ച് ഗാനരചയിതാവ് ബി.കെ.ഹരിനാരായണന്‍ പറഞ്ഞതിങ്ങനെ. ''പാപ്പരാസികള്‍' എന്ന സിനിമയില്‍ അദ്ദേഹത്തിന്റെ കഥാപാത്രം പാടി അഭിനയിക്കുന്ന പാട്ടുണ്ട്. അത് പിന്നണിയില്‍ പാടുന്നതും ഇന്നസെന്റേട്ടനാണ്. നിര്‍മാതാക്കളിലൊരാളായ ജയശ്രീ ചേച്ചി പറഞ്ഞതനുസരിച്ച് ഞാന്‍ ചേട്ടനെ വിളിച്ചു. അദ്ദേഹം സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞു, 'നിങ്ങള്‍ യേശുദാസിനും ജയചന്ദ്രനും വേണ്ടിയല്ല പാട്ട് എഴുതുന്നത്. അതിനും മേലെയുള്ള ഒരു ഗായകനാണ് പാടാന്‍ പോകുന്നത്. അതുകൊണ്ട് പാട്ട് കുറച്ചുകൂടി ഗംഭീരമായിക്കോട്ടെ'. പാട്ടെഴുതി സംഗീതസംവിധായകന്‍ മണികണ്ഠന്‍ അയ്യപ്പ അതിന് ഈണം നല്‍കി. ട്രാക്ക് പാടി. ഇന്നസെന്റേട്ടന്‍ പാടി അഭിനയിക്കുന്ന രംഗം ഷൂട്ട് ചെയ്യുകയും ചെയ്തു. അതിനുശേഷമാണ് അദ്ദേഹത്തിന്റെ ആരോഗ്യം കൂടുതല്‍ മോശമാകുന്നത്. ആ പാട്ട് തുടങ്ങുന്നതിങ്ങനെയാണ്''. 
ഒരു മരക്കൊമ്പിലെ കിളികളായീ 
നമ്മള്‍
ഒരുമിച്ചനാളുകള്‍ക്കെന്തുഭംഗി
മറുചില്ലതേടിയിന്നൊരു കിളി 
പോകുന്നു
ചിരിതന്‍ നിലാത്തൂവലൊന്നു 
തൂകി...